അമേരിക്കൻ മലയാളി എഴുത്തുകാരൻ സാം നിലംപള്ളിൽ എഴുതിയ അലാസ്ക എന്ന നോവൽ മലയാളി വായനക്കാർക്ക് കൗതുകവും ജിജ്ഞാസയും നൽകുന്നതാണ്. അലാസ്കയെ കുറിച്ച് സാധാരണ ജനങ്ങൾക്കുള്ള പരിചയം തുലോം പരിമിതമായിരുന്നു, എന്നാൽ ഇപ്പോൾ ടൂറിസത്തിന്റെ അതിപ്രസരം മൂലം ജനങ്ങൾക്ക് ഈ സ്ഥലം സുപരിചിതമായിട്ടുണ്ട്.
നോവലിസ്റ്റ് അലാസ്‌കയെപ്പറ്റി കൂടുതലായി വിവരിക്കുന്നില്ല.. അദ്ദേഹം അവിടെ കുടിയേറിയ കുടുംബങ്ങളുടെ കഥയിലേക്ക് നേരിട്ട് പ്രവേശിക്കയാണ്. അമേരിക്കൻ ആഭ്യന്തര സെക്രട്ടറിയായ വില്യം എച്ച് സീവാർഡ് 72 ലക്ഷം യുഎസ് ഡോളറുകൾ റഷ്യക്ക് നൽകിയാണ് അലാസ്‌കയേ അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമാക്കിയത്. അന്നുള്ളവർ ആ പ്രവർത്തി ബുദ്ധിമോശമായി കണക്കാക്കി. എന്നാൽ പിൽക്കാലത്തു സ്വർണ്ണവും ധാതുനിക്ഷേപങ്ങളും കണ്ടെത്തിയതോടെ ജനങ്ങൾ അവിടേക്ക് കുടിയേറ്റം തുടങ്ങി അങ്ങനെ സ്വർണ്ണം തേടി കുടിയേറിയ കുടുംബങ്ങളുടെ "ഇതിഹാസം" ആണ് നോവലിന്റെ ഉള്ളടക്കം.
അലാസ്കയിലെ ഡെഡ്‌ഹോഴ്സ് എന്ന സ്ഥലത്തേക്കാണ് ഇതിലെ കഥാപാത്രങ്ങൾ കുടിയേറിയത്. എണ്ണ കുഴിച്ചെടുക്കുന്നതിലും അത് പൈപ്പുകൾ വഴി അലാസ്ക പൈപ്പലൈനിൽ എത്തിക്കുന്നതിനും ആവശ്യമായ തൊഴിലാളികൾ താമസിച്ചിരുന്ന സ്ഥലമായിരുന്നു അത്. മലയാളി വായനക്കാർക്ക് അപരിചിതമായ പശ്ചാത്തലവും ജീവിതരീതികളുമാണ് നോവലിൽ ഉടനീളം. പിന്നെ കഥാപാത്രങ്ങൾ മലയാളികൾ അല്ലാത്തതുമൂലം മറ്റൊരു ഭാഷയിൽ നിന്നും പരിഭാഷ പെടുത്തിയ പ്രതീതിയും വായനക്കാർക്ക് അനുഭവപ്പെടാം.
ആറുമാസം ശൈത്യം മൂലം പുറത്തേക്കിറങ്ങാൻ കഴിയാതെ ജീവിക്കേണ്ടിവരുന്ന മനുഷ്യരുടെ പ്രയാസങ്ങൾ അനുഭവസമ്പന്നനായ അവിടത്തെ ഒരു താമസക്കാരനെപോലെ നോവലിസ്റ്റ് വിവരിച്ചിരിക്കുന്നത് നമ്മെ അത്ഭുതപ്പെടുത്തും. കഥ നടക്കുന്ന കാലത്ത് അവിടെ സൗകര്യങ്ങൾ ഒന്നും ലഭ്യമായിരുന്നില്ലെന്നു മനസ്സിലാക്കാം വീടിനു വിലാസം പോലുമില്ലായിരുന്നു. ഒരു തപാൽ ഓഫീസിനെപ്പറ്റി പറയുന്നുണ്ട്,. കാലാവസ്ഥ നന്നായിരിക്കുമ്പോൾ മാംസാഹാരങ്ങൾ ഉണക്കിവച്ച് തണുപ്പ് കാലത്ത് അത് കഴിച്ച് ജീവിക്കുകയാണ് അവിടെയുള്ളവർ. അത്തരം സാഹചര്യത്തിൽ ജീവിക്കുന്നവരുടെ സമഗ്രമായ ജീവിതം ആവിഷ്കരിക്കാൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.
ഈ നോവലിന്റെ മറ്റൊരു പ്രത്യേകത ഇതിൽ ഒരു നായക കഥാപാത്രമില്ലെന്നുള്ളതാണ്. അവിടേക്ക് കുടിയേറിയ ഒരു ജോനാഥനും ഭാര്യയും അദ്ദേഹത്തിന്റെ മക്കളുമായി ജീവിതം തുടരുന്നു അല്ലെങ്കിൽ കഥ ആരംഭിക്കുന്നു. അദ്ദേഹത്തിന്റെ മക്കളിലൂടെ കഥ തുടരുമ്പോൾ മറ്റു സ്ഥലങ്ങളിൽ നിന്നും കഥാപാത്രങ്ങൾ കയറി വരുന്നുണ്ട്. കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിന് നോവലിസ്റ്റ് കൊണ്ടുവരുന്നവർ.
പെൺകുട്ടികൾക്ക് അനുയോജ്യരായ ഭർത്താക്കന്മാരെ കിട്ടാനുള്ള പ്രയാസം ജോനാഥനും ഭാര്യയും അനുഭവിക്കുന്നത് അവരുടെ സംഭാഷണങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്. യൗവനച്ചൂടിൽ തിളച്ചു നിൽക്കുന്ന രണ്ടു പെൺകുട്ടികളിൽ ഒരാൾ യാദൃശ്ചികമായി അവിടെ വന്നുപ്പെട്ട ഒരാളുടെ കൂടെ പോകുന്നു. അയാൾ ആ നാടുകാണാൻ തന്റെ ഭാര്യയുമായി വന്ന സന്ദര്ശകനാണ്. അദ്ദേഹത്തിന്റെ ഭാര്യ അതിശൈത്യം സഹിക്കാൻ കഴിയാതെ മരണപ്പെട്ടു എന്നാണു അദ്ദേഹം പറഞ്ഞത്. ഇത് പിന്നീട് തെളിയക്കപ്പെടുന്നതും കഥയുടെ ഭാഗമാണ്. മറ്റേ പെൺകുട്ടി സുന്ദരിയാണ്. അവളോട് അവിടെ എത്തുന്ന ഒരാൾക്ക് പ്രണയം തോന്നുന്നു. ആ വിവരം നേരിട്ട് പറയാതെ അദ്ദേഹം മറ്റൊരാൾ വശം സന്ദേശം കൊടു ക്കുന്നു.
പിന്നീട് അവൾ അതറിയുന്നു സന്തോഷത്തോടെ അത് സ്വീകരിക്കുന്നു അദ്ദേഹം അവളെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പുകളോടുകൂടി മടങ്ങി പോകയും ചെയ്യുന്നു. തിരിച്ചുപോയ അദ്ദേഹം അദ്ദേഹത്തിന്റെ കമ്പനിയിലെ ഒരു സ്ത്രീ അവർ വിവാഹിതയും കുട്ടികളുമുള്ളവളാണ്, അവരെ ബലാൽസംഗം ചെയ്യുന്നു. കാരണമായി പറയുന്നത് അവൾ അയാൾക്ക് വേണ്ടി കല്യാണം ഉറപ്പിച്ച സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ചുവത്രെ. ആ സ്ത്രീ അദ്ദേഹത്തിന് നേരെ കേസ് കൊടുക്കുന്നു. അത് ഒത്തുതീർപ്പാക്കാൻ ഒരു വക്കീൽ ശ്രമിക്കുന്നു. കേസ് ഒത്തുതീർപ്പാക്കാൻ ഡെഡ്‌ഹോഴ്സിൽ നിന്നും കല്യാണം ഉറപ്പിച്ച പെൺകുട്ടിയെ വക്കീൽ കൊണ്ടുവരുന്നു. എന്നാൽ അയാൾ അവളെ സ്വീകരിക്കാൻ തയ്യാറാകുന്നില്ല. മാനഹാനിയും ധനനഷ്ടവും സംഭവിച്ചതുമൂലം അദ്ദേഹം പിന്മാറുന്നു. പകരം അവൾക്ക് പണം കൊടുക്കാമെന്നു പറയുന്നു.. അവളെ തിരിച്ചുകൊണ്ടാക്കാൻ വക്കീൽ കൂടെപോകുമ്പോൾ കപ്പലിൽ വച്ച് കാണുന്ന ഒരു എൻജിനീയർ അവളെ മോഹിക്കുന്നു. അവർ തമ്മിൽ വിവാഹം നടക്കുമെന്ന സൂചന നൽകികൊണ്ട് നോവൽ അവസാനിക്കുന്നു,
പ്രവാസം തന്നെയാണ് ഈ നോവലിന്റെയും മേൽവിലാസം. കാലിഫോർണിയയിൽ നിന്നും അലാസ്ക എന്ന സ്ഥലത്തേക്ക് പൊന്നു മോഹിച്ച് കുടിയേറിയവരുടെ കഥ. കുടിയേറ്റക്കാരുടെ പ്രയാസങ്ങളും പ്രതിസന്ധികളും ഇതിലെ കഥാപാത്രങ്ങളും അനുഭവിക്കുന്നത് ഓരോ സംഭവങ്ങളിലൂടെ നോവലിസ്റ്റ് വിവരിക്കുന്നുണ്ട്.
ഇതിലെ കഥാപാത്രങ്ങളുടെ പരസ്പരബന്ധങ്ങൾ വളരെ സുഗമമായി മുന്നോട്ട് പോകുന്നു. സംഘര്ഷഭരിതവും ഉദ്വേഗപൂർണ്ണവുമായ സംഭവങ്ങൾ ഒന്നും അവരെ അലോസരപ്പെടുത്തുന്നില്ല. ഒറ്റ രാത്രിയിൽ കണ്ടുമുട്ടിയ പുരുഷനുമായി രതിലീലകളിൽ ഏർപ്പെട്ടു അയാളോടൊത്ത് ഒരു മകൾ ഇറങ്ങിപോകുന്നു.എല്ലാറ്റിനും മൗനാനുമതി നൽകുന്ന കുടുംബനാഥൻ ഒരു പക്ഷെ ഒറ്റപ്പെട്ട ആ സ്ഥലത്തു ജീവിക്കുമ്പോൾ ഒന്നും തിരഞ്ഞെടുക്കാൻ താൻ പ്രാപ്തനല്ലെന്ന നിസ്സഹായബോധം പ്രകടിപ്പിക്കയാകാം. എന്നാൽ നോവലിസ്റ്റ് ഓരോ സംഭവങ്ങളും വിവരിച്ചു പോകുമ്പോൾ. അവയുടെ അനന്തര പ്രത്യാഘാതങ്ങൾ അന്വേഷിക്കുന്നില്ല അവ ഉണ്ടാകുന്നുമില്ല. ഭവിഷ്യത്തുകൾ പിന്തുടരുന്നത് അപ്രതീക്ഷിതമായാണ്. തന്നെ രതിക്രീഡകളിൽ ആനന്ദിപ്പിച്ചവൻ അവന്റെ ഭാര്യയെ കൊന്നവനായിരുന്നു. അവനെ പോലീസ് പിടിക്കുമ്പോൾ പെൺകുട്ടി അന്ധാളിക്കുന്നു. അതേപോലെ നോവലിലെ സംഭവങ്ങൾ സമയമാകുമ്പോൾ പരിണിതഫലങ്ങൾ വിളയിക്കുന്നു, വളരെ അനായാസേന വായിച്ചുപോകാവുന്ന വിധത്തിലാണ് ഇതിൻെറ രചന നിർവഹിച്ചിരിക്കുന്നത്. നോവലിന്റെ മധ്യഭാഗം മുതൽ അരങ്ങേറുന്ന ബലാൽസംഗവും അതിനെ ചുറ്റിപ്പറ്റി കുറ്റവാളിയും ഇരയും അവരെ ഒത്തുതീർപ്പാക്കാൻ നടക്കുന്ന വക്കീലും വായനക്കാരിൽ ആകാംക്ഷ നിറക്കുന്നുണ്ട്. അവസാനം വായനക്കാരന്റെ ഭാവനയിൽ കണ്ടതിനു വിപരീതമായ പര്യവസാനം നോവലിസ്റ്റ് കണ്ടെത്തുന്നു.
പൊന്നു മോഹിച്ചുപോയവർ അവസാനം പച്ചക്കറി കൃഷിയും മൃഗങ്ങളെ പരിപാലിക്കയും ചെയ്തു ജീവിതം തുടർന്നപ്പോൾ അവർ ജന്മം നൽകിയ മക്കളും ആ പരിസ്ഥിതിയിൽ തന്നെ വളർന്നു. നിരാശതബോധമില്ലാതെ മുന്നോട്ട് നടന്നുപോകയും അതിലൂടെ ലഭ്യമായതിൽ സംതൃപ്തിയടയുകയും ചെയ്ത ഒരു കുടുംബത്തിന്റെ പുരാണമായി ഇതിനെ കണക്കാക്കാം. സങ്കീർണ്ണമാക്കാതെ അതിഭാവുകത്വങ്ങൾ കലർത്താതെ ലളിതമായി രചനാകർമ്മം നിർവഹിച്ച ഒരു നോവൽ ആണിതെന്നു നിസ്സംശയം പറയാം..
നോവലിസ്റ്റിനു ഭാവുകങ്ങൾ നേരുന്നു.
പുസ്തകത്തിന്റെ കോപ്പിക്കായി ഗ്രന്ഥകര്ത്താവിനെ ബന്ധപ്പെടാം 803 520 8489 അല്ലെങ്കിൽ പ്രസാധകർ പ്രഭാത് ബുക്ക് ഹൌസ്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ.
ശുഭം