Image

കൊച്ചിയിൽ 115 കോടി നിക്ഷേപ തട്ടിപ്പ്; തട്ടിപ്പിനിരയായത് സാധാരണക്കാർ; ആതിര ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ ജപ്തിയിൽ

രഞ്ജിനി രാമചന്ദ്രൻ Published on 21 February, 2025
കൊച്ചിയിൽ 115 കോടി നിക്ഷേപ തട്ടിപ്പ്; തട്ടിപ്പിനിരയായത് സാധാരണക്കാർ; ആതിര ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ ജപ്തിയിൽ


തട്ടിപ്പുകൾക്ക് എന്നും ഇരകളാകുന്നത് സാധാരണക്കാരാണ്. തുച്ഛമായ വരുമാനത്തിൽ നിന്നും സ്വരുക്കൂട്ടി ഭാവിയിലേക്കായി ഒരു കരുതൽ എന്ന നിലയിലും കുട്ടികളുടെ പഠനങ്ങൾക്കും മകളുടെ വിവാഹത്തിനും ഒക്കെവേണ്ടിയാണ് പലരും ഇത്തരം സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നത്. ഇപ്പോഴിതാ കൊച്ചിയിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്നിരിക്കുകയാണ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആതിര ഗ്രൂപ്പ് എന്ന സ്ഥാപനം തങ്ങളുടെ കൈയിൽ നിന്ന് പണം ശേഖരിച്ചിട്ട് ഇപ്പോൾ തിരികെ തരുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി. വീട്ടമ്മമാരും ദിവസവേതനക്കാരുമാണ് തട്ടിപ്പിനിരയായത്. 115 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തങ്ങളുടെ പണം തിരികെ കിട്ടുന്നതിനായി നിക്ഷേപകർ ആതിര ഗ്രൂപ്പ് ഉടമ ആന്റണിയുടെ പള്ളിപ്പുറത്തെ വീടിനു മുന്നിൽ കൂട്ടമായെത്തി പ്രതിഷേധിക്കുകയാണ്.


കഴിഞ്ഞ ദിവസമാണ് ആതിര ഗ്രൂപ്പിന്റെ കൊച്ചിയിലുള്ള ജ്വല്ലറി പൊലീസ് ജപ്തി ചെയ്തത്. പിന്നാലെ സ്വർണ്ണം പണയം വെച്ചവരും ചിട്ടി ചേർന്നവരും നിക്ഷേപം തിരികെ ലഭിക്കാൻ ഓഫിസിലും ഉടമയുടെ ഓഫിസിലും എത്തി. എന്നാൽ പണം തിരികെ കിട്ടാൻ ഒരു മാർഗവുമില്ലെന്ന് അറിഞ്ഞതോടെ നിക്ഷേപകർ പരിഭ്രാന്തരായി. കല്ല്യാണ ആവശ്യത്തിനായി 40 പവൻ സ്വർണം കിട്ടാനുള്ളവർ ഉൾപ്പെടെ ഇപ്പോൾ സ്വന്തം നിക്ഷേപത്തിനായി നെട്ടോട്ടമോടുകയാണ്. 115 കോടിയുടെ തട്ടിപ്പാണ് നടന്നതെങ്കിൽ 70 കോടിയുടെ ആസ്തി മാത്രമാണ് ആതിര ഗ്രൂപ്പ് ഉടമകൾക്കുള്ളതെന്ന് പൊലീസ് കണ്ടെത്തി.

ആതിര ഗ്രൂപ്പിന്റെ മറൈൻ ഡ്രൈവിലെ ഓഫിസിലും പ്രതിഷേധം കനക്കുകയാണ്. പ്രതിഷേധക്കാരെ പൊലീസ് ആശ്വസിപ്പിച്ചും അനുനയിപ്പിച്ചും മടക്കിയയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തങ്ങളുടെ പണം കിട്ടാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് നിക്ഷേപകർ. പാതിവില തട്ടിപ്പ് ഇപ്പോഴും സജീവ ചർച്ചയായി നിൽക്കുന്നതിനിടെയാണ് കൊച്ചിയിൽ നിന്ന് കോടികളുടെ മറ്റൊരു നിക്ഷേപ തട്ടിപ്പിന്റെ വാർത്ത കൂടി പുറത്തുവരുന്നത്.

 

 

 

 

 

English summery:

115 crore investment fraud in Kochi; common people affected; Athira Group’s assets seized.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക