ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ ഹോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. സഞ്ജയ് ദത്തിനൊപ്പം ഒരു ത്രില്ലര്‍ ചിത്രത്തില്‍ലാണ് സല്‍മാനെത്തുക എന്നാണ് വിവരം. എന്നാല്‍ ഇതുവരെ സല്‍മാന്റെ ഭാഗത്തു നിന്നോ അണിയറപ്രവര്‍ത്തകരില്‍ നിന്നോ ഔദ്യോ?ഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. നിലവില്‍ ചിത്രത്തിന്റെ ചിത്രീകരണം സൗദിയില്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സല്‍മാനൊപ്പം സഞ്ജയ് ദത്തിനേയും വിഡിയോയില്‍ കാണാം. ഓട്ടോ ഡ്രൈവറുടെ വേഷം ധരിച്ച് ഓട്ടോ റിക്ഷയില്‍ ചാരി നില്‍ക്കുന്ന സല്‍മാനെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. ഷൂട്ടിങ് ലൊക്കേഷനിലേക്ക് സെക്യൂരിറ്റിമാര്‍ക്ക് നടുവിലൂടെ നടന്നു പോകുന്ന സല്‍മാന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
2021ല്‍ പുറത്തിറങ്ങിയ അര്‍ജന്റീനിയന്‍ ചിത്രമായ സെവന്‍ ഡോഗ്സിന്റെ റീമേക്കായിരിക്കും ഈ ചിത്രമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെ സല്‍മാന്റെ അംഗരക്ഷകനായ ഷേര മുന്‍ റഷ്യന്‍ മിക്‌സഡ് ആയോധന കലാകാരനായ ഖബീബ് നര്‍മഗോമെഡോവിനൊപ്പമുള്ള ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഖബീബിനൊപ്പം സല്‍മാനെയും ചിത്രത്തില്‍ കാണാമായിരുന്നു. എന്തായാലും സല്‍മാന്റെ ഹോളിവുഡ് അരങ്ങേറ്റം ആരാധകരെയും ത്രില്ലടിപ്പിച്ചിരിക്കുകയാണ്.
സാജന്‍, ചാല്‍ മേരെ ഭായ് തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ സല്‍മാനും സഞ്ജയ് ദത്തും ഒന്നിച്ചിട്ടുണ്ട്. സ്‌ക്രീനിലെ ഇരുവരുടെയും ഒന്നിച്ചുള്ള സാന്നിധ്യം ആരാധകര്‍ക്കിടയില്‍ എപ്പോഴും തരംഗം സൃഷ്ടിക്കാറുണ്ട്. ഹോളിവുഡില്‍ ഇരുവരും ഒന്നിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്. സിക്കന്ദര്‍ ആണ് സല്‍മാന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഈദ് റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.