ഇന്ന് ഫെബ്രുവരി 21, അന്തര്‍ദേശീയ മാതൃഭാഷാ ദിനം. ലോകമെമ്പാടുമുള്ള ജനത അവരുടെ മാതൃഭാഷയ്ക്കായി മാറ്റി വച്ചിരിക്കുന്ന മഹത്തായ ഒരു ദിനം. വ്യക്തികളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള സമൂഹങ്ങളെ സമ്പന്നമാക്കുന്നതിനും സാംസ്‌കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതിനുമുള്ള ഭാഷയുടെ പ്രാധാന്യം വളരെ വലുതാണല്ലോ.
''മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷ താന്‍...''
കേരള വാല്മീകിയായി വിശേഷിപ്പിക്കപ്പെട്ട മഹാകവി വള്ളത്തോളിന്റെ ഏറെ പ്രശസ്തമായ വരികളാണിത്. ഏതൊരു മാതൃഭാഷാ ദിനത്തിലും ഏറ്റവും അന്വര്‍ഥമായ വരികള്‍ തന്നെയാണിത്.
''മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം,
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്...''
സംസാരിച്ചു തുടങ്ങുന്ന ഒരു കുഞ്ഞിന്റെ ചുണ്ടില്‍ നിന്നും ആദ്യം പുറപ്പെടുന്ന ശബ്ദമാണ് 'അമ്മ'. ആ ശബ്ദം അവന്‍ ഏതുഭാഷയിലാണോ ഉച്ചരിക്കുന്നത് അതാണ് അവന്റെ മാതൃഭാഷ. മലയാള ഭാഷയുടെ മധുരം ആവോളം നുകര്‍ന്നവരായിരുന്നു നമ്മുടെ മുന്‍ തലമുറകള്‍. ഗൃഹാതുര നൊമ്പരവുമായി അന്യദേശങ്ങളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ മാതൃഭാഷയെ നെഞ്ചേറ്റുന്നവരാണ്. ലോകത്തിന്റെ വിവധയിടങ്ങളില്‍ താമസിക്കുമ്പോഴും മലയാളനാടിന്റെ ഓര്‍മകളും കേരളത്തിന്റെ ഈടുറ്റ പൈതൃകവും സാംസ്‌കാരിക തനിമയും ഒളിമങ്ങാതെ നിലനിര്‍ത്തുന്നതില്‍ മലയാളികള്‍ ശ്രദ്ധാലുക്കളാണ്.
അതേസമയം മാതൃഭാഷക്ക് കേരളത്തിലുള്ളവര്‍ നല്‍കിവരുന്ന പ്രാധാന്യം ആശങ്കാജനകമാണ്. മക്കള്‍ക്ക് മലയാളം വായിക്കാനും എഴുതാനും അറിയില്ല എന്നത് സ്റ്റാറ്റസ് സിംബലായി എഴുന്നള്ളിക്കുന്ന മാതാപിതാക്കള്‍ നാട്ടിലുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ മലയാളം പറഞ്ഞതിന് കുട്ടികളെ ശിക്ഷിച്ച വാര്‍ത്തകളും നാം കേട്ടിട്ടുണ്ട്. ഇംഗ്ലീഷിനെ നാം മാനിക്കണം, പക്ഷേ അത് പെറ്റമ്മയായ മലയാളത്തെ മറന്നുകൊണ്ടാവണം എന്ന് എന്തിന് ഇത്കൂട്ടര്‍ വാശിപിടിക്കുന്നു..?
''മാതാവിന്‍ വാത്സല്യ ദുഗ്ധം നുകര്‍ന്നാലെ
പൈതങ്ങള്‍ പൂര്‍ണ വളര്‍ച്ച നേടൂ...''
എന്നും മഹാകവി വള്ളത്തോള്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. അതായത് അമ്മ വാത്സല്യത്തോടെ പകര്‍ന്നു നല്‍കുന്ന മുലപ്പാല്‍ ഒരു കുഞ്ഞിന്റെ വളര്‍ച്ചയില്‍ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ്. രോഗപ്രതിരോധശേഷി, ആന്തരാവയവങ്ങളുടെ വളര്‍ച്ച എന്നിവയെയെല്ലാം മുലപ്പാല്‍ സ്വാധീനിക്കുന്നുണ്ട്. മാതൃഭാഷയും അതുപോലെ മനുഷ്യന്റെ വളര്‍ച്ചയില്‍, മാനസികവും ബൗദ്ധികവുമായ വികാസത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. മുലപ്പാല്‍ ശാരീരികമായ വളര്‍ച്ചയെ സ്വാധീനിക്കുമ്പോള്‍ മാതൃഭാഷ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു.
അതുകൊണ്ടുതന്നെ ശൈശവത്തിലും ബാല്യത്തിലും കൊമാരത്തിലും നേടടുന്ന വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണമെന്ന് പറയുന്നത്. രാജ്യങ്ങളില്‍ സംസാരിക്കുന്ന ഭാഷകളുടെ പ്രത്യേകത തിരിച്ചറിയുന്നതിനും, ഭാഷാപരമ്പര്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും അന്തര്‍ദേശീയ മാതൃഭാഷാ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. പതിനായിരത്തിലധികം ആളുകള്‍ സംസാരിക്കുന്ന 122 ഭാഷകളും ഒരു ദശലക്ഷത്തിലധികം പേര്‍ സംസാരിക്കുന്ന 29 ഭാഷകളുമുള്ള ഇന്ത്യ ഭാഷ വൈവിധ്യത്തിന്റെ ഭൂപ്രദേശമാണ്.
ഈ വൈവിധ്യം രാജ്യത്തിന്റെ സാംസ്‌കാരിക സമ്പന്നതയെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് മലയാളം. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തോടൊപ്പം ലക്ഷദ്വീപിലും ലക്ഷദ്വീപിലും കേരളത്തിന്റെ ഭാഗമായ മാഹിയിലും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലും നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ താലൂക്കിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും മലയാളം ഉപയോഗിക്കപ്പെടുന്നുണ്ട്. ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ഭാഷയാണ് ദ്രാവിഡ ഭാഷാ കുടുംബത്തില്‍പ്പെട്ട മലയാളം.
മാതൃഭാഷ കേവലമായ ഒരു ആശയവിനിമയ രീതി മാത്രമല്ല, അത് വ്യക്തിത്വത്തിന്റെ ഒരു അടിസ്ഥാന ഘടകമാണ്. ആരാണ് നമ്മളെന്ന് ഭാഷ കാട്ടിക്കൊടുക്കുന്നു. മാതൃഭാഷ, ദേശീയ ഭാഷ, ഔദ്യോഗിക ഭാഷ എന്നിവ തമ്മില്‍ വേര്‍തിരിച്ചറിയുന്നത് സമൂഹത്തില്‍ അവരുടെ പങ്ക് മനസിലാക്കാന്‍ നിര്‍ണായകമാണ്. ഒരു വ്യക്തിയുടെ സാംസ്‌കാരികവും കുടുംബപരവുമായ പശ്ചാത്തലത്തെ പ്രതിനിധീകരിക്കുന്നത് അവരുടെ മാതൃഭാഷയാണ്. ഒരു രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഭാഷ എന്ന നിലയില്‍ ദേശീയ ഭാഷയ്ക്ക് പ്രാധാന്യം ഉണ്ട്.
ലോകമെമ്പാടുമുള്ള വ്യത്യസ്ത ജാതികളും മതങ്ങളും വിഭാഗങ്ങളും പ്രദേശങ്ങളും എല്ലാം വിവിധ ഭാഷകളാണ് സംസാരിക്കുന്നത്. ഈ വ്യത്യാസങ്ങള്‍ക്ക് കീഴിലുള്ള ഐക്യവും സമത്വവും എല്ലാവരെയും ബന്ധിപ്പിക്കുന്നു. ഒരു വ്യക്തിയുടെ സംസ്‌കാരത്തെയും നാഗരികതയെയും പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായി ഭാഷ മാറുന്നു. സ്വന്തം ഭാഷകളോടും മറ്റുള്ളവരുടെ ഭാഷകളോടും സ്‌നേഹം വളര്‍ത്തിയെടുക്കാനും വിവിധ ഭാഷകളില്‍ സംഗ്രഹിച്ചിരിക്കുന്ന സാംസ്‌കാരിക വൈവിധ്യത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനുമുള്ള ഒരു ആഘോഷ ദിവസമാണ് അന്താരാഷ്ട്ര മാതൃഭാഷ ദിനം.
ബംഗ്ലാദേശില്‍ നിന്നാണ് അന്താരാഷ്ട്ര മാതൃഭാഷ ദിനം ആചരിക്കാനുള്ള ആശയം യുനസ്‌കോയുടെ മുന്നിലെത്തിയത്. 1952 ഫെബ്രുവരി 21-ന് കിഴക്കന്‍ പാക്കിസ്ഥാനിലെ വിദ്യാര്‍ഥികളും ആക്ടിവിസ്റ്റുകളും ഉറുദു മാത്രം ഔദ്യോഗിക ഭാഷയായി അടിച്ചേല്‍പ്പിക്കാനുള്ള പാകിസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചു. തുടര്‍ന്നുണ്ടായ അക്രമത്തില്‍, പ്രകടനക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു.
ഇത് കിഴക്കന്‍ പാകിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ ഒരു വഴിത്തിരിവായി. 1999-ല്‍, ഈ ചരിത്ര സംഭവങ്ങളോട് പ്രതികരിച്ചുകൊണ്ട്, യുനെസ്‌കോ ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി പ്രഖ്യാപിച്ചു. ഭാഷ സ്വാതന്ത്രത്തിന് വേണ്ടി ബംഗ്ലാദേശികള്‍ നടത്തിയ പോരാട്ടത്തിന്റെ വാര്‍ഷികം കൂടിയാണ് ഫെബ്രുവരി 21. 2000 മുതല്‍ എല്ലാ ഫെബ്രുവരി 21നും ഈ ദിനം ആചരിച്ച് തുടങ്ങി.
ഇംഗ്ലീഷ്, ജാപ്പനീസ്, സ്പാനിഷ്, ഹിന്ദി, ബംഗാളി, റഷ്യന്‍, പഞ്ചാബി, പോര്‍ച്ചുഗീസ്, അറബിക് എന്നിങ്ങനെ ലോകമെമ്പാടും ഏകദേശം 6,900 ഭാഷകള്‍ സംസാരിക്കുന്നു. എന്നിരുന്നാലും, ഈ ഭാഷകളില്‍ 90 ശതമാനവും സംസാരിക്കുന്ന ആളുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണെന്നത് ശ്രദ്ധേയമാണ്. 'അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്റെ രജത ജൂബിലി ആഘോഷം' എന്നതാണ് ഇക്കൊല്ലത്തെ അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്റെ പ്രമേയം. മലയാളത്തില്‍ കരയാനും ചിരിക്കാനും കഴിയുന്ന ഒരു പുതു തലമുറയെ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് ഈ അന്താരാഷ്ട്ര മാതൃഭാഷാ ദിനാചരണം നമ്മെ നയിക്കട്ടെ.
''ആറു മലയാളിക്കു നൂറുമലയാളം
അര മലയാളിക്കുമൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല...''
എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ മലയാളം ഇല്ലാത്ത ഒരു മലയാളിയും ഇനി പിറക്കാതിരിക്കട്ടെ...