ഇന്ത്യക്കു നൽകാൻ യുഎസ് എയ്‌ഡ് കരുതി വച്ച $21 മില്യൺ 'കൈക്കൂലി പദ്ധതി'യുടെ ഭാഗമാന്നെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം ഡി ഓ ജി ഇ റദ്ദാക്കിയ ഈ തുക ഇന്ത്യയിൽ ആർക്കു വേണ്ടി ആയിരുന്നു എന്ന തർക്കം മുറുകുന്നതിനിടയിൽ അതിനു പുറമെ റദ്ദാക്കിയ $29 മില്യൺ ബംഗ്ളാദേശിനു വേണ്ടിയുള്ള പണമായിരുന്നു എന്നും ട്രംപ് പറഞ്ഞു.
ബൈഡൻ ഭരണകൂടം വിദേശത്തു തിരഞ്ഞെടുപ്പിൽ ഇടപെടാൻ നീക്കി വച്ച പണമാണിതെന്നു ട്രംപ് ആരോപിച്ചു. ഇന്ത്യയിൽ വോട്ടിംഗ് ശതമാനം ഉയർത്താൻ നീക്കി വച്ച പണം "2024ൽ ബി ജെ പിക്കു പകരം മറ്റൊരു പാർട്ടിയെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു."
എന്നാൽ ആർക്കാണ് ആ കൈക്കൂലി കാശു കിട്ടിയതെന്ന് അദ്ദേഹം പറഞ്ഞില്ല. ബംഗ്ളദേശിനുളള പണവും രാഷ്ട്രീയ ആവശ്യത്തിനായിരുന്നു.
ബിജെപി പക്ഷെ കോൺഗ്രസിനു നേരെ വിരൽ ചൂണ്ടി. കോൺഗ്രസ് ഏറ്റുപിടിക്കയും ചെയ്തു.
ബി ജെ പിയാണ് പണം വാങ്ങിയതെന്നു കോൺഗ്രസ് ആരോപിച്ചു. ഏറ്റവും നീണ്ട കാലം പ്രതിപക്ഷത്തിരുന്നു കോൺഗ്രസ് ഗവൺമെന്റുകളെ അട്ടിമറിക്കാൻ ശ്രമിച്ച ദേശവിരുദ്ധരാണ് ബി ജെ പി. ബംഗ്ളദേശിനു വേണ്ടി 2022ൽ നീക്കി വച്ച തുകയാണ് അതെന്നും 2008നു ശേഷം യുഎസ് എയ്‌ഡ് ഇന്ത്യയിൽ പണം ഇറക്കിയിട്ടില്ലെന്നും വക്താവ് പവൻ ഖേര ചൂണ്ടിക്കാട്ടി.
റിപ്പബ്ലിക്കൻ ഗവർണർമാരുടെ യോഗത്തിൽ ട്രംപ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പങ്കുവച്ച ബി ജെ പി ഐടി സെൽ ചീഫ് അമിത് മാളവ്യ പറഞ്ഞു: "നാണക്കേട്! കോൺഗ്രസിനാണ് ആ പണം കിട്ടിയത്.
"ട്രംപ് വ്യക്തമായി തന്നെയാണ് സംസാരിച്ചത്, $29 മില്യൺ ബംഗ്ളദേശിനു വേണ്ടി എന്ന് അദ്ദേഹം പറഞ്ഞത് ഇവിടെ കൂട്ടികുഴയ്‌ക്കേണ്ട കാര്യമില്ല.
"'ഇന്ത്യയിലേക്ക് $21 മില്യൺ നീക്കി വച്ചതു വോട്ടിംഗ് ശതമാനം കൂട്ടാനാണ്. അതെന്തിനാ? അപ്പോൾ ഇവിടത്തെ കാര്യമോ' എന്ന് ട്രംപ് ചോദിച്ചു."
Trump says USAID $21 million was kickback