Image

മാലിനിയുടെ നൃത്തസപര്യ (മീട്ടു റഹ്‌മത്ത് കലാം)

മീട്ടു റഹ്‌മത്ത് കലാം Published on 21 February, 2025
 മാലിനിയുടെ നൃത്തസപര്യ  (മീട്ടു റഹ്‌മത്ത് കലാം)

തൊണ്ണൂറുകളുടെ അവസാനപാദത്തില്‍  അമേരിക്കയില്‍ എഞ്ചിനീയറായ  ഒരാളുടെ വിവാഹാലോചന എത്തുമ്പോള്‍, എഞ്ചിനീയറിംഗ് ബിരുദധാരിയായ യുവതി സ്വപ്നം കണ്ടിരിക്കുക ആ രംഗത്തെ അനന്തമായ അവസരങ്ങളായിരിക്കും. 'ഐടി ബൂം' എന്നു വിശേഷിപ്പിക്കാവുന്ന സമയത്താണ്  മാലിനി നായര്‍ ന്യൂജേഴ്സിയില്‍ എത്തിയത്. പ്രതീക്ഷിച്ചതുപോലെ തന്നെ വളരെ വേഗത്തില്‍ ഐടി ജോലി കരഗതമായി. ഇരട്ടക്കുട്ടികളുമായി കരിയറും വീട്ടുകാര്യങ്ങളും മറ്റൊരു രാജ്യത്ത് ഭംഗിയായി കൈകാര്യം ചെയ്യുമ്പോള്‍ മാലിനിയെ മാതാപിതാക്കള്‍ വിശേഷിപ്പിച്ചത് 'സൂപ്പര്‍ മോം' എന്നായിരുന്നു. ഐടി രംഗം പൂര്‍ണമായും വിട്ട്,  നൃത്താദ്ധ്യാപികയുടെ റോള്‍ ഏറ്റെടുത്തപ്പോഴും കൈവയ്ക്കുന്നതിലെല്ലാം പൂര്‍ണ സമര്‍പ്പണം നല്‍കുക എന്ന വിജയമന്ത്രം ലക്ഷ്യം കണ്ടു. 'സൗപര്‍ണിക ഡാന്‍സ് സ്‌കൂള്‍' മധുരപ്പതിനേഴില്‍  എത്തിനില്‍ക്കുമ്പോള്‍, നര്‍ത്തകി എന്ന നിലയില്‍ താന്‍ താണ്ടിയ വഴികള്‍ മാലിനി നായര്‍ ഇ-മലയാളി വായനക്കാരുമായി പങ്കുവയ്ക്കുന്നു...

നാട്ടിലെ ഓര്‍മ്മകള്‍?

ജനിച്ചതും വളര്‍ന്നതും തിരുവനന്തപുരത്താണ്. അവിടെ ചിന്മയ മിഷനിലും കോട്ടണ്‍ ഹില്ലിലുമായി  സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കുഞ്ഞിലേ തന്നെ നൃത്തത്തില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നതുകൊണ്ട്, മൂന്ന് വയസുമുതല്‍ ഡാന്‍സ് സ്‌കൂളില്‍ ചേര്‍ത്തിരുന്നു. ആറാം വയസില്‍ ഭരതനാട്യവും പന്ത്രണ്ടാം വയസില്‍ മോഹിനിയാട്ടവും അഭ്യസിച്ചു തുടങ്ങി.അഞ്ചുവര്‍ഷം കര്‍ണാടക സംഗീതവും പഠിച്ചു. താളബോധവും സ്വരസ്ഥാനവും അറിയുന്നത് നൃത്തത്തില്‍ ഗുണം ചെയ്തിട്ടുണ്ട്. കലാമണ്ഡലം പത്മ ശശികുമാറിന് കീഴിലാണ് 3 വയസുതൊട്ട് 16 വയസുവരെ പഠിച്ചത്. പിന്നീട് ഡോ.നീനാ പ്രസാദിന്റെ കീഴില്‍ മോഹിനിയാട്ടവും കുച്ചിപ്പുടിയും അഭ്യസിച്ചു. ഉപജില്ലാ തലം വരെയുള്ള കലോത്സവ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ മാത്രമേ അച്ഛന്‍ അനുവദിച്ചിരുന്നുള്ളൂ. കലയേക്കാള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. പ്രീഡിഗ്രി  വിമന്‍സ് കോളജിലായിരുന്നു. തുടര്‍ന്ന്  ട്രിവാന്‍ഡ്രം എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി.

ന്യൂജേഴ്സിയില്‍ എത്തിയ ശേഷമാണോ നൃത്തത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയത്? ഐടി രംഗത്തുനിന്ന് നൃത്താദ്ധ്യാപിക ആയുള്ള കൂടുമാറ്റം എങ്ങനെ ആയിരുന്നു?

ചെന്നൈയില്‍ ജോലി കിട്ടി ആറുമാസത്തിനുള്ളില്‍ വിവാഹം കഴിഞ്ഞു. അങ്ങനെ ഭര്‍ത്താവിനൊപ്പം  1999ല്‍  ന്യൂജേഴ്സിയില്‍ വന്നു. ഐടി രംഗത്ത് ജോലി ചെയ്യുന്നതിനിടയില്‍ ഇവിടുള്ള മലയാളി അസോസിയേഷന്റെ പരിപാടിയില്‍ നൃത്തം ചെയ്തതാണ് വഴിത്തിരിവായത്. സുഹൃത്തുക്കളില്‍ ചിലര്‍ അവരുടെ മക്കളെ ഡാന്‍സ് പഠിപ്പിക്കാമോ എന്ന ആവശ്യം മുന്നോട്ടുവച്ചപ്പോഴാണ് ഡാന്‍സ് സ്‌കൂള്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചത്. 2008 ല്‍ സൗപര്‍ണിക ഡാന്‍സ് അക്കാദമി ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചു. മൂകാംബികാദേവിയോടുള്ള ഇഷ്ടംകൊണ്ടാണ് നൃത്തവിദ്യാലയത്തിന് അങ്ങനൊരു പേര് നല്‍കിയത്.  ഐടി മേഖലയില്‍ നിന്ന് പൂര്‍ണമായി വിട്ട് നൃത്തത്തിലേക്ക് തിരിയാന്‍ ധൈര്യം ലഭിച്ചത് 2010 ലാണ്. കാലില്‍ ഫ്രാക്ച്ചര്‍ വന്നപ്പോള്‍ കസേരയില്‍ ഇരുന്നുപോലും ക്ലാസ് എടുത്തിട്ടുണ്ട്. അതെന്റെ പാഷനാണ്.


കോവിഡ് സമയത്തും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തിയിരുന്നു. സൗപര്‍ണിക 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മികച്ച ശിഷ്യഗണങ്ങളെ ലഭിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടമായി കരുതുന്നത്. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ സൗപര്‍ണികയുടെ ഫ്രാഞ്ചൈസി ആരംഭിക്കട്ടെ എന്നാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അമേരിക്കയില്‍ വന്ന ശേഷം രമ വൈദ്യനാഥന്‍,വൈജയന്തി കാശി, ശ്രീജിത്ത് കൃഷ്ണ തുടങ്ങിയ പ്രഗത്ഭര്‍ നടത്തിയ ഡാന്‍സ് വര്‍ക് ഷോപ്പില്‍ പങ്കെടുക്കാന്‍ സാധിച്ചത് എന്നിലെ കലാകാരിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.ടെക്‌സസിലെ സുനന്ദ നായര്‍ക്ക് കീഴില്‍ ഇപ്പോഴും മോഹിനിയാട്ടം അഭ്യസിക്കുന്നുണ്ട്. എല്ലാ വാരാന്ത്യങ്ങളിലും നൃത്തപരിപാടികളുണ്ട്. സംക്രാന്തി പ്രോഗ്രാം, ധനുമാസത്തിലെ തിരുവാതിര, ശിവരാത്രിയുടെ പരിപാടി അങ്ങനെയൊരു ഒഴുക്കാണ്.

അമേരിക്കയിലെ മലയാളി സംഘടനകളുമായുള്ള ബന്ധം?

സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ തല്പര ആയതുകൊണ്ടുതന്നെ അമേരിക്കയില്‍ വന്നകാലം മുതല്‍ ഇവിടുള്ള  മലയാളി സംഘടനകളില്‍ സജീവമാണ്. കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ (കാഞ്ച്) ജനറല്‍ സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാഞ്ചിന്റെ ട്രസ്റ്റി ബോര്‍ഡിലും ഉണ്ടായിരുന്നു.നോര്‍ത്ത് അമേരിക്കന്‍ മലയാളി അസോസിയേഷനുമായും (നാമം) ഊഷ്മളമായ ബന്ധമാണുള്ളത്. നാമത്തിന്റെയും പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. കേരള എഞ്ചിനീയര്‍സ് അസോസിയേഷന്‍ സ്ഥാപിതമായതു മുതല്‍ അതിന്റെ ഭാഗമാണ്. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക, കേരള ഹിന്ദൂസ് ഓഫ് ന്യൂജേഴ്സി എന്നീ സംഘടനകളിലും സജീവമാണ്.


നര്‍ത്തകി എന്ന നിലയില്‍ മനസ്സ് നിറഞ്ഞ സന്ദര്‍ഭങ്ങള്‍?

'മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ വിമന്‍സ് ഹിസ്റ്ററി മന്ത്' കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി  തുടര്‍ച്ചയായി ചെയ്യുന്നുണ്ട്. ഫിസിഷ്യന്‍സ് പ്രോഗ്രാം പോലെ അമേരിക്കന്‍ മുഖ്യധാരയിലും ധാരാളം പരിപാടികള്‍ ലഭിക്കുന്നുണ്ട്. ഇന്ത്യക്കാരല്ലാത്ത കാണികള്‍ക്ക് മുന്‍പില്‍ ചുവടുവയ്ക്കുമ്പോള്‍ നമ്മുടെ സംസ്‌കാരം അവര്‍ക്കുമുന്‍പില്‍ അവതരിപ്പിക്കുക എന്നുള്ള വലിയ ഉത്തരവാദിത്തമാണ് മുന്നിലെന്ന ബോധ്യമുണ്ട്.
ന്യൂയോര്‍ക്ക് ടൈം സ്‌ക്വയറില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ലോക കേരള സഭ കൂടിയപ്പോള്‍ കേരളത്തെ പ്രതിനിധീകരിച്ച് ദിവ്യ ഉണ്ണിക്കൊപ്പം മോഹിനിയാട്ടം ചെയ്യാന്‍ അവസരം ലഭിച്ചതും  ഏറെ അഭിമാനം തോന്നിയ അനുഭവമാണ്.


വാഷിംഗ്ടണില്‍ വേള്‍ഡ് ഹിന്ദു ഡേയോട് അനുബന്ധിച്ച് ആയിരം നര്‍ത്തകര്‍ നൃത്തമാടിയ വേദിയില്‍  ഭാഗമായതാണ് മറ്റൊരു അവിസ്മരണീയ അനുഭവം. അന്ന് ഞങ്ങള്‍ 200 പേരാണ് മോഹിനിയാട്ടം അവതരിപ്പിച്ചത്.ദുബായ് ഗ്ലോബല്‍ വില്ലേജില്‍ രണ്ടുതവണ(2016 ലും ,2023 ലും ) നൃത്തം അവതരിപ്പിക്കാന്‍ സാധിച്ചത് വലിയ അംഗീകാരമായി കാണുന്നു. മറ്റൊരു രാജ്യത്ത് അങ്ങനെ ക്ഷണം ലഭിക്കുന്നത് അപൂര്‍വ്വമാണ്.നാമം എക്‌സലന്‍സ് അവാര്‍ഡ് ഇന്‍ ആര്‍ട്‌സ്,കേരള സെന്ററിന്റെ ആര്‍ട്‌സ് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചതിലും ഏറെ സന്തോഷമുണ്ട്. ഒ.എന്‍.വി കുറുപ്പ് എന്റെ വല്യച്ഛനാണ് (വല്യമ്മയുടെ ഭര്‍ത്താവ്). അദ്ദേഹത്തിന്റെ സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കി ഫോമാ എന്ന സംഘടനയുടെ പരിപാടിയില്‍ നൃത്തം അവതരിപ്പിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വയലാര്‍ രാമവര്‍മ്മ രചിച്ച 'താടക'യുടെ നൃത്താവിഷ്‌കാരവും സംതൃപ്തി നല്‍കി. അതില്‍നിന്നുള്ള ആത്മവിശ്വാസംകൊണ്ട് ഒ.എന്‍.വി യുടെ ഉജ്ജയിനി എന്ന കവിതയ്ക്ക് നൃത്തഭാഷ്യം നല്‍കാന്‍ ആലോചിക്കുന്നുണ്ട്.

കുടുംബത്തിന്റെ പിന്തുണ?

അച്ഛന്‍ വി.രവീന്ദ്രനാഥന്‍ നായര്‍ പി.ഡബ്ലിയു.ഡി യില്‍ നിന്ന് ചീഫ് ആര്‍ക്കിടെക്റ്റായി വിരമിച്ച ആളാണ്. അമ്മ പി.പി.രുഗ്മിണി സിഡ്‌കോയില്‍ ആര്‍ക്കിടെക്റ്റായിരുന്നു. ചേച്ചി മഞ്ജുള ഇപ്പോള്‍  ഒഹായോയിലാണ്. ചെറുപ്പം മുതല്‍ അവര്‍ നല്‍കിയ പിന്തുണയാണ് എന്നിലെ നര്‍ത്തകിയെ രൂപപ്പെടുത്തിയത്. വിവാഹശേഷവും നൃത്തത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നിട്ടില്ല.


ഭര്‍ത്താവ് ജയകൃഷ്ണന്‍ എഞ്ചിനീയറാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ റെയില്‍വേയിലായിരുന്നു, അമ്മ അദ്ധ്യാപികയും. കലാപശ്ചാത്തലമുള്ള കുടുംബമായിരുന്നില്ലെങ്കിലും എന്റെ താല്പര്യങ്ങള്‍ മനസ്സിലാക്കി എല്ലാവിധ പിന്തുണയും നല്‍കിയിട്ടുണ്ട്. മക്കള്‍ അജയും അര്‍ജുനും ഇരട്ടകളാണ്.കുഞ്ഞിലേ രണ്ടുപേര്‍ക്കും നൃത്തം വലിയ ഇഷ്ടമായിരുന്നു. വലുതായ ശേഷവും അര്‍ജുന്‍ ഡാന്‍സ് കമ്പോസിങ്ങൊക്കെ  ചെയ്യുന്നുണ്ട്.ജോലിക്കിടയിലും ന്യൂയോര്‍ക്കില്‍ പരിപാടികള്‍ക്ക് കൊറിയോഗ്രാഫ് ചെയ്യുന്നതും നൃത്തത്തോടുള്ള കമ്പംകൊണ്ടാണ്. അജയ് മെഡിസിന് പഠിക്കുന്നതുകൊണ്ട്  ഡാന്‍സിനൊന്നും സമയം ലഭിക്കുന്നില്ല. അവധിക്ക് ഒത്തുകൂടുമ്പോള്‍ അച്ഛനും മക്കളും ചേര്‍ന്ന് ഫണ്ണി ഡാന്‍സ് വീഡിയോസ് തട്ടിക്കൂട്ടും.


അഭിനയത്തില്‍ താല്പര്യമുണ്ടോ?

വീണുകിട്ടിയ അവസരങ്ങള്‍ വിനിയോഗിച്ചിട്ടുണ്ടെന്ന് പറയുന്നതാകും ശരി. കീചകവധത്തെ ആസ്പദമാക്കി എം.ടി.വാസുദേവന്‍ നായര്‍ രചിച്ച 'വിരാടം' നാടകമായി അവതരിപ്പിച്ചപ്പോള്‍ അതില്‍ ദ്രൗപദിയുടെ വേഷം ചെയ്തിരുന്നു. അമേരിക്കയില്‍ മൂന്നുനാല് സ്റ്റേജുകളില്‍ ചെയ്ത ആ നാടകത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.അക്കരക്കാഴ്ചകള്‍ എന്ന പരമ്പരയില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ അവതരിപ്പിച്ച മോളി എന്ന കഥാപാത്രം രണ്ട് എപ്പിസോഡുകളിലേ ഉള്ളൂവെങ്കിലും ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. 2007ല്‍ ആ വേഷം ചെയ്യുമ്പോള്‍ അത് യൂട്യൂബില്‍ ഹിറ്റ് ആകുമെന്നോ പുതുതലമുറയിലെ കുട്ടികളും അതിന്റെ ആരാധകരാകുമെന്നും കരുതിയിരുന്നില്ല.

ഡ്രീം പ്രോജക്ട്?

തിരക്കുകള്‍ കുറച്ച് സ്വന്തമായി ഒരു നൃത്താവിഷ്‌കാരം നടത്തണമെന്നുണ്ട്.'കൃഷ്ണവിലാസം' എന്ന പേരില്‍ കൃഷ്ണന്റെ ജനനം മുതല്‍ മരണം വരെ നൃത്തത്തിലൂടെ ആവിഷ്‌കരിക്കണമെന്നാണ് കരുതുന്നത്. രാമായണത്തിന് നിരവധി പേര്‍ നൃത്തരൂപം നല്‍കിയിട്ടുണ്ട്.അതില്‍ നിന്ന് വ്യത്യസ്തമായി ആരും അധികം ശ്രദ്ധിക്കാതെ പോയ ഭാഗത്തിന് നൃത്തഭാഷ്യം നല്‍കണമെന്നാണ് മറ്റൊരു ആഗ്രഹം. സീതയുടെ അഗ്‌നിദഹനം, ഊര്‍മ്മിളാവിലാപം തുടങ്ങിയ ഭാഗങ്ങളാണ് ഇത്തരത്തില്‍ എന്നെ ഏറെ സ്പര്‍ശിച്ചിട്ടുള്ളത്. ഇതിനായുള്ള ഗവേഷണം ആരംഭിച്ചുകഴിഞ്ഞു.

 മാലിനിയുടെ നൃത്തസപര്യ  (മീട്ടു റഹ്‌മത്ത് കലാം) മാലിനിയുടെ നൃത്തസപര്യ  (മീട്ടു റഹ്‌മത്ത് കലാം)
Join WhatsApp News
George Thumpayil 2025-02-21 18:23:16
Congratulations Malini. I remember you as the News reader for Asianet, years ago, when both of your children were so small, who were bothering you when you were on Air! With Sunil Tristar and all of us. Good old days!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക