കനേഡിയൻ ഹോക്കി ടീം വ്യാഴാഴ്ച്ച രാത്രി 4 നേഷൻസ് ചാമ്പ്യൻഷിപ്പിൽ യുഎസ് ടീമിനെ തോല്പിച്ചതിൽ ആവേശഭരിതനായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു: "നിങ്ങൾക്കു ഞങ്ങളുടെ രാജ്യം പിടിച്ചെടുക്കാൻ ആവില്ല. ഞങ്ങളുടെ കളിയിലും അത് നടക്കില്ല," അദ്ദേഹം എക്‌സിൽ കുറിച്ചു.
ടീം കാനഡ 3-2നാണു യുഎസിനെ വീഴ്ത്തിയത്. യുഎസ്, കാനഡ, ഫിൻലൻഡ്, സ്വീഡൻ എന്നീ ടീമുകളാണ് പങ്കെടുത്തത്.
കാനഡ യുഎസിന്റെ 51ആം സംസ്ഥാനമാക്കും എന്ന പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനത്തിനു ഒരിക്കൽ കൂടി മറുപടി നൽകിയ ട്രൂഡോ ആ ഭീഷണി യഥാർഥമാണെന്നു ഈ മാസം ബിസിനസ്--ലേബർ നേതാക്കളോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.
"നമ്മുടെ പ്രകൃതി വിഭവങ്ങൾ എന്താണെന്നു അവർക്കു അറിയാം. അവർക്കു അതിൽ നിന്നുള്ള മെച്ചം കിട്ടണമെന്നുണ്ട്. നമ്മുടെ രാജ്യം പിടിച്ചെടുക്കുക എന്നതാണ് ട്രംപ് അതിനു കണ്ട എളുപ്പവഴി. അതൊരു യഥാർഥ ഭീഷണി തന്നെ."
ടീം യുഎസ്എയെ ട്രംപ് വ്യാഴാഴ്ച്ച രാവിലെ വിളിച്ചു ആവേശം പകർന്നിരുന്നു. അപ്പോൾ കാനഡയെ 51ആം സ്റ്റേറ്റ് ആക്കുമെന്നു അദ്ദേഹം വീണ്ടും പറഞ്ഞു.
രാഷ്ട്രീയം കലർന്നതോടെ കാനഡ-യുഎസ് മത്സരങ്ങൾക്ക് മറ്റൊരു സ്വഭാവം വന്നു. മോൺട്രിയലിൽ ശനിയാഴ്ച്ച ആദ്യ മത്സര സമയത്തു കാനഡക്കാർ യുഎസിനെ കൂക്കിവിളിച്ചു. വ്യാഴാഴ്ച്ച രാത്രി ബോസ്റ്റണിൽ വച്ച് 'ഓ കാനഡ' എന്ന ഗാനം ആലപിച്ചപ്പോൾ യുഎസ് ആരാധകർ കൂവി.
Trudeau teases US after hockey win