ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിൽ ഔട്ടർ റിംങ് റോഡ് സന്ധിക്കുന്ന കണ്ണായ സ്ഥലത്ത് അമ്പാടി ഫ്ലവർ മാർട്ട് നടത്തുന്ന ശ്രീരാഗ് വിദ്യാനന്ദൻ താമരമാല കെട്ടുന്നതു കണ്ടുകൊണ്ടിരിക്കാൻ ഒരു പ്രത്യേക കൗതുകമാണ്!
ആദ്യം പ്ലാസ്റ്റിക് കുപ്പിയിൽനിന്നു സ്വർണ നിറമുള്ളൊരു മുത്തെടുത്തു അറ്റം കുടുക്കിയ നൈലോൺ നൂലിൽ കൊരുക്കുന്നു. തുടർന്നു ഒരു ചെന്താമര മൊട്ടെടുത്തു അതിൻ്റെ അടിവശത്തുകൂടെ സൂചി പ്രവേശിപ്പിച്ചു പുഷ്പത്തെ ഏറെ സൂക്ഷ്മതയിൽ നൂലിൻ്റെ അറ്റം വരെ നീക്കുന്നു. ഇതുപോലെ 17 എണ്ണം കൂടി കോർത്താൽ മാലയുടെ ഒരു വശമായി. മറു വശത്തേയ്ക്കു വേണ്ടി 18 മൊട്ടുകൾ കൂടി മറ്റൊരു നൂൽ കഷണത്തിൽ കൊരുത്തെടുത്താൽ ഒരു വിവാഹമാലയുടെ പ്രാഥമികമായ പണി കഴിഞ്ഞു.
തയ്യാറാക്കിയ രണ്ടു വശങ്ങളെയും യോജിപ്പിക്കേണ്ട താഴ്ഭാഗത്ത് മുത്തുഞെട്ടുകളുള്ള മൂന്നു മൊട്ടുകൾ കൊണ്ടൊരു കുഞ്ചലവും, 15 പൂക്കളുടെ ഒരു പൂച്ചെണ്ടും ചേരുമ്പോൾ, 54 പൂക്കളാൽ വധൂവരന്മാരിൽ ഒരാൾക്കുള്ള സാധനങ്ങളായി. സമാനമായി മറ്റൊരു ജോഡികൂടി കെട്ടിയെടുത്താൽ, 108 താമരപ്പൂക്കൾ ഉപയോഗിച്ചു ഒരു വിവാഹത്തിനുള്ള രണ്ടു മാലകളും രണ്ടു പൂച്ചെണ്ടുകളും ശ്രീരാഗ് ഒരുക്കിക്കഴിയും!
"ഒരു മാലയിൽ ഉപയോഗപ്പെടുത്തേണ്ടത് എത്ര പൂക്കളാണെന്ന കാര്യം, വൈവാഹിക കാര്യങ്ങളിലുള്ള ചില കീഴ്വഴക്കങ്ങൾ മാനിച്ചുകൊണ്ടു, മധൂവരന്മാരുടെ മുതിർന്ന ബന്ധുക്കൾ ഞങ്ങൾക്കു നൽകുന്ന നിർദ്ദേശമാണ്," ശ്രീരാഗ് വ്യക്തമാക്കി.
കുഞ്ചലം മനോഹരമായ പൊടിപ്പുകളാൽ നിർമിച്ചു, മാലയിൽ മാത്രം 52 ചെന്താരപ്പൂക്കൾ ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ടെന്നു ശ്രീരാഗ് പറയുന്നു.
"പൂക്കളുടെ മേൽഭാഗം മേലോട്ടാക്കികൊണ്ടു താമര കോർക്കണമെന്നും, കുഞ്ചലം മൂന്നു വലിയ പൂമൊട്ടുകൾ, മേൽഭാഗം കീഴോട്ടാക്കിയും കെട്ടുന്നതാണ് ഇഷ്ടമെന്നും ചിലർ സൂചിപ്പിക്കാറുണ്ട്," മാലകെട്ടു കലാകാരൻ ഓർക്കുന്നു.
ചുവന്ന റോസും ചെന്താമരയും ഒന്നിടവിട്ടു കോർക്കണമെന്നു ഇടക്കെത്തുന്ന ചിലർ ആവശ്യപ്പടാറുണ്ടെന്നും ശ്രീരാഗ് കൂട്ടിച്ചേർത്തു. പാശ്ചാത്യ സംസ്കൃതിയനുസരിച്ചു, പ്രണയത്തിൻ്റെയും, അഭിനിവേശത്തിൻ്റെയും, ത്യാഗശീലത്തിൻ്റെയുമെല്ലാം പ്രതീകമാണു ചുവപ്പു നിറമുള്ള പനിനീർപ്പൂ. അടുപ്പം, ഉപാസന, ആത്മാർത്ഥത മുതലായ മൃദുല വികാരങ്ങൾക്കൊന്നും വൻകരകൾ അതിർത്തിരേഖകൾ വരയ്ക്കുന്നില്ലല്ലൊ.
ശുദ്ധ ജലത്തിലും ശുദ്ധ വായുവിലും മാത്രം തഴച്ചു വളരുന്ന താമരയുടെ ദളങ്ങൾ വളരെ മൃദുവായതിനാൽ മാല നിർമാണത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും അതീവ ശ്രദ്ധ നിർബന്ധമാണ്. തലേന്നു രാത്രി തയ്യാറാക്കുന്ന താമരമാലകളും താമരപൂച്ചെണ്ടുകളും പിറ്റേന്നു മധൂവരന്മാർ അണിഞ്ഞു ചടങ്ങുകളിലെല്ലാം പങ്കെടുക്കുമ്പോഴും വാടാതെ, നിറം മങ്ങാതെ, ലോലമായ ദളങ്ങൾക്കു പോറലേൽക്കാതെ നിലകൊള്ളണം.
"ഞങ്ങളുടെ ഏറ്റവും വലിയ പിരിമുറുക്കം പൂക്കളെ ഫ്രഷായി എങ്ങനെ നിലനിർത്താമെന്ന കാര്യത്തിലാണ്. ഫ്ലവർ മാർട്ടിൽ വന്നു സാധനങ്ങൾ വാങ്ങിക്കൊണ്ടു പോകുന്നവരോടു ഇക്കാര്യം പ്രത്യേകം പറയാറുണ്ട്," കടയിലെത്തുന്നവരോടു പതിവായി ഇടപെടുന്ന സന്ദീപ് മനയിൽ വെളിപ്പെടുത്തി.
ഒരു നാടൻ താമരപ്പൂവിനു അമ്പതു ദളങ്ങൾ വരെയുണ്ടാകാം. മൊട്ടുകളുടെ പുറംഭാഗത്തുള്ള, പച്ച നിറം അൽപം കലർന്ന കുറേ പാളികൾ അടർത്തിക്കളഞ്ഞതിനു ശേഷം, ശരിയ്ക്കുമൊരു ചെങ്കമലത്തിൻ്റെ ബാഹ്യരൂപത്തിലേയ്ക്കു മാറിയ അവസ്ഥയിലാണ് അവയെ മാല കെട്ടാനുപയോഗിക്കുന്നത്. കട്ടി കൂടുതലുള്ള പുറത്തെ ദളങ്ങളുടെ അഭാവത്തിൽ മൊട്ടുകൾ ഇത്തിരി വിരിഞ്ഞ പോലെയിരിക്കും. അതിനാൽ മാലയിൽ കാണുന്ന ജലപുഷ്പങ്ങളെ മൊട്ടെന്നോ പൂവെന്നോ വിളിക്കാം.
താമരമൊട്ടിൻ്റെ ദള ശിഖരങ്ങൾ സുന്ദരമായി ഉൾവശത്തേയ്ക്കു ഡയമൺഡ് ഫോൾഡ് ചെയ്തും, മറ്റു പുഷ്പങ്ങൾ ഇടകലർത്തിയും ഹാരങ്ങൾ നിർമിക്കാറുണ്ട്. സുന്ദരമായും, പൂക്കളെ മാനിച്ചുകൊണ്ടുമുള്ള എല്ലാ സ്റ്റൈലുകളിലും മാലകൾ നിർമിച്ചു കൊടുക്കാൻ താൻ തയ്യാറാണെന്നും ഒരു ചെറു ചിരിയോടെ ശ്രീരാഗ് തുറന്നു പറഞ്ഞു. കാലം മാറുകയല്ലേ, കലാകാരൻ ചേർത്തു പറഞ്ഞു.
"വരനും വധുവും വിവാഹത്തിനു മുമ്പുള്ള ഒരു ദിവസം ഷോപ്പിലെത്തി ചർച്ച ചെയ്തു അവർക്കിഷ്ടമുള്ള തരം മാലകൾക്ക് ഓർഡർ തരുന്ന പതിവുമുണ്ട്," ശ്രീരാഗ് വിവരങ്ങൾ പങ്കുവച്ചു. "അവർക്കതൊരു പ്രീമേരേജ് ഔട്ടിംങും, ഈറ്റ് ഔട്ടും, ക്ഷേത്രദർശനവും കൂടിയാണ്."
താമരമാലകളും, താമരമൊട്ടുകളും, വലിയ തരം ബൊക്കെകളും, വിവിധയിനം പൂക്കളും മൊത്തമായും ചില്ലറയായും വിൽപന നടത്തുന്ന സ്ഥാപനത്തിൽ ശ്രീരാഗിനൊപ്പമുള്ള സഹകാരികൾ സന്ദീപ് മനയിലും, ഷിജിത്ത് ടി.കെ-യുമാണ്.
സാങ്കേതിക മേന്മ കൂടുതൽ ആവശ്യമുള്ളൊരു കരകൗശലമാണ് പൂച്ചെണ്ടുകളുടെ സ്ട്രച്ചർ നിർമാണം. ലോലമായ പുഷ്പങ്ങളെ ഒതുക്കിച്ചുമന്നു നിർത്താനുള്ള ചെറു കൂടയും, താഴെ അതിനു യോജിക്കുന്നൊരു പിടിയുമാണ് ഒരു ബൊക്കെയുടെ പ്രധാന ഘടന. കുറെ കെട്ടുകളും തുന്നുകളും വേറെയുമുണ്ട്. തിരക്കുള്ള സമയങ്ങളിൽ സിന്തറ്റിക്ക് നിർമിതമായ റെഡിമെയ്ഡ് ഫ്രെയ്മുമുകളും ഉപയോഗിക്കാറുണ്ട്.
"ബൊക്കെ ഫ്രെയിം നിർമിതിയിൽ സംഭവിക്കാവുന്നൊരു ചെറിയ പിഴവു പോലും ബൊക്കെയുടെ ചേലു കുറയ്ക്കുന്നു. വെളിഭാഗത്തുള്ള താമര ദളങ്ങങ്ങൾ ഡയമൺഡ് രൂപത്തിൽ മടക്കി മനോഹാരിത വർദ്ധിപ്പിക്കുന്നതും, അടിയിലുള്ള നേർത്ത പച്ചിലചില്ലകളുടെ ക്രമീകരണവും വരെ ചേലോടെ ചെയ്തവസാനിപ്പിക്കണം," ഷിജിത്ത് ബൊക്കെയുടെ സ്ട്രച്ചർ നിർമാണ രീതി വിവരിച്ചു.
ഭക്തരിൽ പലരും വഴിപാടായി നൽകുന്നത് ഉണ്ണിക്കണ്ണന് ഏറ്റവും പ്രിയപ്പെട്ട പട്ടും, കദളിപ്പഴവും, താമരയുമാണ്. ആയതിനാൽ ഈ സാധനങ്ങളുടെ വിൽപന ക്ഷേത്ര പരിസരത്തെ വിക്കവാറും എല്ലാ പൊതു സാധനങ്ങൾ കൈകാര്യം ചെയ്യുന്ന കടകളിലുമുണ്ട്. മഞ്ഞ, ചുവപ്പു പട്ടുതുണി കഷണങ്ങളും, പൂജയ്ക്ക് ഉപയോഗിക്കുന്നയിനം ചെറു കദളിപ്പഴവും ക്ഷാമമില്ലാത്ത സാധനങ്ങളാണെങ്കിലും, നിവേദ്യ സംയുക്തത്തിലെ ഏറ്റവും പ്രധാനപ്പെട്ട താമരമൊട്ട് എല്ലാ കാലത്തും സുലഭമല്ല. എന്നാൽ, അതു ലഭിയ്ക്കാൻ സാധ്യത കൂടുതലുള്ളൊരു സ്ഥാപനമാണ് അമ്പാടി. നിവേദ്യ സംയുക്തം വിൽപന നടത്തുന്ന കടക്കാർക്കുള്ള താമരമൊട്ട് തുടർച്ചയായി നൽകുന്നത് അമ്പാടിയാണ്.
വിവാഹ വാഹനങ്ങൾ പൂക്കളെക്കൊണ്ടു അലങ്കരിയ്ക്കുന്ന പ്രവർത്തി നിർവഹിക്കുന്നതു സന്ദീപാണ്. വാഹനങ്ങൾക്കു പ്രവേശനമുള്ള ഔട്ടർ റിംങ് റോഡിലാണ് അമ്പാടിയുടെ ലൊക്കേഷൻ എന്നതിനാൽ, ചമയം ആവശ്യമുള്ള വണ്ടികളുമായി ബന്ധപ്പെട്ടവർക്കു കടയുടെ അടുത്തു വരെ എത്താം. സ്വാഭാവികമായും സന്ദീപിനു ജനസമ്പർക്കം വർദ്ധിച്ചു. ഇക്കാരണത്താൽ ഗുരുവായൂരിലെ പ്രശസ്ത പൂ ഉൽപന്ന സ്ഥാപനമായ അമ്പാടിയെ പലരും വിളിക്കുന്നതു സന്ദീപിൻ്റെ കടയെന്നുമാണ്.
ഇന്ദീവര ഹാരങ്ങൾ വിവാഹങ്ങൾക്കു ഉപയോഗിക്കുന്ന സമ്പ്രദായം ഇന്ത്യയിലുടനീളം നിലവിലുണ്ടെങ്കിലും, കോർക്കേണ്ട പൂക്കളുടെ എണ്ണത്തിലും കെട്ടു രീതിയിലും ലഘുവായ വ്യത്യാസങ്ങളുണ്ടെന്നു ശ്രീരാഗ് വിശദീകരിച്ചു. എന്നിരുന്നാലും, ഔഷധ-ഭക്ഷ്യ ഗുണങ്ങൾ ഏറെയുള്ള നമ്മുടെ ദേശീയ പുഷ്പത്തിൻ്റെ പൗരാണികവും, സാംസ്കാരികവും, ചരിത്രപരവും, സൗന്ദര്യശാസ്ത്രപരവുമായ പ്രത്യേകതകളിൽ മാറ്റമൊന്നുമില്ലല്ലോയെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
സീസൺ അനുസരിച്ചു താമരയുടെ വില വ്യത്യാസപ്പെടുന്നു. ഒരു മൊട്ടിനു പത്തു രൂപ മുതൽ മുപ്പതു രൂപ വരെ വില വരും. അമ്പാടിയിൽ നിന്നു നിവേദ്യ വിൽപനക്കാർ കൂടുതൽ എണ്ണം വാങ്ങിക്കൊണ്ടു പോകുമ്പോൾ അവർക്കു ചെറിയ വിലക്കിഴിവ് ലഭിയ്ക്കും.
"ഇത് താമര വിരിയുന്ന കാലം. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് പൊതുവെ ഏറ്റവും കൂടുതൽ താമര വിരിയുന്നത്. അതിനാൽ മൊട്ടിനും മാലയ്ക്കും താരതമ്യേന ഇപ്പോൾ വില കുറവാണ്. രണ്ടു മാലകളും, രണ്ടു ബൊക്കെകളും ചേർന്ന ഒരു സെറ്റിനു 3,500 രൂപ മുതൽ 4,500 രൂപ വരെ ഞങ്ങൾക്കു വില ലഭിയ്ക്കും. കൃത്യവില നിശ്ചയിക്കുന്നതു, താമര എത്രത്തോളം ഫ്രഷാണ്, ചുവപ്പാണ്, മാലയിലും ബൊക്കെയിലും ഏതു തരം പണിയാണ് ചെയ്തിരിയ്ക്കുന്നത്, മൊത്തം എത്ര പുഷ്പങ്ങൾ ഉപയോഗിച്ചു മുതലായ ഘടകങ്ങളെ ആശ്രയിച്ചാണ്," ശ്രീരാഗ് താമരമാലയുടെ വാണിജ്യശാസ്ത്രം വിവരിച്ചു.
"താമരപ്പാടത്തു നിന്നു ചാക്കുകളിലോ പെട്ടികളിലോ നിറച്ചു ഐറ്റം ഞങ്ങൾക്കെത്തിയ്ക്കുന്ന കൃഷിക്കാരന് ഞങ്ങൾ നൽകുന്നതും സീസൺ ആയതിനാൽ ആനുപാതികമായി കുറഞ്ഞ വിലയാണ്. മൊട്ടുകളുടെ ഗുണം പരിശോധിച്ചു, എണ്ണിനോക്കി സപ്ലൈർക്കു പണം നൽകും," അഞ്ചെട്ടു വർഷമായി താമരമാലകെട്ടു വ്യവഹാരത്തിൽ ഏർപ്പെട്ടിരിയ്ക്കുന്നയാൾ കൂട്ടിച്ചേർത്തു.
"ഒരു ദിവസം പത്തു മാലകൾക്കെങ്കിലും ഓഡർ ഉണ്ടാകും. ചില ദിവസങ്ങളിൽ അതിലധികവും ഏറ്റെടുക്കേണ്ടി വരും. പുലരുംവരെ പണിയെടുത്താലേ ഇരുപതു മാലകളും ഇരുപതു ബൊക്കെളും തയ്യാറാക്കാൻ കഴിയൂ. നേരം പുലർന്നാൽ സാധനം തേടി ആളുകളെത്തും. എന്നാൽ, ആദ്യത്തെ സമ്മർദം ആവശ്യത്തിനനുസരിച്ചു താമര സപ്പ്ളൈ ഉണ്ടാകുമോയെന്നതാണ്. വേണ്ടത്ര സാധനം വേണ്ട ദിവസം ലഭിയ്ക്കുമെന്ന പ്രതീക്ഷയിലാണല്ലൊ ഓർഡർ എടുക്കുന്നത്. സ്റ്റോക്കുചെയ്തു സൂക്ഷിക്കാൻ കഴിയുന്ന സാധനമല്ലല്ലൊ താമര. കൃഷിക്കാരെ ഫോളോഅപ്പ് ചെയ്തു എങ്ങനെയെങ്കിലും സാധനത്തിൻ്റെ ലഭ്യത ഉറപ്പുവരുത്തുകയല്ലാതെ വേറെ മാർഗമൊന്നുമില്ല," ശ്രീരാഗ് ഉൽകണ്ഠകൾ പങ്കുവച്ചു.
വേനൽകാലത്തു കൃഷിചെയ്യേണ്ട ജലസസ്യമാണ് താമരയെങ്കിലും, മഴക്കാലത്താണത് ഏറ്റവുമധികം പൂവിടുന്നത്. നാടൻ താമരകളാണ് ഗ്രാമീണ കർഷകരിൽ പലരും വളർത്തുന്നതെങ്കിലും, ഹൈബ്രിഡ് ഇനങ്ങൾക്കാണ് ശോഭയും വലിപ്പവും കൂടുതൽ. പിങ്ക് ക്ലൗഡ്, പീക്ക് ഓഫ് പിങ്ക്, സറ്റാ ബൊങ്കേറ്റ്, ഗ്രീൻ ഏപ്പ്ൾ, ബുച്ച മുതലായ സ്പീഷീസുകൾ കേരളത്തിൽ നന്നായി വളരുന്ന ഇനങ്ങളാണ്. തൃപ്പുണിത്തുറയിലെ ബോട്ടണി ബിരുദധാരി ഗണേശ് കുമാർ അനന്തകൃഷ്ണൻ വികസിപ്പിച്ചെടുത്ത മിറാക്ക്ൾ, ആമണ്ട് സൺഷൈൻ, ലിറ്റ്ൽ റൈൻ മുതലായവയും, പഴയ സസ്യങ്ങളായ ഷിരോമണും, പിയോണി വറൈറ്റികൾക്കും കേരളത്തിലെ കാലാവസ്ഥ അനുയോജ്യമാണ്.
"നാടൻ വർഗത്തിൽപെട്ട താമരകൾക്കു വർണവും വലിപ്പവും ഇത്തിരി കുറവാണെങ്കിലും, കൂടുതൽ സമയം അവ വാടാതെ നിലകൊള്ളും," ശ്രീരാഗ് നിരീക്ഷിച്ചു.
ഭാരതപ്പുഴയുടെ വടക്കൻ തീരത്തുള്ള തിരുന്നാവായയിലെ കൊടക്കൽ, എടക്കുളം പ്രദേശങ്ങളിലുള്ള കായലുകളാണ് കേരളത്തിലെ ഏറ്റവും വലിയ താമരപ്പാടങ്ങൾ. മലപ്പുറം ജില്ലയിലെ തന്നെ ഇടപ്പാൾ മേഖലയിലെ നെയ്തല്ലൂർ, കാലടി, കുണ്ടയാർ മുതലായ ഇടങ്ങളിലും ചെറിയ തോതിൽ താമരകൃഷിയുണ്ട്. തമിഴ് നാട്ടിൽ നിന്നും കേരളത്തിലേയ്ക്കു താമരയെത്തുന്നുണ്ട്. രണ്ടടിയെങ്കിലും മഴവെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളാണ് താമരപ്പാടങ്ങൾ. ജലനിരപ്പ് വളരെ കൂടിയാലും കുറഞ്ഞാലും അതു താമരയുടെ വളർച്ചയെ ബാധിക്കുന്നു. മറ്റു ചെടികളെ അപേക്ഷിച്ചു കീടബാധ വളരെ കുറഞ്ഞൊരു സസ്യമാണ് താമര.
നിലംബൊ നൂസിഫെറ ഗയർടിൻ എന്ന വിഭാഗത്തിൽപെട്ടതാണ് ഇന്ത്യയിൽ കണ്ടുവരുന്ന മിക്കവാറും എല്ലാ താമരകളുമെന്നാണ് ലക്നൗവിൽ പ്രവർത്തിക്കുന്ന നേഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിൻ്റെ കണ്ടെത്തൽ. അതല്ല, കേരളത്തിൽ വളരുന്ന ചിലയിനം പത്മങ്ങൾ നിലംബൊ ലൂട്ടിയ വർഗത്തിലേതാണെന്നു മറ്റൊരു പഠനവുമുണ്ട്. ഏതു വർഗത്തിൽ പെട്ടതായാലും ശരി, ഹൃദ്യമായ ജലപുഷ്പങ്ങളെ അതിലും ഹൃദ്യമായ ഹാരങ്ങളും പൂച്ചെണ്ടുകളുമാക്കി മാറ്റുകയെന്നതു മാത്രമാണ് ശ്രീരാഗിൻ്റെയും കൂട്ടുകാരുടെയും പേഷൻ!
"താമര ഏതു ജനുസ്സിൽ പെട്ടാലെന്താ, അതുകൊണ്ടുണ്ടാക്കുന്ന മാലകൾ ജീവിതത്തിലെ അത്യന്തം മഹനീയമായൊരു മംഗള കർമത്തിനു ചാർത്താനുള്ളതല്ലേ, ആ സംതൃപ്തി മതി ഞങ്ങൾക്ക്," ശ്രീരാഗും, സന്ദീപും, ഷിജിത്തും ഒറ്റസ്വരത്തിൽ പറഞ്ഞു!