Image

സംഘമിത്രാ കാണ്ഡം  ( നോവൽ - 9 : പുഷ്പമ്മ ചാണ്ടി , ചെന്നൈ )

Published on 21 February, 2025
സംഘമിത്രാ കാണ്ഡം  ( നോവൽ - 9 : പുഷ്പമ്മ ചാണ്ടി , ചെന്നൈ )

സംഘമിത്ര മുറിയിൽ എത്തിയശേഷം  ബാൽക്കണി   വാതിൽ തുറന്നു പുറത്തേക്കു നോക്കി നിന്നു. അഭിനന്ദന്റെ  കാർ തിരിച്ചു പോകുന്നതവൾ കണ്ടു .

ശിരസിലേക്കുള്ള രക്ത പ്രവാഹത്തിന്റെ തോത് കൂടി , തന്നെ മറ്റൊരു  ലോകത്തേക്ക് കൊണ്ടുപോയത് പോലെ തോന്നി .

അഭിനന്ദനോടുള്ള വികാരം എന്താണെന്ന് വ്യാഖ്യാനിക്കുവാൻ സാധിക്കുന്നില്ല . 

ഇഷ്ടം , സ്നേഹം , ആരാധന ... ?

തന്നെപ്പോലെ ഒരാളെ കണ്ടെത്തിയ വികാരം , തൻ്റെ ട്വിൻ സോൾ ?

സ്നേഹം എത്ര നിശ്ശബ്ദമായിട്ടാണ് കടന്നുവരുന്നത് ..! അതീവ മൃദുലമായി  ഉള്ളറകളെ സ്പർശിക്കുന്നത് ..!

ഒരു ഇളംകാറ്റുപോലെ തന്നെ തലോടുന്നു .സ്നേഹത്തിൻ്റെ മൃദുലമായ കൈകളിൽ താൻ സുരക്ഷിതയായപോലെ  .

പ്രേമിച്ച നാളുകളിൽ ബാലുവിനോടു പോലും തോന്നാത്ത ഒരു വികാരം .

സ്കൂളിനെ സഹായിച്ചത് കൊണ്ടു മാത്രമല്ല .

തൻ്റെ ആത്‌മാവിന്റെ പാതി അയാളിലാണ്  ദൈവം നിക്ഷേപിച്ചിട്ടുള്ളത് .. ഈ ലോകത്തിൽ തനിക്കു ചെയ്തു തീർക്കാനുള്ള ചുമതലകൾ , മുൻപോട്ടു കൊണ്ടുപോകാൻ വന്നയാൾ ..!

അഭിനന്ദൻ നൽകിയ  ആശ്ലേഷം , താൻ കൂടെയുണ്ടെന്ന് നൽകിയ ഉറപ്പാണെന്ന് അവൾക്കു തോന്നി .

രാത്രിയിൽ വളരെ വൈകിയാണ് അഭിനന്ദൻ ഉറങ്ങിയത് .

സംഘമിത്രയായിരുന്നു മനസ്സിൽ . ശാരീരികമായ ആകർഷണത്തിനു മുപരി  മറ്റെന്തൊക്കെയോ വികാരങ്ങൾ.. അവളൊരു സാധാരണ യുവതിയല്ല. അവളിലെ സൗന്ദര്യം അവളുടെ ചിന്തകളാണ് ., അവൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അവളുടെ കണ്ണുകളിലുണരുന്ന തീനാമ്പുകൾ .. 

ആത്മാവിൻ്റെ ആഴങ്ങളിലുള്ള സൗന്ദര്യം ; അതാണ് അവളെ മറ്റുളളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത് .

ഈ ജീവിതം എങ്ങനെ കൊണ്ടുപോകണമെന്ന് മനസ്സിൽ ഉറപ്പിച്ചവൾ . പണവും  പ്രതാപവുമല്ല ജീവിതമെന്ന് ചുരുങ്ങിയ സമയം കൊണ്ട് തനിക്കു  മനസ്സിലാക്കിത്തന്നു മിത്ര .

ലളിതമായ ജീവിതം ,  ചെയ്യുന്ന പ്രവൃത്തിയിൽ സ്വയം സംതൃപ്തി വേണം .

ലാളിത്യം അതാണ് അവളിൽ കണ്ട മഹനീയ ഗുണം ..

ആരാണവൾക്ക് സംഘമിത്ര എന്ന പേര് നൽകിയതെന്ന് അറിയില്ല . 

മൗര്യ ചക്രവർത്തിയായിരുന്ന മഹാനായ അശോകന്റെ പുത്രിയുടെ പേരാണ് സംഘമിത്ര .

ശ്രീലങ്കയിൽ ബി .സി. മൂന്നാം നൂറ്റാണ്ടിൽ  തന്റെ സഹോദരനായ മഹീന്ദ്രനോടൊപ്പം ബുദ്ധമതം പ്രചരിപ്പിച്ചതു സംഘമിത്രയാണെന്ന് പറയപ്പെടുന്നു . ശ്രീബുദ്ധനോടും  ബുദ്ധമതത്തോടും തനിക്കുള്ള അഭിനിവേശം അറിഞ്ഞ പ്രപഞ്ചമാണോ അവളെ തന്നിലേക്കെത്തിച്ചത് ?

ഇതെല്ലം ആലോചിച്ചപ്പോൾ അയാളുടെ ചുണ്ടിൽ ഒരു നല്ല ചിരിവിടർന്നു . 

താൻ എന്തൊക്കെയാണ് ആലോചിക്കുന്നത് ? ഒരു കൗമാരക്കാരനെപ്പോലെ .!!

രാവിലെ മിത്ര സ്കൂളിൽ എത്തിയതും അഭിനന്ദന്റെ ഫോൺ വന്നു

" ഒരു ഡോക്ടർ ദമ്പതികൾ , റിട്ടയറായവർ  , അവരോടു ഞാൻ സ്കൂളിന്റെ കാര്യം സംസാരിച്ചു. ഗോഡ്സ് ഹോമിനെക്കുറിച്ച് കേട്ടപ്പോൾ അവർക്കു സന്തോഷമായി . ഡോക്ടർ ഭാസ്കർ ജനറൽ ഫിസിഷ്യൻ ആണ് .

ഭാര്യ ചന്ദ്രലേഖ പാതോളജിസ്റ്റ് ആയിരുന്നു .

ഇപ്പോൾ അവർ മകന്റെ കൂടെ അമേരിക്കയിലാണ് . തിരികെ വരാൻ ഒരു മാസമാകും . അവർ ഗോഡ്സ് ഹോമിൽ ജോയിൻ ചെയ്യും .."

ഒരു നിമിഷത്തേക്ക് മിത്ര നിശ്ശബ്‍ദയായി .

" താൻ എന്താ ഒന്നും മിണ്ടാത്തത് ?"

" സന്തോഷം കൊണ്ട് വാക്കുകൾ വരുന്നില്ല.. "

" സിത്താരക്ക് എങ്ങനെയുണ്ട് ?"

" ക്ഷീണമുണ്ട് , പക്ഷെ ഓക്കേ ആണ് .. "

" സുമേദ്?"

" അവൻ സൈലോഫോണിൽ കൊട്ടികൊണ്ടിരിക്കുന്നു  .

ഇന്ന്  ദിവാകറിനാണ് വയ്യാഴിക ,

നല്ല പനിയുണ്ട്. എന്നാലും പദ്മക്ക അവനെയും കൂട്ടി വന്നു .

ഞാൻ ഒരു ഓട്ടോ പിടിച്ചു അവരെ തിരികെ വീട്ടിലേക്കയച്ചു ."

" ഓരോ ദിവസവും ഒരു ഇഷ്യൂസ്  ഇല്ലേ ..?

അമ്മക്ക് ഇന്നലെ മിത്രയോടു  സംസാരിച്ചു മതിയായില്ല . വീക്കെൻഡ് വരുമോ എന്ന് ചോദിച്ചു.. ?"

" ശനിയാഴ്ച , വീട്ടിൽ പോകണം എന്നു വിചാരിക്കുന്നു . തിരികെ വന്നിട്ട് വീട്ടിലേക്കു വരാമെന്ന് അമ്മയോട് പറയൂ .. "

രണ്ടുപേരും ഇന്നലെ നടന്ന ആ പ്രത്യേക നിമിഷത്തെക്കുറിച്ചു പരാമർശിച്ചില്ല .

സൈലോഫോണിൽ പുതിയ ഈണവുമായി സുമേദ് അവളുടെ അടുത്തേക്ക് വന്നു .

അവൻ എന്തോ പറയാൻ ശ്രമിക്കുകയാണ് .

അമ്മയെ കാണണം എന്നാണെന്നു മിത്രക്ക് മനസ്സിലായി . ഈ ആഴ്ച പോകാതിരിക്കാൻ സാധിക്കില്ല .

സുമേദ് ഈയിടെയായി വല്ലാതെ അസ്വസ്ഥനാണ് . കാരണം സിത്തു പഴയപോലെ അവനെ ശ്രദ്ധിക്കുന്നില്ല .

അവൾക്കു കുറച്ചു ദിനങ്ങളായി തീരെ സുഖമില്ല .

ജനനിയാണെങ്കിൽ പ്രതീക്ഷ നശിച്ചതു പോലെ . ഉണ്ടായിരുന്ന ആത്‌മവിശ്വാസം പൊയ് പോയിരിക്കുന്നു .

കുറച്ചു പണം വരുമ്പോൾ ചില സൗകര്യങ്ങൾ വരുമെന്നല്ലാതെ , പണത്തിനു ചില കാര്യങ്ങളിൽ ഒന്നും ചെയ്യാൻ സാധിക്കില്ല .

ജനനിയുടെ വിഷമം മനസ്സിലാകും .

സിത്താരയുടെ തുടരെയുള്ള അസുഖങ്ങൾ എല്ലാവരെയും ബാധിച്ചപോലെ .

ഇതെല്ലാം കണ്ടിട്ട് വീട്ടിൽ പോകാൻ തോന്നുന്നില്ല . 

പക്ഷെ ഇനിയും മാറ്റി വെച്ചാൽ സുമേദ് അക്രമാസക്തനാകും .

കുറച്ചു നാൾ മുൻപേ അങ്ങനെ സംഭവിച്ചു.

ദിവാകറിൻറെ അസുഖം കുറഞ്ഞാൽ പദ്മക്ക രണ്ടു ദിവസം ഇവിടെ താമസിക്കും . ആശയോട് , എല്ലാ കുട്ടികളിലും പ്രത്യേകമായ കണ്ണ് വേണമെന്ന് പറയണം .

ശ്രീജിയും സഹായിക്കും .

സംഘമിത്ര ജനനിയുടെ മുറിയിലേക്ക് കടന്നു ചെന്നു.

അവിടെ ആകെ വൃത്തികേടായിരിക്കുന്നു .

ജനനി മുറിയൊരിക്കലും അങ്ങനെ അടുക്കും ചിട്ടയുമില്ലാതെയിടില്ല. 

" എന്താ ചേച്ചി , ഇങ്ങനെ .

നിങ്ങൾ ഇങ്ങനെ തുടങ്ങിയാൽ എനിക്ക് സപ്പോർട്ടിന് വേറെ ആരുണ്ട് ?"

അതും പറഞ്ഞു മിത്ര മുറി വൃത്തിയാക്കാൻ തുടങ്ങി .

" എനിക്ക് പ്രതീക്ഷ നശിക്കുന്നു . മോൾക്ക്‌ എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം .. "

" ഇതിനാണോ  ഈ സ്കൂൾ തുടങ്ങിയത് . ഇത്രയും അമ്മമാരെ ഒന്നിച്ചു ചേർത്തത് ? അങ്ങനെയൊന്നും ചിന്തിക്കരുതേ . നെഗറ്റീവ് ആയിട്ടുള്ള ചിന്തകൾ നമ്മളെ എങ്ങും എത്തിക്കില്ല. ഭക്ഷണം കഴിക്കാതെയും മുറി ഇങ്ങനെ ഇട്ടതു കൊണ്ടും എന്താ ഗുണം ?

പിന്നെയും നെഗറ്റീവ് അല്ലേ ആകൂ?"

മുറി അടുക്കിപ്പെറുക്കിയിട്ടു മിത്ര പറഞ്ഞു.

" സിത്തു ഉറങ്ങുകയല്ലേ വന്ന് എന്തെങ്കിലും കഴിക്കൂ .."

" എനിക്ക് എല്ലാം മടുത്തു .

ഇവിടുത്തെ ഭക്ഷണം പോലും.

ഞാനും എന്തെങ്കിലും വായിക്കു സ്വാദായിട്ടു  കഴിച്ചിട്ട് എത്ര നാളായി .. "

" ഞാൻ സ്വിഗ്ഗിയിൽ നിന്നും എന്തെങ്കിലും ഓർഡർ കൊടുക്കട്ടെ .. ? നാളെ നിങ്ങൾക്ക് ഇഷ്ടമുള്ളത് ഞാൻ ഉണ്ടാക്കി കൊണ്ടുവരാം.. "

ജനനി മിത്രയെ കെട്ടിപ്പിടിച്ച് അലമുറയിട്ടു കരയാൻ തുടങ്ങി .

മറ്റു രണ്ടുമൂന്ന് അമ്മമാരും അങ്ങോട്ട് കയറി വന്നു .

എല്ലാ കണ്ണുകളും നിറയുന്നുണ്ടായിരുന്നു. 

അവരുടെ ആരുടേയും അവസ്ഥ വ്യത്യസ്തമല്ല. എല്ലാവരും ഒരേ തൂവൽ പക്ഷികൾ .. തമ്മിൽ തമ്മിൽ താങ്ങും തണലുമായി നിൽക്കുന്നവർ .

" നാളെ നമ്മൾ എല്ലാവരും ചേർന്ന് , കുട്ടികൾക്ക് മാത്രമല്ല , നമുക്കായും ഭക്ഷണം പാകം ചെയ്യും . വേണ്ടത് പറയൂ . സാധനങ്ങളുടെ ലിസ്റ്റും തരൂ, ഞാൻ കടയിൽ പോയി വാങ്ങാം .."

" സംഘമിത്ര പോകേണ്ട .

ഞാൻ പോകാം" , ആശ മുൻപോട്ടു വന്നു.

ഒരുപാട് വേവിച്ച ഭക്ഷണമാണ് കുട്ടികൾക്ക് നല്കുന്നത് .

അതിൽ ഉപ്പും  പുളിയും ഒക്കെ കുറവായിരിക്കും . മുതിർന്നവർക്ക് ചോറ് മാത്രം വേറെ വെക്കും .

കറികൾ ഒന്നും കാര്യമായിട്ട് കാണില്ല .

നേർപ്പിച്ച സാമ്പാർ, മോര് അതാണ് മിക്ക ദിവസവും .കൂടെ കാബേജ് തോരൻ , അല്ലെങ്കിൽ ബീൻസ് .

അമ്മമാരിൽ ചിലർ അച്ചാർ വാങ്ങിവെച്ചു കഴിക്കുന്നു . എല്ലാവരും ഇതൊക്കെ കഴിച്ചു മടുത്തിരിക്കുന്നു  .

" നാളെ മുതൽ  നമുക്കുള്ള ഭക്ഷണം , ചോറും ഒന്നു രണ്ടു  നല്ല കറികളും ഉണ്ടാക്കാം . കുട്ടികളെ നോക്കണമെങ്കിൽ നമുക്കും ശക്തി വേണ്ടേ ?"

മിത്രയാണ് അത് പറഞ്ഞത് . എല്ലാവരും അത് ശരിവെച്ചു .

ജനനിക്കു പെട്ടെന്നു  മുഖത്തൊരു സന്തോഷം പടർന്നു .

" എ & 'ൻ ലെ അഭിനന്ദൻ കുറച്ചു പണം കൊടുത്തു . അത് ചിലവാക്കാനുള്ള വഴി ഉടനടി കണ്ടു പിടിച്ചവൾ .. "

അതുകേട്ടതും വിനോദിനിച്ചേച്ചി പറഞ്ഞു .

വിനോദിനിച്ചേച്ചിയുടെ മകൾ അമ്മു ഓട്ടിസം ബാധിച്ച കുട്ടിയാണ്. 

പക്ഷെ നേരിയ തോതിൽ മാത്രം . അവളാണ് ഒക്യുപേഷണൽ തെറാപ്പി റൂമിലെ സ്റ്റാർ .

വളരെ പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കും . തുണി സഞ്ചികൾ കൂടുതലും ഉണ്ടാക്കുന്നത് അവളാണ് .

വിനോദിനിച്ചേച്ചിയുടെ ഭർത്താവ് ഒരു അപകടത്തിൽ മരിച്ചു പോയി .

മിത്ര ഇവിടെ വരുന്നതിനു മുൻപേ അമ്മുവും ചേച്ചിയും ഇവിടെ ചേർന്നതാണ് . 

ഈ സ്കൂളിന് ചേച്ചി വലിയ സഹായിയാണ് . ചേച്ചി ട്രസ്റ്റീ മെമ്പറും  രക്ഷാധികാരിയുമാണ് .

" പണം , അത് ചിലവാക്കാനുള്ളതല്ലേ ? ഭക്ഷണം വായിക്കു കുറച്ചു രുചിയായിട്ടു കഴിക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ട് . കുറച്ചു മധുരം കഴിക്കാനുള്ള  തോന്നൽ തുടങ്ങിയിട്ട് എത്ര നാളായി എന്നറിയുമോ .. , മിത്ര പറഞ്ഞത് നേരാണ് .."

" അതെ ചേച്ചി ഇതിനൊക്കെ എത്ര ചിലവാകും . അറ്റ്ലീസ്റ്റ് ഉച്ചക്കെങ്കിലും നമ്മൾ നന്നായി ഭക്ഷണം കഴിക്കണം. ഇവിടെ വന്നതിൽ പിന്നെ എല്ലാവരും   ക്ഷീണിച്ചു .

ഇനി ഒന്ന് ഉഷാറാക്കണം .. "

സംഘമിത്ര  ആവേശത്തോടെ പറഞ്ഞു. 

" നമ്മൾ എല്ലാവരും അസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമകളാണ്‌. നമ്മളുടെ ഏറ്റവും വലിയ അനുഗ്രഹം  നമ്മൾ ചിന്തിക്കുന്നത്  പോലും ഒരുപോലെയാണെന്നാണ്.

നമ്മുടെ ഉള്ളിലെ വെളിച്ചം , അത് കെടാതെ സൂക്ഷിക്കണം , നമ്മൾ തളർന്നാൽ ഈ മക്കൾക്ക് പിന്നെ ആരുണ്ട് .. ? "

എല്ലാവരുടെയും മുഖത്ത് ആ വാചകം  പ്രത്യാശയുടെ കൈത്തിരി തെളിച്ചു .

ഡോക്ടർ ചന്ദ്രലേഖ ഭാസ്കർ സംഘമിത്രയെ ഫോൺ വിളിച്ചു . സ്കൂളിനെക്കറിച്ച് ചോദിച്ചു .

അവരുടെ വീട് കൊട്ടി വാക്കം എന്ന സ്ഥലത്താണ് .

അത് സ്കൂളിൽ നിന്നും ദൂരത്തിലല്ല . അതുകൊണ്ടു തന്നെ സ്കൂളിൽ അത്ര ട്രാഫിക് ഇല്ലാതെ എത്തിച്ചേരാൻ സാധിക്കും.

ഡോക്ടറോട്  സ്കൂളിന്റെ എല്ലാ വിവരങ്ങളും സംസാരിച്ചു , ഒരു മാസത്തിനകം അവർ എത്തിച്ചേരും .

വലിയ ഒരു ആഗ്രഹമാണ് നടക്കാൻ പോകുന്നത് , വേതനം ആഗഹിക്കാതെയാണ് അവർ വരുന്നതെന്ന് പറഞ്ഞപ്പോൾ അവൾ മനസ്സിൽ അവരെ നമിച്ചു .

ടാറ്റ കമ്പനിയുടെ ആംബുലൻസ് വാങ്ങാൻ വേണ്ട ഏർപ്പാടുകൾ അഭിനന്ദൻ ചെയ്തു . കമ്പനിയിൽ നിന്നും  ലീഫ്‌ലെറ്റുമായി ആള് വന്നു .

ബേസിക് ലൈഫ് സപ്പോർട്ടുള്ള ഒരു പുതിയ ആംബുലൻസിനു മുപ്പതു ലക്ഷം അടുത്താകും . അത് കേട്ട സംഘമിത്ര അഭിനന്ദനെ വിളിച്ചു..

" ഇത്രയും വിലയുള്ള ആംബുലൻസ് വേണ്ട.."

" അത്യാവശ്യം വേണ്ട ഒരു കാര്യമല്ലേ , പൈസയെപ്പറ്റി ചിന്തിക്കേണ്ട.

ഇത് എൻ്റെ അമ്മയുടെ സമ്മാനമാണ് .. "

പഴയ ആംബുലൻസ് , പുതിയത് വരുന്ന വരെ ഉപയോഗിക്കാം .  എപ്പോഴാണ് ഒരു ആവശ്യം വരുന്നതെന്ന് അറിയില്ലല്ലോ .

ഗോഡ്സ് ഹോമിനെ സഹായിക്കാൻ ദൈവം ഭൂമിയിലെ മാലാഖമാരെ നിയോഗിച്ചു .

ഒരു കാര്യം സംഘമിത്രക്ക് മനസ്സിലായി .

താൻ സ്വപ്നം കണ്ടത് , ആഗ്രഹിച്ചത് നടക്കും .

കുറച്ചു ദിവസമായി സംപ്രീതിയെ വിളിച്ചിട്ട്. അഭിനന്ദനോടുള്ള തൻ്റെ

ഫീലിങ്സ്  അവളോട് എങ്ങനെ പറയും ..? അവൾ ഉപദേശിക്കും എന്നുറപ്പാണ് . കാരണം ബാലു തന്നിൽ ഏൽപ്പിച്ച മുറിവുണങ്ങാൻ എത്ര നാളുകളെടുത്തു ?

തൻ്റെ ഹൃദയം വീണ്ടും തുടിക്കുന്നു . ചിന്തകളിൽ പറഞ്ഞറിയിക്കാൻ സാധിക്കാത്തവിധം അഭിനന്ദൻ നിറയുന്നു.

സംപ്രീതിയോടു വിവരങ്ങൾ പറഞ്ഞപ്പോൾ അവൾ പൊട്ടിച്ചിരിച്ചു.

" ആദ്യ ദിവസം കണ്ടിട്ട് എത്ര ചീത്തയാണ് അയാളെ പറഞ്ഞത് ..? അഹങ്കാരി , പണക്കാരന്റെ ഹുങ്ക്. എല്ലാം ഇത്ര പെട്ടെന്ന് മാറിയോ ..? "

സംപ്രീതിയോട് ഉത്തരം പറയാതെയവൾ നിന്നു ..

" ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ .. ?,  സത്യം പറയണം , സ്കൂളിനെ സഹായിക്കാമെന്ന് പറഞ്ഞത് കൊണ്ടല്ലേ ഈ ഇഷ്ടം .. "

" നല്ല മനസ്സുള്ളവർക്കല്ലേ അങ്ങനെ ചിന്തിക്കാൻ സാധിക്കൂ , പിന്നെ അഭിനന്ദന്റെ അമ്മ ..! അയാൾ അമ്മയോട് പെരുമാറുന്ന വിധം . എന്തോ നല്ലൊരു ഹൃദയത്തിനുടമയാണെന്നു തോന്നി.. "

" പെട്ടെന്ന് ഒന്നും കമ്മിറ്റ് ചെയ്യരുത് കേട്ടോ .. ? "

" കേട്ടു, അങ്ങനെ എടുത്തുചാടി ഒന്നും ചെയ്യില്ല. 

ഫോൺ വെച്ചപ്പോൾ സംപ്രീതിക്കു സന്തോഷമാണ് തോന്നിയത് .

ഈ സ്നേഹം , കരുതൽ എല്ലാം അവളർഹിക്കുന്നുണ്ട് .

താൻ എല്ലാത്തിനും കൂടെ ഉണ്ടെങ്കിലും , വീട്ടിലെ സാഹചര്യം , ഭർത്താവ് , കുടുംബം ..  

ഒരു പരിധിയിൽ കൂടുതൽ അവളെ സഹായിക്കാൻ തനിക്കു സാധിക്കുന്നില്ല .  

ബാലു അവൾക്കു നൽകിയ വേദന , ജീവിതത്തിന്റെ യുദ്ധമുഖത്ത് അവളെ തനിച്ചാക്കി .

ഇന്നും  അവളുടെ അടക്കിപ്പിടിച്ച തേങ്ങലിന്റെ അലയടികൾ കാതിൽ മുഴങ്ങുന്നു .

ഹൃദയം പറിച്ചു പിന്മാറിയവൻ , അയാളുടെ അമ്മ  കൊടുത്ത  അപമാനം . സുമേദിനെ പോലെയുള്ള ഒരു കുഞ്ഞ് അവർക്കുണ്ടാകുമെന്നു പറഞ്ഞു അവർ . സാധാരണ അമ്മയുടെ ജനറ്റിക്‌സ് മൂലമാണ് കുഞ്ഞുങ്ങൾ അങ്ങനെ ഉണ്ടാകുന്നതെന്ന് .

അവരെ കുറ്റം പറയാൻ സാധിക്കില്ല .പഠനം അതാണ് പറയുന്നതും .

പക്ഷെ സംഘമിത്രക്ക് അത് ഉൾക്കൊള്ളാൻ സാധിച്ചില്ല .

പ്രണയിച്ചപ്പോൾ , വിവാഹം കഴിക്കാമെന്നു പറഞ്ഞപ്പോൾ ഒക്കെ സുമേദിനെ  ബാലുവിന് അറിയാമായിരുന്നു .

ഇനി അതൊക്കെ ഓർത്തിട്ട് എന്തു കാര്യം .

വഴിതെറ്റി വന്നൊരു തുലാവർഷ മഴ പോലെയാണ് സംഘമിത്രക്ക് അഭിനന്ദനെക്കുറിച്ച് ഓർക്കുമ്പോൾ  തോന്നുന്നത് . 

നമ്മൾ ഓരോരുത്തരെയും ഓരോ വിധത്തിൽ അടയാളപ്പെടുത്തും . പക്ഷെ അവർ നമ്മൾ വിചാരിക്കുന്നത് പോലെ ആയിരിക്കില്ല.

അയാളുടെ കണ്ണുകളിൽ താൻ കണ്ടത് തന്റെ സ്വപ്നങ്ങൾ ആയിരുന്നു . തനിച്ചല്ല എന്ന തോന്നൽ .

കൂടെയുണ്ടെന്നു പറയാൻ ഒരുപാട് പേരുണ്ടാകും. എന്നാൽ കൂടെയുണ്ടാകാൻ 

ചുരുക്കം ചിലർക്കേ കഴിയൂ .

തന്റെ സിക്സ്ത് സെൻസ് തന്നോട് പറയുന്നു . അഭിനനന്ദൻ എന്നും എപ്പോഴും

കൂടെയുണ്ടാകും .

തുടരും...

Read More: https://emalayalee.com/writer/186

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക