കേരളത്തിൻറെ വ്യവസായ മുരടിപ്പ് മാറ്റാനായി, കൊച്ചിയിൽ ആഗോള നിക്ഷേപ സംഗമം നടക്കുകയായിരുന്നല്ലോ !! രണ്ടു ദിവസം നീണ്ടു നിന്ന സംഗമത്തിൽ 374 കമ്പനികൾ പങ്കെടുത്തെന്നും, ഇനി കേരളത്തിലേക്ക് "ചറ-പറായെന്നു” നിക്ഷേപങ്ങളുടെ ഒഴുക്കായിരിക്കുമെന്നും, നാടുവിട്ടുപോയ ചെറുപ്പക്കാരെ യെല്ലാം വേണ്ടിവന്നാൽ തിരികെക്കൊണ്ടു വരുമെന്നുമൊക്കെയാണ് വ്യവസായ മന്ത്രിയും മുൻ വിപ്ലവ തീപ്പന്തവുമായ സഖാവ് പി രാജീവ് വെളിപ്പെടുത്തിയത്. അപ്പോൾ രാജീവേ "നമ്മുക്ക് എന്താ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത് ?". "അത് ചേട്ടാ, "ചില മൂർത്തമായ കാര്യങ്ങൾ മൂർത്തമായ സമയത്തെ നടക്കൂ".!! കേരളം ഇപ്പോൾ നിക്ഷേപക സൗഹൃദ നാടായി മാറിയെന്നും മന്ത്രി പറഞ്ഞു. ആ പറഞ്ഞതിൻറെ അർത്ഥം കേരളം മുൻപ് നിക്ഷേപക സൗഹൃദമല്ലായിരുന്നു എന്നല്ലേ ? എങ്കിൽ അതിൻറെ "കാരണ ഭൂതം" ആരാണ് ? ഈ ബുദ്ധി ഒരു പത്തു-മുപ്പതു വര്ഷം മുമ്പേ തോന്നിയിരുന്നെങ്കിൽ കേരളം ഇന്ന് ഇന്ത്യയിൽ മാത്രമല്ല, ലോകത്തു തന്നെ ഒന്നാമതെത്തിയേനെ!!
തൊണ്ണൂറുകളിലാണ് ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെ കുട്ടികൾ കൂടുതലായി അന്യ സംസഥാനങ്ങളിലേക്കു പോകുവാൻ തുടങ്ങിയത്. പിന്നീട് അത് വിദേശ രാജ്യങ്ങളിലേക്കായി!. എത്ര ലക്ഷം കോടി രൂപയായാണ് അന്യ നാടുകളിലേക്കു കേരളത്തിൽനിന്നും ഒഴുകിയത്.?? "പോയ ബുദ്ധിയെപ്പറ്റി പറഞ്ഞിട്ട് ഇനി കാര്യമില്ലല്ലോ. അന്ന് “മൂർത്തമായ സാഹചര്യമുണ്ടായിരുന്നില്ല" അത്രതന്നെ !!
1994 ൽ ആണ് കേരളത്തിൽ സഹകരണ മേഖലയിലെ ആദ്യ മെഡിക്കൽ കോളേജ് കണ്ണൂർ - പരിയാരത്തു, അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെയും സഹകരണ മന്ത്രി എം വി രാഘവൻെയും ശ്രമം ഫലമായി സ്‌ഥാപിച്ചത് . അന്നുണ്ടായ സമരങ്ങളും തുടർന്നുണ്ടായ അടിയും വെടിയുമൊന്നും കേരളം മറന്നു കാണില്ല. എന്തൊക്കെ മറന്നാലും "ഞങ്ങളുടെ പുഷ്പനെ അറിയാതിരിക്കില്ലല്ലോ ". പുഷ്പൻ മരിച്ചു, ആ ചിതയിലെ കനൽ ഏതാണ്ട് കെട്ടപ്പോഴേക്കും കേരളത്തിലേക്ക് വിദേശ സർവകലാശാലകൾക്ക് വരാനുള്ള "മൂർത്തമായ സമയമായതായി" സിപിമ്മിനു ഉൾവിളിയുണ്ടായി.
ഏതാണ്ട് പത്തുവർഷം മുൻപ്, 2016 ൽ, കേളത്തിലേക്കു വിദേശ സർവകലാശാലകൾ കൊണ്ട് വരുന്നതിനെപ്പറ്റി നമ്മൾ ഒന്ന് ചിന്തിക്കണമെന്നേ മുൻ അമേരിക്കൻ അംബാസിഡറും, വിദ്യാഭ്യാസ വിവക്ഷകനുമായ ശ്രീ ടി പി ശ്രീനിവാസൻ പറഞ്ഞുള്ളു. കേരളത്തെ "വിദേശ ശക്തികൾക്ക് തീറെഴുതിക്കൊടുക്കാൻ" ഗൂഢാലോചന നടത്തിയ അദ്ദേഹത്തെ, വിദ്യാഭ്യാസത്തിൻറെ "മൊത്തം സംരക്ഷകരായ" എസ്.എഫ്.ഐ ക്കാർ തല്ലി താഴെയിട്ടു. അത്രയും വലിയ “കുറ്റമല്ലേ” ടി പി ശ്രീനിവാസൻ ചെയ്തത്? രാജ്യ ദ്രോഹത്തിനു തൂക്കു കയർ കിട്ടേണ്ടതാണ്, അടിയല്ലേ കിട്ടിയുള്ളു എന്ന് അദ്ദേഹവും ആശ്വസിച്ചുകാണണം (പിന്നെ, ഞങ്ങൾ ഇങ്ങനൊന്നുമല്ല "ടി പി" മ്മാരെ കൈകര്യം ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ?)
2002 ൽ അന്നത്തെ മുഖ്യമന്ത്രി എ കെ ആൻ്റണി, കേരളത്തിലെ റോഡ് ഉൾപ്പെടെയുള്ള അടിസ്‌ഥാന സൗകര്യ വികസനത്തിനായി "എ.ഡി.ബി (ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് ) സഹായത്തോടെ പദ്ധതി കൊണ്ടുവന്നപ്പോൾ, എ.ഡി.ബിയുടെ ഓഫീസിൽ കയറി കരിഓയിൽ ഒഴിച്ചതും, വണ്ടികൾ കത്തിച്ചതും ഒക്കെ ഓർമ്മയില്ലേ ? അങ്ങനെ "വിദേശ മൂലധനത്തെ" നാടുകടത്തുന്നതിൽ നമ്മൾ ഏതാണ്ട് വിജയിച്ചു. അന്ന് ആ "നാടുകടത്തലിനു" ഒട്ടേറെ "ത്യാഗങ്ങൾ" സഹിച്ച സമര നായകരായ പിണറായിയും, ബാലഗോപാലുമൊക്കെ ഇപ്പോൾ ഏതെങ്കിലും "ബ്ലേഡുകാരെൻറെ" കൈയിൽനിന്നുപോലും കടം വാങ്ങാൻ ഓടിനടക്കുന്നതു "വിധിയുടെ വിളയാട്ടം" മാത്രം !!
നെടുമ്പാശ്ശേരിയിൽ വിമാനത്താവളം വരുന്നതിനേയും , എൽ. എൻ.ജി. ഗ്യാസ് പൈപ്പ് ലൈൻ ഇടുന്നതിനേയും, മെട്രോ റെയിലിനേയും ശക്‌തിയുക്തം എതിർത്ത, കൊച്ചിയുടെ ധീര സമര ഭടൻ, പി രാജീവുതന്നെ വ്യവസായികളെ ആകർഷിക്കാൻ മുന്നിൽ നിൽക്കുന്നത് കാണുമ്പോൾ "കൊത്തിയ പാമ്പിനെക്കൊണ്ടു തന്നെ വിഷം എടുപ്പിക്കിന്നു" എന്ന പഴംചൊല്ലാണ് ഓർമ്മവരുന്നത്. യുഡിഫ്, അതിവേഗ ഹൈവേ കൊണ്ടുവന്നപ്പോൾ, "പശുവിനു റോഡ് മുറിച്ചു കടന്നു പുല്ലുതിന്നാൽ പറ്റില്ലാ" അതുകൊണ്ടു കേരളത്തെ കീറി മുറിക്കുന്ന അതിവേഗ ഹൈവേ നമ്മുക്ക് വേണ്ടായെന്നു പറഞ്ഞവരാണ്, ഇന്ന് ഇരുപതു വർഷങ്ങൾക്കിപ്പുറം കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നാഷണൽ ഹൈവേകളെപ്പറ്റി ഊറ്റം കൊള്ളുന്നത്!! ചിലരുടെ തലയിൽ "ലൈറ്റ് കത്താൻ" എടുത്ത സമയം എത്ര വർഷമാണ് കേരളത്തിൻറെ റോഡുവികസനത്തെ പിന്നോട്ടടിച്ചത് ?. ഉമ്മൻ ചാണ്ടി വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നപ്പോൾ 6000 കോടിയുടെ അഴിമതി ആരോപിച്ച അതെ വ്യക്തിതന്നെ, ഉമ്മൻ ചാണ്ടിയുടെ പേരുപോലും ഒന്ന് പരാമർശിക്കാതെ,വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യുന്ന "വിരോധാഭാസമായ" കാഴ്ചക്കും നമ്മൾ സാക്ഷികളായി. അതുപോലെ ഉമ്മൻ ചാണ്ടി "സീ പ്ലെയിൻ" കൊണ്ടുവന്നപ്പോൾ മൽസ്യങ്ങളുടെ "ആവാസ വ്യവസ്ഥക്ക്" കോട്ടം തട്ടുമെന്നു പറഞ്ഞു കടലിലും കായലിലും സമരം നടത്തിയവർ, ഇപ്പോൾ അതേ കായലിൽ തന്നെ "സിപ്ലെയിൻ" ഇറക്കിയിരിക്കുന്നു . ചോദിച്ചപ്പോൾ മരുമോൻ മന്ത്രി ഒരു ഉളുപ്പുമില്ലാതെ പറയുന്നു; "ഞങ്ങൾ ബോധവൽക്കരണം നടത്തിയിട്ടാണ് പദ്ധതി നടപ്പിലാക്കിയതെന്നു". എന്തൊരു പ്രഹസനമാണു" റിയാസ് മന്ത്രി നിങ്ങൾ??
കേരളം നടപ്പിലാക്കിയിട്ടുള്ള എല്ലാ പദ്ധതികളും കമ്മ്യൂണിസ്റ് പാർട്ടികളുടെ, പ്രത്യേകിച്ചും സിപിഎം ൻറെ എതിർപ്പുകളേയും സമരങ്ങളേയും അതിജീവിച്ചാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നമ്മൾ വികസന പദ്ധതികളിൽ പുറകോട്ടുപോയതും ഈ സമരങ്ങൾ മൂലമാണ്. വളരെ വൈകിയാണെങ്കിലും ഇപ്പോഴെങ്കിലും സിപിഎം നു "മൂർത്ത സമയം" ആയതിൽ കേരളം ജനത സന്തോഷിക്കണം.
ഈ അവസരത്തിൽ , കൊച്ചിയിൽ നടന്ന "ഇൻവെസ്റ്റ് ഗ്ലോബൽ മീറ്റിൽ" പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം പ്രതിപാദിക്കാതെ പോകുന്നതു ഉചിതമല്ല. (മുമ്പ് യുഡിഫ് സർക്കാർ രണ്ടു പ്രാവശ്യം ഇതേ ഇൻവെസ്റ്റ്മെന്റ് മീറ്റ് നടത്തിയപ്പോൾ, അന്നത്തെ പ്രതിപക്ഷം അങ്ങോട്ട് തിരിഞ്ഞുപോലും നോക്കിയിട്ടില്ല എന്നതുകൂടി മാന്യ വായനക്കാർ കൂട്ടി വായിക്കുക ). വി ഡി സതീശൻ പറഞ്ഞത്, കഴിഞ്ഞ നാല് വര്ഷം ഇപ്പോഴത്തെ പ്രതിപക്ഷം ഒരു ഹർത്താൽ പോലും കേരളത്തിൽ നടത്തിയിട്ടില്ലായെന്നാണ്. കേരളത്തിൽ വ്യവസായ നിക്ഷേപങ്ങൾ വരുന്നതിനെ സ്വാഗതം ചെയ്യുന്നതായും, പ്രതിപക്ഷത്തിൻ്റെ പൂർണ്ണ പിന്തുണ ഉറപ്പു നൽകുന്നതായും അദ്ദേഹം അറിയിച്ചു. വലിയ കൈയടികളോടെയാണ് സദസ് അതിനെ സ്വാഗതം ചെയ്തത്. ഇടയ്ക്കു സിപിഎം നിട്ടു ഒരു "തട്ടു" കൊടുക്കാനും സതീശൻ മറന്നില്ല. "ഇപ്പോൾ കാണിക്കുന്ന നിക്ഷേപ സഹൃദം, പ്രതിപക്ഷത്തിരിക്കുമ്പോഴും സിപിഎം കാണിക്കണം". വലിയ കൈയടിയാണ് ഇത്തവണയും സതീശന് സദസിൽ നിന്നും കിട്ടിയത്. കാരണം, കേരളം നിക്ഷേപ സൗഹൃദ സംസ്‌ഥാനമല്ലായെന്ന പേരുദോഷത്തിനു കാരണക്കാർ ആരാണെന്നു അവിടെ കൂടിയിരുന്ന എല്ലാവർക്കും തന്നെ വിതർക്കമായ കാര്യമായിരുന്നു.
ഇപ്പോൾ "മാലയിട്ടു" സ്വീകരിച്ചുകൊണ്ടുവന്ന ഈ നിക്ഷേപകർ സംരംഭങ്ങൾ തുടങ്ങുമ്പോഴേക്കും അടുത്ത സർക്കാർ വരും. അതൊരുപക്ഷേ യുഡിഫ് സർക്കാർ ആയിരിക്കാം. അന്നും ഈ സൗഹൃദ മനോഭാവം നിലനിർത്താൻ സിപിഎം നു സാധിക്കണം. അല്ലാതെ, "കൊണ്ട് നടന്നതും നിയ്യേ ചാപ്പാ, കൊണ്ടോയ് കൊല്ലിച്ചതും നീയേ ചാപ്പാ" എന്ന് പറയിപ്പിക്കാൻ അവസരം ഉണ്ടാക്കരുത് . കാരണം, ഇനി മറ്റൊരു "മൂർത്തമായ സാഹചര്യമുണ്ടാകുന്നതുവരെ" കാത്തിരിക്കാൻ കേരളത്തിനു കഴിഞ്ഞെന്നു വരില്ല!!