Image

തരൂരിന്റെ തമാശ (രാജു മൈലപ്രാ)

Published on 24 February, 2025
തരൂരിന്റെ തമാശ (രാജു മൈലപ്രാ)

'അത്തിപ്പഴം പഴുക്കുമ്പോള്‍ കാക്കക്കു വായില്‍ പുണ്ണ്'- എന്നു പറഞ്ഞുപോലെയാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ. അടുത്തവരുന്ന പ്രാദേശിക തിരഞ്ഞെടുപ്പിലും, അസംബ്ലി ഇലക്ഷനിലും അധികാര ഭൂരിപക്ഷം നേടാനുള്ള എല്ലാ സാഹചര്യങ്ങളും അവര്‍ക്ക് അനുകൂലമാണ്. അതവരുടെ മേന്മ കൊണ്ടൊന്നുമല്ല. ഇപ്പോള്‍ നിലവിലുള്ള ഭരണവിരുദ്ധ വികാരം മൂലമാണ്.

അനുയായികളേക്കാള്‍ ഏറെ നേതാക്കന്മാരുള്ള ഒരു പ്രസ്ഥാനമാണ് കോണ്‍ഗ്രസ് പാര്‍ട്ടി. അതാണ് പ്രശ്‌നം. ഭരിക്കുവാനുള്ള ഭൂരിപക്ഷം ഏതാണ്ട് ഉറപ്പാണ് എന്നൊരു തോന്നല്‍ ഉണ്ടായപ്പോള്‍ തുടങ്ങിയാണ് 'ആര്  മുഖ്യമന്ത്രിയാകും?' എന്നൊരു ചര്‍ച്ച. ഒളിഞ്ഞും തെളിഞ്ഞും പലരും കളത്തിലിറങ്ങിയിട്ടുണ്ട്.

സ്വാഭാവികമായും താനാണ് ആ പദവിക്ക് അര്‍ഹനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കരുതുന്നു. വളരെ ചെറുപ്പം മുതലേ കെ.പി.സി.സി പ്രസിഡന്റ്, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളെല്ലാം വഹിച്ചിട്ടുള്ള താനാണ് ആ സിംഹാസനത്തില്‍ ആസന്നസ്ഥനാകാന്‍ പരമ യോഗ്യനെന്ന് രമേശ് ചെന്നിത്തല വിശ്വസിക്കുന്നു. 'എന്നെപ്പോലെ നല്ല നാലു വര്‍ത്തമാനം നേരെ നോക്കി പറയുവാന്‍ നിനക്കൊക്കെ നട്ടെല്ലുണ്ടോടാ?' എന്ന ഗര്‍ജ്ജനവുമായി കണ്ണൂരിലെ കോണ്‍ഗ്രസ് കോട്ടയ്ക്ക് കാവല്‍ നില്‍ക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും മസിലു പടിച്ച് നില്‍ക്കുന്നു. ഘടകകക്ഷിയിലെ മുസ്‌ളീം ലീഗ് നേതാവ് കുഞ്ഞാപ്പയ്ക്കും മുഖ്യമന്ത്രിക്കസേരയിലേക്കൊരു കണ്ണുണ്ട്.

'ആ കട്ടില് കണ്ട് ആരും പനിക്കേണ്ട' എന്ന താക്കീതുമായി ഹൈക്കമാന്‍ഡ് ഗേറ്റ് കീപ്പര്‍ കെ.സി വേണുഗോപാലും പടിവാതിക്കലുണ്ട്.

കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് എന്നു പറഞ്ഞാല്‍ രാഹുല്‍ ഗാന്ധിയാണ്. രാഹുല് തീരുമാനിക്കും, പ്രിയങ്ക സപ്പോര്‍ട്ട് ചെയ്യും, സോണിയാജി മൗന സമ്മതം മൂളും. അതാണ് 'എല്ലാം ഹൈക്കമാന്‍ഡ്' തീരുമാനിക്കും എന്നു പറയുന്നതിന്റെ അര്‍ത്ഥം.

'പോളിറ്റ് ബ്യൂറോയുടെ' പ്രവര്‍ത്തനവും ഏതാണ്ട് ഇതേ രീതിയിലാണ്. താഴെത്തട്ടു മുതല്‍ ചര്‍ച്ചയോട് ചര്‍ച്ച. അവസാനം നിര്‍ദേശങ്ങളെല്ലാം പോളിറ്റ് ബ്യൂറോയിലെത്തും. 'ചോദ്യങ്ങളൊന്നും ഇങ്ങോട്ട് വേണ്ട - സ്രാങ്ക് പറയും- നിങ്ങള്‍ അനുസരിക്കും.' മുഖ്യന്‍ കണ്ണുരുട്ടും. അനുയായികള്‍ അഭിപ്രായമൊന്നും പറയാതെ പഞ്ചപുച്ഛമടക്കി എല്ലാം കേട്ട് തലകുലുക്കി സമ്മതിച്ച് സ്ഥലംവിടും.

അങ്ങിനെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തമ്മിലടിച്ചും, പാരവെച്ചും തട്ടീം മുട്ടീം ഒരുവിധമൊക്കെ കഴിഞ്ഞു പോരുകയായിരുന്നു.

അപ്പോഴാണ് നമ്മുടെ 'വിശ്വപൗരന്‍' കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ ഒരു പത്രലേഖനം എഴുതിയത്. 'ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ അനുകൂല സാഹചര്യമുള്ള സംസ്ഥാനമാണ് കേരളം. ഈ സര്‍ക്കാരിന്റെ കാലത്ത് മൂന്നര ലക്ഷം പുതിയ വ്യവസായ സംരംഭങ്ങളാണ് ഇവിടെ തുടങ്ങിയത്. ഇടത് സര്‍ക്കാരിന് എന്റെ അഭിനന്ദനങ്ങള്‍'.  

ഇതു കേട്ട് തലയുള്ളവര്‍ ചുറ്റുമൊന്ന് നോക്കിയിട്ട് തലതല്ലി ചിരിച്ചു. കോണ്‍ഗ്രസുകാര്‍ ആദ്യമൊന്നും ഈ പ്രസ്താവന അത്ര ഗൗനിച്ചില്ല. പക്ഷെ കമ്യൂണിസ്റ്റുകാര്‍ ഇത് ഏറ്റുപിടിച്ച് ആഘോഷിച്ചപ്പോഴാണ് 'എവിടെയോ എന്തോ ഒരു പന്തികേട്' എന്നവര്‍ക്ക് പിടികിട്ടിയത്.

തരൂര് പിടി ഒന്നൂകൂടി മുറുക്കി: 'കേരളത്തിലെ കോണ്‍ഗ്രസുകാര്‍ എല്ലാം മണക്കൂസുകളാണ്. ഒരു നാറിക്കും   ഇംഗ്ലീഷ് വായിച്ചാല്‍ മനസ്സിലാകില്ല. എല്ലാം തികഞ്ഞ ഒരു കോണ്‍ഗ്രസുകാരന്‍ ഞാൻ മാത്രം. എന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടൂ. എന്നാല്‍ വലിയ വിജയം സുനിശ്ചിതമാണെന്ന് പല അഭിപ്രായ സര്‍വ്വെകളും ഊന്നിപ്പറയുന്നു.'

ഇതിങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ? അതുവരെ തമ്മിലടിച്ച് നടന്നവരെല്ലാം കൂടി. തരൂരിനെ എതിര്‍ക്കുന്ന കാര്യത്തില്‍ ഒറ്റക്കെട്ടായി.

വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന് പറഞ്ഞുപോലെ, തികച്ചും അനാവശ്യമായ കമന്റുകള്‍ അനവസരത്തില്‍ പടച്ചുവിടുന്നത് തരൂരിന്റെ ഒരു ഹോബിയാണ്.

സംഗതി കൈവിട്ട് പോയെന്ന് മനസ്സിലായപ്പോള്‍ മണിമണി പോലെ ഇംഗ്ലീഷ് പേശുന്നു രാഹുല്‍ ഗാന്ധി, തരൂര്‍ജിയെ ചര്‍ച്ചയ്ക്കായി വിളിച്ചു.

'താനൊരു വലിയ സംഭവമാണെന്നും, തനിക്ക് വേണ്ടത്ര പരിഗണന പാര്‍ട്ടിയില്‍ കിട്ടുന്നില്ലെന്നും, തന്റെ ഇംഗ്‌ളീഷ് ആര്‍ക്കും മനസ്സിലാകുന്നില്ലെന്നും' തരൂര്‍ ഉണര്‍ത്തിച്ചു. കേരളത്തിലെ മുഖ്യമന്ത്രി പദമലങ്കരിക്കാന്‍ താനാണ് മറ്റാരെക്കാളും യോഗ്യന്‍ എന്ന് അദ്ദേഹം സമര്‍ത്ഥിച്ചു.

ഈ സംഭാഷണമെല്ലാം ഒളിഞ്ഞിരുന്ന് കേട്ട വേണുഗോപാല്‍ജി പറയുന്നത്, രാഹുല്‍ മോന്‍, തരൂരിനെ ഗെറ്റൗട്ട് അടിച്ചെന്നാണ്.

അസംതൃപ്താനായ തരൂര്‍ പുറത്തിറങ്ങി പറഞ്ഞത്, 'തന്റെ ഒരു പുല്ലും എനിക്ക് വേണ്ട- എന്റെ മുന്നില്‍ ധാരാളം വഴികള്‍ തുറന്നുകിടപ്പുണ്ടെന്നാണ്.'

ഭരിക്കുന്ന പാര്‍ട്ടിയോട് ഒട്ടി നില്‍ക്കുന്നതാണ് ബുദ്ധി. കേരളത്തിലാണെങ്കില്‍ നല്ല ഒന്നാന്തരം ഇംഗ്ലീഷ് പേശുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയും, വാഴക്കുല ഡോക്ടറേറ്റ് നേടിയ യുവതിയുമുണ്ട്. ഒഴിവ് വേളകളില്‍ അവരോട് കുശലം പറഞ്ഞിരിക്കാം. മന്ത്രിക്കസേര മോഹിച്ച് അങ്ങോട്ട് ചാടിയ ഡോ. സരിന്റേയും ഡോ. ജോ. ജോസഫിന്റേയും ഗതി വരാതിരുന്നാല്‍ മതിയായിരുന്നു.

ഒരുപക്ഷെ മൂര്‍ത്തമായ സാഹചര്യത്തില്‍, മൂര്‍ത്തമായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കിട്ടുമായിരിക്കും.

ബി.ജെ.പിയാണെങ്കില്‍ വിശാലമായൊരു വേദിയാണ്. മോദിജി വിദേശ പര്യടനത്തിനു പോകുമ്പോള്‍, കൂടെക്കൂടി, നല്ല കടിച്ചാല്‍ പൊട്ടാത്ത ഇംഗ്‌ളീഷ് പറഞ്ഞ്, ലോക നേതാക്കന്മാരെ ഞെട്ടിക്കാം.

പക്ഷെ, അവിടെ കാര്യങ്ങളൊക്കെ നല്ല സ്മൂത്തായി പോവുകാണ്. വെറുതെ വേലിയിലിക്കുന്നതിനെ എടുത്ത് അസ്ഥാനത്ത് വെക്കുവാന്‍ ബുദ്ധിരാക്ഷസനായ അമിത് ഷാ സമ്മതിക്കുമെന്ന് തോന്നുന്നില്ല,

ശരിക്കുമൊന്നാലോചിച്ചാല്‍, തരൂരിന് പറ്റിയ തട്ടകം അമേരിക്ക തന്നെയാണ്. ഇവിടെ നമ്മള്‍ മലയാളികള്‍ക്ക് ഫൊക്കാന, ഫോമാ എന്നീ രണ്ട് മഹത്തായ ദേശീയ സംഘടനകളുണ്ട്. ഒരേ ലക്ഷ്യം- ഒരേ മാര്‍ഗ്ഗം . രണ്ടു വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികള്‍ ഇതിനോടകം തന്നെ അരയും തലയും മുറുക്കി ഗോദായിലിറങ്ങിക്കഴിഞ്ഞു. അണിയറയില്‍ ചില വനിതാ രത്‌നങ്ങള്‍ ഉള്‍പ്പടെയുള്ള സ്ഥാനാര്‍ത്ഥികള്‍ രംഗപ്രവേശനം നടത്താന്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു എന്ന പിന്നാമ്പുറ വാര്‍ത്തയുമുണ്ട്.

ചെറിയ ചില നീക്കുപോക്കുകള്‍ നടത്തി, ഒരു സമവായമെന്ന രീതിയില്‍, ഈ രണ്ട് സംഘടനകളും കൂടി യോജിച്ച് നിന്ന് ബഹുമാനപ്പെട്ട ശശി തരൂരിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുക. തലേന്നും, പിറ്റേന്നുമുള്ള രണ്ട് കണ്‍വന്‍ഷനുകള്‍ക്കു പകരം ഒരു കണ്‍വന്‍ഷന്‍ മതി.

അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന ഫ്‌ളോറിഡയിലായാല്‍ വളരെ നല്ലത്. 
കുഴപ്പമൊന്നുമില്ല- അപ്രതീക്ഷിതമായി ഇവിടെ ചിലപ്പോള്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കാറുണ്ടെന്ന് മാത്രം.

പിന്നെ വ്യക്തിപരമായി ഒരു കാര്യം: ഇന്റര്‍വ്യൂ സമയത്ത് ചില സിനിമാ നടിമാര്‍, നെറ്റിയില്‍ വീഴുന്ന മുടി പിന്നോട്ട് തട്ടിയിടുന്ന രീതിയില്‍ തലയാട്ടുന്ന താങ്കളുടെ ആ ഒരു ആര്‍ട്ടിഫിഷ്യല്‍ സ്റ്റൈലുണ്ടല്ലോ- അതൊന്നു മാറ്റിപ്പിടിച്ചാല്‍ കുറച്ചുകൂടി ഒരു ഗൗരവം കിട്ടുമായിരുന്നു.

Join WhatsApp News
Political Observer 2025-02-24 12:33:48
ഒരു സുപ്രഭാതത്തിൽ പറന്നിറങ്ങി കേരളത്തിലെ മുഖ്യമന്ത്രീയാകാൻ താനാണ് പരമയോഗ്യൻ എന്ന് സ്വയം വിശ്വസിക്കുന്ന ശ്രീ ശശി തരൂർ രാഷ്ട്രീയ കാര്യത്തിൽ ഒരു മണ്ടനാണ്‌. താഴെത്തട്ടിൽ നിന്നും പ്രവർത്തിച്ചു കഴിവ് തെളിയിച്ച എത്രയോ കോൺഗ്രസ് പ്രവർത്തകർ ഇവിടെയുണ്ട്. അവരെ എല്ലാം ഒറ്റയടിക്ക് മാറ്റി നിർത്തി താനാണ് കേമൻ എന്ന് കരുതുന്നത് ഒരുതരം അഹംഭാവമാണ്. തരൂരിന് ഇനി കോൺഗ്രസിൽ, പ്രത്യേകിച്ച് കേരളത്തിൽ, റോളൊന്നുമില്ല. അദ്ദേഹം സ്വയം പുറത്തു പോവുകയോ അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കുകയോ ചെയുന്നതാണ് കോൺഗ്രസ് പാർട്ടിക്കും അദ്ദേഹത്തിനും നല്ലതു.ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിക്കും അദ്ദേഹത്തിന്റെ 'വിശ്വപൗര' സ്ഥാനം കൊണ്ട് ഒരു ഗുണവും ഉണ്ടാകുവാൻ പോകുന്നില്ല. കുറച്ചു ഇംഗ്ലീഷ് അറിയാവുന്നതു അത്ര വലിയ ഒരു യോഗ്യത ഒന്നുമല്ല. ലോകം ഭരിക്കുന്ന എത്രയോ നേതാക്കൻമ്മാർ ഒരു ഇംഗ്ലീഷ് വാക്കു പോലും അറിയാത്തവരാണു. ആദ്യം താൻ ഒരു വലിയ സംഭവമാണെന്ന അഹങ്കാരം കളയൂ. മറ്റുള്ളവരെ ബഹുമാനിക്കുവാൻ പഠിക്കു.
Cherian Thottam V 2025-02-24 16:46:07
താൻ വലിയ കേമൻ ആണെന്നും, മറ്റുള്ളവർ എല്ലാം തന്നെക്കാൾ താഴെയാണെന്നുമുള്ള ശ്രീ ശശി തരൂരിന്റെ കാഴ്ചപ്പാട് ശരിയല്ല. ശ്രീ മാത്യു കുഴൽനാടൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, ജോയ്തികുമാർ കുമാർ ചാമക്കാല, തുടങ്ങിയ ഏതെങ്കിലും കോൺഗ്രസ് യുവനേതാക്കളെപ്പോലെ, കേരളത്തിലെ അന്തം കമ്മികളോട് ചാനൽ ചർച്ചകളിൽ പിടിച്ചു നിൽക്കുവാൻ തരൂരിന് കഴിവുണ്ടോ? കേരള രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കണമെങ്കിൽ, പൂഴിക്കടകൻ ഉൾപ്പെടെ സകല തറവേലയും പഠിച്ചിരിക്കണം. മൈലപ്ര എഴുതിയത് പോലെ, വെറുതെ അവിടെക്കിടെന്നു, കോൺഗ്രസിന് പാര പണിയാതെ അമേരിക്കയിലേക്ക് പോരു. താങ്കൾക്ക് പറ്റിയ സ്ഥലമാണ്. ഇവിടെയുള്ള അമേരിക്കക്കാർ മിക്കവരും ഇംഗ്ലീഷ് സംസാരിക്കുന്നവരാണ്.
Mathai Chettan 2025-02-24 17:43:02
നർമ്മം ആണെങ്കിലും അതിലും ഒരു നിലപാട് അവതരിപ്പിക്കണം, സത്യങ്ങൾ നർമ്മ രൂപത്തിൽ പറയണം. ചുമ്മാ വായിച്ചു എൻറെ സമയം നഷ്ടപ്പെടുത്തി. എന്നാൽ Cherian Thottam, പിന്നെ political observer എഴുതിയതിൽ കുറച്ച് കഴമ്പുണ്ട്. ശശി തരൂരിനെ പറ്റി പറയുകയാണെങ്കിൽ ഒരുവിധം നല്ല വെസ്റ്റേൺ ആക്സിഡന്റിൽ ഇംഗ്ലീഷ് സ്പീച് നടത്തുന്നു. അതുമാത്രം മെച്ചം. എന്നാൽ പല സ്പീച്ചിലും വലിയ കഴമ്പും ഒന്നും കാണുന്നില്ല. കേരളത്തിൽനിന്ന് നാലാം പ്രാവശ്യം എംപിയും, പിന്നെ മന്ത്രിയും ഒക്കെ ആയി. എന്നാൽ മലയാളം ശരിക്ക് ഒന്ന് പറയാൻ പോലും അയാൾക്ക് അറിഞ്ഞുകൂടാ. . ഏതാണ്ട് ഒരു konja മലയാളം പറയുന്നു. വിശ്വ പൗരനായ ഈ അധികാരം മോഹി അമേരിക്കയിലേക്ക് പോരൂ. FOKANA-FOMA പ്രസിഡണ്ട് ആകാൻ ശ്രമിക്കുക. അവിടെയും കിട്ടുക പ്രയാസം ആയിരിക്കും. കാരണം ആ സ്ഥാനങ്ങളിലേക്ക് 2026, 2028, 2030 കാലങ്ങളിലേക്ക് പ്രസിഡന്റ് ആകാൻ ഒത്തിരി പേർ ഉടുപ്പും തൈപ്പിച്ച വെള്ളവും ഒലിപ്പിച്ചു നടപ്പാണ്. റോബർട്ട് ബ്രൂസിനെ പോലെ . പലവട്ടം തോറ്റ തൊപ്പിയിട്ട്, 11ആം വട്ടമെങ്കിലും ജയിക്കും എന്ന പ്രതീക്ഷയിൽ കഴിയുകയാണ്. അതിനാൽ കൊഞ്ഞ മലയാളവും കൊണ്ട് FOMA Fokana World Malayalee president ആകാൻ പറ്റുമെന്ന് തോന്നുന്നില്ല. ചിലർക്ക് എപ്പോഴും പവർ കിട്ടണം, അത് ഇല്ലെങ്കിൽ, ആ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞു കൊണ്ടേയിരിക്കും, എതിർകക്ഷികളെ പുകഴ്ത്തിക്കൊണ്ടേയിരിക്കും. . എതിർകക്ഷികളും ചാക്കുമായിട്ട് ഇയാളുടെ വരവിനായി കാത്തിരിക്കുകയാണ്. എവിടെ തത്വം എവിടെ പ്രിൻസിപ്പൽ? പ്രിയപ്പെട്ട എഴുത്തുകാരെ, കവികളെ, നർമ്മത്തിന്റെ മൊത്ത വ്യാപാരികൾ എന്ന് എപ്പോഴും ഭാവിക്കുന്നവരെ ഇതെല്ലാം നോക്കിക്കൊണ്ട് സത്യത്തിന് നീതിക്കും നിലകൊള്ളുന്നതൊക്കെ എഴുതുക. എല്ലായ്പ്പോഴും എന്തിനും കയറി പ്രതികരിക്കാൻ എനിക്കൊട്ടും നേരമില്ല താനും. ഇത് കണ്ടപ്പോൾ ഒരല്പം, സ്നേഹവും രോഷവും, നർമ്മവും ഇടകലർത്തി ഒരു മറുപടി കുത്തിക്കുറിച്ചു. പ്രതികരണത്തിൽ തെറ്റുണ്ടെങ്കിലും സദയം ക്ഷമിക്കണം കേട്ടോ. എന്ന് നിങ്ങളുടെ സ്വന്തം മത്തായി ചേട്ടൻ.
Ramesh 2025-02-24 18:51:07
It is better for him to switch to BJP. Kerala BJP doesn't have many popular leaders and he can be the CM face. But it looks like he is more inclined to Pinarayi and team. He can be the Kerala Government representative to White House.
M A George 2025-02-24 18:53:38
Observer ഉം, തോട്ടവും, ചേട്ടനും Senior genenation ൽ പ്പെട്ടവരാണ്. ഞാനും നിങ്ങളുടെ കൂടെ തന്നെ. പക്ഷെ ഇൻഡ്യയിലെ young generation നു നിങ്ങൾ പറഞ്ഞതു അത്ര അങ്ങു ബോധ്യപ്പെടും എന്നു തോന്നുന്നില്ല. ഇൻഡ്യയിൽ ദേശീയ തലത്തിൽ സ്ക്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികളുമായി സംവാദം നടത്തി ഒരു Basic Field work ൽ തൻ്റെ സ്ഥാനം എന്തെന്നും, താൻ ആരെന്നും ശ്രീ തരൂർ ബോധ്യപ്പെടുത്തി കഴിഞ്ഞു. താഴേക്കു കൂപ്പു കുത്തുന്ന കോൺഗ്രസ്സിൻ്റെ വളർച്ച ആരെയും നിരാശപ്പെടുത്തുന്നു. ഇൻഡ്യയിൽ കോൺഗ്രസ്സ് വളരണമെങ്കിൽ ഗ്രൂപ്പുകളും ക്ലിക്കുകളും ഇല്ലാത്ത ഒരു പുതിയ നേതൃത്വം ഉണ്ടാകണം. ആ നേതൃത്വത്തിൻ്റെ തലപ്പത്തു തരൂർ വന്നാൽ കോൺഗ്രസ്സ് രക്ഷപെടും. നെഹൃ കുടുംബത്തെ കാണിച്ച് കോൺഗ്രസ്സിനെ വളർത്താമെന്ന മോഹം ഇനിയും ഉപേക്ഷിക്കുന്നതാണ് നല്ലത്. തരൂർ ഇൻഡ്യൻ രാഷ്ട്രീയത്തിലെ ഒരു താരമാണ്. അദ്ദേഹത്തെ കൂടി ഉൾപ്പെടുത്തി കോൺഗ്രസ്സിന് ഒരു പുതിയ നേതൃത്വം, അതു മാത്രമാണ് ഇനി കോൺഗ്രസ്സിന് ഇനി പരീക്ഷിക്കാനുള്ളത്.
josecheripuram@gmail.com 2025-02-24 22:11:59
The best comedy show is Kerala Politics, There are people in America arguing and fighting over Kerala Politics, when you came to America, get involved in American politics. Mr;Raju has portraited a real picture of Kerala Congress Party. I pity for the Voters, who are left no choice other than pick up a better thief among thieves. Good work Raju.
Slavery 2025-02-24 22:16:42
Raju Mylapra Sir's article is a good political satire; not a humor story. If you read the article carefully, you can very well see that the Indian political parties are still under a kind of slavery system - Prime Minister Modi rules BJP; Rahul rules Congress and Pinaryi Vijayan is the final word in Communist Party. None of their followers dare to question any of their decisions or actions. If they do, they will be out, permanently from the party. Tharoor is not going to win any public election anymore. He could be nominated by a Political Party to Rajya Sabha. Final truth is that nobody is inevitable to any party or organization. If anybody thinks themselves that they are the savior, they live in a fools' paradise. A humorous observation of the current political hoopla.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക