"താങ്കളുടെ യോഗ്യത?"
"അവിദ്യയിൽ പി എച്ച് ഡി; വിദ്യയിൽ
ഡി ലിറ്റ്!"
"കഴിച്ച മാതിരി സംസാരിക്കരുത്; ബൈ ദ ബൈ എത്ര പെഗ്ഗടിക്കും?"
"കുപ്പി പൊട്ടിച്ച് രണ്ട് നാനോ സെക്കൻഡ് മണപ്പിക്കും. തത്സമയം തന്നെ ലഗ്നം ലൈവായി ഡിസ്റ്റിങ്ങ്ഷനിൽ പാസ്സ് ഔട്ട് !"
"ഉപദംശം?"
"ഫോർമാലിൻ ചേർക്കാത്ത ചൂരക്കറി.
കൊളസ്ട്രോളിനെ ട്രോൾ ചെയ്യാൻ
ചൂര അഥവാ കടൽ ചിക്കൻ ബെസ്റ്റാ,
സാറെ"
"ഇനി റാപിഡ് ഫയർ റൗണ്ട്.
ഉത്തരം യെസ് ഓർ നോ
ആകണം. ചെത്തിൽ വിശ്വസിക്കുന്നുണ്ടൊ ഇല്ലയൊ?"
"കള്ളിന്റെ വിഷയത്തിൽ ഇല്ലെന്നും
പറയാം മറ്റൊരു അർത്ഥത്തിൽ
ഉണ്ടെന്നും ചൊല്ലാം."
"ദയവ് ചെയ്ത് ഇവിടെ ഇജ്ജാതി വർത്തമാനം പറയരുത്. ഇതൊരു
മാതൃകാസ്ഥാപനമാണ്.
താങ്കളുടെ ജാതി?"
"മനുഷ്യൻ"
"താങ്കളുടെ മതം?"
"മനുഷ്യൻ"
"താങ്കളുടെ ദൈവം?"
"മനുഷ്യൻ"
"ആ മനുഷ്യൻ ശ്രീ എൻ ആണെന്ന്
പറഞ്ഞു പരത്താൻ സഹായിക്കണം; സ്ഥാപനത്തിൽ ഒരു പ്യൂണിന്റെ പണി തരാം."
"സാറെ, ഞാൻ എം ബി എ ക്കാരനാ. ഒരു മാനേജരുടെ പോസ്റ്റാണ് സ്വപ്നം. മാനേജറായിട്ടേ കല്യാണമണ്ഡപത്തിൽ കാൽ വെക്കൂ എന്ന് വുഡ് ബി ക്ക് വാക്ക് കൊടുത്തു പോയി. പ്ലീസ് ഹെൽപ് മി."
"നിരാശപ്പെടേണ്ട കാര്യമില്ല. ഒരു മാതൃകാസ്ഥാപനത്തിൽ
ഇന്നത്തെ പ്യൂൺ തന്നെയാണ് നാളത്തെ മാനേജർ! മനുഷ്യൻ ഭൂമിയിൽ വന്നത് തന്നെ പണിയെടുക്കാനാണ്. ഇന്ന പണിയെന്നില്ല. പല്ലുമുറിയെ പണിയെടുത്താൽ എല്ലു മുറിയെ തിന്നാം.
ഒരിക്കലും ചരിത്രത്തിന്റെ വൈരുദ്ധ്യാത്മക ഭൌ ഭൌ മറക്കരുത്!
ഒരു ദിവസം പത്രമിടുന്നവൻ;
വേറൊരു ദിവസം രാഷ്ട്രപതി ആയിട്ടില്ലേ? ഒരു ദിവസം ചായക്കാരൻ; വേറൊരു
ദിവസം പ്രധാനമന്ത്രി ആയിട്ടില്ലേ? ഇതാണ് പണിയുടെ മഹത്വം. ഇതൊരു മോട്ടിവേഷണൽ സ്പീച്ചല്ല. മനുഷ്യാ,ശുഭപ്രതീക്ഷയോടെ എല്ലാം
നല്ലതിനെന്ന വിചാരത്തിൽ അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ട് പണി തുടങ്ങിക്കോളൂ. അല്ലെങ്കിൽ ഉചിതപരിണതിയെ
നേരിട്ടോളൂ."
"ക്ഷമിക്കണം സാർ. മലയാളത്തിൽ സ്വൽപ്പം വീക്കാ.എന്താണീ ഉചിതപരിണതി?"
"ക്യൂവിലെ അടുത്ത ഉദ്യോഗാർത്ഥി എം ടെക്ക്. പോരാത്തതിന് അൽഗോറിതത്തിന്റെ ആശാനും. ഇവിടെ അയാൾക്ക് ഒരു പ്യൂണിന്റെ പണി കിട്ടാൻ പോകുന്ന സാങ്കേതികപ്രതിഭാസത്തിന്റെ പേരാണ് ഉചിതപരിണതി! ഹ ഹ ഹ !!"