ജീവിത യാനത്തിലെ മറ്റൊരു മഹത്തായ വഴിത്തിരിവായിരുന്നു സ്റ്റാറ്റൻ ഐലൻഡ് കെയർ സെന്ററിലെ ജോലി. മുന്നൂറിലധികം ബെഡുകൾ ഉള്ള ഒരു വൃദ്ധ സദനമായിരുന്നു ആ സ്ഥാപനം. അമേരിക്കയിലെ വൃദ്ധരും, രോഗികളും വീട്ടിൽ കിടന്നു നരകിക്കുന്നതിന് പകരം വയ്യാതെ വരുമ്പോൾ ഇത്തരം നഴ്‌സിംഗ് ഹോമുകളിൽഎത്തിപ്പെടുന്നു. ജീവിതത്തിൽ സമ്പാദ്യങ്ങൾ ഉള്ളവർക്ക് അത് മുടക്കിയും, ഒന്നുമില്ലാത്തവർക്ക് സർക്കാർസ്പോൺസർഷിപ്പോടെയും ഇവിടെ എത്തിപ്പെടാം. പിന്നീടുള്ള താമസവും, ഭക്ഷണവും, ചികിത്സയും, പരിചരണവും, വിനോദ പരിപാടികളും എല്ലാം നഴ്‌സിംഗ് ഹോം ഏറ്റെടുത്തു കൊള്ളും. വയസ്സായവരെ സീനിയർസിറ്റിസൺസ് എന്ന് ബഹുമാനത്തോടെ വിളിക്കുന്ന ഈ രാജ്യം, സന്തോഷകരമായ ഒരു വാർദ്ധക്യം അവർക്ക്സമ്മാനിക്കുന്നതിനുള്ള ബഹു മുഖങ്ങളായ ധാരാളം പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിൽ തികച്ചുംമാതൃകാ പരമായ ഒന്നാണ് നഴ്‌സിംഗ് ഹോമുകൾ.
മിൽട്ടൺ ലുണ്ടുർ എന്ന് പേരുള്ള ആഫ്രിക്കൻ വംശജനായ ഒരു അറുപത്തി രണ്ടു കാരനായിരുന്നു മെയിന്റനൻസ്ഡയറക്ടർ. ' ഹെയ്റ്റി ' എന്ന കരീബിയൻ ദരിദ്ര രാജ്യത്ത് ജനിച്ചു വളർന്ന ഇദ്ദേഹം യുവാവ് ആയിരിക്കുമ്പോൾ അവിടുത്തെ ഭരണ കൂടത്തിനെതിരെ കലാപം ഉണ്ടാക്കുവാൻ ശ്രമിച്ച ഒരു ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുകയും, അധികാരികൾ പിടികൂടി നാടുകടത്തപ്പെട്ട ആ ഗ്രൂപ്പിനോടൊപ്പം പസഫിക് മഹാ സമുദ്രത്തിലെ പോളിനേഷൻദ്വീപുകളിൽ ഒന്നിൽ അകപ്പെട്ടു പോവുകയുമായിരുന്നു.
ഹെയ്റ്റി സർക്കാർ നാടുകടത്തിയ ആ ഗ്രൂപ്പിൽ പെട്ടവരെ അമേരിക്ക ഉൾപ്പടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങൾദെത്തെടുക്കുകയും, അതിൽ അമേരിക്ക ദത്തെടുത്ത ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടാണ് മിൽട്ടൺ അമേരിക്കൻപൗരനായിത്തീർന്നത് എന്നുമുള്ള മിൽട്ടന്റെ കഥ ഞങ്ങളുടെ സ്വകാര്യ യാത്രകളിൽ അദ്ദേഹം തന്നെയാണ്എന്നോട് പറഞ്ഞിട്ടുള്ളത്.
കടുത്ത മനക്കരുത്തിന്റെ ഉടമയായിരുന്ന മിൽട്ടൺ. ഒരു ജോലിക്കാരൻ എന്നതിലുപരി നഴ്‌സിംഗ് ഹോമിന്റെഉടമയായിരുന്ന ‘ മിസ്റ്റർ ലാഫ്‌ഫർ ‘ എന്ന കോടീശ്വരനായ യഹൂദന്റെ ഉറ്റ മിത്രവും കൂടി ആയിരുന്നതിനാൽ, അഡ്‌മിനിസ്‌ട്രേറ്റർ ഉൾപ്പടെയുള്ള നഴ്‌സിംഗ് ഹോം ജീവനക്കാർ മിൽട്ടനെ ബഹുമാനിക്കുകയും, സ്നേഹിക്കുകയും ചെയ്തിരുന്നു. മനുഷ്യരെ വലിപ്പച്ചെറുപ്പം കൂടാതെ കാണുവാനുള്ള കഴിവും, മറ്റാരെയും കാൾതാൻ വലുതല്ല എന്ന ഭാവവും പുലർത്തിയിരുന്ന മിൽട്ടണ് കിച്ചൻ സൂപ്പർ വൈസറായിരുന്ന ജെയിംസുമായിഉണ്ടായിരുന്ന അടുപ്പം മൂലമാണ് കേവലം ആറുപേർ മാത്രമുണ്ടായിരുന്ന അദ്ദേഹത്തിൻറെ മെയിന്റനൻസ്ക്രൂവിൽ എന്നെക്കൂടി ഉൾപ്പെടിത്തുവാൻ ദയവ് കാണിച്ചത്.
ജമൈക്കയിൽ നിന്ന് വന്നിട്ടുള്ള ആന്റണി എന്ന ടോണി, കൊളംബിയൻ യുവാവായ ജെയ്‌മി, പെയിന്റിങ്ങിന്റെപ്രത്യേക ചുമതലയുള്ള ഹോണ്ടൂറാസ് കാരൻ ലൈനർ, പോർട്ടോറിക്കോയിൽ നിന്നുള്ള സെറാഫിൻ ബൊനീജാഎന്നിവരായിരുന്നു എന്റെ സഹ ജോലിക്കാർ. ബിൽഡിംഗ് മെയിന്റനൻസ് മുതൽ മെഷീനറിയുടെ മെയിന്റനൻസ്വരെയുള്ള അതി സങ്കീർണ്ണമായ ജോലികളിൽ യാതൊരു മുൻ പരിചയവുമില്ലാതിരുന്ന ഞാൻ അത്പുറത്തറിയിക്കാതെയാണ് ജോലി ആരംഭിക്കുന്നത്. ആദ്യകാലങ്ങളിൽ ടോണിയുടെയും, ജൈമിയുടെയുംസഹായിയായി പോകുമ്പോൾ അവർ ചെയ്യുന്നത് അപ്പടി മനഃ പാഠമാക്കുവാൻ എനിക്ക് സാധിച്ചിരുന്നു. നാട്ടിലെതോട്ടിലെ മണലും, പറമ്പിലെ പാറക്കല്ലുകളുമെല്ലാം ഉപയോഗപ്പെടുത്തി അതി സുന്ദരമായ ഒരു കൊച്ചു വീട്പണിതെടുത്തതിന്റെ ആത്മ വിശ്വാസമായിരുന്നു എന്റെ വിലയേറിയ കൈമുതൽ.
ക്രമേണ സ്റ്റാറ്റൻ ഐലൻഡ് കെയർ സെന്റർ മെയിന്റനൻസ് ക്രൂവിലെ ഏറ്റവും നല്ല ഒരു വർക്കറായി ഞാൻ മാറി. ഇതിനകം ഇലക്ട്രിക്, പ്ലംബിംഗ്, ഫ്ലോറിംഗ്, കാർപ്പെന്ററി, ടൈലിങ്, മെഷീനറി റിപ്പയറിങ് എന്നിവയെല്ലാം ഞാൻപഠിച്ചെടുത്തു. ഏതെങ്കിലും ആവശ്യത്തിനായി ആരെങ്കിലും വിളിച്ചാൽ അപ്പോൾത്തന്നെ അതിനു ആൻസർചെയ്യുന്ന ഒരു ശീലം ഞാൻ സൂക്ഷിച്ചിരുന്നതിനാൽ എല്ലാവരും ആദ്യം എന്നെ വിളിക്കാൻ ഉത്സാഹംകാണിച്ചിരുന്നു. കൂടാതെ സ്ഥാപനത്തിന്റെ ഉടമയായ മിസ്റ്റർ ലാഫ്‌ഫാർ ഒരു സിനഗോഗിന്റെയും, യഹൂദപുരോഹിതരെ പരിശീലിപ്പിക്കുന്ന ( സെമിനാരി ) സ്ഥാപനത്തിന്റെയും ഉടമയും, പുരോഹിതനും ഒക്കെ ആയിരുന്നുഎന്നത് കൊണ്ട് അവിടെ ഉണ്ടാവുന്ന സങ്കീർണ്ണങ്ങളായ മെയിന്റനൻസ് പ്രശ്നങ്ങൾക്ക് മിൽട്ടനെയാണ്വിളിച്ചിരുന്നത്. മിൽട്ടൺ എല്ലായ്‌പ്പോഴും സഹായിയായി കൂട്ടിയിരുന്നത് എന്നെയും.
മിസ്റ്റർ ലാഫ്‌ഫറുടെ മകളുടെ ഭർത്താവായ മിസ്റ്റർ ഐസൻ ആയിരുന്നു അന്ന് കെയർ സെന്ററിന്റെഅഡ്‌മിനിസ്‌ട്രേറ്റർ. ബ്രൂക്‌ലിനിലുള്ള കൊട്ടാരം പോലെയുള്ള ഒരു വലിയ വീടിന്റെ ഉടമയായിരുന്ന മിസ്റ്റർഐസനും കുടുംബത്തിനും ആവശ്യം വരുന്ന മെയിന്റനൻസ് സഹായത്തിനായി മിൽട്ടനെയാണ് വിളിച്ചിരുന്നത്. സങ്കീർണ്ണമായ ഏതൊരു മെയിന്റനൻസ് പ്രശ്നത്തിന്റെയും മുന്നിൽ അടി പതറാതെ മുന്നേറുന്ന മിൽട്ടൺ അത്പരിഹരിച്ചിട്ടേ അവിടെ നിന്ന് മടങ്ങുകയുള്ളു എന്നതിനാൽ എപ്പോഴും മിൽട്ടന് കൈത്താങ്ങായി ഞാനുമുണ്ടാവും. ഞങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമകൾ ആയിരുന്നിട്ടു കൂടി മിസ്റ്റർ ലാഫ്‌ഫറും, മിസ്റ്റർ ഐസനുംഅവരുടെ കുടുംബങ്ങളും തങ്ങളുടെ അടുത്ത ബന്ധുക്കളെപ്പോലെയാണ് ഞങ്ങളോട് പെരുമാറിയിരുന്നത്. ഞങ്ങൾ അവരുടെ ജോലികളിൽ മുഴുകിയിരിക്കുന്ന സമയങ്ങളിൽ മുടങ്ങാതെ ബ്രെക് ഫാസ്റ്റും, ലഞ്ചും ഒക്കെഅവരുടെ കൈകൊണ്ട് ഉണ്ടാക്കി നിർബന്ധിച്ച് ഞങ്ങളെക്കൊണ്ട് തീറ്റിച്ചിരുന്നു. വളരെ അപൂർവമായേ അവർഎന്നെ പേര് വിളിച്ചിരുന്നുള്ളു. ' മിൽട്ടൻസ് ഫ്രണ്ട് ' എന്നാണു എന്നെ എപ്പോളും വിളിച്ചിരുന്നത്. അഥവാ പേര്വിളിക്കുകയാണെങ്കിൽ പേരിനു മുൻപിൽ മിസ്റ്റർ ചേർക്കാതെ ഒരിക്കലും അവർ വിളിച്ചിരുന്നുമില്ല.
ന്യൂ ജേർസിയിലെ ഇന്ത്യൻ മാടമ്പിയുടെ കീഴിൽ ജോലി ചെയ്തിരുന്ന കാലം ഇതുമായി ഞാനറിയാതെതാരതമ്യപ്പെടുത്തിപ്പോകും. ദുരഭിമാനത്തിന്റെ പുഴുത്തു നാറിയ കിന്നരിത്തൊപ്പിയും തലയിൽ പേറി നിൽക്കുന്നഇന്ത്യൻ സമൂഹം സ്വയം അത് വലിച്ചെറിഞ്ഞ് നഗ്ന പാദരായി മണ്ണിൽ ചവിട്ടി നിൽക്കുന്ന പച്ച മനുഷ്യരാകുമ്പോൾമാത്രമേ, പത്രങ്ങളിലും, ചാനലുകളിലും ഭരണാധികാരികൾ ഛർദ്ദിക്കുന്ന വികസനം എന്ന 'പുരോഗതി ' ഇന്നുംഅര വയറിൽ മുണ്ടു മുറുക്കുന്ന ദരിദ്രരായ ഇന്ത്യൻ ജനകോടികൾക്ക് അനുഭവേദ്യമാകുകയുള്ളു എന്ന് എനിക്ക്തോന്നിയിരുന്നു.
ഓരോ പ്രശ്നങ്ങളും പരിഹരിക്കുമ്പോൾ നൂറു ഡോളറിൽ കുറയാത്ത ഒരു തുക ടിപ്പായി അവർ ഞങ്ങൾക്ക്തരുമായിരുന്നു. എത്ര കിട്ടിയാലും അതിന്റെ നേർ പകുതി ( ഞാൻ എത്ര വേണ്ടെന്നു പറഞ്ഞാലും. ) മിൽട്ടൻഎന്നെ കെട്ടിയേല്പിച്ചിരുന്നു. നേരത്തേ പണികൾ തീർന്നാലും ഉടനെ ഞങ്ങൾ മടങ്ങിപ്പോകില്ല. വലിയ ഭക്ഷണപ്രിയനായിരുന്ന മിൽട്ടൺ എന്നെയും കൂട്ടി രുചി വൈവിധ്യങ്ങൾ തേടി റെസ്റ്റോറന്റുകളിൽ കയറിയിറങ്ങിയും, ആവശ്യമുള്ള സാധനങ്ങളുടെ പർച്ചേസിംഗുമായി ബ്രൂക്‌ലിനിലൂടെ കറങ്ങി നടക്കും. ജോലിയിൽ നിന്ന്ഇറങ്ങുന്ന സമയത്തേ മടങ്ങിയെത്തുകയുള്ളു. മിൽട്ടന്റെയും, എന്റെയും ഈ സൗഹൃദം പതിവായി ശ്രദ്ധിച്ചിരുന്നസഹ ജോലിക്കാർ, പ്രത്യകിച്ചും വനിതകളായ ജോലിക്കാർ കളിയാക്കി ഞങ്ങൾക്കൊരു പേര് നൽകിയിരുന്നു : " മിൽട്ടൺ ആൻഡ് സൺ " എന്ന്.
സ്റ്റാറ്റൻ ഐലൻഡ് കെയർ സെന്ററിൽ ജോലി ചെയ്ത കുറേ വർഷങ്ങൾ. മറക്കാനാവാത്തജീവിതാനുഭവങ്ങളാണ് ആ ജോലി എനിക്ക് സമ്മാനിച്ചത്.. സൗമ്യവും, സന്തോഷകരവുമായിരുന്നു ജോലി. ആകെ ആറു പേർ മാത്രമുള്ള ചെറിയ ഡിപാർട്ട്മെന്റിൽ പരസ്‌പരം സഹായിച്ചും, കരുതിയുമാണ് ജോലിക്കാർവർത്തിച്ചിരുന്നത്. ഒരാൾ ചെയ്യുന്ന ജോലിയിൽ ഒരു ഹെൽപ്പ് ആവശ്യമുണ്ടെങ്കിൽ അതറിഞ്ഞ് അവിടെഓടിയത്തുവാൻ എല്ലാവരും ശ്രമിച്ചിരുന്നു. പെയിന്റർ ആയിരുന്ന ലൈനർ ആയിരുന്നു കൂട്ടത്തിലെ മസിൽമാൻ. മുടങ്ങാതെ ജിംനേഷ്യത്തിൽ പോകുന്ന ലൈനർ ഒഴിവു കിട്ടുന്ന സമയങ്ങളിൽ ജോലി സ്ഥലത്തു വച്ചുംഎക്സർസൈസ് ചെയ്തിരുന്നു. ദൃഢമായ മാംസ പേശികളും, അപാരമായ കരുത്തും ഉണ്ടായിരുന്ന ലൈനർ മിക്കജോലിക്കാരികളുടെയും നോട്ടപ്പുള്ളി ആയിരുന്നെങ്കിലും, മാന്യത വിട്ടു പെരുമാറുന്ന ഒരാളായിരുന്നില്ലാ അയാൾ.
എന്റെ ഏറ്റവും പ്രിയപ്പെട്ട മിൽട്ടൺ റിട്ടയർമെന്റ് എടുക്കുകയാണെന്നു എന്നോട് പറഞ്ഞു. ' അങ്ങേയ്‌ക്ക്‌ആരോഗ്യക്കുറവ് ഒന്നും ഇല്ലാത്തത് കൊണ്ട് ആവുന്നിടത്തോളം തുടരുകയാണ് വേണ്ടത് 'എന്നു ഞാൻ പറഞ്ഞു. ' തനിക്കും അങ്ങിനെയായിരുന്നു ആഗ്രഹം എന്നും, അത് കൊണ്ടാണ് ഇത്രയും കാലം നിന്നത് എന്നും, ( മിൽട്ടന്റിട്ടയർമെന്റ് പ്രായം എന്നേ തികഞ്ഞിരുന്നു. ) തന്റെ പിന്നിലുള്ള ചിലർക്ക് താൻ അവരുടെ വഴി മുടക്കിനിൽക്കുകയാണെന്ന ഒരു തോന്നൽ ഉള്ളതായി തനിക്കു ബോധ്യപ്പെട്ടുവെന്നും, അത് കൊണ്ടാണ് പെട്ടെന്ന്തീരുമാനം എടുത്തതെന്നും ' അദ്ദേഹം വിശദീകരിച്ചു.
മിൽട്ടൺ എന്റെ ബോസും, സുഹൃത്തും, സഹായിയും ഒക്കെയായിരുന്നു. തന്റെ വീട്ടിലേക്ക് മിൽട്ടൺ എന്നെകൊണ്ട് പോവുകയും, അപ്പോൾ അവിടെയുണ്ടായിരുന്ന കുടുംബാംഗങ്ങളെ എനിക്ക് പരിചയപ്പെടുത്തുകയുംചെയ്തിരുന്നു. ജന്മ ദേശമായ ഹെയ്റ്റിയിൽ മിൽട്ടൺ പണിയിച്ച വലിയ വീട്ടിലേക്കുള്ള ഉപകരണങ്ങളും, ഫർണീച്ചറുകളും എല്ലാം ഇവിടെ നിന്ന് വാങ്ങിയാണ് അയച്ചിരുന്നത്. ജോലി സംബന്ധമായും, മറ്റുകാരണങ്ങളാലും മറ്റു സ്റ്റേറ്റുകളിലേക്ക് മാറുന്ന കുടുംബങ്ങൾ അവരുടെ വിലയേറിയ വസ്തുക്കൾ ഇവിടെ വിറ്റിട്ടുപോകും. അത്തരം സാധനങ്ങളാണ് മിൽട്ടൺ കണ്ടെത്തി നിസ്സാര വിലക്ക് വാങ്ങിയിരുന്നത്. ഇത് കാണാൻപോകാനും, പിക് ചെയ്ത് കൊണ്ട് വരുന്നതിനും, പാക്ക് ചെയ്‌ത് ഷിപ്പിംഗിനും എല്ലാം മിൽട്ടന്റെ നിഴൽ പോലെഎപ്പോഴും ഞാനുമുണ്ടായിരുന്നു കൂടെ. ( പിൽക്കാലത്ത് ഹെയ്റ്റിയിൽ സംഭവിച്ച ഭീകരമായ ഭൂകമ്പത്തിൽ മിൽട്ടന്റെ വീട് തകർന്നടിഞ്ഞ വിവരം എന്നോട് മാത്രമേ മിൽട്ടൺ പറഞ്ഞുള്ളു.)
റിട്ടയർ മെന്റിനു ശേഷവും മിൽട്ടൺ എന്ന വിളിക്കുകയും, രണ്ടോ മൂന്നോ തവണ എന്റെ വീട്ടിൽ വരികയുംചെയ്തിരുന്നു. മിൽട്ടന് എന്തെങ്കിലും ബിൽഡിംഗ് മെറ്റീരിയൽ വാങ്ങാനുണ്ടെങ്കിൽ എന്നെയും കൂട്ടി പലസ്റ്റോറുകളിൽ കറങ്ങിയിട്ടാണ് വാങ്ങുക. ഇതിനിടയിൽ ചൈനീസ്, ഇറ്റാലിയൻ ബഫേകളിൽ നിന്ന് സമൃദ്ധമായിഭക്ഷണം കഴിക്കാൻ കൂടി വേണ്ടിയായിരുന്നു പ്രധാനമായും ഈ കറക്കം.
അങ്ങിനെ മിൽട്ടൺ പിരിഞ്ഞു പോയി. സ്ഥാപനത്തിന്റെ വകയായുള്ള ചെറിയൊരു യാത്രയയപ്പും ഏറ്റു വാങ്ങിഅതി സാഹസികനും, ആരെയും കൂസാത്ത തന്റേടിയും എന്നെ പിതൃ നിർവിശേഷം സ്നേഹിച്ചിരുന്നവനുമായആ വലിയ മനുഷ്യൻ ജോലി അവസാനിപ്പിക്കുമ്പോൾ, സ്റ്റാറ്റൻ ഐലൻഡ് കെയർ സെന്റർ അസ്ഥിവാരംഇടുമ്പോൾ മുതൽ അത് നിയന്ത്രിച്ചിരുന്ന എൻജിനീയർ ആണ് സർവീസ് അവസാനിപ്പിച്ചു മടങ്ങിയത്. മെയിന്റനൻസ് എൻജിനീയറിങ്ങിന്റെ എല്ലാ ടെക്നിക്കുകളൂം ഞാനുൾപ്പടെയുള്ള ഞങ്ങളുടെ ടീമിനെ പറഞ്ഞുകൊടുത്തും, കാണിച്ചു കൊടുത്തും പരിശീലിപ്പിച്ചെടുത്തത് ഇദ്ദേഹമായിരുന്നു.
ഒരു ഞായറാഴ്ച ഒറ്റക്ക് ഞാൻ മെയിന്റനൻസ് ഓഫീസിൽ ഇരിക്കുകയായിരുന്നു. വീക്കെൻഡുകളിൽമെയിന്റനൻസിൽ ഒരാൾ മാത്രമേ ഉണ്ടാവൂ. ഒരു മാസത്തിൽ ഒരു വീക്കെൻഡ് ഓരോരുത്തർക്കുമായി വീതിച്ചുനൽകിയിട്ടാണ് ഷെഡ്യൂൾ ക്രമീകരിച്ചിട്ടുള്ളത്. വീക്കെന്റുകളിൽ പ്രത്യേക അസൈന്മെന്റുകൾ ഒന്നുമില്ല. ഏതെങ്കിലും ഫ്ളോറിൽ നിന്ന് എന്തെങ്കിലും എമർജൻസി വിളി വന്നാൽ മാത്രം അതിന് പരിഹാരം കണ്ടാൽ മതി. പൊതുവായി ഫ്ലോറുകൾ ഒന്ന് ചെക്ക് ചെയ്യണം എന്നതൊഴിച്ചാൽ അന്ന് ജോലിയിൽ ഇരുന്നു കൊണ്ടുള്ളവിശ്രമമാണ്. ഇത്തരം ദിവസങ്ങളിൽ ആണ് ഞാൻ മിൽട്ടനെ വിളിക്കാറുള്ളത് എന്നതിനാൽ അന്നും ഞാൻക്യൂൻസിൽ ഉള്ള മിൽട്ടന്റെ വീട്ടിലേക്കു വിളിച്ചു. ആരും ഫോൺ എടുക്കുന്നില്ല. എന്റെ വിളിക്ക് മിൽട്ടൻ തന്നെഎന്നും ഫോൺ എടുക്കാറുള്ളതാണ്. അഥവാ, അദ്ദേഹം വീട്ടിലില്ലെങ്കിൽ ഭാര്യ എടുത്ത് കാര്യം പറയും. അതായിരുന്നു രീതി. ( ഇതിനിടയിൽ ചുരുക്കം അവസരങ്ങളിൽ ഞാൻ മിൽട്ടനെ അദ്ദേഹത്തിന്റെ വീട്ടിലെത്തിസന്ദർശിക്കുകയും അദ്ദേഹത്തെയും കൂട്ടി ചില റെസ്റ്റോറന്റുകളിലെ ഭക്ഷണ വസ്തുക്കളുടെ രുചിആസ്വദിക്കുകയും ചെയ്തിരുന്നു. )
എന്ത് പറ്റി എന്ന് ശങ്കിച്ചുവെങ്കിലും കുടുംബ സഹിതം ഹെയ്റ്റിയിൽ പോയതായിരിക്കും എന്നാശ്വസിച്ചു. സാധാരണ ഗതിയിൽ ഇത്തരം ദീർഘ യാത്രകൾ ഉണ്ടെങ്കിൽ എന്നോട് പറയാറുണ്ട്. ഇത്തവണ മറന്നതാവുംഎന്ന് കരുതി. ഒന്ന് കൂടി മിൽട്ടന്റെ നമ്പറിൽ വിളിച്ചു നോക്കി. അഞ്ചെട്ടു പ്രാവശ്യം റിംഗ് ചെയ്തു കഴിഞ്ഞപ്പോൾഅങ്ങേത്തലക്കൽ ആരോ എടുത്തു. ഞാൻ മിൽട്ടന്റെ ഫ്രണ്ട് ആണെന്നും, പതിവായി വിളിക്കാറുള്ളതാണെന്നുംപരിചയപ്പെടുത്തി. താൻ മിൽട്ടന്റെ ഗ്രാൻഡ് സൺ ആണെന്നും, ഗ്രാൻഡ് പാ പറഞ്ഞ് എന്നെക്കുറിച്ചുഅറിയാമെന്നും പയ്യൻ പറഞ്ഞു. ' മിൽട്ടനെവിടെ? ' എന്ന എന്റെ ചോദ്യത്തിന് ഞാൻ ഒരിക്കലും കേൾക്കാൻആഗ്രഹിക്കാത്ത മറുപടി തന്നെ അവൻ പറഞ്ഞു :
" ഗ്രാൻഡ്‌പാ മരിച്ചു പോയി. "
" എന്ന് ? എപ്പോൾ ? "
" ഫ്യൂണറൽ കഴിഞ്ഞിട്ടിപ്പോൾ രണ്ടാഴ്ചയായി. "
“ മിൽട്ടൺ, പ്രിയപ്പെട്ട മിൽട്ടൺ “ എന്ന് ഞാൻ തേങ്ങി. ഞാനിരുന്ന കസേര കറങ്ങുന്നതായി എനിക്ക് തോന്നി. വീഴാതിരിക്കാൻ കസേരപ്പടിയിൽ മുറുകെപ്പിടിച്ച് ഞാനിരുന്നു.