അക്ഷരങ്ങൾ കൊണ്ട് അടിമത്തവ്യവസ്ഥയെ എതിർക്കുകയും വിജയിക്കുകയും ചെയ്ത ചരിത്രമാണ് അങ്കിൾ ടോംസ് ക്യാബിൻ എന്ന പുസ്തകത്തിനുള്ളത്. ആഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന കറുത്ത വർഗ്ഗക്കാരെ അടിമത്തത്തിലേക്ക് തള്ളിവിട്ട് അവരുടെ ഉടമകൾ എന്നഹങ്കരിച്ചിരുന്നവർ നടത്തിയ ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവർത്തികളുടെ നേർക്കാഴ്‌ചയാണ് ഈ നോവൽ നൽകുന്നത്. മനുഷ്യമനസ്സുകളെ അതു ഇളക്കി മറിച്ചു. ലോകവ്യാപകമായി മനുഷ്യരെ ഈ പുസ്തകം പ്രകമ്പനം കൊള്ളിച്ചു. അടിമത്തവിരുദ്ധ സമരങ്ങൾക്ക് അതു സഹായകമായി. ലോകത്തുനിന്നും അടിമത്തം നിർത്തലാക്കാൻ ഈ പുസ്തകം സഹായകമായി.
അമേരിക്കയുടെ തെക്കും വടക്കുമുള്ള സംസ്ഥാനങ്ങൾ അടിമത്തത്തെ കണ്ടിരുന്ന വ്യത്യാസം ഒരു ആഭ്യന്തരയുദ്ധം പുറപ്പെടുവിക്കാൻ നിമിത്തമായി. തെക്കുള്ളവർ അടിമത്തവ്യവസ്ഥയെ അനുകൂലിച്ചപ്പോൾ വടക്കുള്ളവർ അതിനെ എതിർത്തു. തെക്കൻ സംസ്ഥാത്തുള്ളവർ വലിയ വലിയ തോട്ടം ഉടമകളായിരുന്നു. അവർക്ക് പണി ചെയ്യാൻ അടിമകളെ ആവശ്യമായിരുന്നു, വടക്കൻ സംസ്ഥാനത്തുള്ളവർ ഇതിനെ നിയന്ത്രിക്കാനും പൂർണ്ണമായി നിരോധിക്കാനുംചിന്തിക്കുന്നവരായിരുന്നു. ഈ തർക്കമാണ് ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ചത്. അതിനു കാരണമായതോ ഈ പുസ്തകം. ഇതെഴുതിയ എഴുത്തുകാരിയെ കണ്ടപ്പോൾ ഏബ്രഹാം ലിങ്കൺ ചോദിച്ചത്രേ “ഓ നിങ്ങളാണ് യുദ്ധത്തിലേക്ക് നയിച്ച ആ പുസ്തകം എഴുതിയ പീക്കിരി പെണ്ണ്" ഇങ്ങനെ ലിങ്കൺ പറഞ്ഞതായി പറയപ്പെടുന്നതല്ലാതെ സ്ഥിരീകരിച്ചിട്ടില്ല.
1852 ഇൽ പുറത്തിറങ്ങിയ ഈ പുസ്തകം ലോകത്തെ നടുക്കി. അമേരിക്കൻ അടിമകളുടെ അവസ്ഥ ലോകമെമ്പാടുമുള്ള ആളുകൾ അറിഞ്ഞപ്പോൾ അടിമത്വം നിരോധിക്കാനുള്ള ഒരു ഉണർവ് പകരാൻ അതിനു കഴിഞ്ഞു. ഈ നോവൽ എഴുതിയത് ഹരിയേറ് ബീച്ചർ സ്റ്റോവെ എന്ന ഒരു വെള്ളക്കാരിയാണ്.
ഈ നോവലിനെ ഇങ്ങനെ സംഗ്രഹിക്കാം. കെന്റക്കിയിലെ തോട്ടം ഉടമയായ ആർതർ ഷെൽബി ഹാലി എന്നയാളുടെ കടക്കാരനായി.കടം വീട്ടാൻ അദ്ദേഹം തന്റെ വിശ്വസ്തനായ അടിമ ടോമിനെയും ബാലനായ മറ്റൊരു അടിമ ഹാരിയെയും വിൽക്കാൻ തീരുമാനിക്കുന്നു. ഷെൽബിയുടെ വേലക്കാരിയായ എലിസയുടെ മകനാണ് ഹാരി. ഈ വിവരമറിഞ്ഞു എലിസ മകനെയും കൂട്ടി രക്ഷപെടുന്നു. ഹാലി കോപാകുലനായി അവരെ പിന്തുടരുന്നെങ്കിലും അവർ മഞ്ഞു കട്ടകൾ മൂടികിടന്ന ഒഹായോ നദിയിലേക്ക് ചാടി ഹിമഖണ്ഡങ്ങളിൽ ചവുട്ടി അക്കരെ എത്തിപ്പെടുന്നു. എലിസയുടെ പ്രതിബന്ധങ്ങളും അവൾ അതിനെ തരണം ചെയ്യുന്നതും നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. ടോം രക്ഷപ്പെടാൻ ശ്രമിക്കാതെ ഹാലിക്കൊപ്പം പോകുന്നു.എന്നാൽ ഷെൽബിയുടെ മകൻ വാക്ക് കൊടുക്കുന്നു അവൻ ടോമിനെ ഒരുനാൾ രക്ഷിച്ചുകൊണ്ടുവരുമെന്നു. മിസിസിപ്പി നദിയിലൂടെ ഒരു ബോട്ടിൽ ടോമിനെയും കൊണ്ട് ഹാലി പോകുമ്പോൾ ആ ബോട്ടിലുണ്ടായിരുന്ന ഇവാ എന്ന വെള്ളക്കാരി ബാലിക ടോമുമായി പരിചയപ്പെടുന്നു. ഒരു മാലാഖ കുട്ടി എന്ന് നോവലിസ്റ്റ് പറയുന്നുണ്ട്. അവർ വെള്ളത്തിൽ വീണപ്പോൾ രക്ഷപ്പെടുത്തിയത് ടോമാണ്.വളരെ ദൈവഭക്തയായ ആ പെൺകുട്ടിയുടെ ആവശ്യപ്രകാരം അവളുടെ അച്ഛൻ അഗസ്റ്റിൻ സെന്റ് ക്ലയർ ടോമിനെ ഹാലിയിൽ നിന്നും വാങ്ങി. ദൈവഭക്തയായ ഇവാ ബൈബിൾ പാരായണം ചെയ്യുകയും ടോമുമായി ചർച്ച ചെയ്യുകയും ചെയ്തിരുന്നു. നിർഭാഗ്യവശാൽ അവൾക്ക് അസുഖം വരുന്നു. ആ അവസ്ഥയിൽ അവൾ അവളുടെ പിതാവിനോട് പറയുന്നു എല്ലാ അടിമകളെയും സ്വാതന്ത്രരാക്കണമെന്നു.ആ പെൺകുട്ടി മരിച്ചതിനു ശേഷം അവളുടെ അച്ഛൻ കൊല്ലപ്പെടുന്നു.അമ്മ ടോമിനെ ഏറ്റവും ക്രൂരനായ സൈമൺ ലെഗ്രി എന്നയാൾക്ക് വിൽക്കുന്നു. ലെഗ്രി ടോമിന്റെ കുപ്പായങ്ങൾ അഴിച്ചുവച്ചു അടിമ കുപ്പായം ധരിപ്പിക്കുന്നു. അപ്പോൾ ബൈബിൾ കാണുന്നു. ലെഗ്രി പറയുന്നു എനിക്ക് ഉച്ചത്തിൽ പള്ളിപ്പാട്ടു ഇഷ്ടമല്ല. ഞാനാണ് നിന്റെ പള്ളി. ഇതിനിടയിൽ പല സംഭവങ്ങളും ലെഗ്രിയുടെ ക്രൂരതയും നോവലിസ്റ്റ് വിവരിക്കുന്നു.
എല്ലാവരെയും സഹായിക്കുന്ന പ്രകൃതമായിരുന്നു ടോമിന്റേത്. അവശയായ ഒരു ജോലിക്കാരിയുടെ കുട്ടയിലേക്ക് താൻ പൊട്ടിച്ച പരുത്തിക്കായ ഇട്ടുകൊടുക്കുന്നത് കണ്ട സൈമൺ അവരെ ചാട്ടവാറടികൊണ്ടു അടിക്കാൻ ശിക്ഷിച്ചു. ആ കർമ്മം നിർവഹിക്കാൻ ടോമിനെ ഏൽപ്പിച്ചു. എന്നാൽ ടോം അത് നിരസിച്ചു. ആ അനുസരണക്കേടിനു സൈമന്റെ രണ്ടു പിണിയാളുകളെകൊണ്ട് ടോമിനെ അടിച്ചു കൊല്ലിപ്പിച്ചു. അപ്പോഴും യേശുവിലുള്ള തന്റെ വിശ്വാസം ടോം കൈവെടിഞ്ഞില്ല. ടോമിന്റെ ചേതനയറ്റ ശരീരം സൈമൺ ലെഗ്രിയുടെ തോട്ടത്തിൽ കിടക്കുമ്പോഴാണ് പണ്ടത്തെ ഉടമയുടെ മകൻ ജോർജ്ജ് ഷെൽബി ടോമിനെ കൊണ്ടുപോകാൻ എത്തുന്നത്. നിരാശനായി അയാൾ മടങ്ങി പോയി തന്റെ തോട്ടത്തിലെ എല്ലാ അടിമകളെയും സ്വതന്ത്രരാക്കി. ഇതാണ് ചുരുക്കത്തിൽ അങ്കിൾ ടോംസ് ക്യാമ്പിന്റെ കഥ.
പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന ക്രൂരതകൾ നോവലിസ്റ്റിന്റെ ഭാവനയല്ല അങ്ങനെ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ടെന്ന് നോവലിസ്റ്റ് പുസ്തകത്തിന്റെ അവസാന ഭാഗത്തിൽ പറയുന്നുണ്ട്. അടിമ സമ്പ്രദായം കൃസ്തുമത വിശ്വാസികൾക്ക് പാടില്ലാത്തതാണെന്നും അവർ പറയുന്നു.
ഈ നോവലിൽ ബൈബിളും യേശുദേവന്റെ വചനങ്ങളും അതിന്റെ ശക്തിയും ഊന്നി പറയുന്നുണ്ട്. അടിയുറച്ച ദൈവ വിശ്വാസത്തിലൂടെ അതെ സമയം ക്രിയാത്മകമായി മുന്നേറുക എന്ന ആശയം ടോമിന്റെ പാത്രസൃഷ്ടിയിലൂടെ നോവലിസ്റ്റിനു പ്രചരിപ്പിക്കാൻ കഴിഞ്ഞു. അടിമത്തത്തിന്റെ ഭീകരതയും അധാർമികതയും കറുത്ത വർഗ്ഗക്കാരുടെ ജീവിതം മനസ്സിലാക്കിയ നോവലിസ്റ്റ് സത്യസന്ധമായി ആവിഷ്കരിച്ചിട്ടുണ്ട്. ഒരു വെള്ളക്കാരിയായ എഴുത്തുകാരിക്ക് ഒരു അടിമയുടെ ജീവിതത്തെക്കുറിച്ചു നേരിട്ടുള്ള അനുഭവമില്ലെങ്കിലും അവരോടുള്ള ആർദ്രതയും കരുതലും ചുറ്റുമുള്ള അടിമകളുടെ ജീവിതം നിരീക്ഷിക്കാനും അവർ അനുഭവിക്കുന്ന യാതനകൾ രേഖപ്പെടുത്താനും അവർക്ക് കഴിഞ്ഞു. തികഞ്ഞ കൃസ്തു മതവിശ്വാസി ആയ അവർ ടോമിനെയും ഒരു വിശ്വാസി ആക്കി അവതരിപ്പിച്ചുകൊണ്ട് കൃസ്തുവിൽ എല്ലാം സമർപ്പിച്ച് ജീവിക്കാൻ പാകപ്പെടുത്തുന്നു. അതിനായി അവർ ടോമിനു ബൈബിൾ പരിചയപെടുത്തുന്നു. യേശുദേവൻ മരിച്ചത് എല്ലാവർക്കും വേണ്ടിയാണെന്ന വൈദികന്റെ പ്രസംഗം ടോമിനെ ചിന്തിപ്പിക്കുന്നു. എങ്കിൽ താനും സ്നേഹിക്കപ്പെട്ടിരിക്കുന്നു എന്ന വിശ്വാസം അദ്ദേഹത്തിന് ആർജ്ജവവും ശക്തിയും പകരുന്നു.
കണ്ണുനീർ പൊടിയാതെ ഈ നോവൽ വായിച്ചു തീർക്കാൻ കഴിയില്ല കറുത്ത വർഗ്ഗക്കാരെ ആദരിക്കുന്ന ഈ മാസത്തിൽ അടിമകളായി ഇവിടെ കൊണ്ട് വന്ന ആഫ്രിക്കൻ വംശജർക്ക് അനുഭവിക്കേണ്ടി വന്ന യാതനകളെക്കുറിച്ച് മനസ്സിലാക്കാൻ ഈ നോവൽ സഹായിക്കുന്നു. നമുക്ക് ഭാവന ചെയ്യാൻ പോലും കഴിയാത്ത ക്രൂരവും നിന്ദ്യവുമായ പ്രവർത്തികൾ മനുഷ്യർ മറ്റു മനുഷ്യരോട് ചെയ്തു എന്നറിയുമ്പോൾ നമ്മളിൽ ധാർമ്മിക രോഷം നുരയുന്നു.
ഈ പുസ്തകം പുറത്തുവന്നപ്പോൾ ആദ്യ ആഴ്ചയിൽ പതിനായിരം കോപ്പികൾ വിറ്റഴിഞ്ഞു. ആദ്യവർഷം മൂന്നു ലക്ഷം കോപ്പികൾ. അഞ്ചു വർഷത്തിനുളളിൽ രണ്ടു മില്യൺ കോപ്പികൾ. ബൈബിൾ കഴിഞ്ഞാൽ ഏറ്റവും അധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം എന്ന ഖ്യാതിയും ഇതിനുണ്ടായി. അറുപതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ശുഭം