Image

പത്രസംസ്കാരത്തിന് മൂല്യച്യുതിയോ (പി.പി.ചെറിയാന്‍)

Published on 25 February, 2025
പത്രസംസ്കാരത്തിന് മൂല്യച്യുതിയോ (പി.പി.ചെറിയാന്‍)

പത്രധര്‍മ്മത്തെക്കുറിച്ചും പത്രസംസ്കാരത്തെക്കുറിച്ചും സമൂഹത്തില്‍ ചൂടുപിടിച്ച സംവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്ന യഥാര്‍ത്ഥ പത്രധര്‍മ്മവും പത്രപ്രവര്‍ത്തകരും എങ്ങനെയുള്ളവരായിരിക്കണമെന്ന് വ്യക്തമായ കാഴ്ചപ്പാടുകള്‍ ബോധപൂര്‍വ്വം വിസ്മരിച്ച് മുന്നോട്ടുപോകുന്ന ശോചനീയമായ ഒരു അവസ്ഥാവിശേഷമാണ് മാധ്യമരംഗത്ത് ഇന്ന് നിലനില്‍ക്കുന്നത്. ഇതില്‍നിന്നും ഒരു തിരിച്ചുവരവ് അടിയന്തരമായി ഉണ്ടായിരിക്കേണ്ടിയിരിക്കുന്നു. പത്രധര്‍മ്മത്തെക്കുറിച്ചും പത്രപ്രവര്‍ത്തകരെക്കുറിച്ചും പൊതുജനമദ്ധ്യത്തില്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുവാന്‍ ഇത് അനിവാര്യമാണ്.

വാര്‍ത്താമാധ്യമങ്ങള്‍ ഒരു സംസ്കാരത്തിന്റെ മുഖംമൂടിയാണ്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഒരു മാറാവ്യാധിപോലെ ദൃശ്യമായിക്കൊണ്ടിരിക്കുന്ന മൂല്യഛുതികളിലേക്ക് വെളിച്ചംവീശി  നേര്‍വഴിയിലേക്ക് നയിക്കേണ്ട വഴിവിളക്കുകളാണ്. പത്രധര്‍മ്മം എന്ന വാക്കിന്റെ അര്‍ത്ഥം പോലും ഇന്ന് ഒരു ചോദ്യചിഹ്നമായി.  പത്രധര്‍മ്മം പാലിക്കുന്നവരായിരിക്കും യഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്‍ എന്നായിരുന്നു ഇതുവരെയുള്ള അറിവ്. ഇതില്‍നിന്നും വ്യതിചലിച്ചു തരംതാഴ്ന്ന നിലയില്‍ നമ്മുടെ പത്രസംസ്കാരം എത്തിനില്‍ക്കുന്നു. പ്രാരംഭകാലഘട്ടത്തില്‍ നാടിന്റെ സ്പന്ദനം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പത്രധര്‍മ്മം എന്ന് വിശ്വസിക്കുകയും അതിന് അനുസൃതമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഈ അടിസ്ഥാനതത്വങ്ങളില്‍ നിന്നും വ്യതിചലിച്ചു സത്യസന്ധതയുടെ ഒരു തരിമ്പുപോലും പ്രകടിപ്പിക്കാതെ പൊടിപ്പും തൊങ്ങലുംവെച്ചു തന്മയത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് വാര്‍ത്താമാധ്യമങ്ങള്‍ പരസ്പരം മത്സരിക്കുകയാണ്. പത്രപ്രവര്‍ത്തനവും പത്രധര്‍മ്മവും ഇന്ന് വാണിജ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് വാസ്തവം. പണവും സ്വാധീനവും ഉള്ളവര്‍ എന്തും വിലകൊടുത്ത് എഴുതിപ്പിടിപ്പിക്കാവുന്ന വെറും കടലാസു കഷണമായി പത്രങ്ങള്‍ അധപ്പതിച്ചിരിക്കുന്നു.

സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനും ഉദ്ധരിക്കുന്നതിനും വേണ്ടി പത്രപ്രവര്‍ത്തകരില്‍ ചിലരെങ്കിലും തയാറാണെന്ന വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കാതെ ഉള്‍പ്പേജുകളില്‍ വലിയപ്പെടുമ്പോള്‍ സ്ത്രീപീഡനവും, കൊലപാതകവും, അക്രമരാഷ്ട്രീയവും ഗുണ്ടായിസവും ചിത്രീകരിക്കുന്ന വാര്‍ത്തകള്‍ പത്രത്തിന്റെ മുന്‍പേജുകളില്‍ സ്ഥാനംപിടിക്കുന്നു. ആസ്വാദ്യതയോടെ ഇത്തരം വാര്‍ത്തകള്‍ വായിക്കുവാന്‍ വെമ്പല്‍കൊള്ളുന്ന വായനക്കാരാണോ അതോ വാണിജ്യവല്‍ക്കരണത്തിന്റെ പേരില്‍ സാധാരണ ജനങ്ങളെ വിഢികളാക്കുന്ന പത്രപ്രവര്‍ത്തകരാണോ ഇതിനുത്തരവാദികള്‍?.

പത്രധര്‍മ്മം പാടെ ഉപേക്ഷിച്ചു മനുഷ്യമനസ്സിലെ മൃദുലവികാരങ്ങളെ ചൂഷണം ചെയ്യുന്ന പൊടിപ്പും തൊങ്ങലും വെച്ച വാര്‍ത്തകള്‍ കുത്തിനിറക്കുന്ന മാധ്യമങ്ങളും പത്രപ്രവര്‍ത്തകരും പത്രസംസ്കാരത്തിന്റെ അന്തകരാണെന്ന് വിശേഷിപ്പിക്കുന്നതില്‍ യാതൊരു അപാകതയുമില്ല. സത്യസന്ധമായ വാര്‍ത്തകള്‍ പച്ചയായി എഴുതിയാല്‍ കിട്ടുന്ന വായനക്കാര്‍ വളരെ വിരളമാണെങ്കില്‍പോലും അതിനൊരു അന്തസ്സും തീരുമാനവും ഉണ്ട് എന്നതില്‍ തര്‍ക്കമില്ല.

രാഷ്ട്രീയപ്പാര്‍ട്ടികളുടെ അമിതമായ സ്വാധീനം പത്രധര്‍മ്മത്തെയും പത്രപ്രവര്‍ത്തകരേയും തെറ്റായ ദിശയിലേക്ക് നയിക്കുന്നു എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. പൊതുജനങ്ങളില്‍ പ്രചുരപ്രചാരം ലഭിച്ച പല പത്രങ്ങളും ഇന്ന് ഓരോ രാഷ്ട്രീയ കക്ഷിയുടെയും അധീനതയിലാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ജനവിരുദ്ധ പ്രവര്‍ത്തനങ്ങളും അഴിമതിയും മറച്ച് വെയ്ക്കുന്നതിന് മറ്റൊരുവിധത്തില്‍ വെള്ളപൂശി പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുന്നതിനുമുള്ള ഒരു മറയായി മാധ്യമങ്ങളെ മാറ്റിയിരിക്കുന്നു. സാധാരണക്കാരുടെ ദുരിതങ്ങളും ദുഃഖങ്ങളും അധികാര കേന്ദ്രങ്ങളില്‍ എത്തിച്ച് പരിഹാരം നേടിക്കൊടുക്കേണ്ട മാധ്യമങ്ങള്‍ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തീര്‍ത്തും വ്യതിചലിച്ചു രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകങ്ങളായി അധപ്പതിച്ചിരിക്കുന്നത് പത്രധര്‍മ്മത്തെ പ്രാണവായു നല്‍കാതെ ഹിംസിച്ചിരിക്കുന്നതിന് തുല്യമാണ്. പത്രത്തെയും മാധ്യമപ്രവര്‍ത്തകരെയും ഉയര്‍ന്ന നിലവാരത്തില്‍ നിലനിര്‍ത്തുന്നതില്‍ വായനക്കാരനും വിലപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. നിലവാരം കുറഞ്ഞ വാര്‍ത്തകള്‍ സ്ഥിരമായി പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ വായിക്കുന്നതില്‍ നിന്നും വായനക്കാര്‍ മാറിനില്‍ക്കണം.

ഇപ്രകാരം വായനക്കാരില്‍ നുരഞ്ഞ്പൊന്തുന്ന അസംതൃപ്തി മാധ്യമങ്ങളെ ഒരുപക്ഷേ പുനര്‍ചിന്തനത്തിലേക്കു നയിക്കാം. പ്രാരംഭകാലഘട്ടത്തില്‍ ജനഹൃദയങ്ങളില്‍ സ്ഥായിയായ സ്ഥാനവും സല്‍പ്പേരും നേടിയെടുക്കുന്നതിന് മാധ്യമങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സംസ്കാരത്തിന്റെ പൈതൃകം ഭാവിതലമുറയിലേക്ക് പകര്‍ന്നു നല്‍കേണ്ട ഉത്തരവാദിത്വം ഒരു വെല്ലുവിളിയായി സ്വീകരിക്കുവാന്‍ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും മുന്നോട്ട് വരേണ്ടിയിരിക്കുന്നു. മാധ്യമധര്‍മ്മവും മാധ്യമപ്രവര്‍ത്തകരും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് ബോധ്യം വരുമ്പോളാണ് പത്രസംസ്കാരത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യം വീണ്ടെടുക്കുവാന്‍ സാധിക്കുക. ആര്‍ഷഭാരതം കെട്ടിപ്പെടുത്ത പത്രസംസ്കാരം തീക്കൂനയിലേക്ക് വലിച്ചെറിയുന്നതിനു മുന്‍പ് മാറോടണച്ച് സംരക്ഷിക്കുവാന്‍ ഒറ്റക്കെട്ടായി മുന്നേറാം.
 

Join WhatsApp News
Sunil 2025-02-25 15:27:36
Mr. Cherian's article may be about the news media in Kerala. I agree with you totally. Your observations apply to the news media in the USA also. Not even 20% of the general public believe a word coming from our televisions. 90% of Fox news employees are Republican activists. More than 95 % of CNN, MSNBC, CBS, etc are Democrat activists. News media is nothing but business. They have their own vested interests.
A.C.George 2025-02-25 22:12:17
പി പി സി സാർ എഴുതിയതിൽ ഒത്തിരി ഒത്തിരി വാസ്തവങ്ങൾ ഉണ്ട്. ഈ മൂല്യച്യുതി ഓരോ ദിവസവും കൂടിക്കൂടിയാണ് വരുന്നത്. സമൂഹത്തിന് യാതൊരു കഴമ്പും, ഇല്ലാത്ത വെറും അപ്രധാനമായ, വാർത്തകളും, ഊതി പെരുപ്പിച്ച വാർത്തകളും സംഭവങ്ങളും, ലേഖനങ്ങളും പലപ്പോഴും ഓൺ ലൈനിലും, പ്രിന്റ്റ് മീഡിയയിലും പ്രത്യക്ഷപ്പെടുന്നു. കാശ് കൂടുതൽ മുടക്കിയവന്റെ ഏത് അപ്രധാന കാര്യങ്ങളും, പരസ്യ വാർത്തകൾ കൂടെ മുൻപേജിൽ ഒത്തിരി നാൾ കിടക്കുന്നു, ഒത്തിരി നാൾ പബ്ലിഷ് ചെയ്യപ്പെടുന്നു. എന്നാൽ അറിയപ്പെടേണ്ട മുഖ്യ വാർത്തകളും, കഴമ്പുള്ള ലേഖനങ്ങളും പലപ്പോഴും തമസ്കരിക്കപ്പെടുന്നു, പലപ്പോഴും പിൻനിരയിലേക്ക് തള്ളപ്പെടുന്നു. ഇതെല്ലാം കാണുമ്പോൾ, വായനക്കാര്യം, നേരായ ശരിയായ എഴുത്തുകാര്യം, ഈ രംഗത്തുനിന്ന് തന്നെ സ്ഥലം വിടുന്നു. പലരും കൂടുതലായി ഇത്തരം മീഡിയയിൽ നിന്ന് തന്നെ മാറി, സോഷ്യൽ മീഡിയയിൽ കൂടുതലായി അഭയം പ്രാപിക്കുന്നു അതിനെ വിശ്വസിക്കുന്നു. ശ്രീ ചെറിയാൻ സാർ കുറച്ചൊക്കെ ഇത്തരം സത്യങ്ങൾ വിളിച്ചു പറയുകയാണ്. ഒരിടത്ത് കൂലി എഴുത്തുകാർ നിർവാദം വിഹരിക്കുന്നു. അവരുടെ രചനകൾ തന്നെ പലപ്പോഴും വളരെ ടോപ്പിൽ പ്രസിദ്ധീകരിക്കപ്പെടുന്നു. ഇവിടെ സത്യത്തിന് നീതിക്കും ഒറിജിനാലിറ്റിക്കും സ്ഥലവും സ്ഥാനവും കുറഞ്ഞു കുറഞ്ഞു വരുന്നു. . എല്ലാറ്റിനും പണം വേണം സമ്മതിക്കുന്നു. പക്ഷേ പണത്തിനായി മാത്രം പത്രമാധ്യമങ്ങൾ നിലകൊള്ളരുത്. പല സംഘടനകളുടെയും, പല വ്യക്തികളുടെ പൊങ്ങച്ച വാർത്തകളും പൊക്കലും ചൊറിച്ചിലും കൊണ്ട് മാധ്യമ ലോകത്തിൻറെ വിശ്വാസതയാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ശ്രീ ചെറിയാൻ സാറിൻറെ ധീരമായ ഇത്തരം ലേഖനങ്ങൾക്ക് നന്ദി.
Jayan Varghese 2025-02-26 00:49:57
ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ്‌ എന്ന് അടയാളപ്പെടുത്തപ്പെട്ട ഒരു സംഗതിയെയാണ് വാർത്താ വിതരണ പ്രക്ഷേപണം എന്ന് സർക്കാർ തലത്തിൽ പോലും പരിഭാഷപെടുത്തിയിരുന്നത്‌. ഈ പരിഭാഷ ശരിയല്ല. വാർത്താ വിതരണം മാത്രമായി ഇത് പരിമിതപ്പെടുന്നില്ല എന്നതാണ് സത്യം. ജനങ്ങളെ അറിയിക്കേണ്ടുന്ന സർവ്വതും ജനങ്ങളെ അറിയിക്കുക എന്നതാണ് ഇതിന്റെ പ്രായോഗിക പരിഭാഷ. കലയും സാഹിത്യവും സിനിമയും ശാസ്ത്രവുമെല്ലാം ഇതിന്റെ പരിധിക്കുള്ളിൽ വരുന്നുണ്ട്. ഇത് സംവദിക്കുന്ന ജനത ഇതിന്റെ ആത്മ സത്ത നെഞ്ചിലേറ്റിയാണ് അവരുടെ ജീവിതത്തിന്റെ ഊടും പാവും രൂപപ്പെടുത്തുന്നത് എന്നതിനാൽ ഇത് സംസ്ക്കാരത്തിന്റെ സഹ യാത്രികൻ മാത്രമല്ലാ അതിന്റെ സൃഷ്ടാവും കൂടിയാകുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ എല്ലാ ഇല്ലായ്മകളുടെ നടുവിലും ഉയർന്നു പൊങ്ങി പാറിക്കളിച്ചിരുന്ന ധർമ്മികതയുടെ കൊടിക്കൂറകൾ ഇങ്ങിനെ സൃഷ്ടിക്കപ്പെട്ടവയാണ്. എഴുത്തുകാരും കവികളും സിനിമാക്കാരും മറ്റു സാംസ്ക്കാരിക പ്രവർത്തകരും സ്വന്തം ത്യാഗം മുതലിറക്കി കെട്ടിയുയർത്തിയ ഈ സാംസ്ക്കാരിക സൗധങ്ങൾ തകെന്നടിഞ്ഞതിന്റെ കരച്ചിലും പല്ലുകടിയുമാണ് ഇന്ന് ഭാരതത്തിലും കേരളത്തിലും അരങ്ങേറുന്ന കൊല പാതകങ്ങളും ബലാത്സംഗങ്ങളുമായി ഒഴുകിയെത്തുന്ന ദുരന്ത വിലാപങ്ങൾ ! രക്ഷപെടാൻ ഇനി ഒന്നേയുള്ളു വഴി. അജപാലകരുടെ വേഷത്തിൽ നിൽക്കുന്ന ഇക്കൂട്ടർ ( പ്രത്യേകിച്ചും സിനിമാക്കാർ ) സ്വയം തിരുത്തുകയും തങ്ങളുടെ ആരാധകർക്ക് റോൾമോഡൽ ആകാവുന്ന തരത്തിൽ വീണ്ടും ജനിക്കുകയും ചെയ്യുക. ആടുകൾക്ക് വേണ്ടി ഒരു പുതിയ പാട്ടു പാടുക. അതായത് ആടുകൾക്ക് വേണ്ടിയുള്ള ധാർമ്മിക ഇടയ ഗീതങ്ങളാവണം ഓരോ അജപാലകനും. അപ്പോൾ ആറിനക്കരെയും ഒരു ലോകമുണ്ടെന്നു ജനങ്ങൾ തിരിച്ചറിയും ! ജയൻ വർഗീസ്.
പോൾ ഡി പനയ്ക്കൽ 2025-02-26 01:19:24
വളരെ കാലോചിതമായ വിലയിരുത്തൽ.ധ്രൂവീകരിക്കപ്പെട്ട സമൂഹത്തിൽ നിലനിൽപ്പിനു വേണ്ടി മാധ്യമങ്ങളും ഓരോ വിഭാഗത്തിന്റെയും താൽപ്പര്യത്തിന് വഴങ്ങി, അവരെ പ്രീതിപ്പെടുത്താനായി പത്രപ്രവർത്തനത്തെ പാർശ്വത്തിലേക്ക് വളയ്ക്കുന്നു. മധ്യത്തിൽ നിന്നാൽ, നിഷ്പക്ഷമായാൽ മാധ്യമത്തിന് ഉപഭോക്താക്കൾ ഉണ്ടാകുകയില്ല - അതോടെ അവയുടെ അസ്തിത്വവും ഇല്ലാതാകും. ഇവിടെ PBS, AP, Independent, Guardian എന്നിവയുടെ സ്ഥിതി തന്നെ നോക്കൂ. തങ്ങൾക്ക് റാൻ മൂളാത്തവരെ വൈറ്റ് ഹൌസിൽ നിന്നു വരെ നീക്കം ചെയ്യുന്ന പ്രവണതയാണ് നാം ഇന്നു കാണുന്നത്. ഇതിനൊരു മാറ്റം ഉണ്ടാകുമോ? ഇല്ല എന്നാണ് ഈയുള്ളവന് തോന്നുന്നത്. പരിണാമ പ്രക്രിയ മുന്നോട്ടു മാത്രമേ പോകുന്നുള്ളൂ. നയതന്ത്രകർക്കോ നിയമ നിർമ്മാതാക്കൾക്കോ സാമൂഹ്യപടയാളികൾക്കോ ഒരു പറ്റം മാധ്യമസാരഥികൾക്കോ ‘U-turn’ എടുത്ത് പിൽക്കാല മാധ്യമ സംസ്കാരത്തിലേക്ക് നയിക്കുവാൻ കഴിയില്ല. നാമെല്ലാം ഈ ഒഴുക്കിന്റെ ഇരകളും അടിമകളും ആയി, ഒരുപക്ഷെ ദുരവസ്ഥയുടെ വക്താക്കൾ ആയി മുന്നോട്ടു പോകുകയേ ഉള്ളൂ. പ്രതീക്ഷ തീർച്ചയായും നല്ലതാണ് - അത് വിഷാദത്തിലേക്കു നയിക്കാതിരിക്കും.
Nainaan Mathullah 2025-02-26 07:51:23
Such writings give direction to society. Appreciate it. Investigative journalism is a disappearing trend. It needs to change.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക