Image
Image

മലയാളി കണ്ടു പഠിക്കണം,കുമളിയിൽ നിന്ന് ഹൊസൂർ വരെ അമ്പരപ്പിക്കുന്ന കാഴ്ചകൾ (കുര്യൻ പാമ്പാടി)

Published on 25 February, 2025
മലയാളി കണ്ടു പഠിക്കണം,കുമളിയിൽ നിന്ന് ഹൊസൂർ വരെ അമ്പരപ്പിക്കുന്ന കാഴ്ചകൾ (കുര്യൻ  പാമ്പാടി)

ഇന്ത്യയിൽ ഏറ്റവും വ്യവസായ സൗഹൃദമായ സംസ്ഥാനം കേരളമാണെന്നു കേട്ട് അന്തരംഗം അഭിമാന പൂ രിതമാകുന്ന മലയാളികൾ കുമളിയിൽ നിന്നു കമ്പം, തേനി,ഡിണ്ടിഗൽ, സേലം വഴി വടക്കേ അതിർത്തിയായ ഹൊസൂർ വരെ സഞ്ചരിച്ച്  നോക്കുക. നാണംകെട്ടു പോകും.

നിരനിരയായി  നിൽക്കുന്ന  തെങ്ങിൻ തോട്ടങ്ങൾക്കും വാഴത്തോട്ടങ്ങൾക്കും  കരിമ്പിൻ തോട്ടങ്ങൾക്കും  ഇടയിൽ പുകക്കുഴലുമായി  പൊങ്ങി നിൽക്കുന്ന ആയിരക്കണക്കിന് വ്യവസായ ശാലകൾ  കണ്ടു നമ്മുടെ കണ്ണു മഞ്ഞളിക്കും. പുതിയവയ്ക്കായി  മണ്ണൊരുക്കുന്നതും കല്ലുവേലികൾ ഉയർത്തുന്നതും  ഗോപുര വാതിലുകൾ സ്ഥാപിക്കുന്നതും കാണാം.

കന്യാകുമാരി-കാശ്മീർ ഹൈവേയിൽ കൂടെക്കൂടെ കണ്ട കാറ്റാടി വൈദ്യുതി  ബ്ലേഡുകൾ

കാശ്മീരിൽ നിന്ന് കന്യാകുമാരി  വരെ പോകുന്ന  നാഷണൽ ഹൈവേ 44നു ഇരുവശവുമാണ് ഈ വ്യവസായ ശാലകൾ പാദസരം തീർക്കുന്നത്. തേനിയിൽ നിന്ന് വടക്കോട്ടു  പരമ്പരാഗത  പട്ടണങ്ങളെ ബൈപാസ് ചെയ്തുകൊണ്ടു  അരളിയും ബോഗെൻ വില്ലയും പൂത്തു നിൽക്കുന്ന നടുവരമ്പുമായി പുതിയ നാലുവരിപ്പാത  നിവർന്നു കിടക്കുന്നു.

തേനിയിൽ തുടങ്ങി ഡിണ്ടിഗലും  കരൂരും  നാമക്കലും  സേലവും  ധർമ്മ പുരിയും  കൃഷ്ണഗിരിയും കടന്നു പോകുന്ന എൻഎച് പാതയെ  വിസ്‌മയം  ജനിപ്പിക്കുന്ന വ്യാവസായിക ഇടനാഴിഎന്ന് വിളിക്കണം. പശ്ചിമഘട്ടത്തെ ബ്രഹ്മഗിരിയിൽ നിന്നാരംഭിക്കുന്ന കാവേരി നദി ഇതൊന്നും ഗൗനിക്കാതെ ഇവയ്ക്കിടയിലൂടെ  ഒഴുകി മൈലാടൂതുറയിലെ പൂംപുഹാറിൽ ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. കരൂർ  കടക്കുമ്പോൾ കാണാറായി വെള്ളം  തുഛമായ  ഭാരതപ്പുഴ പോലെ  കാവേരി.

തമിഴകത്തിന്റെ നടുവരമ്പു പോലെ എൻഎച്

വ്യവസായവൽക്കരണത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം തമിഴ്‌നാടിനാണ്. ഗുജ്റാത്തും മഹാരാഷ്‌ട്രവും പിന്നിൽ. ഡിണ്ടിഗൽ മുതൽ ദേശീയ പാതയുടെ വശങ്ങളിൽ കണ്ടു  കാറ്റാടി വൈദ്യുതി ടർബൈനുകളിൽ പിടിപ്പിക്കാനുള്ള ഭീമൻ ബ്ലേഡുകൾ വലിയ ഫ്ലാറ്റ് ബെഡ് ട്രക്കുകളിൽ കൊണ്ടുപോകുന്നത്. പോണ്ടിച്ചേരിയിൽ നിർമ്മിക്കുന്നവയാണ് ഈ  ബ്ലേഡുകൾ.

പൊതിച്ച നാളികേരവും  വാഴക്കുലയും  കരിമ്പും കയറിപ്പോകുന്ന ലോറികൾക്കും ട്രാക്ടർ ട്രെയിലർക്കും   ഇടയിൽ ബിരിയാണിക്ക് പേരുകേട്ട ഡിണ്ടിക്കൽ തലപ്പക്കട്ടി റെസ്റ്റോറന്റുകളും ദോശകൾക്ക് പ്രസിദ്ധി പെറ്റ ശരവണ  റെസ്റ്റോറന്റുകളും ഇടവിട്ടിടവിട്ടു കാണാം.  രണ്ടും ഇന്ത്യയൊട്ടുക്കും പുറം നാടുകളിലും പ്രശസ്തമായ ആഹാരശാലകളാണ്.

പശ്ചിമഘട്ട മലകൾക്കിടയിലൂടെ- കരൂരിലെ കാഴ്ച്ച

ജയലളിതക്കൊപ്പം എഐഎഡിഎംകെ നേതാക്കളുടെ ചിത്രങ്ങൾ പതിപ്പിച്ച വമ്പൻ പോസ്റ്ററുകൾക്കൊപ്പം സ്റ്റാലിനും ഉദയനിധി സ്റ്റാലിനും കനിമൊഴിയും അടക്കം ഡിഎംകെ നേതാക്കളെ അണിനിരത്തുന്ന പോസ്റ്ററുകളും കാണാം. ഈ മല്ലയുദ്ധങ്ങൾക്കുപരിയായി   വികസനപ്രവർത്തനങ്ങൾ കൊണ്ടു പിടിച്ചു നടക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട സവിശേഷത.

ആയിരം അയ്യർ ചേർന്നാലേ ഒരു അയ്യങ്കാർ ഉണ്ടാകൂ എന്ന് വീമ്പു പറഞ്ഞിരുന്ന 'ശ്രേഷ്ട്ടകുലജാത'യായ   ജയലളിതയുടെ പടംവച്ചു പൂജിക്കുന്ന രാഷ്ട്രീയത്തിനു അവർ  മണ്മറഞ്ഞു 16 വർഷങ്ങളായിട്ടും തമിഴകത്തു പ്രസക്തിയുണ്ടെന്നത് നമ്മെ ഇരുത്തിചിന്തിപ്പിക്കും. മറുവശത്ത് ചെന്നൈയിൽ തിരുവള്ളുവരുടെയും  പൂം പുഹാറിൽ കണ്ണകിയുടെയും പ്രതിമകളിൽ പൂവിട്ടു  പൂജിച്ച് ദ്രാവിഡ ജനതയെ വാഴ്ത്തുന്ന വരികൾ പാടി ജനപിന്തുണ തേടുന്ന ഭരണകക്ഷിയും.

ഡിഡിണ്ടിക്കൽ തലപ്പക്കട്ടി ബിരിയാണി റെസ്റ്റോറന്റ്

ഏഴു മണിക്ക് പകരം രാത്രി വളരെ വൈകി പ്രചാരണത്തിനു എത്തിയ കലൈജ്ഞർ കരുണാനിധിയുടെ  "ഇത് മാതം ചിത്തിരൈ, സമയം പത്തരയ്, ഉങ്കളുക്കു നിദ്രയ്‌" എന്ന ആമുഖം കേട്ട് ഉറക്കം വിട്ടു കരഘോഷം മുഴക്കുന്ന ആയിരങ്ങളെ  ഞാൻ കണ്ടിട്ടുണ്ട്. അതാണ് തമിഴകം.

ട്രാക്ടർ മണ്ണൊരുക്കുന്ന പാടശേഖരങ്ങൾക്കിടയിൽ ദേവീ ദേവന്മാരുടെ നാലാൾ  പൊക്കമുള്ള പ്രതിമകൾ വർ ണ്ണപ്പൊലിമ മായാതെ നിൽക്കുന്നു. അവയ്ക്കിടെ ആധുനിക രീതിയിൽ ബെയ്ൽ ചെയ്ത കച്ചിക്കെട്ടുകൾ കൂ ട്ടിയിട്ടിട്ടുണ്ട്. പാടശേഖരങ്ങൾക്കു മുകളിലൂടെ  തലങ്ങും വിലങ്ങുമായി പോകുന്ന ഹൈടെൻഷൻ വൈദ്യുതി ലൈനുകൾ തമിഴകത്തിന്റെ കാർഷിക  വ്യാവസായിക  സമൃദ്ധി വിളിച്ചോതുന്നു.  

നാമക്കലിൽ പണിതിറക്കിയ പുതിയ  ബസ്

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ട്രക്ക്, ബസ് ബോഡി  നിർമ്മാണ കേന്ദ്രമാണ് നാമക്കൽ. ദക്ഷിണേന്ത്യ ക്കു മുഴുവൻ വേണ്ട കോഴികളെയും കോഴിക്കുഞ്ഞുങ്ങളെയും  കോഴി മുട്ടയും സപ്ലൈ  ചെയ്യുന്നതും അവർ തന്നെ. അവയ്ക്കു പുറമെ നിരവധി അനുബന്ധ വ്യവസായ  സംരംഭങ്ങളും കാണാനുണ്ട് .

കരിമ്പിൻ തോട്ടങ്ങൾ നനയ്ക്കാൻ കാവേരിയുടെ കൈവഴി

ബാഗ്ലൂർ യാത്രക്കിടയിൽ രാത്രി തങ്ങിയ സേലത്തു വെളുപ്പിന് അഞ്ചരക്ക് ഒരു ചായ കുടിക്കാനും പത്രങ്ങൾ വാങ്ങാനും പൂത്തിറങ്ങിയ ഞാൻ പത്രം എവിടെ കിട്ടും എന്ന ചോദ്യം ഉതിരും മുമ്പേ 'കയറണം , ഹോപ് ഓൺ' എന്ന മറുവടിയാണ് ഒരു സ്‌കൂട്ടർകാരി നൽകിയത്. അവർ എന്ന ഒരു ഫർലോങ് അകലെയുള്ള ന്യൂ ബസ്സ്റ്റാൻഡിൽ പത്രങ്ങൾ കെട്ടുപൊട്ടിച്ച് അടുക്കുന്ന ഒരു നിര ആളുകളുടെ  മുമ്പിൽ എത്തിച്ചിട്ടു ഓടിച്ചു പോയി. നന്ദി പറഞ്ഞപ്പോൾ 'വെൽകം' എന്ന് പറഞ്ഞു.

ജയ അന്നും ഇന്നും എന്നും

പ്രബുദ്ധവും  വിദ്യാസമ്പന്നവും വികസിതവുമാണെന്ന  അഹങ്കാരം തലയിലേറ്റി നടക്കുന്ന മലയാള നാട്ടിൽ  ഏതെങ്കിലുമൊരു മലയാളി പെൺകുട്ടി ഇങ്ങിനെ ചെയ്യുമോ എന്ന് ഞാൻ ചിന്തിച്ചു പോയി. ജനനനിയന്ത്രണത്തിലും സാക്ഷരതയിലും തമിഴർ മുന്നേറുകയാണെന്നാണ് കേൾവി. പട്ടി എന്ന തമിഴ് ഗ്രാമങ്ങളിൽ ചെരിപ്പിടാത്ത കുട്ടികളെ ഇന്ന് കാണാനില്ല. യൂണിഫോം ധരിച്ച കുട്ടികൾ സ്‌കൂൾ ബസുകളിൽ കയറിപ്പോകുന്നു.

 ദ്രാവിഡ മുദ്രാവാക്യവുമായി ഭരണകക്ഷി

നാമക്കലും ധർമ്മപുരിയിലും ഹൈവേ സൈഡിൽ കണ്ട ഗവർമെന്റ് മെഡിക്കൽ കോളജ് കോംപ്ളക്സുകൾ ആരെയും പിടിച്ച്‌ നിർത്തും. പ്രൈവറ്റ് വനിതാകോളജുകളും ഇന്റർനാഷണൽ  മുദ്രകുത്തിയ സിബിഎസ്ഇ സ്‌കൂളുകളും തോളോട് തോൾ ചേർന്ന് നിൽക്കുന്നു.

വളർച്ച വഴിഞ്ഞൊഴുകുന്ന നാമക്കൽ

ചെന്നൈയിൽ നിന്ന് ബാംഗ്ലൂർക്കു പോകുന്ന ഹൈവേയിൽ ശ്രീപെരുമ്പത്തൂരിൽ സാംസങ് ഫാക്ടറിയിൽ മാസങ്ങളായി നടക്കുന്ന തൊഴിലാളി സമരം മാത്രം ഒരപവാദമായി തോന്നുന്നു. സമരംചയ്ത കുറെ തൊഴിലാളികളെ  മാനേജ്‌മെന്റ് പിരിച്ച് വിട്ടു. അവരെ തിരിച്ചെടുക്കാൻ വേണ്ടിയാണ് സമരം. ധാരാളം കൊറിയക്കാർ ജോലിചെയ്യുന്ന  ഈ ഫാക്ടറിക്ക്  സമീപം കൊറിയൻ റെസ്റോറന്റുകൾ വരെ തുറന്നിരുന്നു.

തോളോടു തോൾ ചേർന്നു സേലത്തെ വനിതകൾ
 

Join WhatsApp News
Sunil 2025-02-25 15:15:54
Thank you for this great article.
മാറ്റേണ്ടത് ഈ അധര്മ അടിമത്ത മനോഭാവം 2025-02-25 16:00:36
വിവരങ്ങളുടെ ഉതുന്ഗത്തിൽ വിഹരിക്കുന്ന നമ്മൾ ഒന്നും പുതിയതായി പഠിക്കാനില്ല . , രാഷ്ട്രീയ, ജാതിമത , അഴിമതി പ്രഭുക്കൾക്കു അടിമകളായീ , ലോട്ടറി എടുക്കുന്നപോലെ, പ്രതികരിക്കാതിരുന്നാൽ നാളെ എന്തെങ്കിലും തടയും എന്ന താത്കാലിക അടവ് മഹത്വം എന്ന് കരുതി എല്ലാവരെയും സുഖിപ്പിച്ചു ,നശിച്ചു നാറാണക്കല്ലായാലും ഇത്തരം ചക്ര വ്യൂഹത്തിൽ നിന്ന് നാം പുറത്തു വരില്ല. ചോദ്യങ്ങൾ ഇല്ലെങ്കിൽ ഉത്തരം നൽകേണ്ട ആവശ്യമില്ല, ചോദ്യം ചെയ്തില്ലെങ്കിൽ തിരുത്തൽ എന്തിനു. വിവരമുള്ള പുതിയ തലമുറ ഇവിടം നന്നാകുകയില്ലെന്നു ഒറപ്പായതുകൊണ്ടു നാട് വിടുന്നു. അടുത്ത സംസ്ഥാനത്തു പോയാൽ പോലും തന്റെ വിദ്യഭ്യസത്തിന് അനുസരിച്ചു ഒരു ജോലികിട്ടും . ഇവിടെ ബംഗാളികളെ കണ്ടു ഊറ്റം കൊള്ളുന്നവർ, ഗൾഫിൽ അതേ ബംഗാളികളെ പോലെ മലയാളികളും ജോലിചെയ്യതു നാട്ടിൽ അവരെ തീറ്റിപ്പോറ്റുന്നു. മാറ്റേണ്ടത് ഈ അധര്മ അടിമത്ത മനോഭാവം അത് നമുക്ക് എത്ര പ്രിയമാണെങ്കിലും, അല്ലാതെ പണ്ട് പാടിയ "മാറ്റുവിൻ ചട്ടങ്ങളെ" എന്നല്ല . ഒന്നും സംഭവിക്കില്ല എന്നാലും സ്വപ്നങ്ങൾക്ക് അടിമത്തം ബാധകമാല്ലല്ലൊ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക