Image

മദ്‌റസ അധ്യാപകനും നാലുവയസ്സുകാരനായ മകനും തമിഴ്‌നാട്ടിൽ അപകടത്തിൽ മരിച്ചു; ഭാര്യയും മകളും ഗുരുതരാവസ്ഥയിൽ.

രഞ്ജിനി രാമചന്ദ്രൻ Published on 25 February, 2025
മദ്‌റസ അധ്യാപകനും നാലുവയസ്സുകാരനായ മകനും തമിഴ്‌നാട്ടിൽ അപകടത്തിൽ മരിച്ചു; ഭാര്യയും മകളും ഗുരുതരാവസ്ഥയിൽ.

മലപ്പുറം സ്വദേശിയായ മദ്‌റസ അധ്യാപകനും നാലുവയസ്സുകാരനായ മകനും തമിഴ്‌നാട്ടിൽ ലോറിയിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ചു. ഭാര്യയും മകളും ഗുരുതരാവസ്ഥയിൽ. മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം മാളികപ്പമ്പിൽ പൂളാങ്കുണ്ടിൽ തരകൻ മുഹമ്മദ് സദഖത്തുള്ള വഹബി (32), മകൻ മുഹമ്മദ് ഹാദി (4) എന്നിവരാണു മരിച്ചത്. ഭാര്യ ഫാത്തിമ സുഹറ (23), മകൾ ഐസൽ മഹറ (രണ്ടര) എന്നിവർ ഗുരുതര പരിക്കുകളോടെ ഉദുമൽപേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

കാവനൂർ ഇരുവേറ്റിയിൽ മദ്രസാധ്യാപകനായ സദഖത്തുള്ള തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ കുടുംബത്തോടൊപ്പം തമിഴ്നാട്ടിലെ വിവിധ ആത്മീയകേന്ദ്രങ്ങളിലേക്കു പോയതായിരുന്നു. പകൽ മൂന്നരയോടെയായിരുന്നു അപകടം. സ്വാമിനാഥപുരം പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ലോറിയുടെ ഉള്ളിലേക്ക് ഇടിച്ചുകയറിയ കാർ ക്രെയിനുപയോഗിച്ച്‌ വലിച്ചെടുക്കുകയായിരുന്നു. മൃതദേഹങ്ങൾ പഴനി സർക്കാർ ആശുപത്രി മോർച്ചറിയിൽ. സ്വാമിനാഥപുരം പോലീസ് കേസെടുത്തു.

പരേതനായ അബ്ദുൽകരീമിന്റെയും റംലത്തിന്റെയും മകനാണ് സദഖത്തുള്ള. കേരള ജംഇയ്യത്തുൽ ഉലമ യുവജനവിഭാഗമായ എസ്.വൈ.എഫ്. മലപ്പുറം ജില്ലാസമിതി അംഗവും ഐ.കെ.എസ്.എസ്. മഞ്ചേരി മേഖലാ കൺവീനറുമാണ്. സഹോദരങ്ങൾ: ഹിദായത്തുള്ള, കിഫായത്തുള്ള, ഇനായത്തുള്ള. 

 

 

 

English summery:

A madrasa teacher and his four-year-old son died in an accident in Tamil Nadu; his wife and daughter are in critical condition.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക