Image

കേരള സെന്റർ (അവലോകനം: സുധീർ പണിക്കവീട്ടിൽ)

Published on 26 February, 2025
കേരള സെന്റർ  (അവലോകനം: സുധീർ പണിക്കവീട്ടിൽ)

ന്യുയോർക്ക്നഗരത്തിലെ ക്വീൻസ്ബോറോ ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന (diverse) സ്ഥലങ്ങളിൽ ഒന്നാണത്രെ.   പല പല രാജ്യത്തുനിന്നുമുള്ള  ജനങ്ങൾ കുടിയേറി പാർത്തിരിക്കുന്നത്, പാർക്കുന്നത് ഇവിടെയാണ്, അതിൽ നമ്മുടെ മലയാളികളും ചേരുന്നു.ഇവിടെ നമുക്ക് ധാരാളം ethnic enclaves  ഉണ്ട്. അതായത് കുടിയേറിയ രാജ്യത്തേക്ക് വന്ന, ഒരേ ഭാഷയും സംസ്കാരവുമുള്ളവർ, ഒരേ നാട്ടുകാർ ഒരുമിച്ച് ഒരിടത്ത് താമസിക്കുന്നത്. ഇത്തരം എൻക്ലേവ്സ് പുതുതായി വരുന്നവർക്ക്  അപരിചിതമായ ചുറ്റുപാടുമായി ഇണങ്ങിച്ചേരാൻ ഗുണകരമെങ്കിലും അവർക്ക് കൂടുതൽ പുരോഗമനം നേടാൻ അവിടെ സമൂഹ കേന്ദ്രങ്ങൾ (community centers) ആവശ്യമാണ്. പ്രവാസികളായി എത്തിപ്പെട്ടവർക്ക് സാംസ്കാരിക സംരക്ഷണം, സാമ്പത്തിക പിന്തുണ, സാമൂഹിക സുരക്ഷാ എന്നിവ പ്രദാനം ചെയ്യുക ഇത്തരം സെന്ററുകളുടെ അടിസ്ഥാനപരമായ ലക്ഷ്യങ്ങളാണ്.

ഇന്ന്  മലയാളികൾക്ക് അഭിമാനിക്കാൻ ഒരു കേരളം സെന്റർ ഉണ്ട്. അതിന്റെ സ്ഥാപകനായ ശ്രീ സ്റ്റീഫൻ രചിച്ച കേരളം സെന്റർ എന്ന പുസ്തകത്തിലൂടെ ഒന്ന് കണ്ണോടിക്കാം. കേരളത്തിന്റെ തനതായ കലകൾ അവതരിപ്പിക്കാനും, വിദ്യാഭ്യാസ സെമിനാറുകൾ നടത്താനും, നാട്ടിൽ നിന്നും പ്രശസ്തരായവരെ കൊണ്ടുവന്നു പ്രസംഗിപ്പിക്കാനും, കേരള സെന്റർ വേദിയാകുന്നു. സാഹിത്യ ചർച്ചകൾക്കും, വിവിധ മേഖലകളിൽ ഗണ്യമായ സംഭാവനകൾ ചെയ്തവരെ ആദരിക്കാനും കേരള സെന്റർ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു.  സർഗ്ഗവേദിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളായ എനിക്ക്  അതിന്റെ ആരംഭകാലങ്ങളിൽ  ശ്രീ സ്റ്റീഫനുമായി പരിചയപ്പെടാൻ അവസരമുണ്ടായിട്ടുണ്ട്. അന്നുതൊട്ട് അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും ഇന്നും തുടരുന്നു. അദ്ദേഹം ഇങ്ങനെ ഒരു പുസ്തകം എഴുതി അതയക്കുന്നു എന്നറിയിച്ചപ്പോൾ വളരെ സന്തോഷം തോന്നി.

കുടിയേറ്റക്കാരിൽ പലരും ഇവിടെ വരുന്നതിനു മുൻപ്  അവരുടെ രാജ്യത്തും ഇവിടെ വന്നതിനുശേഷം ഇവിടത്തെ രാഷ്ട്രീയ മേഖലകളിലും  വ്യാപ്രുതരാണ്. കേരള സെന്ററിന്റെ പിതാവും രക്ഷകനുമായ, ശ്രീ ഇ എം സ്റ്റീഫൻ  (എം കെ സാനുമാഷിന്റെ ഭാഷയിൽ യുവസാഹസികനായ, ന്യുയോർക്കിലെ ഇ എം എസ് എന്നും ) തന്റെ സ്വദേശത്തെ രാഷ്ട്രീയ ജീവിതപരിചയങ്ങൾ ഇവിടെ പ്രയോഗികമാക്കുന്നതിനു പകരം തന്റെ സമൂഹത്തിനു ഒത്തു ചേരാൻ ഒരു ഇടം സ്ഥാപിക്കുന്നതിനാണ് ശ്രദ്ധ പതിപ്പിച്ചത്. ശ്രീ സ്റ്റീഫന്റെ രാഷ്ട്രീയ പാരമ്പര്യത്തെപ്പറ്റി ഈ പുസ്തകത്തിന്റെ അവതാരികയിൽ പറയുന്നുണ്ട്.
അദ്ദേഹത്തിന്റെ പിതാമഹനായ ഇലവുങ്കൽ എത്ത (എത്ത എന്നത് ഒരു പക്ഷെ എസ്തഫാൻ എന്ന പേരിന്റെ ലോപമായിരിക്കാം. എസ്തഫാൻ സ്റ്റീഫൻ എന്ന പേരിന്റെ മലയാള ഭാഷ്യമാണല്ലോ. ആ പേരായിരിക്കും ശ്രീ സ്റ്റീഫന് കിട്ടിയത്). ശ്രീ എത്തയുടെ  സ്വാഭാവത്തെപ്പറ്റി അവതാരികയിൽ എസ് പി നമ്പൂതിരി  ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. പ്രശസ്‌തിമോഹമില്ലാത്ത അദ്ദേഹത്തിന്റെ കർമ്മകുശലത ലക്ഷ്യോന്മുഖമായി നീങ്ങുമ്പോൾ അദ്ദേഹം പ്രകടിപ്പിക്കുന്ന ധീരോദാത്തത. പൂർവപിതാമഹന്റെ സ്വഭാവഗുണം തന്നെ ശ്രീ സ്റ്റീഫനും കാണിച്ചു. അമേരിക്കയിലെ ന്യുയോർക്കിൽ മലയാളികൾക്കായി ഇങ്ങനെ ഒരു സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാൻ അദ്ദേഹത്തിന് സാധിച്ചത്  അതുകൊണ്ടാണ്.

മലയാളികൾ എല്ലാവരും മലയാളം പറയുന്നവരാണെങ്കിലും അവർ തമ്മിൽ സാമൂഹികമായും സാംസ്കാരികമായും അകലങ്ങൾ ഉണ്ട്. സാംസ്കാരിക അകലം എല്ലാ ദേശക്കാർ തമ്മിലുമുണ്ട്. അതൊക്കെ ഏകോപിച്ച് അവരെ ഒരു കുടക്കീഴിൽ കൊണ്ട് വരിക എന്ന ഭഗീരഥാ പ്രയത്നത്തിൽ ശ്രീ സ്റ്റീഫൻ വിജയം നേടി. ഏകതാനനായി മുകളിൽ നിന്നും താഴോട്ടുള്ള എല്ലാ കാര്യങ്ങളും സ്വയം ഏറ്റെടുക്കാതെ അദ്ദേഹം ഉത്സാഹികളായ കുറെ പേരെ തന്റെ ഒപ്പം പ്രവർത്തിക്കാൻ തയ്യാറാക്കി. വ്യക്തികളുമായി ബന്ധം പുലർത്തുകയും അവരുമായി സഹപ്രവർത്തനം ചെയ്യുകയും പരസ്പര ചർച്ചകളിലൂടെ നിർണ്ണായക തീരുമാനം എടുക്കുകയും ചെയ്തു. അതിനുദാഹരണമാണ്  ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്ന അദ്ദേഹവുമായി പ്രവർത്തിച്ചവരുടെ ലേഖനങ്ങൾ,

മലയാളികൾക്ക് ഒത്തുചേരാനൊരു സംഗമസ്ഥാനം എന്ന ആശയത്തിന് ശ്രീ സ്റ്റീഫൻ ബീജാവാപം ചെയ്തപ്പോൾ അത് വളർന്നു ഒരു മരമാകുന്നത് അവരൊക്കെ സ്വപനം കണ്ടു.  ആ സ്വപ്‍ന സാക്ഷാത്കാരത്തിനായി അവർ ശ്രീ സ്റ്റീഫനുമൊത്ത് പ്രവർത്തിച്ച വിവരങ്ങൾ അവരുടെ ലേഖനങ്ങളിൽ ഉണ്ട്. ശ്രീ ജോസ് ചെരിപുറത്തിന്റെ ലേഖനത്തിൽ   കേരളം സെന്ററിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹത്തിന് ഉണ്ടായ അനുഭവം  "കേരളത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ കേൾക്കാൻ, മലയാള പ്രസംഗങ്ങൾ കേൾക്കാൻ അമേരിക്കൻ മലയാളികൾക്ക് എത്രയധികം താൽപര്യമുണ്ടെന്ന് നേരിട്ടറിയാൻ കഴിഞ്ഞത്  നല്ലൊരു അനുഭവമായി മനസ്സിൽ സൂക്ഷിക്കുന്നുവെന്നാണ്."

നേതൃപാരമ്പര്യമുള്ള ശ്രീ സ്റ്റീഫൻ വ്യത്യസ്ത മതക്കാരായ, ജാതിക്കാരായ, വ്യത്യസ്ത  ജില്ലകളിൽ നിന്ന് വന്ന മലയാളികൾക്ക് ഒത്തുചേരാനായി  കേരളം സെന്റർ എന്ന ഒരു ആസ്ഥാനം സ്ഥാപിച്ചപ്പോൾ ആ കെട്ടിടത്തിൽ താഴെ പറയുന്ന വരികൾ കൊത്തിവയ്ക്കാൻ  സാധിച്ചുവെന്നത് ഇപ്പോഴുള്ളവരും വരും തലമുറയും അഭിമാനത്തോടെ അഹങ്കാരത്തോടെ വായിക്കും.
“ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്”

1990 ഏപ്രിൽ മാസം 28 നു ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള അമേരിക്കൻ മലയാളികൾ ഒത്തുചേർന്ന് ഒരു യോഗത്തിലാണ് നമുക്കൊരു കേരള സെന്റർ വേണമെന്ന  തീരുമാനമുണ്ടാകുന്നത്. ഈ പുസ്തകം തയ്യാറാക്കിയ ശ്രീ സ്റ്റീഫന്റെ ലേഖനങ്ങളിലൂടെ കേരളസെന്ററിന്റെ ആരംഭം മുതലുള്ള വിശദാംശങ്ങൾ നമ്മൾക്ക് വായിക്കാം. വായനക്കാരുടെ സൗകര്യാർത്ഥം ഓരോ വിഷയവും വിവരിക്കാൻ പ്രത്യേക അധ്യായങ്ങൾ ചേർത്തിട്ടുണ്ട്. കേരള സെന്റർ എന്താണ് എന്തിനുവേണ്ടി  നിലനിൽക്കുന്നു എന്നൊരു അധ്യായം തന്നെയുണ്ട്.
കേരള സെന്ററിന്റെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും ശ്രീ സ്റ്റീഫൻ വിശദമായി വിവരിച്ചിട്ടുണ്ട്. മലയാളഭാഷാ വശമില്ലാത്തവർക്കായി  ചുരുക്കമായി ഇംഗളീഷിലും എല്ലാ വിവരങ്ങളും നൽകിയിട്ടുണ്ട്.  കേരള സെന്റർ ഒരു ചരിത്രരേഖ എന്ന് ശ്രീ സ്റ്റീഫൻ തന്നെ വിശേഷിപ്പിച്ചിരിക്കുന്ന ഈ [പുസ്തകം എല്ലാ മലയാളികളും വായിച്ചിരിക്കേണ്ടതാണ്.  ഇതിന്റെ കോപ്പിക്കായി ശ്രീ സ്റ്റീഫനുമായി  ബന്ധപ്പെടുക.  917 620 6353./ email – uzhavoor01@gmail.com.
ശുഭം
 

Join WhatsApp News
Jayan varghese 2025-02-26 08:53:54
ഇങ്ങു പടിഞ്ഞാറിവിടെയീ ഭൂമി തൻ ഇങ്ങേപ്പുറത്തിന്റെ, യീതീര ഭൂമിയിൽ വിശ്വ സംസ്ക്കാരകൊടിക്കൂറകൾ പേറി- യശ്വ രഥങ്ങളുരുണ്ടൊരീ വീഥിയിൽ, പോരാ സമൃദ്ധിയും ശാസ്ത്രവും കൈ കോർത്തു കാല പ്രവാഹം നിയന്ത്രിച്ച വേദിയിൽ, ചന്ദ്രനുദിക്കുന്ന ദിക്കിൽ നിന്നെത്രയോ തങ്കസ്വപ്നങ്ങളു മായി വന്നെത്തി നാം ! മകരക്കുളിരും മാമ്പൂ മണവും നിറഞ്ഞു നിന്ന മലയാളത്തിന്റെ മണി മുറ്റത്തു നിന്ന് ഇരതേടി പറന്നകന്ന നമ്മളാകുന്ന ദേശാടനപ്പക്ഷികൾക്ക് അന്യദേശത്തും ഒരു തണലൊരുക്കിയ ബഹുമാന്യനായ ശ്രീ ഇ.എം. സ്റ്റീഫനും സംഘവും പ്രവാസി മലയാളിയുടെ ചരിത്രത്തിന്റെ ഭാഗമായി കാലം അടയാളപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു - അഭിവാദങ്ങൾ ! ജയൻ വർഗീസ്.
abdul 2025-02-26 12:04:42
Certainly, EM. Stephen's long range vision is proud of every US Malayalees. And Sudheer written well about it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക