ഗോഡ്സ് ഹോമിന്റെ ആംബുലൻസിനു കുറച്ച് അറ്റകുറ്റപ്പണികളുണ്ട് . അതിനാൽ കുറച്ചു നാളായി അത് ഉപയോഗ ശൂന്യമാണ് . വിൽക്കുന്നതിന് മുൻപേ അതൊന്നു ശരിയാക്കണം .
സുമേദുമായി ഈ ആഴ്ച വീട്ടിൽ പോകണം .
അതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ദൗത്യം .
ബസ്സിൽ അവനെക്കൊണ്ടുപോകുമ്പോൾ ആളുകൾ ഒരു അന്യഗ്രഹ ജീവിയെ കണ്ടതുപോലെ നോക്കും. അതൊക്കെ മനസ്സിലാക്കാൻ അവനു സാധിക്കും . അപ്പോൾ ആ മുഖം കാണണം.. സങ്കടം വരും . സത്യത്തിൽ അമ്മയാണ് ഇതൊന്നും ശ്രദ്ധിക്കാത്ത ആൾ . അമ്മക്ക് അവൻ അമ്മയുടെ ഉണ്ണിക്കുട്ടനാണ് .
അഭിനനന്ദൻ ദിവസവും ഫോൺ വിളിച്ചു വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു . പ്രത്യേകിച്ചു സിത്തുവിനെക്കുറിച്ചും സുമേദിനെക്കുറിച്ചും .
നാട്ടിൽ പോകാൻ കാർ അയക്കണമോ എന്ന് ചോദിച്ചെങ്കിലും സ്നേഹപൂർവ്വം മിത്ര അതു വേണ്ടെന്നു പറഞ്ഞു .
വെള്ളിയാഴ്ച, കോയമ്പേടു ബസ് സ്റ്റാൻഡ് വരെ ഓട്ടോറിക്ഷയിൽ എത്തി .
സുമേദ് ഓട്ടോയിൽ ഇരുന്നും സൈലോഫോൺ കൊട്ടി. ഡ്രൈവർക്കും ആ സംഗീതം ഇഷ്ടമായി എന്ന് തോന്നി.
" തമ്പി നല്ല വാസിക്കരുത് "
ആദ്യമായിട്ടാണ് അങ്ങനെ ഒരാൾ പറയുന്നത് .
അവൻ വായിക്കുന്നതിൽ ഒരു ഈണമുണ്ടെന്നു തോന്നി .
ചുമ്മാ കട്ടകളിൽ കൊട്ടുകയല്ല ചെയ്യുന്നത് .
ബസ്സിൽ കയറിയതും സൈലോഫോൺ കെട്ടിപ്പിടിച്ചവൻ ഉറങ്ങിപ്പോയി . കുറച്ചു ഇരുട്ടിയതിനാൽ അമ്മ സ്റ്റാൻഡിൽ വന്നു നിൽപ്പുണ്ടായിരുന്നു .
അമ്മയെ കണ്ടതും സുമേദ് ആഹ്ലാദത്തോടെ , കെട്ടിപ്പിടിച്ചു .
മുഖം നിറയെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു .
അവൻ അമ്മയെ മാത്രമേ അങ്ങനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു മുത്തം കൊടുക്കയുള്ളൂ .
അമ്മയോടവൻ എന്തൊക്കെയോ , ഉയർന്ന ശബ്‍ദത്തിൽ സംസാരിച്ചു കൊണ്ടേയിരുന്നു .
രാത്രിഭക്ഷണത്തിനു മീൻ കറിയും മൊരിഞ്ഞ ദോശയും ആർത്തിയോടെ കഴിച്ചു .അമ്മ പിന്നെയും ദോശ ചുട്ടുകൊണ്ടേയിരുന്നു .
" അമ്മേ മതി , കഴിഞ്ഞ പ്രാവശ്യത്തെ കാര്യം ഓർമ്മ ഉണ്ടല്ലോ , ഞായറാഴ്ച ഞങ്ങൾക്ക് തിരികെ പോകണം .. "
അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി .
അമ്മ നിസ്സഹായതയോടെ അച്ചാച്ചനെ നോക്കി .
" എന്തൊരു തലയിലെഴുത്താണ് . ഭഗവാനെ ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത് . എന്റെ കുഞ്ഞിന് തൃപ്തിയോടെ ഭക്ഷണം കൊടുക്കാൻ കൂടി സാധിക്കുന്നില്ല ."
" അമ്മ എന്തിനാ കരയുന്നത് , അവനെക്കൂടെ വിഷമിപ്പിക്കാനാണോ ? "
സുമേദ് അമ്മയുടെ കണ്ണ് തുടച്ചു . ഭക്ഷണം മതിയെന്ന് ആംഗ്യം കാണിച്ചു . അതും അമ്മയെ കൂടുതൽ വിഷമിപ്പിച്ചു .
കിടക്കുന്നതു വരെ ആരും ഒന്നും തമ്മിൽ സംസാരിച്ചില്ല . അമ്മയുടെ തേങ്ങലുകൾ മാത്രം അവിടെ തങ്ങി നിന്നു.
രാവിലെ തന്നെ സുമേദ് എഴുന്നേറ്റു, മുറ്റത്തൊക്കെ ഓടി നടന്നു .
അമ്മ അവന്റെ പുറകെയും .
അഭിനന്ദൻ
രാത്രിയിൽ വിളിച്ചിരുന്നു .പക്ഷെ രാവിലെ ആണത് ശ്രദ്ധിച്ചത് .
തിരികെ വിളിച്ചപ്പോൾ , അയാൾ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു..
" എന്താ മിത്ര ഇങ്ങനെ , ചെന്ന വിവരം ഒന്ന് വിളിച്ചു പറയുകയോ , അല്ലെങ്കിൽ മെസ്സേജ് അയച്ചു പറയുകയോ ചെയ്തുകൂടേ ..? "
ആ ശബ്‍ദത്തിൽ കരുതലും ഉത്കണ്ഠയും ഉണ്ടായിരുന്നു .
എന്താണ് അതിനു മറുപടി പറയേണ്ടത് എന്ന് ചിന്തിച്ചവൾ നിന്നു .
" ശരി അതൊക്കെ പോട്ടെ , അമ്മയും മുത്തശ്ശനും എന്ത് പറയുന്നു ?
" 'അമ്മ ആകെ എക്സൈറ്റഡ് , അച്ചാച്ചൻ ഹാപ്പി .."
"സുമേദ് ?
" അവൻ മുറ്റത്ത് ഓടിക്കളിക്കുന്നു "
" സൈലോഫോൺ താഴെ വെച്ചോ ?"
" അതു ബസ്സിൽ കയറിയത് മുതൽ തൊട്ടിട്ടില്ല.. "
" തിരികെ വരാൻ ഞാൻ വണ്ടി വിടും . താൻ ആ ലൊക്കേഷൻ ഒന്ന് അയച്ചേക്കു .."
എന്തോ വേണ്ട എന്ന് പറയാൻ തോന്നിയില്ല .
ഒരു ദിവസം കടന്നുപോയത് അറിഞ്ഞില്ല .
നാളെ പുറപ്പെടണം .
രാത്രിയിൽ അമ്മയോടു ചേർന്ന് സുമേദ് കിടന്നു . ഇടുത്തുവശത്തായി മിത്രയും.അപ്പോൾ അമ്മ ചോദിച്ചു..
" നീ അടുത്തെങ്ങാനും തിരുവണ്ണാമലൈ പോകുമോ ? "
" ഞാൻ എന്തിനാ അവിടെ പോകുന്നത് ?"
" അല്ലാ കുറച്ചു നാൾ മുൻപേ,ഗിരിവലം ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞില്ലേ ?
" അങ്ങനെ അന്നു വിചാരിച്ചു .
ഒരുപാട് ദൂരം നടക്കണം അമ്മാ . സുമേദുമായിട്ടു പോകണമെന്നാണ് വിചാരിച്ചത്. ആ ആഗ്രഹം വിട്ടു.. "
" എന്താ പെട്ടെന്ന് തിരുവണ്ണാമലൈ.. ?"
" കഴിഞ്ഞ മാസം നമ്മുടെ അടുത്തവീട്ടിലെ ഗംഗയും അമ്മയും അവിടെ പോയിരുന്നു . അച്ഛനെ അവർ അവിടെ വെച്ചു കണ്ടുവെന്ന് .. മുടിയും , മീശയും ഒക്കെ നീട്ടി വളർത്തി.. "
" വീട്ടിലെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സാധിക്കാതെ ഒളിച്ച് ഓടിപ്പോയ അയാളെ തിരക്കി ഞാൻ പോകണമോ ..? ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചത് ക്ഷമിക്കാം . വയസ്സായ സ്വന്തം അച്ഛനെപ്പോലും നോക്കാതെ നാടുവിട്ടു.. "
അമ്മ അതിനുത്തരമായി നെടുവീർപ്പിട്ടു .
കൂടുതൽ പറഞ്ഞുകൊണ്ട് അമ്മയെ വേദനിപ്പിക്കേണ്ട എന്ന് കരുതി അവൾ മൗനമായിരുന്നു .
ജോലി വിട്ടതും ഗോഡ്സ് ഹോമിൽ ചേർന്നതും എല്ലാം സ്വന്തം ഇഷ്ടത്തോടെ ആയിരുന്നു .
അതിൽ ഒരിക്കലും ഖേദം തോന്നിയിട്ടില്ല . അമ്മയും അച്ചാച്ചനും തനിയെ.. അതാണ് സങ്കടം. അമേരിക്കയിൽ ആയിരുന്നപ്പോൾ ബാങ്കിലിട്ട പൈസയുടെ പലിശ . പിന്നെ അമ്മ തയ്ച്ചു വിൽക്കുന്ന നൈറ്റിയുടെ വരുമാനം ..
ഒരു ആർഭാടവും ഇല്ലെങ്കിലും ചിലവിനും മരുന്നിനും ഒക്കെയായി ഒരുപാട് കാശ് വേണം. എങ്ങനെയൊക്കെയോ ദിവസങ്ങൾ തള്ളി നീക്കുന്നു .
സ്കൂളിൽ നിന്നുള്ള ശമ്പളം മതി കഷ്ടിച്ചു ജീവിക്കാൻ .
സുമേദിന്റെ ചിലവിനു സ്കൂളിൽ എല്ലാ മാസവും ഒരു തുക കൊടുക്കണം . ദാരിദ്ര്യം പറഞ്ഞാൽ ആളുകൾ പറയും , നല്ല ജോലി വിട്ടതല്ലേ, അനുഭവിക്ക്.
ഒരുപാടു പേർക്കും മനസ്സിലാകില്ല താൻഎന്താണ് പറയുന്നതെന്ന് . കൂട്ടുകാരുടെ ഇടയിൽകൂടിയും , സംപ്രീതിക്കു മാത്രം തന്നെക്കുറിച്ച് അറിയാം .
ഓരോന്ന് ആലോചിച്ചാലോചിച്ച് എപ്പോഴാണ് ഉറങ്ങിയതെന്ന് അറിയില്ല .
ഞായറാഴ്ച തിരികെ പോകാൻ തുടങ്ങിയപ്പോൾ അമ്മ പതിവുപോലെ , കുറെ സാധനങ്ങൾ പൊതിഞ്ഞു . അച്ചാറും , കുറച്ചു പലഹാരങ്ങളും .
വൈകുന്നേരം അഭിനന്ദന്റെ ഡ്രൈവറെയാണ് പ്രതീക്ഷിച്ചതെങ്കിലും
വന്നത് അഭിനന്ദൻ തന്നെയാണ്. .
അമ്മയോടും അച്ചാച്ചനോടും വിശേഷങ്ങൾ അന്വേഷിച്ചു.
അമ്മ കൊടുത്ത ചായ സന്തോഷപൂർവം വാങ്ങി കഴിച്ചു .
പോകുമ്പോൾ കൈകൂപ്പിക്കൊണ്ട് അമ്മ പറഞ്ഞു..
" എൻ്റെ രണ്ടു മക്കൾക്കായും ചെയ്യുന്ന ഈ ഉപകാരത്തിനു ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടേ.. "
അമ്മയുടെ കൈപിടിച്ചു കൊണ്ട് അയാൾ ഉത്തരം പറഞ്ഞു .
" 'അമ്മ ഭാഗ്യവതിയാണ്, ഇങ്ങനെ ഒരു മകളെ കിട്ടിയതിൽ . പൈസക്ക് വാങ്ങാൻ സാധിക്കാത്ത ഒരുപാട് കാര്യങ്ങൾ ഈ ലോകത്തുണ്ട് . അമ്മയുടെ മകൾ എനിക്കതു മനസ്സിലാക്കിത്തന്നു .. "
കാറിൽ സാധനങ്ങൾ എടുത്തു വെക്കാൻ അഭിനന്ദനും സഹായിച്ചു .
അച്ചാച്ചനോടും അമ്മയോടും യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ
സംഘമിത്ര അഭിനന്ദനോട് പറഞ്ഞു..
" ഞാൻ ഡ്രൈവർ ആക്കിയെന്നു കരുതരുത് .
സുമേദ് തനിയെ പുറകിൽ ഇരിക്കില്ല.. "
" ഒരിക്കലുമില്ല , അവന്റെയൊപ്പം പുറകിൽ ഇരുന്നാൽ മതി .."
സുമേദിന് കാറ് ഇഷ്ടമായി . സൈലോഫോൺ മടിയിൽ തന്നെ വെച്ചവൻ എന്തോ ഉരിയാടി .
" എന്താണ് സുമേദ് പറഞ്ഞത്.. "
" സത്യമായിട്ടും എനിക്ക് മനസ്സിലായില്ല .. താങ്ക്സ് ആകാനാണ് സാധ്യത.. "
യാത്രയുടെ ആദ്യം കുറച്ചു സമയം രണ്ടുപേരും നിശബ്ദരായിരുന്നു. വഴിയിലെ കാഴ്ചകൾ ആസ്വദിച്ച് സുമേദ് വെളിയിലേക്കു നോക്കിയിരുന്നു..
ആരും ഒന്നുമൊന്നും പറയാതെ സമയം കടന്നുപോയ്ക്കൊണ്ടിരുന്നു .
ചിലപ്പോൾ യാത്രയ്ക്കിടയിലുണ്ടാകുന്ന നിശബ്ദത ഒപ്പം സഞ്ചരിക്കുന്നവരുടെ ഹൃദയങ്ങൾ ഒരുമിപ്പിക്കാനുള്ള അവസരം കൂടിയാണ് .
" ഇത്രയും ദൂരം വന്നത് ബുദ്ധിമുട്ടായോ ..?"
" എനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യവും ഞാൻ ചെയ്യില്ല.. "
പിന്നെയും അവർക്കിടയിൽ നിശ്ശബ്ദത പടർന്നു .
സുമേദ് ഉറക്കമായി.
" ഞാൻ നാളെ അമ്മയെ കാണാൻ വരട്ടെ ..?
ആംബുലൻസിനു നേരിട്ട് താങ്ക്സ് പറയാനാണ്.. "
" ഞാൻ അമ്മയുടെ നമ്പർ അയച്ചു തരാം .
നേരിട്ട് വിളിച്ചിട്ടു വന്നോളൂ.."
അവർക്കിടയിൽ ഒരുപാട് കാര്യങ്ങൾ ചോദിക്കാനും പറയാനും ഉണ്ടെങ്കിലും എന്തോ രണ്ടുപേരും തമ്മിൽ കൂടുതൽ ഒന്നും സംസാരിച്ചില്ല .
അയാൾ ഇടയ്ക്കിടെ റിയർവ്യൂ മിററിലൂടെ അവളെ നോക്കി .
തൻകാര്യം മാത്രം നോക്കുന്ന ഈ തലമുറയിൽ ഇങ്ങനെയും ചിലർ.
അവളുടെ അമ്മ പറഞ്ഞത് ഓർമ്മ വന്നു .
" ഒരുപാടുപേർ ചെയ്യാൻ മടിക്കുന്നതാണ് എന്റെ മോൾ ചെയ്യുന്നത് . ജോലിയും ഭാവിയും ഉപേക്ഷിച്ചു ..
സ്വന്തം സഹോദരനായി.. "
സംഘമിത്ര സഹോദരനു മാത്രമല്ല , ഒരുപാടുപേർക്കു തുണയാണ് .
സമൂഹം പിന്തള്ളിയവർക്കായി ജീവിക്കുന്നവൾ.
വണ്ടിയിലെ തണുപ്പും മധുരമായ സംഗീതവും കൂടിയായപ്പോൾ യാത്രയിൽ എപ്പോഴോ മിത്രയും സുമേദും ഉറക്കത്തിലാണ്ടു പോയി .
സംഘമിത്രയുടെ മുഖം ശാന്തമായിരുന്നു . സുമേദിന്റെയും.
ചെന്നൈ അടുക്കാറായപ്പോൾ അഭിനനന്ദൻ മെല്ലെ വിളിച്ചു..
" മിത്രാ .."
ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നവൾ..
" വീടെത്തിയോ ?"
" ഇല്ല എത്താറായി "
" ഒരുപാടുനേരം ഉറങ്ങിയോ "
" അതിനെന്താ ..? "
" ഇത്രയും ദൂരം വണ്ടി ഓടിച്ചപ്പോൾ മിണ്ടുകയും പറയുകയും ചെയ്യാതെ ... ഐ ആം സോറി .."
" ഡോണ്ട് ബി സില്ലി .. എനിക്ക് എന്താ ഇതൊക്കെ മനസ്സിലാകില്ലേ.. ?
" സ്കൂളിലേക്കാണോ ..?
അതോ വീട്ടിലേക്കോ ..?."
" സുമേദിനെ സ്കൂളിൽ വിടണം .."
" ഓക്കേ , അവനെ വിട്ടിട്ടു മിത്രയെ ഞാൻ വീട്ടിലാക്കാം .. "
" ഞാൻ ഒരുപാട് ബുദ്ധിമുട്ടിക്കുകയാണോ ..? "
" എന്തിനാ ഇത്രയും ഫോർമൽ , അതൊക്കെ കഴിഞ്ഞല്ലോ നമ്മൾ .."
കണ്ണാടിയിൽ കൂടി അയാളുടെ കണ്ണുകൾ അവൾ കണ്ടു .
ആ
കണ്ണുകൾ ആഴ്ന്നിറങ്ങുന്നത് തന്റെ ആത്മവിലാണെന്നവൾക്കു തോന്നി .
പ്രണയം പുതഞ്ഞു വാചാലമായ ആ മിഴികളിൽ നോക്കി എന്തൊക്കെയോ സംസാരിക്കാൻ ആഗ്രഹം വന്നു .
നിന്നാത്മാവിൻ സ്പർശനങ്ങളിൽ അലിഞ്ഞു ചേരണം... നീ എനിക്കായ് തീർത്ത പ്രണയത്തിന്നാഴികളിൽ മുങ്ങണമെനിക്ക് ..
അവളുടെ മനസ്സിൽ ഉരുവിട്ട വാചകങ്ങൾ അയാൾ കേട്ടെന്നു തോന്നി..
" മിത്രയെന്തെങ്കിലും പറഞ്ഞോ , എന്നോട് എന്തോ പറഞ്ഞതുപോലെ തോന്നി.. "
അതിനവൾ ഉത്തരം പറയാതെ വീണ്ടും അയാളുടെ കണ്ണുകളിൽത്തന്നെ നോക്കിയിരുന്നു .
സ്കൂളിന്റെ ഗേറ്ററിനു മുൻപിൽ വണ്ടി നിർത്തി .
വീട്ടിൽ നിന്നും പുറപ്പെട്ടപ്പോൾ തോന്നിയ ഉത്സാഹം സുമേദിന്റെ മുഖത്തു കാണുന്നില്ല .
അവൻ തന്റെ സൈലോഫോൺ എടുത്തു കൊണ്ട് ഉള്ളിലേക്ക് പോയി ; അല്ല പുറകോട്ടു നോക്കാതെ ഓടുകയായിരുന്നു .
അവനെ അനുഗമിച്ചു മിത്രയും .
കാർ ഒതുക്കി നിർത്തിയിട്ട് അമ്മ കൊടുത്തുവിട്ട സാധനങ്ങൾ എടുത്തു കൊണ്ട് അഭിനന്ദനും കൂടെ ചെന്നു .
സുമേദ് ഓടി പോയത് സിത്താരയുടെ മുറിയിലേക്ക് ആയിരുന്നു .
അവൾ അവിടെ
ഉണ്ടായിരുന്നില്ല .
ആശ, സുമേദ് വരുന്നതുകണ്ട് , ഇടനാഴിയിലേക്ക് തലയിട്ടു നോക്കി. എന്നിട്ട് സംഘമിത്രയോടായി പറഞ്ഞു..
" ഇന്നലെ രാത്രിയിൽ സിത്താരക്ക് പിന്നെയും വല്ലാതെ ഫിറ്റസ് വന്നു , ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി . ശർദിക്കുന്നു മുണ്ടായിരുന്നു .."
" അയ്യോ എന്നിട്ട് എന്നെ എന്താ വിളിക്കാഞ്ഞത് ?"
" ജനനി ആന്റി പറഞ്ഞു , വേണ്ടായെന്ന്. വളരെ നാളുകൾക്കുശേഷം സുമേദിനെയും കൂട്ടി വീട്ടിൽ പോയതല്ലേ .. ? "
പുറകെ വന്ന അഭിനന്ദൻ ചോദിച്ചു..
" എന്താണ് സംഭവിച്ചത് .. ? "
" സിത്താര വീണ്ടും ഹോസ്പിറ്റലിൽ ആയി .."
" എവിടെയാണ് , നമുക്ക് പോകാം.. "
കൈയിലിരുന്ന സൈലോഫോൺ താഴെ ഇട്ടിട്ടു സുമേദ് അവ്യക്ത ശബ്‌ദത്തിൽ എന്തൊക്കെയോ പറഞ്ഞു കരയാൻ തുടങ്ങി .
അവനെ മറ്റൊരു കുട്ടിയുടെ അമ്മയായ വിശാലാന്റിയെ ഏല്പിച്ചിട്ടവർ ഹോസ്പിറ്റലിലേക്ക് പോയി.
മുറിയിൽ ജനനി , സിത്താരയിലും അവശയായിരിക്കുന്നു .
ഡ്രിപ്സ് കയറ്റുന്നുണ്ട് .
സാധാരണ സംഘമിത്രയെ കണ്ടാൽ പൊട്ടിക്കരയുന്ന ജനനി ആകെ തളർന്ന സ്വരത്തിൽ ചോദിച്ചു..
" നീ വന്നോ.. , ഞാനാണ് നിന്നെ വിവരം അറിയിക്കേണ്ട എന്ന് പറഞ്ഞത് .. "
" എന്താണ് പിന്നെയും സംഭവിച്ചത് ..?
" കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ, വൊമിറ്റിങ് .
ഫിറ്റസ് കുറച്ചു കൂടുതൽ ആയിരുന്നു ."
" ഡോക്ടർ എന്തു പറഞ്ഞു ?'
" ഈ ഡ്രിപ്സ് തീരുമ്പോൾ വീട്ടിൽ പോകാം .
ബ്ലഡ് ടെസ്റ്റ് റിസൾട്ട് ഇപ്പോൾ കിട്ടും.. "
തുടരും..