Image

ആവിഷ്‌കാരങ്ങളിലെ ബിംബങ്ങൾ (ഷുക്കൂർ ഉഗ്രപുരം)

Published on 27 February, 2025
ആവിഷ്‌കാരങ്ങളിലെ  ബിംബങ്ങൾ (ഷുക്കൂർ ഉഗ്രപുരം)

വൈഷ്ണവ പാരമ്പര്യത്തിലെ ഭക്തിസംഗീതത്തിൽ ജയദേവൻ്റെ ഗീതഗോവിന്ദത്തിനുള്ള പ്രാധാന്യത്തെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ. രാധാ-കൃഷ്ണ പ്രണയത്തിന് ഭക്തിയുടെയും സമർപ്പണത്തിൻ്റെയും മാനം നൽകുന്ന ഒരു ആവിഷ്കാരമാണ് ഗീതഗോവിന്ദം. കൃഷ്ണനോടുള്ള രാധയുടെ പ്രണയത്തിന് ദിവ്യപ്രണയത്തിൻ്റെ മാനം നൽകുന്നു ജയദേവൻ. സ്വാഭാവികമായും മുമുക്ഷുവായ ജീവാത്മാവിൻ്റെ പ്രതീകമായി രാധ മാറുന്നു. ഒരു സാഹിത്യകൃതി എന്ന നിലക്ക് വിരഹത്തിൻ്റെയും തുടർന്നുള്ള യോഗത്തിൻ്റെയും ഭക്തിയുടെയും ഉജ്വലമായ ആവിഷ്കാരമാണ് ജയദേവകൃതി.

ഒരേസമയം ഐന്ദ്രിയവും അതേസമയം തന്നെ ആത്മീയവും ആണെന്നുള്ളതാണ് ഈ കാവ്യത്തിൻ്റെ സവിശേഷത.

ഇത്തരം ഫോക്‌ലോർ ആവിഷ്കാരങ്ങളെ ദിവ്യാനുഭൂതിയുടെ മെറ്റഫറുകളായി സൂഫി കവികൾ സ്വീകരിച്ചിട്ടുണ്ട്. രാധാ-മാധവകഥയാകട്ടെ, ഹിന്ദുസ്താനി സംഗീത പാരമ്പര്യത്തിൻ്റെ ഭാഗവുമാണ്. തുമ്‌രികളിലും ഖയാലുകളിലും പരമ്പരാഗത കൃതികളിൽ പലതിലും വ്യക്തമായും വ്യംഗ്യമായും രാധാ-മാധവ ജോടി കടന്നുവരുന്നുണ്ട്. 1960ൽ റിലീസായ കോഹിനൂർ സിനിമയിൽ ശകീൽ ബദായൂനി എഴുതി നൗഷാദ് ഈണം പകർന്ന് മുഹമ്മദ് റഫി പാടിയ "മധുബൻ മെ രാധികാ നാചേ രെ" എന്ന ഗാനം തുമ്‌രിയുടെയും നാട്യസംഗീതത്തിൻ്റെയും ഘടകങ്ങൾ മിക്സ് ചെയ്തുകൊണ്ടുള്ള കോംപൊസിഷനാണ്.

ഉസ്താദ് ബഡേ ഗുലാം അലി ഖാൻ മുതൽ സുരേഷ് വാദ്കർ വരെ പലരും ആലപിച്ചിട്ടുള്ള വിഖ്യാതമായ തുമ്‌രിയാണ് "കാ കരൂ സജ്നീ ആയേനബാലം". വിരഹത്തെ തീവ്രമായി ആവിഷ്കരിക്കുന്ന ഇതിലെയും കഥാപാത്രങ്ങൾ രാധയും കൃഷ്ണനും തന്നെ. അതുപോലെ തീവ്രമായ ഒരാവിഷ്കാരമാണ് "ബാജു ബന്ധ് ഖുൽ ഖുൽ ജായേ" എന്ന തുമ്‌രി. ബീഗം അക്‌തറും ഗിരിജാ ദേവിയുമൊക്കെ ഇത് പാടിയിട്ടുണ്ട്.

ഇനി സൂഫി സംഗീതത്തിലേക്ക് വന്നാൽ ബുല്ലേ ഷായുടെയും ഖാജാ മീർ ദർദിൻ്റെ ശഷ്യനായ ഹസ്റത് ഷാ നിയാസിൻ്റെയുമൊക്കെ കാഫികളിലും ഖവ്വാലികളിലും രാധാ-മാധവ പ്രണയം പ്രതീകമായി മാറുന്നുണ്ട്. ഇത്തരം മിത്തിക്കൽ, ഫോക്‌ലോർ ആവിഷ്കാരങ്ങൾ സൂഫി സംഗീതത്തിലെ രൂപകങ്ങളായിത്തീരുന്നത് മുകളിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അതിൽ രാധാ-കൃഷ്ണ കഥക്ക് പുറമെ ചില ഉദാഹരണങ്ങൾ കൂടി സൂചിപ്പിക്കാം.

+ ലൈലാ-മജ്നു: റൂമി, ജാമി തുടങ്ങിയവരുടെ കൃതികൾ ഉദാഹരണം.

+ ഹീർ-രാഞ്ഝ: പഞ്ചാബി നാടോടി പാരമ്പര്യത്തിലുള്ള ഈ കഥാപാത്രങ്ങളെ ബുല്ലേ ഷാ, വാരിസ് ഷാ തുടങ്ങിയവർ ഉപയോഗിച്ചിട്ടുണ്ട്.

+ സോഹ്‌നി-മഹിവാൽ: ഇത് സിന്ധി ഐതിഹ്യ കഥാപാത്രങ്ങളാണ്. ബുല്ലേ ഷായുടെ കവിതകളിൽ ഇവരും വരുന്നുണ്ട്.

+ ശീറീൻ-ഫർഹാദ്: പേർഷ്യൻ മിതോളജിയിലെ ഈ കഥാപാത്രങ്ങളെ റൂമിയും ഹാഫിസും ഉപയോഗിച്ചിട്ടുണ്ട്.

എന്തിനധികം. റാണി പദ്മിനി എന്ന പത്മാവതും രത്തൻ സേനനും മലിക് മുഹമ്മദ് ജയാസിയുടെ കഥാപാത്രങ്ങളാണ്. ചരിത്രവുമായി റാണി പദ്മിനിക്ക് ബന്ധമൊന്നുമില്ല. ജയാസിയുടെ കവിതയിൽ ദിവ്യസൗന്ദര്യമാണ് പത്മാവത്. രത്തൻ സേനൻ ഒരു ആത്മാന്വേഷിയും. ഈഗോയെയും ഐഹികതയിൽ മുങ്ങിയ ആത്മാവിനെയുമാണ് ജയാസിയുടെ അലാവുദ്ദീൻ ഖിൽജി സൂചിപ്പിക്കുന്നത്. പദ്മിനിയുടെ ജൗഹർ ആചരണമാവട്ടെ, സൂഫിസത്തിലെ ഫനാഇനെ അടയാളപ്പെടുത്തുന്നു.

പുതിയ കാലത്ത് ഏറെ പോപുലർ ആയിത്തീർന്ന, അമീർ ഖുസ്റോയുടെ "ഛാപ് തിലക്" പോലും പത്മാവതിൻ്റെ പശ്ചാത്തലമുള്ള ഗാനമാണ്.

പറഞ്ഞുവരുന്നതിത്രയേ ഉള്ളൂ. ഈ കവിതകളും ഗാനങ്ങളുമൊക്കെ ഞാനും ആസ്വദിക്കാറുണ്ട്. ഇത്തരം പരമ്പരാഗത ബിംബങ്ങൾക്ക് ഓരോ സംസ്കാരത്തിനകത്ത് ഓരോ തരം പ്രതിനിധാനമാവാം. "എൻ്റെ കൃഷ്ണനും എന്നോടൊപ്പം ഇസ്‌ലാം സ്വീകരിച്ചു" എന്ന് കമലാ സുറയ്യ പറഞ്ഞത് വെറും വർത്തമാനമല്ല.

പക്ഷേ അത് ആ ആസ്വാദനത്തിൽ തീരണം. അതിലപ്പുറം സാങ്കേതിക പദങ്ങൾ ചേർത്തും പുരാണത്തിലെ ഓരോ സംഭവത്തിനും (അതിലാണെങ്കിൽ ജാതീയത സ്ഥാപിക്കുന്ന കഥകൾ വരെ ഉണ്ടാകാം) വഹ്ദതുൽവുജൂദിൻ്റെ വ്യാഖ്യാനം നൽകിയും സംഗതി സങ്കീർണമാക്കുന്നതിനോട് അത്ര യോജിപ്പൊന്നുമില്ല. "സാസോൻ കി മാലാ പെ" എനിക്കിഷ്ടമാണ്. അത് മീരാബായ് എഴുതിയതാണെങ്കിലും അമീർ ഖുസ്റോ എഴുതിയതാണെങ്കിലും തുഫൈൽ ഹോശ്യാർപുരി എഴുതിയതാണെങ്കിലും. കൃഷ്ണൻ്റെ വർണമണിഞ്ഞ രാധയെയും എനിക്കിഷ്ടമാണ്.

ആ ഇഷ്ടത്തെ സാധൂകരിക്കാൻ വേണ്ടി സുന്ദരിമാരുടെ വസ്ത്രം ഒളിച്ചുവെച്ചത് ഫനാഇലേക്കുള്ള സഞ്ചാരമാണെന്നും തനസ്സുലാത് ആണെന്നുമൊക്കെ വ്യാഖ്യാനിക്കേണ്ടതുണ്ടോ? ഇനിയിപ്പോ ഈ തനസ്സുലാതും അൻഫാസുമൊക്കെച്ചേർന്ന് എന്നിലെ ആസ്വാദകനെ കൊന്നുകളഞ്ഞേക്കുമോ എന്ന പേടിയും ഇല്ലാതില്ല. എന്തായാലും ഫരീദ് അയാസിൻ്റെയും അബൂമുഹമ്മദിൻ്റെയും ആലാപ് കേട്ടാൽ ഞാനെല്ലാം മറക്കും എന്നതും സത്യമാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക