Image

ലോക ഇന്‍ഡോര്‍ അറ്റ്‌ലറ്റിക്‌സ്; പ്രതീക്ഷയോടെ യു.എസ്. (സനില്‍ പി. തോമസ്)

Published on 27 February, 2025
ലോക ഇന്‍ഡോര്‍ അറ്റ്‌ലറ്റിക്‌സ്;  പ്രതീക്ഷയോടെ യു.എസ്. (സനില്‍ പി. തോമസ്)

ലോക ഇന്‍ഡോര്‍ അത്‌ലറ്റിക ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് 21, 22, 23 തീയതികളില്‍ ചൈനയിലെ നാന്‍ജിങ്ങില്‍ നടക്കാനിരിക്കെ അമേരിക്കയ്ക്ക് പ്രതീക്ഷ നല്‍കിയാണ് ദേശീയ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പും മില്‍റോസ് ഗെയിംസും നടന്നത്. രാജ്യാന്ത ഇന്‍ഡോര്‍ മീറ്റുകളിലും യു.എസ്. താരങ്ങള്‍ തിളങ്ങി. മില്‍റോസ് ഗെയിംസില്‍ ഗ്രാന്റ് ഫിസ്ലര്‍ 3000 മീറ്ററിലും(7:22:91) യാരെദ് നുഗൂസ് 1500 മീറ്ററിലും(3:46:63) ഇന്‍ഡോര്‍ ലോക റെക്കോര്‍ഡു തിരുത്തി.

മില്‍ഗോസ് ഗെയിംസില്‍ ഹൈസ്‌ക്കൂള്‍, ജൂനിയര്‍ തലങ്ങളിലെല്ലാം മത്സരമുള്ളതിനാല്‍ വളര്‍ന്നുവരുന്ന പുത്തന്‍ താരങ്ങളെയും കണ്ടെത്താന്‍ കഴിയുന്നു. ഇക്കാര്യത്തിലും യു.എസ്. കൗമാരനിര പ്രതീക്ഷ ഉയര്‍ത്തി. ദേശീയ ഇന്‍ഡോര്‍ മീറ്റ് പ്രഫഷണല്‍ താരങ്ങളുടെ മികച്ച പ്രകടനത്തിനും സാക്ഷ്യം വഹിച്ചു. വനിതകളുടെ ഹൈജംപില്‍ വഷ്ടി കണ്ണിങ്ഹാം 1.94 മീറ്റര്‍ ചാടിയാണ് സ്വര്‍ണ്ണം നേടിയത്. 2016 മുതല്‍ വഷ്ടി ജൈത്രയാത്ര തുടരുന്നു.
പിതാവ് റാന്‍ഡല്‍ കണ്ണിങ്ഹാമിന്റെ ശിക്ഷണത്തില്‍ വഷ്ടി നല്ല പുരോഗതിയാണു കൈവരിക്കുന്നത്. റിയോ ഒളിംപിക്‌സില്‍ 13-ാമതായിരുന്നു. ടോക്കിയോയില്‍ ആറാമതും പാരിസില്‍ അഞ്ചാമതും എത്തി. 2028 ല്‍ ഒളിംപിക്‌സ് യു.എസില്‍ എത്തുമ്പോള്‍ മെഡല്‍ ലക്ഷ്യമിടുന്നു. 300 മീറ്ററില്‍ ജൂലിയന്‍ ആല്‍ഫ്രഡും റായ് ബെഞ്ചമിനും യഥാക്രമം വനിതാ-പുരുഷ വിഭാഗങ്ങളില്‍ മികവു കാട്ടി.


നോഹ ലൈല്‍സ് പാരിസ് ഒളിംപിക്‌സിനുശേഷം ട്രാക്കില്‍ മടങ്ങിയെത്തിയതാകട്ടെ 60 മീറ്ററില്‍ മാര്‍സെല്‍ ജേക്കബ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളിയാണ് 400 മീറ്ററില്‍ ക്രിസ്റ്റഫര്‍ ക്രിസ് ബെയ്‌ലി പ്രഥമ ദേശീയ ഇന്‍ഡോര്‍ സ്വര്‍ണ്ണം നേടി. ഹൈസ്‌ക്കൂള്‍ പ്രതിഭ ക്വിന്‍സി വില്‍സന്‍ അഞ്ചാമതെത്തി. 800 മീറ്ററില്‍ ജോഷ് ഹോയി കുറിച്ച സമയം(1:43:24)28 വര്‍ഷത്തിനുള്ളിലെ മികച്ചതാണ്. മാത്രമല്ല 1.44 മിനിറ്റില്‍ താഴെ 800 മീറ്റര്‍ രണ്ടു തവണ ഓടിയ ആദ്യ അമേരിക്കന്‍ താരമായി ജോഷ്. 60 മീറ്റര്‍ ഹര്‍ഡില്‍സില്‍ മസായ് റസ്സല്‍, പുരുഷ-വനിതാ വിഭാഗം 60 മീറ്റര്‍ ഓട്ടത്തില്‍ യഥാക്രമം റോണീ ബെക്കറും സെലേറ ബാര്‍നെസും മികവുകാട്ടി. വനിതകളുടെ 1500, 3000 മീറ്ററുകളില്‍ നിക്കി ഹില്‍റ്റ്‌സ് തിളങ്ങി.


നാന്‍ജിങ്ങില്‍ 2020, 21, 23 വര്‍ഷങ്ങളില്‍ ലോക ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് നടത്താന്‍ ചൈന തയ്യാറെടുത്തെങ്കിലും കോവിഡ് വിനയായി. 2022ല്‍ ബെല്‍ഗ്രേഡും 24 ല്‍ ഗ്ലാസ്‌ഗോയും വേദിയായി. ലോക ഇന്‍ഡോര്‍ മീറ്റിന്റെ ഇരുപതാം പതിപ്പാണ് അടുത്തമാസം നാന്‍ജിങ്ങില്‍ നടക്കുക. നാന്‍ജിങ്ങ് യൂത്ത് ഒളിംപിക് സ്‌പോര്‍ട്‌സ് പാര്‍ക്കിലെ ക്യൂബ് ജിംനേഷ്യം സമുച്ചയമാണ് മത്സരവേദി.


പുരുഷ-വനിതാ വിഭാഗങ്ങളില്‍ 13 ഇനങ്ങളില്‍ വീതം മത്സരമുണ്ട്. കഴിഞ്ഞ വര്‍ഷം ആറു സ്വര്‍ണ്ണവും ഒന്‍പതു വെള്ളിയും അഞ്ചു വെങ്കലവുമായി യു.എസ്. ആയിരുന്നു മെഡല്‍ പട്ടികയില്‍ ഒന്നാമത്. ബെല്‍ജിയം രണ്ടാമതും(3,0,1) ന്യൂസിലന്‍ഡ് മൂന്നാമതും(2,2,0) എത്തി. പക്ഷേ, ആതിഥേയരായതിനാല്‍ ചൈന കനത്ത വെല്ലുവിളി ഉയര്‍ത്തും. 60, 400, 800, 1500, 3000 മീറ്റര്‍ ഓട്ടം, 60 മീ. ഹര്‍ഡില്‍സ് 4X400 മീറ്റര്‍ റിലേ, ഹൈജംപ്, പോള്‍ബോള്‍ട്ട്, ലോങ് ജംപ്, ട്രിപ്പിള്‍ ജംപ്, ഷോട്ട്പുട്ട് എന്നിവയില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ മത്സരമുണ്ട്. പുരുഷന്മാര്‍ക്ക് ഹെപ്റ്റാത്‌ലനും വനിതകള്‍ക്ക് പെന്റാത്‌ലനും ആണ് പതിമൂന്നാം ഇനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക