Image

അച്ഛനെ കുറിച്ചുള്ള 51 ചെറുകവിതകൾ (രാജൻ കിണറ്റിങ്കര)

Published on 27 February, 2025
അച്ഛനെ കുറിച്ചുള്ള 51 ചെറുകവിതകൾ  (രാജൻ കിണറ്റിങ്കര)

(എവിടെയും അച്ഛൻ എന്ന മഹദ്പദം ഉപയോഗിക്കാതെ 2 മണിക്കൂറിലെഴുതിയത് - രാജൻ കിണറ്റിങ്കര)

(1)

ഉമ്മറത്തെ 

കാലിളകിയ ചാരുകസേരക്ക് 

വീടിന്റെ 

നെടുംതൂണിന്റെ 

ശക്തിയായിരുന്നു 

(2)

ചിരിക്കുമ്പോഴും 

വിയർപ്പു കിനിയുന്ന മുഖം; 

ചിരി പുറത്തായിരുന്നു 

അകത്ത് നീറ്റലായിരുന്നു  

(3)

പടി കടന്നുവരുന്നതും 

പടി കടന്നുപോകുന്നതും 

ഉമ്മറമുറ്റത്തെ 

നിഴൽ മാത്രമറിഞ്ഞു 

(4)

ഒരു മുറുക്കാൻ ചെല്ലവും 

ഒരു തളിർ വെറ്റിലയും;

എന്നും കൂടെ നടന്നത് 

അവ രണ്ടും മാത്രം 

(5)

വടക്കോറത്തെ 

പൂവൻ വാഴകൂമ്പിൽ 

ഒരണ്ണാൻ ചിലക്കുന്നുണ്ട് 

വിലപേശാൻ ആളില്ലാതെ 

ഒരു വാഴക്കുലയും 

(6)

എല്ലുന്തിയ നെഞ്ചിലാണ് 

ഒരു വീടിന്റെ 

അടിത്തറ പണിതത് 

ബലത്തിനൊട്ടും  കുറവില്ല

(7)

കീറിയ ഒറ്റമുണ്ടിന്റെ 

മടിക്കുത്തായിരുന്നു 

പാറാവില്ലാത്ത ബാങ്ക്;

സമ്പാദ്യം സൂക്ഷിച്ചതും 

എടുത്തതും അവിടെ തന്നെ

(8)

പകൽ യാത്രകഴിഞ്ഞ്  

സൂര്യൻ തളർന്ന് 

മയങ്ങിയിട്ടും 

പകലോട്ടത്തിൽ 

വിശ്രമമില്ലാതെ ...

(9)

നെറ്റിയിലിട്ട 

അരച്ച കുരുമുളകും 

നെറുകയിലെ രാസ്നാദിപ്പൊടിയും 

വേറൊരു വൈദ്യനും  

പടി കടന്ന് വന്നിട്ടില്ല

(10)

കൊയ്ത്ത് അടുക്കുമ്പോൾ 

ആറ്റക്കുരുവികളും 

അകത്തെ പത്തായവും; 

മനസ്സ് നിറഞ്ഞ് ഒരാൾകൂടി  

ഉമ്മറക്കോലായിൽ  ..

(11)

വള്ളിപൊട്ടിയിട്ടും 

മാറ്റാത്ത ചെരുപ്പിലാണ് 

ജീവിത ഭാരവും 

മനസ്സിന്റെ ഭാരവും

(12)

തെളിനീരൊഴുകുന്ന 

തോട്ടിൻ കരയിൽ 

കരിവേഷമാടുന്നൊരു 

കൃഷീവലൻ 

(13)

മാങ്ങകൾ പൊഴിയുന്ന 

കർക്കിടക രാത്രിയിൽ 

മഴനനഞ്ഞൊരു 

രാപ്പക്ഷി കയ്യാലയിറയത്ത് 

(14)

"വയ്യ" എന്ന പദം 

നിഘണ്ടുവിലില്ലായിരുന്നു 

വയ്യാതായാൽ വീഴുന്നത് 

ഒരാളല്ല, ഒരു വീടാണ്

(15)

മഴച്ചാലിൽ പിടയുന്ന 

പരൽ മീനുകൾ 

മഴക്കോളിൽ ഉരുകുന്ന 

മനസ്സുമായൊരാൾ 

(16)

ഓടിട്ട വീടിന്റെ 

തകരപ്പാത്തിയിൽ 

തുള്ളിത്തിമിർക്കുന്ന 

തുലാവർഷം 

ചോരുന്ന വീടും 

പൊഴിയുന്ന കണ്ണീരും

(17)

നിലാവൊഴുകുന്ന 

ചരൽമുറ്റത്ത് 

പടരാതെ, വറ്റാതെ 

ഒരു വിയർപ്പുകണം

(18)

ട്രഷറിയും 

റിസർവ്ബാങ്കും ഇല്ലെങ്കിലും 

പിഴവുകളില്ലാതെ  

സാമ്പത്തികവകുപ്പ്  

കൈകാര്യം ചെയ്തിട്ടുണ്ട്

(19)

ജീവിതം മുഴുവൻ 

ഓടിത്തളർന്ന് 

ഒന്ന് നടുനിവർത്തിയത് 

തെക്കേ തൊടിയിലായിരുന്നു 

(20)

ചിതക്ക് 

തീ പകരും മുന്നേ 

അസ്ഥികൾ ഉരുകിയിരുന്നു 

ബാക്കി വന്നത് 

നോവിന്റെ ചാരം മാത്രം

(21)

ചുമരുകളിൽ 

ടൈൽസും ഗ്രനൈറ്റും  

ഇല്ലെങ്കിലും 

മുറുക്കാൻ കറകൾ 

ചിത്രം വരച്ചിരുന്നു

(22)

നേരത്തെ ഉണരുകയും 

വൈകി ഉറങ്ങുകയും 

ചെയ്യുന്ന അമ്മ 

മിഴികളെത്താത്തിടത്ത് 

കരുതലായി ഒരു രൂപം

(23)

മുഖത്തെ 

ചിരിമായും മുന്നേ 

ഗൗരവം വന്നതല്ല, അവ  

അതിജീവനത്തിന്റെ 

സംഘർഷങ്ങളായിരുന്നു

(24)

ഉമ്മറത്തെ 

സിമന്റ് തിണ്ണ 

ഒഴിഞ്ഞു കിടക്കുകയാണ് 

പുതിയ ലോകം 

സോഫയിലാണ്

(25)

തേക്കുകൊട്ടയിലെ 

കൈ അയഞ്ഞപ്പോഴാണ്  

ഭൂമി ഉണങ്ങിയതും 

മനസ്സ് വരണ്ടതും

(26)

യാത്രകൾ 

നിശ്ശബ്ദമായിരുന്നു 

പക്ഷെ, ലക്ഷ്യങ്ങൾ 

കൃത്യമായിരുന്നു

(27)

അമ്മ 

ഇളങ്കാറ്റായിരുന്നു 

വീട് ഉണർത്തിയത് 

ഇടക്കൊക്കെ വരുന്ന 

കൊടുങ്കാറ്റായിരുന്നു

(28)

മൊബൈലും, 

വാട്‍സ് ആപ്പും ഫെയ്‌സ്ബുക്കും 

ഇല്ലാതെയാണ് 

ഒരു നാടിനെ മൊത്തം 

സൗഹൃദക്കുട ചൂടിച്ചത്

(29)

മന്ത്രിയും 

സേനയും പരിവാരങ്ങളും 

കീഴടങ്ങിയിട്ടും  

തോൽവി സമ്മതിക്കാത്ത  

രാജാവായിരുന്നു.

(30)

കരുതലും സ്നേഹവും 

തൂക്കിനോക്കിയപ്പോൾ 

സ്നേഹത്തിന്റെ തട്ട് 

താഴ്ന്നു നിന്നത് 

കരുതലിന് സ്നേഹത്തോളം 

ഭാരമില്ലാത്തതിനാലാണ്  

(31)

പകുത്ത് നൽകിയിട്ടും 

മിച്ചം വന്ന സ്നേഹം 

മുറിച്ച് മാറ്റിയിട്ടും  

അളന്നു  തീരാത്ത ഭൂമി

(32)

നാളെയുടെ ഉൽക്കണ്ഠകളെ 

ഇന്നിന്റെ സത്യം കൊണ്ട് 

തോൽപ്പിച്ചിട്ടും 

ഇന്നലെയുടെ പുസ്തകത്തിൽ 

ശൂന്യമായ കോളങ്ങൾ

(33)

ഭയന്നതൊക്കെയും 

വഴികളിലെ 

മുള്ളുകളായിരുന്നില്ല 

ചെവിയിൽ തറച്ച  

മുള്ളുവാക്കുകളായിരുന്നു

(34)

എന്നും ഇഷ്ടം 

തോൽക്കാനായിരുന്നു 

അതിനാലാണ്

മറവിയിലേക്ക് 

പിന്തിരിഞ്ഞോടിയത്

(35)

ഷർട്ടിടാത്ത 

ശരീരവും 

ചെരിപ്പണിയാത്ത പാദങ്ങളും 

ഓടിത്തളർന്ന  വഴികളിൽ 

ഇപ്പോഴും 

പാദരേഖകൾ കാണാം

(36)

വീട്ടിലെ 

വിളക്കണഞ്ഞിട്ടും 

ഇരുട്ട് വീഴാത്തത് 

കരുതി വച്ച 

പ്രകാശരേഖകളാണ്

(37)

ഉമ്മറത്തെ 

നന്ത്യാർ വട്ടവും 

കൂവളത്തറയും 

കാറ്റ് നിലച്ചൊരു  

കരിയില തേടുകയാണ്

(38)

പിസയും ബർഗറുമല്ല 

പ്ലാവില കുമ്പിളും 

പൊടിയരി കഞ്ഞിയുമാണ് 

രുചിയുടെ  

വൈവിധ്യം പകർന്നത്

(39)

അമ്മയെക്കുറിച്ച് 

എഴുതിയവരൊക്കെയും 

മറന്നുപോയൊരു 

ഹൃദയമിടിപ്പുണ്ട് 

മങ്ങിയ കണ്ണുകളിലെ 

തിളക്കങ്ങളുണ്ട്

(40)

തോളിലിരുത്തി നടന്ന  

ഉത്സവപ്പറമ്പുകളും  

കൈപിടിച്ചു നടന്ന 

വയൽവരമ്പുകളും  

വഴിയറിയാതെ ഉഴലുന്നു 

(41)

ഉമ്മറച്ചുമരിലെ 

ഘടികാരം നിലച്ചു 

പൊടിപിടിച്ചൊരു 

പഴയചിത്രം 

മാലയിലാടുന്നു  

(42)

പകൽ മയങ്ങി 

രാവുറങ്ങി  

കവിളൊട്ടിയൊരു മുഖം 

ഓർമ്മകളിൽ  

ഉണർന്നിരിക്കുന്നു

(43)

ശിശിരവും വസന്തവും 

പൊഴിഞ്ഞിട്ടും 

പൊഴിയാതൊരു 

സ്വേദകണം 

കവിൾത്തടങ്ങളിൽ

(44)

മോഹവും പ്രതീക്ഷയും  

ഇല്ലാതെ 

കർമ്മങ്ങളിൽ മാത്രം 

വിശ്വസിച്ചൊരു 

ഏകാന്ത യാത്രികൻ

(45)

പേനയും കടലാസും 

കംപ്യൂട്ടറുമില്ല,

വാർഷിക ബജറ്റ് 

കുറിച്ചിട്ടത് 

മനസ്സിലായിരുന്നു 

(46)

നിദ്ര വഴിമാറുന്ന 

നിശബ്ദ യാമങ്ങളിൽ 

ഉന്തിയ നെഞ്ചിനുള്ളിലെ 

ദ്രുതതാളങ്ങൾ 

അവ്യക്തമായി കേട്ടിരുന്നു

(47)

പുറത്ത് മഴയും 

അകത്ത് കാറ്റും 

കനത്തപ്പോൾ 

ചാരുകസേര 

ശൂന്യമായിരുന്നു

(48)

ചാണകം മെഴുകിയ 

മുറ്റവും 

ചരൽ നിറഞ്ഞ തൊടികളും 

പഴയൊരു  കാൽപ്പെരുമാറ്റം 

കാതോർത്ത് നിൽപ്പുണ്ട്

(49)

ചെളി തെറിച്ച 

സ്‌കൂൾ ഡ്രസ്സിൽ 

കണ്ണീർ പടരാതെ 

കാത്തോരു കരുതൽ

(50)

വീടുറങ്ങിയിട്ടും 

വിളക്കണയാതെ 

ഉമ്മറമുറ്റത്തൊരു 

പാറാവുകാരൻ 

കണ്ണടഞ്ഞിട്ടും  

മനസ്സുണർന്ന് 

(51)

അതിരുകളും

മതിലുകളും

തൊടിയിലുയർന്നപ്പോഴാണ്

വഴിയിലെ ഉണങ്ങാത്ത  

മുറിപ്പാടുകൾ കണ്ടത്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക