കേരള രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് യു.ഡി.എഫ് ക്യാമ്പിന് കൃത്യമായൊരു മറുപടിയില്ല. മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗസ് ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. കെ.പി.സി.സി പ്രസിഡന്റ് ആരായിരിക്കണമെന്ന കാര്യത്തില്‍ ഒരു തീര്‍ച്ചയും തീരുമാനവുമില്ലാത്ത സാഹചര്യത്തില്‍ അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെപ്പറ്റി ഒരു ഐഡിയയുമില്ല. പക്ഷേ, മുഖ്യമന്ത്രിക്കുപ്പായം തുന്നി കാത്തുനില്‍ക്കുന്നവരുടെ ഒരു വന്‍നിര തന്നെ അവിടെയുണ്ട്.
എന്നാല്‍ എല്‍.ഡി.എഫില്‍ കാര്യങ്ങള്‍ സംശയലേശമെന്യേ തീരുമാനമായിട്ടുണ്ട്. ''പ്രായപരിധി മാനദണ്ഡത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് തുടരും. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസാണ് ഇളവ് നല്‍കിയത്. ആ ഇളവ് ഇപ്പോഴും പ്രാബല്യത്തിലുണ്ട്. പ്രായപരിധിയില്‍ ഇളവ് നല്‍കുന്ന രാജ്യത്തെ ഏക നേതാവാണ് പിണറായി വിജയന്‍...'' സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഈ വാക്കുകളില്‍ എല്ലാമുണ്ട്. അതായത്, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തിലെ സി.പി.എമ്മിനെ പിണറായി വിജയന്‍ തന്നെ നയിക്കും. എല്‍.ഡി.എഫ് വിജയിച്ചാല്‍ പിണറായി തന്നെയായിരിക്കും മുഖ്യമന്ത്രി.
പാര്‍ട്ടി കമ്മിറ്റിയില്‍ തുടരുന്നതിനായി സി.പി.എം നിശ്ചയിച്ച പ്രായപരിധിയില്‍ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ഇളവ് നല്‍കുന്നതോടെ 75 വയസ് എന്ന പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ പിണറായി മേല്‍ക്കമ്മിറ്റികളിലെ സ്ഥിരാംഗത്വത്തില്‍ നിന്ന് ഒഴിയുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് വിരാമമായത്. 80 വയസ് പിന്നിട്ട പിണറായി വിജയന്‍ ഇപ്രാവശ്യം സി.പി.എമ്മിന്റൈ പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് ഒഴിയുമെന്നായിരുന്നു പാര്‍ട്ടിക്കകത്തും പുറത്തുമുളളവര്‍ നിശ്ചയമായും കരുതിയിരുന്നത്.
ഇളവ് നല്‍കിയാല്‍ അത് പിണറായി വിജയന്‍ സ്വീകരിക്കില്ലെന്നും എല്ലാവരും വിചാരിച്ചു. ഇനി അഥവാ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിയെയും പാര്‍ട്ടിയെയും മുന്നില്‍ നിന്ന് നയിച്ച് ഭരണം നിലനിര്‍ത്തിയാല്‍ പോലും പിണറായി മുഖ്യമന്ത്രിയാവില്ലെന്ന് കരുതിയവരും അനവധിയാണ്. അത്തരം സംശയങ്ങളാണിപ്പോള്‍ എം.വി ഗോവിന്ദന്‍ ദൂരീകരിച്ചിരിക്കുന്നത്. പിണറായി അങ്ങനെ പാര്‍ട്ടി ഇളവുകള്‍ക്ക് അതീതനായിരിക്കുന്നു. ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായതിനാലാണ് പിണറായി വിജയന്റെ പരിചയ സമ്പത്തും നേതൃപരമായ കരുത്തും പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് എം.വി.ഗോവിന്ദന്‍ വിശദീകരിക്കുകയുണ്ടായി.
ഗവര്‍ണര്‍ പി സദാശിവത്തിന്റെ മുമ്പാകെ 2016 മെയ് 25-ന് സത്യപ്രതിജ്ഞ ചെയ്താണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. 2021 മെയ് 20-ാം തീയതി ആരീഫ് മുഹമ്മദ് ഖാന്‍ എന്ന വിവാദ ഗവര്‍ണറാണ് പിണറായിക്ക് രണ്ടാം വട്ടം സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. സഗൗരവത്തിലായിരുന്നു സത്യപ്രതിജ്ഞ. കേരളത്തില്‍ തുടര്‍ഭരണം യാഥാര്‍ത്ഥ്യമാക്കിയ മുഖ്യമന്ത്രിയെന്ന നിലയില്‍ മൂന്നാം തവണയും അധികാരത്തിലെത്താമെന്ന് സി.പി.എം ഉറച്ചു വിശ്വസിക്കുന്നു.
ഒന്നാം പിണറായി സര്‍ക്കാരിലെ സി.പി.എം മന്ത്രിമാര്‍ക്ക് പകരം പുതിയ മന്ത്രിമാരാണ് രണ്ടാം പിണറായി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്തത്. അതേ പാറ്റേണ്‍ തുടര്‍ന്നാല്‍ മൂന്നാം തവണയെത്തുന്നതും പുതുമുഖങ്ങളായിരിക്കും. പിണറായി ക്ക് മാത്രം മാറ്റമുണ്ടാവില്ല. എന്നാല്‍ പിണറായിക്ക് ഇനിയൊരങ്കത്തിന് ബാല്യമുണ്ടോ എന്ന ചോദ്യം ന്യായമായും ഉയരുന്നുണ്ട്. രണ്ടാംവട്ടം പിണറായി മുഖ്യമന്ത്രിയായതിനോട് യോജിക്കാത്തവര്‍ അനവധിയാണ്. മുന്നണികളെ മാറിമാറി വരിച്ച് തഴക്കവും പഴക്കവുമുള്ള കേരളത്തിലെ ജനങ്ങള്‍ക്ക് പിണറായിയുടെ മുന്നാംവരവ് രാഷ്ട്രീയമായ ആവര്‍ത്തന വിരസതയുണ്ടാക്കും.
ഇന്ത്യയിലെ സി.പി.എമ്മിന് പിണറായിയെപ്പോലുള്ള ഒരു കരുത്തന്‍ അഥാവാ 'ഇരട്ട ചങ്കുള്ള സഖാവ്' ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. പാര്‍ട്ടിയെ പ്രത്യയശാസ്ത്രപരമായും സാമ്പത്തികമായും സമ്പന്നമാക്കാന്‍ പോന്ന നേതാവാണ് അദ്ദേഹം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ''മുഖ്യമന്ത്രിക്കസേരയിലേക്ക് ഒരു സുപ്രഭാതത്തില്‍ ആകാശത്തു നിന്നും പൊട്ടിവീണ ആളല്ല ഞാന്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയ കാലം. അന്ന് നിങ്ങള്‍ ഊരിപ്പിടിച്ച കത്തികളുടെയും ഉയര്‍ത്തിപ്പിടിച്ച വടിവാളുകളുടെയും നടുവിലൂടെ നടന്നുപോയ ആളാണ് ഞാന്‍...''. ഒരിക്കല്‍ ആര്‍.എസ്സ്.എസ്സുകാരോട് ഇങ്ങനെ പറയുമ്പോള്‍ പിണറായി വിജയന്റെ ശബ്ദത്തിന് ഒരു താക്കീതിന്റെ ധ്വനിയുണ്ടായിരുന്നു, കാര്‍ക്കശ്യത്തിന്റെ കരുത്തുമുണ്ടായിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിയായതിനു ശേഷമുള്ള പിണറായി വിജയന്റെ പൊതു ഇടങ്ങളിലെ പെരുമാറ്റവും ശരീര ഭാഷയും കൊടിയ വിവാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ''കടക്ക് പുറത്ത്...'', ''നികൃഷ്ട ജീവി...'' തുടങ്ങിയ പ്രയോഗങ്ങള്‍ പിണറായിയില്‍ നിന്നും പ്രതീക്ഷിച്ചവയായിരുന്നില്ല. ഇപ്പോള്‍ സെക്രട്ടേറിയറ്റ് നടയില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്നതുള്‍പ്പെടെയുള്ള തൊഴിലാളി സമരങ്ങളെ പിണറായി സര്‍ക്കാര്‍ നേരിടുന്ന രീതി ഒരു സര്‍വലോക തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ നേതാവിന് ഭൂഷണമല്ല എന്നാണ് ഉയരുന്ന ആക്ഷേപം. ഇ.കെ നായനാരെപ്പോലെയോ വി.എസ് അച്യുതാനന്ദനെപ്പോലെയോ ഒരു ജനകീയനല്ല പിണറായി വിജയന്‍ എന്നും വിലയിരുത്തപ്പെടുന്നു.
സത്യപ്രതിജ്ഞയില്‍ പറഞ്ഞതുപോലെ മുഖ്യമന്ത്രി ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തിയോ..? മുഖ്യമന്ത്രിയെന്ന നിലയിലുള്ള തന്റെ കര്‍ത്തവ്യങ്ങള്‍ വിശ്വസ്തതയോടും മനസാക്ഷിയെ മുന്‍നിര്‍ത്തിയും നിര്‍വഹിച്ചോ..? ഭരണഘടനയും നിയവുമനുസരിച്ച് ഭീതിയോ പക്ഷപാതമോ, പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാത്തരത്തിലുള്ള ജനങ്ങള്‍ക്കും നീതി ചെയ്‌തോ..? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉയരുന്ന വര്‍ത്തമാനകാലത്തിലൂടെയാണ് പിണറായി വിജയന്‍ കടന്നുപോകുന്നത്. പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ജനകീയ വിചാരണയ്ക്ക് കാരണമാകും.
കോവിഡ് കാലത്തും പ്രളയ സമയത്തും കേരളത്തിന്റെ സമസ്ത മണ്ഡലങ്ങളും പിണറായി വിജയന്‍ എന്ന ബിന്ദുവിലേക്ക് കേന്ദ്രീകരിക്കപ്പെട്ടുവെന്നത് യാഥാര്‍ത്ഥ്യമാണ്. പ്രതിഛായ വര്‍ദ്ധിപ്പിക്കുന്നതിന് പി.ആര്‍ ഏജന്‍സിയെ ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് ''എന്നെ ഈ നാടിന് അറിയാമല്ലോ...'' എന്ന വൈകാരികമായ മറുപടിയാണ് പിണറായി വിജയന്‍ അന്ന് നല്‍കിയത്. ചിക്കാഗോ ന്യൂസ്, ബി.ബി.സി, ദി ഗാര്‍ഡിയന്‍, അല്‍ ജസീറ ടി.വി, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പിണറായി വിജയനെ പ്രകീര്‍ത്തിച്ചത് പി.ആര്‍ ഏജന്‍സിയുടെ ശ്രമഫലമായാണോ എന്ന് വിമര്‍ശനം ഉന്നയിക്കുന്നവര്‍ അന്വേഷിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പാര്‍ട്ടിയും മറുപടി നല്‍കിയിരുന്നു.
എത്രയോ വിമര്‍ശനങ്ങളെയും ആക്ഷേപശരങ്ങളെയും നേരിട്ടുകൊണ്ടാണ് ഈ കമ്മ്യൂണിസ്റ്റുകാരന്‍ ഇന്നത്തെ ഉന്നതിയില്‍ എത്തിനില്‍ക്കുന്നത്. അതുകൊണ്ടാണ് പ്രതികൂല സാഹചര്യങ്ങളില്‍ മനോനില തെറ്റാതെ ഓജസ്സോടെ പ്രവര്‍ത്തിക്കാനും ഉചിതമായ തീരുമാനം എടുക്കാനും അദ്ദേഹത്തിന് നിഷ്പ്രയാസം കഴിയുന്നത്. കാര്‍ക്കശ്യത്തിന് മങ്ങലേറ്റിട്ടില്ലെങ്കിലും സൗമ്യനാവേണ്ട ഘട്ടങ്ങളില്‍ അതും തനിക്ക് നല്ലപോലെ വഴങ്ങുമെന്നാണ് അദ്ദേഹം നിത്യേനയെന്നോണം തെളിയിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍ സൗമ്യത തന്റെ മേല്‍ കുതിരകേറാനുള്ള ലൈസന്‍സായി ആരെങ്കിലും കണക്കാക്കിയാല്‍ അവരെ ആജ്ഞാ സ്വരത്തില്‍ നിഷ്പ്രഭമാക്കാനുള്ള ജന്മഗുണവും അനുഭവസമ്പത്തും പ്രത്യയശാസ്ത്ര ബലവും പിണറായി വിജയന് കൈമുതലായുണ്ട്. അണുവിട വിട്ടുവീഴ്ചയില്ലാത്ത കമ്മ്യൂണിസ്റ്റില്‍ നിന്ന് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായാണ് പിണറായി വിജയന്‍ വളര്‍ന്നെത്തിയത് എന്ന കാരണം കൊണ്ടുതന്നെയാണ് പ്രായപരിധി ഇളവ് നല്‍കി പിണറായിയെ മുന്നില്‍ത്തന്നെ നിര്‍ത്തിയിരിക്കുന്നത്. ആ നീക്കത്തിന്റെ ഫലപ്രാപ്തി എന്താവുമെന്ന് കാത്തിരുന്നു കാണാം.