Image

ലോകാവസാനം ഒരു വില്പനച്ചരക്ക് ? (ലേഖനം: ജയൻ വർഗീസ്)

Published on 28 February, 2025
ലോകാവസാനം ഒരു വില്പനച്ചരക്ക് ? (ലേഖനം: ജയൻ വർഗീസ്)

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇളം പിച്ചക്കാലടികൾ കിഴക്കൻ ചക്രവാളത്തിന്റെ തറവാട്ടു മുറ്റത്ത് പ്രത്യക്ഷപ്പെട്ടപുതു യുഗപ്പിറവിക്ക്‌ തൊട്ടു മുൻപുള്ള കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യ പാദങ്ങളിൽ അതിനെതിരെ ഭയത്തിന്റെഉമ്മാക്കികൾ പ്രഖാപിച്ച മത - ശാസ്ത്ര കള്ള പ്രവാചകർക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് അന്ന് ഞാൻപ്രതികരിച്ചിരുന്നു. അന്നൊക്കെയും ഈ പേടി സ്വപ്‌നങ്ങൾ വിറ്റു കാശാക്കുന്നതിനു മുൻപന്തിയിൽ നിന്നിരുന്നത്ക്രിസ്തുമതം ഉൾപ്പടെയുള്ള മത സംവിധാഞങ്ങൾ ആയിരുന്നെങ്കിൽ ഇന്നത് ചൂടപ്പം പോലെ വിറ്റഴിച്ചുകൊണ്ടിരിക്കുന്നത് ശാസ്ത്ര സംവിധാനങ്ങളാണ് എന്നത് സാധാരണ ജനങ്ങളെ ഭയപ്പെടുത്തുകയും അൽപ്പംചിന്താ ശശിയുള്ളവരെ ലജ്ജിപ്പിക്കുകായും ചെയ്തു കൊണ്ടേയിരിക്കുന്നു.

2032 ഡിസംബർ മാസത്തിൽ ഭൂമിയുടെ അടുത്തു കൂടി കടന്നു പോകുന്ന 2024 Y R 4 എന്ന ഛിന്നഗ്രഹംഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നും ഇടിച്ചാൽ ആറ്റം ബോംബിന്റെ അഞ്ഞൂറിരട്ടി ആഘാതത്തോടെഅത് ഭൂമിയെ നശിപ്പിക്കും എന്നുമാണ് ഒരു സമീപ കാല പേടിപ്പിക്കൽ. ഇതിനു 100 മീറ്റർ വീതി വരുമെന്നും, മണിക്കൂറിൽ 38000 വേഗതയുണ്ടാവുമെന്നും,  ഇടിച്ചാൽ അത് ഒരു ഒന്നൊന്നര ഇടിയായിരിക്കുമെന്നും നമ്മുടെശാസ്ത്രജ്ഞന്മാർ തന്നെ നമ്മോടു പറയുമ്പോൾ ആരായാലും ഒന്ന് ഞെട്ടി പോകുമല്ലോ ?

അങ്ങിനെ ഞെട്ടിത്തരിച്ച് ഇരിക്കുമ്പോൾ അതാ ആശ്വാസ വാർത്ത. ഇടിക്കില്ല - ഇടിക്കാനുള്ള സാധ്യത കേവലംപത്തു ലക്ഷത്തിൽ ഒന്ന് മാത്രമാണെന്നും ( കൃത്യമായിപ്പറഞ്ഞാൽ ,   . 0 0 0 0 39 ശതമാനം സാധ്യത ) ശാസ്ത്രജ്ഞർ തന്നെ തിരുവായ് മൊഴിയുന്നു !

ഇത് ആദ്യ സംഭവമല്ല. ഇടയ്ക്കിടെ ഇങ്ങിനെ ചില ഉമ്മാക്കിക്കഥകൾ നമ്മുടെ നാസയും യൂറോപ്യൻ സ്‌പേസ്ഏജൻസിയുമൊക്കെ പുറത്തു വിട്ടു കൊണ്ടിരിക്കും. അവരുടെ ദർശന ഉപാധികളിൽ അവർ കാണുന്നതാവാംഅവർ പുറത്തു വിടുന്നത് എന്നതിനാലും, അതൊക്കെയാണല്ലോ അവരുടെ പണി എന്നതിനാലും കുറെയൊക്കെഇത് സഹിക്കാമെങ്കിലും ഇത് കൊണ്ട് മനുഷ്യ രാശിയെ ഇങ്ങനെ ഭയപ്പെടുത്തേണ്ടതുണ്ടോ എന്നൊരു ചോദ്യംഅകമനസ്സിൽ നിന്ന് ആഞ്ഞുണരുന്നു എന്നതിനാലാണ് ഈ പ്രതികരണം.

18 ഡയമീറ്റർ വ്യാസമുള്ള ( അതായത് ഒരു ഒളിമ്പിക് സ്വിമ്മിങ് പൂളിന്റെ വലിപ്പം ) ഒരു ഉൽക്ക   2046 ൽഭൂമിയിൽ വന്നിടിക്കും എന്ന ഒരു മുന്നറിയിപ്പ് വന്നു പോയിട്ട് അധികം കാലമായിട്ടില്ല. പാറയേക്കാൾ   കടുപ്പമുള്ളമെറ്റീരിയൽസ്   ഉൾച്ചേർന്നിട്ടാണ് ഉൽക്ക ഉള്ളത് എന്നതിനാൽ അസ്സമാന്യമായ ഭാരവും  ഇതിനുണ്ടത്രേ!

 ഉൽക്കാ സ്രേണിയിൽ  നിന്നള്ള 1448 എണ്ണം ഭൂമിയെ ഇടിക്കാനുള്ള അവസ്ഥയിലാണ് ഉള്ളതെന്ന് നമ്മുടെനാസ കണ്ടെത്തിക്കഴിഞ്ഞു.. ഇക്കൂട്ടത്തിൽ 2023 DW എന്ന ഉൽക്ക വളരെ അപകടകാരിയാണെന്നാണ്കണ്ടെത്തൽ. എങ്കിലും ഇടിക്കാനുള്ള സാധ്യത 0.2 ശതമാനം മാത്രമാണെന്ന് അവരുടെ ആശ്വാസ വാക്കുകൾ. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ കണക്കിലാവട്ടെ 607  ൽ ഒന്നു മാത്രമാണ് ഇടി സാധ്യത

. .2046 ഫെബ്റുവാരി 14 നു പ്രണയ ദിനത്തിൽ തന്നെ ഇത്  ഇടിച്ചേക്കും എന്നാണ് നാസ തറപ്പിച്ച് പറയുന്നത്. . നാസയുടെ D A R T മിഷൻ പരിപാടി കൊണ്ട് ഒരു അസ്‌ട്രോയിഡിനെ വഴി തിരിച്ചു വിടുവാൻ സാധിച്ചിട്ടുണ്ട്എന്ന്. അവകാശപ്പെടുന്നതിനൊപ്പം ഇപ്പോൾത്തന്നെ ഇങ്ങേരെ വഴി തിരിച്ചു വിടുന്നതിനുള്ള പരിപാടികൾനാസയും. യൂറോപ്യൻസ്പേസ് ഏജന്സിയുമൊക്കെആരംഭിച്ചു കഴിഞ്ഞുവത്രേ ! 99 ശതമാനവും ഇടിക്കാൻസാധ്യതയില്ല എങ്കിലും ഒരു ശതമാനം ഉണ്ടല്ലോ എന്നതിലാണ് ഗവേഷണപ്പേരിലുള്ള ഫണ്ടിംഗ് ഹണ്ടുകൾ. 1908 ൽ സൈബീരിയൻ വീണ ഉൽക്ക ഒരു ജില്ലയുടെ വലിപ്പമുള്ള പ്രദേശത്തെ എട്ടു കോടിയോളം മരങ്ങളെയുംചാമ്പലാക്കിയെങ്കിലും ഒരു മനുഷ്യനും അവിടെ ഉണ്ടായിരുന്നില്ല.

മുപ്പത്തയ്യായിരം കോടി ഡോളറിന്റെ ഇരിമ്പും, ചെമ്പും, നിക്കലും മറ്റ് ധാതുക്കളും ഒക്കെ ഉൾക്കൊണ്ടു കൊണ്ട് ( കണക്ക് കൃത്യമായിത്തന്നെ കൂട്ടിയെടുത്തിരിക്കുന്നു ! ) ഇരുപത്തി മൂവായിരത്തി എഴുന്നൂറ് കിലോമീറ്റർവേഗതയിൽ ഭൂമിയുടെ സമീപത്തേക്ക് പാഞ്ഞടുക്കുന്ന ‘ നേരെയസ് ‘ എന്ന കുള്ളൻ ഗ്രഹത്തിന്റെ ( dwarf planet ) പേര് പറഞ്ഞു കൊണ്ടായിരുന്നു മറ്റൊരു സമീപ കാല  വിരട്ടൽ. നമ്മുടെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിന്റെഅത്രയും വലിപ്പമുള്ള ‘ നേരേയസ് ‘ എന്ന ഈ ലോഹക്കട്ട ഭൂമിയുടെ സമീപത്തേക്കു വരികയാണ്, 2021 ഡിസംബർ പതിനൊന്നിന്  അത് ഭൂമിയിൽ ഇടിക്കാം, ഇടിച്ചേക്കാം, മിക്കവാറും ഇടിക്കും എന്നിങ്ങനെയുള്ളമുന്നറിയിപ്പുകളോടെ നാസ ലോകത്തെ ഭയത്തിന്റെ മുൾ മുനയിൽ നിർത്തിയപ്പോൾ ലോക മാധ്യമങ്ങൾമത്സരിച്ചാണ് ആ വാർത്ത റിപ്പോർട്ട് ചെയ്തു കൊണ്ടിരുന്നത്. കാലം 2025 ആയിട്ടും ഒന്നും സംഭവിച്ചില്ല. കുള്ളൻഅതിനു നിശ്ചയിക്കപ്പെട്ട വഴിയിലൂടെ എങ്ങോ പോയ്മറഞ്ഞു ! ഇനി 2028 ലും, 2032 ലും , 2046 ലും ചിലർവരുമെന്നും, അവർ ഇടിക്കാൻ പോകുന്ന മണിക്കൂറും മിനിറ്റും സെക്കണ്ടും  വരെ കണക്കും കൂട്ടികാത്തിരിക്കുകയാണ് നമ്മുടെ ശാസ്ത്ര സത്തമന്മാർ.

ചൊവ്വായ്ക്കും വ്യാഴത്തിനുമിടയിലുള്ള അസ്‌ട്രോയിഡ് ബെൽറ്റിൽ മാത്രം തിരിച്ചറിഞ്ഞ്അടയാളപ്പെടുത്തിയിട്ടുള്ള  അറുപത്തിനായിരത്തിൽ അധികമുണ്ടെന്ന്‌ ശാസ്ത്രം തന്നെ സമ്മതിക്കുന്ന ചിന്നഗ്രഹ ഭാഗങ്ങളിൽ നിന്ന് ഇതുവരെ ഭൂമിയിൽ ഇടിച്ചിറങ്ങിയ ഏതാനും കഷണങ്ങളുടെ കണക്കു മാത്രമേശാസ്ത്രത്തിനും പറയാനുള്ളുവല്ലോ ? എങ്കിൽ പോലും, അത്യതിശയകരമായി ഭൂമിയിൽ ഉരുത്തിരിഞ്ഞ് നിലനിൽക്കുന്ന  ദൈവിക സാന്നിധ്യമായ ജീവന്റെ വേരുകൾ പാടെ അറുത്തെറിയുവാൻ അവയ്ക്കും സാധിച്ചില്ല എന്നസത്യം നമ്മിലൂടെത്തന്നെ ഇന്നും നില നിൽക്കുന്നുവല്ലോ ?

സ്വന്തം ഭ്രമണ താളത്തിന്റെ വഴി തെറ്റിയിട്ടാവാം, ഭൂമിയിലേക്ക് പാഞ്ഞടുക്കാൻ ഏതെങ്കിലും കഷ്ണംശ്രമിച്ചാൽത്തന്നെ അതിനെ വലിച്ചെടുത്തു ദൂരേക്കെറിയുവാനുള്ള അപാരമായ ആകർഷണ ശക്തിയുമായിവ്യാഴം എന്ന ഭീമൻ സെക്യൂരിറ്റിയെ അവിടെ നിർത്തിയിട്ടുണ്ട്. ഇനി വ്യാഴത്തെയും വെട്ടിച്ച്‌ ഒരുവൻവന്നാൽപ്പോലും അവനെ കത്തിച്ച് കരിച്ച് ചാരമാക്കാൻ കഴിവുള്ള ഭൗമാന്തരീക്ഷമുണ്ട്. ഇത്തരം സംവിധാനങ്ങൾമുന്നൊരുക്കമായി ( അന്നം ഹി ഭൂതാനാം ജേഷ്‌ഠം ) ഇവിടെ ഉണ്ടായിരുന്നത് കൊണ്ടാണല്ലോ ശാസ്ത്രഭാഷയിൽത്തന്നെ നാനൂറ്റി അൻപത് കോടി കൊല്ലങ്ങളായി നമ്മുടെ ഭൂമി സർവാംഗ സുന്ദരിയായി ഇങ്ങനെഇന്നും നമ്മോടൊപ്പമുള്ളത് ?

ഉക്രൈൻ യുദ്ധം ആരംഭിച്ചതോടെ   കത്തനാർമാരുടെയും, പാസ്റ്റർമാരുടെയും  ചാകരക്കാലം വരികയായിരുന്നു.  ചില പാസ്റ്റർമാർ വളഞ്ഞു നിന്നാണ് വചനം കാഷ്ഠിക്കുന്നത്. മുപ്പത്തൊന്നാം തീയതി മൂന്നു മണി കഴിഞ്ഞ് മൂന്നേമുക്കാൽ വിനാഴിക കഴിയുമ്പോൾ കാഹളം കേൾക്കും, കർത്താവ് വരും എന്നാണ് പ്രവചനം. ആ കൂടെ പോകാൻറെഡിയായി ഇരുന്നു കൊള്ളണം എന്നാണ് പ്രബോധനം. എന്നിട്ടും സ്വന്തം ചെക്കനെ പത്ത് വർഷം നീളുന്നപണംവാരി പ്രൊഫഷണൽ കോഴ്‌സിന് പഠിക്കാൻ വിട്ടിരിക്കുകയാണ്  നമ്മുടെ പാസ്റ്റർ. ഇരുന്നൂറു വർഷംനിൽക്കുന്ന ഇറ്റാലിയൻ മാർബിൾ കൊണ്ട് ശൗചാലയം പുതുക്കി പണിയിച്ചു കൊണ്ടിരിക്കുകയാണ് പാസ്റ്റർ പത്നി. ( അല്ല, അതിനുള്ള പണം കണ്ടെത്താനുള്ള പെടാപ്പാട്  ആണല്ലോ വില്ലു പോലെ വളഞ്ഞ് നിന്നുള്ള ഈ വചനശുസ്രൂഷ ? പുഴയുടെ അക്കരെ തുടലിൽ കെട്ടി നിന്നാണ് പട്ടി കുരയ്ക്കുന്നതെങ്കിലും. തുടൽ അറ്റു പോവുകയുംപുഴ വറ്റിപ്പോവുകയും  ചെയ്താൽ  കടി പറ്റിപ്പോകുമല്ലോ- അതാണ് പാസ്റ്റർമാരുടെയും കത്തനാർമാരുടെയും പേടി. അതാണ് മറ്റുള്ളവരോട് തയ്യാറെടുക്കാൻ വചന വടിയുമായി ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത്.

മനുഷ്യന് അവന്റെ ആയുസ്സിനെക്കുറിച്ച് വലിയ ആശങ്കകളുണ്ട്.  ഇന്നല്ലെങ്കിൽ നാളെ അത് അവസാനിക്കുംഎന്ന സത്യം അവൻ അംഗീകരിക്കുന്നത് പോലും വേറെ ഒരു നിവർത്തിയും ഇല്ലാത്തത് കൊണ്ട് മാത്രമാണ്.  എന്നിട്ടും അടുത്ത ഒരായുഷ്‌ക്കാലം കൊണ്ട് പോലും പൂർത്തിയാക്കാനാവാത്ത പ്ലാനുകളും പദ്ധതികളുംമനസ്സിലിട്ടു താലോലിച്ചു കൊണ്ടാണ് ഓരോ മനുഷ്യനും തന്റെ ജീവിത യാത്ര തുടർന്നു കൊണ്ടേയിരിക്കുന്നത്. അനിശ്ചിതത്വത്തിന്റെ ഈ ആഴക്കടലുകളിലാണ് മതത്തിന്റെ മുക്കുവർ വിശ്വാസത്തിന്റെ വലയെറിഞ്ഞ് വിളകൊയ്യുന്നത്.  പൊതുജനം കൂട്ടം കൂട്ടമായി ഇതിൽ അകപ്പെട്ട് പിടയുന്നത് കൊണ്ട് പ്രയോക്താക്കൾക്ക് നല്ല വിലകിട്ടുന്നുണ്ട്. അത് കൊണ്ടാണല്ലോ ആഡംബര അരമനകളിൽ പാർത്തു കൊണ്ട് എത്ര നാണം കെട്ടും അവർ ഈകലക്ക വെള്ളത്തിൽ ഇന്നും തങ്ങളുടെ വല ആഞ്ഞു വീശിക്കൊണ്ടിരിക്കുന്നത് ?

ലോകാവസാനത്തിന്റെ പേടിസ്വപ്നങ്ങൾക്ക് മാനവ ചരിത്രത്തോളം തന്നെ പഴക്കമുണ്ടായിരിക്കാം. അവർരണ്ടുകാലിൽ എഴുന്നേറ്റ് നടന്നു തുടങ്ങിയ ഹൃസ്വ കാലത്തിന് എത്രയോ മുൻപും ലോകാവസാനങ്ങൾസംഭവിച്ചിരുന്നതായി അവന്റെ ശാസ്ത്രം സങ്കല്പിച്ചിട്ടുണ്ട്. അത്തരം സങ്കൽപ്പങ്ങളെ ശാസ്ത്രീയ നിഗമനങ്ങൾഎന്ന പേരിൽ ആധികാരികവൽക്കരിക്കാൻ ശ്രമിക്കുന്ന മനുഷ്യന് ആയതിനുള്ള തെളിവുകൾ എന്ന നിലയിൽഡൈനോസർ ഫോസിലുകൾ ഉൾപ്പടെയുള്ള ചില വസ്തുതകൾ സഹായകമായി വർത്തിക്കുന്നുണ്ട്.

ആറരക്കോടി വർഷങ്ങൾക്ക് മുൻപ് മെക്സിക്കോയിലെ യത്തിക്കാൻ താഴ്‌വരയിൽ സംഭവിച്ച ഉൽക്കാപതനത്തിന്റെ അനന്തര ഫലമായിട്ടാണ് അവസാന വട്ട ലോകാവസാനം സംഭവിച്ചതെന്ന  ശാസ്ത്രീയകണ്ടെത്തൽ ഇന്നും സജീവ ചർച്ചകൾക്ക് വിഷയമാവുന്നുണ്ട്. ഭൂമിയുടെ വലിപ്പവും, അന്ന് വീണ ഉൽക്കയുടെവലിപ്പവുമായി താതമ്യപ്പെടുത്തുമ്പോൾ ഫുട്ബാൾ വലിപ്പമുള്ള ഭൂമിയിൽ പതിച്ച ഒരു ചെറുപയർ മാത്രമായിരുന്നുഅന്നത്തെ ഉൽക്ക. ( ഇരുപത്തി അയ്യായിരം മൈൽ ചുറ്റളവുള്ള ഭൂമിയിൽ ഇരുപത് ചതുരശ്ര മൈൽവിസ്താരമുള്ള ഉൾക്കയാണ് പതിച്ചത് എന്ന് ശാസ്ത്രം. )

ഈ ഈ ചെറുപയറിൽ നിന്ന് പുറപ്പെട്ട തീയും പുകയും ഫുട്ബോളിനെ പൂർണ്ണമായി മറച്ചുവെന്നും, സൂര്യപ്രകാശംപൂർണ്ണമായും തടഞ്ഞ് ഹിമഗോളമാക്കി  മാറ്റിയെന്നും,  ചുരുങ്ങിയത് പന്ത്രണ്ടായിരം മൈലുകൾക്കപ്പുറത്ത്ഭൂമിയുടെ മറുവശത്ത്  നമ്മുടെ ഇന്ത്യയിൽ വരെ  കടലിലും കരയിലുമായി ജീവിച്ചിരുന്ന ഡൈനസോറുകൾഉൾപ്പടെയുള്ള സർവത്ര ജീവി വർഗ്ഗങ്ങളുടെയും സർവ നാശത്തിനു കരണമായിയെന്നും, ഡൈനോസറുകൾപൂർണ്ണമായും മറ്റ് ജീവികളിൽ തൊണ്ണൂറു ശതമാനവും ചത്തു മലച്ചു എന്നുമൊക്കെ പറയുമ്പോൾ ശാസ്ത്രജ്ഞാനമില്ലാത്ത സാമാന്യ മനുഷ്യനായ എനിക്കുണ്ടായ ചില സംശയങ്ങൾ ‘ വലിയ ശാസ്ത്ര നിഗമനങ്ങളും ചിലചെറിയ സംശയങ്ങളും ‘ എന്ന എന്റെ മുൻ ലേഖന പരമ്പരയിൽ പ്രതിപാദിച്ചിട്ടുണ്ട് എന്നതിനാൽ ഇവിടെആവർത്തിക്കുന്നില്ല. ( ഇപ്പോൾ ഇത് ‘ അഗ്നിച്ചീളുകൾ ‘ എന്ന ലേഖന സമാഹാരത്തിൽ ഉൾപ്പെടുത്തിപ്രസിദ്ധീകരിച്ചിട്ടുണ്ട്. )

അൻപത്തി ഏഴു കോടി കൊല്ലങ്ങൾക്ക് മുൻപ് പ്രീ കാപ്രിയൻ യുഗത്തിൽ സംഭവിച്ച മറ്റൊരു സർവ നാശത്തിനുശേഷമാണ് പ്രാണവായുവായ ഓക്സിജൻ ഉണ്ടായിത്തുടങ്ങിയത് എന്ന് ശാസ്ത്രം തന്നെ സമ്മതിക്കുന്ന നിലക്ക്മരങ്ങളോ ചെടികളോ ഇല്ലാത്തതും, പൂക്കളും പൂമ്പാറ്റകളും ഇല്ലാത്തതുമായ ഒരു വന്യ ലോകത്ത്   ശ്വസനവ്യവസ്ഥയിൽ ജീവിക്കാൻ സാധിക്കാത്തതും, നമ്മുടെ ചിന്തകളിൽ പോലും കടന്നു വരാൻ ആകാത്തതുമായഏതെങ്കിലും വിചിത്ര ജീവി വർഗ്ഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവയായിരിക്കണം അന്ന് നശിച്ചിട്ടുണ്ടാവുക ? ( ഓക്സിജൻ ഇല്ലാതെ ജീവിക്കുന്ന ചിലതുണ്ടെന്നു പറയുന്നു. എങ്കിലും അവ വളരെ അപൂർവമാണെന്നാണ്അറിയുന്നത്. )

പ്രകൃതി നിയമങ്ങൾക്ക് അനുസരണമായി മാത്രം സംഭവിച്ച ബിഗ്‌ബാംഗിലൂടെ ഉണ്ടായി വന്നു എന്ന് സ്റ്റീഫൻഹോക്കിങ്‌സ് പറയുന്ന (  Brief answers to the big questions )പ്രപഞ്ചത്തിൽ മറ്റൊരു ശക്തിക്കും പ്രസക്തിയില്ലഎന്ന് അദ്ദേഹം തന്നെ പറയുമ്പോൾ അതുവരെ ഒന്നായിരുന്ന സിങ്കുലാരിറ്റിയുടെ ഉൾക്കാമ്പിൽ വികാസം എന്നപ്രചോദനം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ശാസ്ത്രത്തിനും ഉത്തരമില്ല. ‘ വൺ സൈസ് ഫിറ്റസ് ആൾ ‘ എന്ന നിലയിൽ പ്രയോഗിക്കുന്ന ‘ എല്ലാം യാദൃശ്ചികം ‘ എന്ന ഒറ്റ ഉത്തരമല്ലാതെ.

( കൃത്യമായ ഒരു മുൻ കണക്കു കൂട്ടലിന്റെ അടിസ്ഥാനത്തിൽ ആണ് പ്രപഞ്ചം ഉണ്ടായതെന്ന് ഇതിനകം ശാസ്ത്രംകണ്ടെത്തി കഴിഞ്ഞിരിക്കുന്നു. നമ്മുടെ ബിഗ്ബാംഗ് സമയം വരെ ഒന്നുമുണ്ടായിരുന്നില്ല എന്ന് പറയുന്നത്ശരിയല്ല എന്ന് ശാസ്ത്രം സമ്മതിക്കുന്നു. അവിടെ ഊർജ്ജ രൂപത്തിൽ മാറ്ററും ആന്റി മാറ്ററുംഉണ്ടായിരുന്നുവത്രെ!  ഇവ തുല്യ അളവിലായിരിക്കുമ്പോൾ അവ കൂട്ടിയിടിച്ച് തകർന്ന് ഒന്നുമില്ലാത്ത ( 0 ) അവസ്ഥയിൽ ആയിരിക്കും എന്നതിനാൽ അവിടെ പദാർത്ഥം  ഉണ്ടായിരുന്നില്ലെന്നേയുള്ളൂ ! എന്നാൽ അവിടെഒരു ചിന്ത രൂപമായി ഭവിച്ച പോലെ - അതായത് അങ്ങിനെ സമ്മതിക്കേണ്ടി വരുന്ന തരത്തിൽ - അത് വരെതുല്യമായി ഉണ്ടായിരിക്കുകയും പരസ്പരം കൂട്ടിയിടിച്ച്  ഒന്നുമില്ലാതിരിക്കുകയും ( 0 )ആയിരുന്ന മാറ്റർ - ആന്റിമാറ്റർ അനുപാതത്തിൽ ഒരു ചെറിയ വ്യത്യാസം  സംഭവിക്കുന്നു. മാറ്ററിന്റെ അളവ് അൽപ്പം കൂടുതൽ ആവുകയുംമുൻപ് സംഭവിച്ചിരിക്കാവുന്ന എത്രയോ ബിഗ്‌ബംഗുകളിൽ 0 മാത്രം അവശേഷിപ്പിച്ചിരുന്ന അവസ്ഥയിൽ നിന്ന്വ്യത്യസ്തമായി അളവിൽ അൽപ്പം കൂടുതലായി ഉണ്ടായിരുന്ന ഊർജ്ജം  ദ്രവ്യം അഥവാ പദർത്ഥമായിപരിണമിച്ച്  ആണ്  ബിഗ്ബാങ് സമയത്ത്‌ പ്രപഞ്ചമായിത്തീർന്നത് എന്ന്  ഇന്ന്‌ ശാസ്ത്രം സമ്മതിക്കുന്നു.

‘ ദ്രവ്യവും ഊർജ്ജവും സമയവും ഒത്തു ചേരുന്നിടത്ത് പ്രപഞ്ചമുണ്ടാവാൻ ഒരു ദൈവത്തിന്റെആവശ്യമുണ്ടായിരുന്നില്ല ‘എന്ന ബഹുമാന്യനായ സ്റ്റീഫൻ  ഹോക്കിംഗ്സിന്റെ വാദം ഇവിടെ  നൈസായിപൊളിയുന്നു. എന്ത് കൊണ്ടെന്നാൽ ഇവിടെ ദ്രവ്യം ഉണ്ടായിരുന്നില്ല സർ?  ഊർജ്ജമാണ് ഉണ്ടായിരുന്നത്. 0 അവസ്ഥയിലായിരുന്ന ആ ഊർജ്ജത്തിൽ നിന്ന് ഒരു ഒന്ന് ( 1 ) സൃഷ്ടിച്ചെടുക്കുന്നതിനുള്ള ഒരു പ്രാപഞ്ചികചിന്തയുടെ ബാക്കി പത്രമായിട്ടാണ് ശരിപ്പെടുത്തിയതോ തെറ്റിച്ചതോ

ആയ ഒരു കണക്കിന്റെ പരിണിത ഫലമായി ബിഗ്‌ബാംഗ് ‌ സംഭവിച്ചത് എന്നതിനാൽ ഒരു പ്ലാനിങ്ങിന്റെ സാന്നിധ്യംഇവിടെ വ്യക്തമാവുന്നുണ്ടല്ലോ ? )

ചിന്താ ശേഷിയുള്ള മനുഷ്യൻ തനിക്കേറ്റവും പ്രിയപ്പെട്ട തന്റെ ജീവിതം നഷ്ടപ്പെടുന്നതിൽ സ്വാഭാവികമായുംഏറെ ദുഖിതനാണ്. അത് കൊണ്ട് തന്നെ അത് നില നിർത്തുന്നതിനുള്ള ഓഫറുകളോട്  അവൻ സർവാത്മനാസഹകരിക്കുക തന്നെ ചെയ്യും. ഈ ദൗർബല്യത്തിന്റെ ഇര ഒളിപ്പിച്ചു വച്ച ഉടക്കുചൂണ്ടകളിൽ കുടുക്കിയിട്ടാണ്എക്കാലത്തും മതങ്ങൾ അവനെ കീഴ്പ്പെടുത്തിയിരുന്നത്. വിശ്വാസങ്ങളിലും ആചാരങ്ങളിലും മാത്രംനിലയുറപ്പിച്ചിട്ടുള്ള മതങ്ങൾ അത് ചെയ്യുമ്പോൾ അതവരുടെ സ്ഥിരം പരിപാടി എന്ന നിലയിൽതള്ളിക്കളയാമെങ്കിലും പുതിയ ലോകത്തിന്റെ പുത്തൻ കൂറ്റ്കാരായ  ശാസ്ത്ര സംവിധാനങ്ങളും അത് തന്നെചെയ്യുമ്പോൾ സാധാരണ മനുഷ്യനിൽ പോലും സംശയത്തിന്റെ മുൾ മുനകൾ ഉയരുന്നുണ്ട്.

എന്തായിരുന്നിരിക്കണം പ്രപഞ്ച നിർമ്മാണ തന്ത്രത്തിന്റെ ആത്യന്തിക ലക്ഷ്യ സൂത്രം ? സംതിങ് ബിഹൈൻഡ്എന്ന നിലയിൽ പ്രപഞ്ച വിസ്മയത്തിന് ഒരു കാരണം അംഗീകരിക്കുന്നുണ്ടെങ്കിൽ, ആ കാരണത്തിൽനിന്നുണ്ടായ ഒരു ചിന്തയുടെ ഫലമായിരിക്കണമല്ലോ ഈ പ്രപഞ്ചം ? അത് കൊണ്ട് തന്നെ ആ ചിന്തയിൽഉളവായ മഹത്തായ സ്നേഹ പ്രചുരിമയുടെ പ്രായോഗിക സാക്ഷാൽക്കാരത്തിന്റെ പരിണിത പ്രതിഫലനം തന്നെആയിരിക്കണമല്ലോ  ഈ പ്രപഞ്ചം !

ഇവിടെയാണ്, ‘ ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ ‘ എന്ന ഗാന ശകലം പോലെ മനുഷ്യനോടുള്ളഅപാര സ്നേഹത്തിന്റെ അത്യതിശയകരമായ ആത്മ പ്രകാശനമായി ദൈവം യാഥാർഥ്യമാവുന്നത്. നിസ്സഹായനും, നിരവലംബനുമായ തന്റെ കുഞ്ഞിന് പിള്ളത്തൊട്ടിൽ കെട്ടുന്ന ഒരമ്മയുടെ കരുണയുംകരുതലുമാണ് നാമിവിടെ അംഗീകരിക്കേണ്ടത്. തന്റെ അരുമക്കുഞ്ഞിന്റെ ഈ ആവാസ സംവിധാനത്തിൽ അവന്ആവശ്യമായതെല്ലാം ഉണ്ടാവണമെന്ന് ദൈവം ആഗ്രഹിച്ചിരിക്കണം. അത് കൊണ്ടാണ് അറിയപ്പെടുന്നപ്രപഞ്ചത്തിലെ അത്യപൂർവമായ സുരക്ഷാ സംവിധാനങ്ങളുടെ നിരന്തര പരീക്ഷണങ്ങളുടെ അവസാനത്തിൽഅതി വിദഗ്ദമായി വിരിച്ചൊരുക്കിയ ഭൂമിയെന്ന ഈ നക്ഷത്രപ്പാറയെ ഇപ്രകാരം പരുവപ്പെടുത്തിയെടുത്തത്.

പ്രപഞ്ചത്തിൽ മറ്റൊരിടത്തും ജീവന്റെ ഒരു തരിയെങ്കിലും ഉണ്ടായിരിക്കാൻ യാതൊരു സാധ്യതയും ഞാൻകാണുന്നേയില്ല. എന്തുകൊണ്ടെന്നാൽ താനാകുന്ന ഇന്റലെൻസിയുടെ ഇത്തിരി വെട്ടം കത്തിനിൽക്കാൻ താൻതന്നെയായ മനുഷ്യൻ എന്ന ഈ മൺചിരാതുകളെ കുടിയിരുത്തുവാനുള്ള അന്വേഷണത്തിന്റെ അവസാനതാവളമായിട്ടാണ് ഭൂമിയെ ഇതുപോലെ ഒരുക്കിയെടുത്തിട്ടുള്ളത് എന്നതിനാൽ ഈ സംവിധാനത്തിനുള്ളസപ്പോർട്ടിങ് ആക്ടിവിറ്റികൾ മാത്രമാണ് മറ്റുള്ള പ്രപഞ്ച ഭാഗങ്ങൾ. അതുകൊണ്ട് തന്നെ അവിടെ വേറെ ജീവൻഉണ്ടാവുകയേയില്ല. ( അഥവാ ഉണ്ടെന്ന് തെളിയുന്ന ഒരവസരം എപ്പോഴെങ്കിലും വരികയാണെങ്കിൽ ‘ പ്രപഞ്ചകാരണം ദൈവമാണ് ‘ എന്റെ വാദങ്ങളിൽ നിന്ന് ഞാൻ പിന്മാറുന്നതാണ്. ) അതായത്, അവിടെ അപ്രകാരംഉള്ളത് കൊണ്ടാണ് ഇവിടെ ഇപ്രകാരം ആയിരിക്കുന്നത് എന്ന് സാരം. ( അല്ലെങ്കിൽ ഇവിടെ ഇപ്രകാരംആയിരിക്കാൻ വേണ്ടിയാണ് അവിടെ അപ്രകാരം ആയത് എന്നും വിശദീകരിക്കാം ) ‘ അന്നം ഹി ഭൂതാനാംജേഷ്ടം ‘ എന്ന ഗീതാ മന്ത്രത്തിന്റെ ആത്യന്തിക അർത്ഥ സൂത്രം ഇതാകുന്നു ! ദൈവ സ്നേഹത്തിന്റെ ആദ്യചിന്തയിൽ ആദ്യം രൂപപ്പെട്ടത് മനുഷ്യനും, പിന്നീട് അവനു വേണ്ടിയുള്ള സപ്പോർട്ടിംഗ്‌ സംവിധാനങ്ങളുടെസ്റ്റോറേജുകളായി മുഴുവൻ പ്രപഞ്ചവും ഉണ്ടായി വരികയായിരുന്നു !  അത് കൊണ്ടാണ്, ശാസ്ത്രീയമായ കാലനിർണ്ണയത്തിലെ 0.25 ശതമാനം മാത്രം വരുന്ന നിസ്സാര കാലമേ സാപ്പിയൻ കാലഘട്ടം ഉൾക്കൊള്ളുന്നുള്ളൂ എന്ന്ശാസ്ത്രം തന്നെ പറയുന്നത്. ( അതാകട്ടെ കേവലമായ 35 ലക്ഷം വർഷങ്ങൾ മാത്രവും ! )

എല്ലാ സുരക്ഷയും വിരിച്ചൊരുക്കി ഉറപ്പാക്കിയ ശേഷം അവസാനമാണ് തന്റെ ആരുമയും ജീവന്റെ ജീവനുമായഈ   മനുഷ്യ പൈതലിനെ ഇവിടെ ഈ ആട്ടു തൊട്ടിലിൽ കിടത്തിയിട്ടുള്ളത്. എല്ലാം ഓട്ടോമാറ്റിക്കായിഅവനിലേക്കെത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി വച്ചിട്ടുണ്ട്. ചൂടും വെളിച്ചവും മഴയും കുളിരുംകൊണ്ട് സമൃദ്ധമായ കാലാവസ്ഥ, പൂവും തളിരും കായും കനിയുമായി നീളുന്ന ആഹാര വ്യവസ്ഥ, ഇണയുടെശരീര ഭാഗങ്ങളിൽ അനവദ്യ സുന്ദരമായി അനുഭവപ്പെടുന്ന ആകർഷണങ്ങളുടെ അഭിനിവേശങ്ങളിൽഅടിപിണയിക്കുന്ന പ്രത്യുൽപ്പാദന സംവിധാനങ്ങൾ ! തന്റെ സ്വന്തം മുറ്റത്ത്‌ പിച്ച വയ്ക്കുന്ന അരുമക്കാലുകളുടെആകർഷണങ്ങളിൽ ആത്മ സംതൃപ്തിയുടെ അതി മധുരം നുണയുകയാണ് ദൈവം - പ്രപഞ്ചാത്മാവായ ദൈവം !

അതി നിർണ്ണായകമായ ദൈവസ്നേഹത്തിന്റെ അത്യതിശയകരമായ ചിന്താപഥത്തിൽ രൂപം കൊണ്ടത്എന്നതിനാൽ പരമമായ ആ സ്നേഹ പ്രചുരിമയുടെ ഒരംശം ഏതൊരു പ്രപഞ്ച വസ്തുവും സ്വാഭാവികമായുംഉൾക്കൊണ്ടിട്ടുണ്ട്. അത് കൊണ്ടാണ് ഉൽക്കകൾ നമ്മുടെ ഉച്ചിയിൽ പതിക്കാത്തതും, ഗ്രഹങ്ങൾ ഭ്രമണ താളംതെറ്റിക്കാത്തതും, നക്ഷത്രങ്ങൾ ഊർജ്ജ വിശ്ലേഷണത്തിലൂടെ ജീവൻ നില നിർത്തുന്നതും മറ്റും മറ്റുമായഅനേകായിരം ആസൂത്രിത സംവിധാനങ്ങൾ. !

ഇവിടെ ഭൂമിയിൽ കടുത്ത മാംസഭുക്കുകളായ ക്രൂര മൃഗങ്ങൾ പോലും തുടുത്ത മാംസക്കട്ടകളായ തങ്ങളുടെകുഞ്ഞുങ്ങളെ കടിച്ചു കീറി ആസാദിക്കാതെ അമ്മിഞ്ഞ നൽകി നെഞ്ചോട് ചേർക്കുന്നത് ആ സ്നേഹപ്രവാഹത്തിന്റെ പ്രായോഗിക പ്രകടനമായി വാത്സല്യത്തിന്റെ വലിയൊരംശം അവയും ഉൾക്കൊള്ളുന്നത് കൊണ്ട്തന്നെയാണ്.  

ചിന്താ ശേഷിയുള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം അവനിൽ മുള പൊട്ടുന്ന സ്വാർത്ഥതയുടെ ഭാഗമായിപലപ്പോഴും ഈ അടിസ്ഥാന ധർമ്മം നിർവഹിക്കുവാൻ അവനു സാധിക്കുന്നില്ല. ഇത് അവനിൽ കുറ്റ ബോധംഉണ്ടാക്കുന്നു, കുറ്റ ബോധം ഭയം ഉണ്ടാക്കുന്നു, ഭയം ഭക്തിയുണ്ടാക്കുന്നു, ഭക്തി അവനെ പള്ളികളിൽ ( ക്ഷേത്രങ്ങളിൽ ) എത്തിക്കുന്നു.

അടിസ്ഥാന പാതകളിൽ നിന്നുള്ള അപഥ സഞ്ചാരം ജീവിക്കാൻ താൻ അർഹനല്ല എന്നൊരു അവബോധത്തിൽ  അവനെ തളയ്ക്കുന്നു. തന്നെപ്പോലുള്ളവരുടെ വലിയ കൂട്ടങ്ങളെ അവനു പരിചയമുള്ളതിനാൽ അവരുടെയെല്ലാംഒരു കൂട്ടനാശം തന്നെ അവനെ വേട്ടയാടുന്നു. സാധാരണ ഗതിയിൽ സംഭവിക്കാൻ ഇടയില്ലാത്ത ഈ കൂട്ടനാശത്തിനായി അവന്റെ ഭാവന കണ്ടെടുത്ത പരിഹാര സൂത്രമാണ് ലോകാവസാനം. സ്വന്തം മത ഗ്രന്ഥങ്ങളിൽഎഴുതി വച്ചുകൊണ്ട് ഓരോ വിഭാഗക്കാരും ഇതിനൊരു ആത്മീക പരിവേഷം നേടിയെടുത്തു എന്നേയുള്ളു !

മനുഷ്യനെപ്പോലെ ബുദ്ധി വികാസം സംഭവിക്കാത്ത മറ്റ് ജീവികൾ മനസമാധാനത്തോടെ അവരുടെ ഇന്നുകളിൽജീവിക്കുന്നു. അൾട്രാ ഇന്റെലിജൻസായ മനുഷ്യൻ ഭയത്തിന്റെ ചങ്ങല വാരിപ്പുതച്ച് അസ്വസ്ഥനായി, അവശനായി അജ്ഞാത ഭാവിയുടെ ആഴങ്ങളിൽ മുങ്ങിത്താണ് ശ്വാസം മുട്ടുന്നു.

വിശ്വസിക്കുക! ലോകാവസാനം മനുഷ്യ ചൂഷകരുടെ ഒരു ഉമ്മാക്കി മാത്രമാണ്. അത് സംഭവിക്കുകയേയില്ല. ഏതെങ്കിലും ഉൽക്കയ്‌ക്ക്‌ വന്നിടിക്കാൻ പാകത്തിലള്ള ഒരവസ്ഥയിലല്ലാ അതിന്റെ ഉടമസ്ഥൻ അതിനെനിർത്തിയിട്ടുള്ളത്. ആകർഷണ - വികര്ഷണങ്ങളുടെ അജ്ഞേയമായ ഒരു ചരടിൽ അത് സുരക്ഷിതമാണ്. എല്ലാറ്റിനും എന്ന പോലെ കാലാനുസരണമായ മാറ്റങ്ങൾക്ക് ഭൂമിയും വിധേയമായേക്കാം. അതേകാലാനുസരണമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് എന്നും മനുഷ്യൻ ഇവിടെയുണ്ടാകും.

ആറ്റം ബോംബുകൾ ആയിരുന്നു മറ്റൊരു ലോകാവസാന ഭീഷണി. അത് പ്രയോഗിച്ചാൽ പ്രയോഗിക്കുന്നവന്റെഅന്ത്യം ആദ്യം ഉറപ്പാക്കുന്ന സംവിധാനങ്ങൾ അവനറിയാതെ നിലവിൽ വന്നു കഴിഞ്ഞു എന്നതിനാൽ ശുനകന്കിട്ടിയ പൊതിയാത്തേങ്ങകൾ പോലെ അതും വച്ച് കാത്തിരിക്കാൻ മാത്രമേ ഏതൊരു ഭരണ കൂടത്തിനും ഇന്ന്സാധിക്കുകയുള്ളു.

ഇനി ലോകാവസാനം സംഭവിക്കും എന്ന് പറയുന്നത് ആരാണ് ? മനുഷ്യ ഭാവന രൂപപ്പെടുത്തിയ മതം, ശാസ്ത്രം. പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം ഇവരുടെ സ്ഥാനമെന്താണ് ? ഒന്നുമേയല്ലാത്ത ഒരു പൊടി. സപ്തസാഗരങ്ങളിലെ ഒരു തുള്ളി പോലുമല്ലാത്ത ഈ ഭൂമിയിൽ അവന്റേതായ യാതൊരു പങ്കുമില്ലാത്ത അനുഗ്രഹമായിവീണു കിട്ടിയ ജീവിതത്തിന്റെ അഹങ്കാരത്തിൽ ആഴ്ന്നു നിന്ന് കൊണ്ടാണ് അവൻ അവസാനത്തെക്കുറിച്ചുപറയുന്നത്. ലവനാര് ഇത് പറയാൻ ? ഒരു കട്ട മണ്ണോ ഒരു കപ്പു വെള്ളമോ ഇവൻ ഉണ്ടാക്കിയിട്ടുണ്ടോ ? അന്യന്റെഅടുക്കളയിൽ നിന്ന് സൗജന്യമായി ഞണ്ണുന്ന ഇവനൊക്കെ അടുക്കള പൊളിക്കണം എന്ന് പറയാൻഎന്തവകാശം ?  അങ്ങിനെ പൊളിക്കണമെങ്കിൽ അതിന്റെ ഉടമസ്ഥൻ അത് ചെയ്തു കൊള്ളും.

ഇനിയും അവസാനിക്കാൻ ബാക്കിയുള്ളത് ഒന്നേയുള്ളു. അത് തിന്മയാണ്. ഇന്നല്ലെങ്കിൽ നാളെ തിന്മയുടെഗോപുരങ്ങൾ ഇടിഞ്ഞു വീഴും. ഒട്ടും കുറയാതെ തന്നെപ്പോലെ അപരനെ കരുതുന്ന യഥാർത്ഥ മനുഷ്യന്റെ ഒരുലോകം നിലവിൽ വരും. അന്ന് അണലിമാളങ്ങളിൽ കയ്യിടുന്ന ശിശുക്കളെ അണലികൾ ദംശിക്കുകയില്ല. ബാലസിംഹങ്ങളുടെ കോമ്പല്ലുകളിൽ മനുഷ്യന്റെ കുഞ്ഞുങ്ങൾ എണ്ണം പഠിക്കും. അജ്ഞാതനായ ഏതോ ചിത്രകാരൻവിരചിച്ച ചിത്രത്തിലെപ്പോലെ 'അമ്മ സിംഹങ്ങൾ പാലൂട്ടുന്ന ആട്ടിൻ കുട്ടികളെപ്പോലെ നിർഭയരായ മനുഷ്യന്റെലോകം യാഥാർഥ്യമാകും. കാലാതിവർത്തിയായ പ്രപഞ്ചത്തിൽ നിന്ന് വന്ന നമ്മൾ കാലാതിവർത്തിയായ കാലയവനികയ്ക്കുള്ളിൽ മറഞ്ഞാലും നമ്മൾ തന്നെയായി പിന്നിൽ ജീവിക്കുന്ന നമ്മുടെ തലമുറകളിലൂടെ അത്കാണും, അനുഭവിക്കും. ( മൈത്രേയനോട് കടപ്പാട് ) എന്ത് കൊണ്ടെന്നാൽ മനുഷ്യ വർഗ്ഗം ഒരു മഹാ വൃക്ഷമാണ്. നമ്മൾ എന്ന ഇല കൊഴിഞ്ഞാലും നമ്മളുണ്ട്. നമ്മളാണ് ആ വൃക്ഷം. നമ്മളാണ് തലമുറകൾ, നമ്മളാണ് പ്രപഞ്ചം! 

Join WhatsApp News
Sudhir Panikkaveetil 2025-02-28 16:26:58
മനുഷ്യൻ ദൈവങ്ങളെ സൃഷ്ടിക്കുന്നു അവരെ വിറ്റു ഉപജീവനം കഴിക്കുന്നു കച്ചവടം നന്നായി നടക്കുന്നതിനാൽ ദൈവത്തെ കാണണമെന്ന് മനുഷ്യനോ മനുഷ്യനെ കാണണമെന്ന് ആ ദൈവത്തിനോ തോന്നുന്നില്ല.. സത്യം കവി പറഞ്ഞപോലെ ശീർഷാസനത്തിൽ ..അതൊരു വ്യായാമമാണ് കണ്ടു ദിനരാത്രങ്ങൾ നീങ്ങുന്നു. മനുഷ്യർ മനുഷ്യരെ സ്നേഹിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു.അദൃശ്യനായ ഒരു ശക്തിയെ അന്വേഷിച്ച് ചോരപുഴകൾ ഒഴുക്കുന്നു മനുഷ്യൻ. ശ്രീ ജയൻ വർഗീസ് എഴുതുന്നത് എത്ര പേര് വായിക്കുന്നു. മതമായതുകൊണ്ട് കുറച്ച മതതീവ്രവാദികൾ പ്രതികരിച്ചേക്കാം. അതെന്നെ. ജയ് ജയ് ഹോ.
josecheripuram@gmail.com 2025-03-02 23:59:01
The universe came in to existence, created by God or by it self, without our opinion. No one consulted with us, then if it has to be destroyed, no one is going to ask for our opinion.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക