Image

കൊഴിയുന്നു കായികാധ്യാപകര്‍; തളരുന്നു കായിക കേരളം: സനില്‍ പി.തോമസ്

Published on 28 February, 2025
കൊഴിയുന്നു കായികാധ്യാപകര്‍; തളരുന്നു കായിക കേരളം: സനില്‍ പി.തോമസ്

സംസ്ഥാനത്തെ സ്വകാര്യ  സ്‌ക്കൂളുകളിലെയും സര്‍ക്കാര്‍ സ്‌ക്കൂളുകളിലെയും കായികാധ്യാപക സംഘടനകള്‍(യഥാക്രമം കെ.പി.എസ്.പി. ഇ.ടി.എ.യും ഡി.പി. ഇ.ടി.എയും)സംയുക്തമായി സംഘടിപ്പിച്ച നാല്‍പത്താറാമത് സംസ്ഥാന സമ്മേളനത്തിന്റെ മുദ്രാവാക്യം "കൊഴിയുന്നു കായികാധ്യാപകര്‍, തളരുന്നു കായിക കേരളം "സംസ്ഥാന സ്‌ക്കൂള്‍ കായികരംഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നതാണ്. അതുകൊണ്ടു തന്നെ 'കായികവിദ്യാഭ്യാസ സെമിനാറില്‍ "കായിക വിദ്യാഭ്യാസത്തിലെ വെല്ലുവിളികളും അവസരങ്ങളും " എന്ന വിഷയം ചര്‍ച്ചചെയ്തപ്പോള്‍ വെല്ലുവിളികള്‍ക്കായിരുന്നു മുന്‍തൂക്കം.

സംസ്ഥാന സ്കൂൾ കായികമേള ഒളിംപിക്‌സ് മോഡല്‍ ആക്കുമ്പോഴും കായികാധ്യാപകര്‍ അവഗണിക്കപ്പെടുന്നു. ഒ.എം. നമ്പ്യാര്‍ ആണ് പി.ടി.ഉഷയെ ലോകോത്തര അത്‌ലറ്റായി വളര്‍ത്തിയത്. പക്ഷേ, ഉഷയില്‍ ഒരു ഓട്ടക്കാരിയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് തൃക്കോട്ടൂര്‍ യു.പി. സ്‌ക്കൂള്‍ കായികാധ്യാപകന്‍ ബാലകൃഷ്ണന്‍ നായരാണ്. ഇത്തരം കായികാധ്യാപകര്‍ ആണ് സ്‌കൂള്‍ തലത്തില്‍ ഓരോ വിദ്യാര്‍ത്ഥിയിലുമുള്ള കായിക പ്രതിഭ തിരിച്ചറിയുന്നതെന്ന അടിസ്ഥാന തത്വം വിസ്മരിക്കപ്പെടുന്നു. 1956 ല്‍ എഴുതിയുണ്ടാക്കിയ കെ.ഇ.ആര്‍ ഇന്നും പിന്തുടരുമ്പോള്‍ കായികാധ്യാപകര്‍ കുറയുന്നു. കായിക കേരളം കിതയ്ക്കുന്നു.

സ്കൂൾ കായികാധ്യാപക സംഘടനകളുടെ സംയുക്ത സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച നടന്ന സെമിനാറിൽ സ്പോർട്സ് ജേണലിസ്റ്റ് സനിൽ പി.തോമസ് പ്രസംഗിക്കുന്നു.

2013 ല്‍ സംസ്ഥാനത്തെ സ്‌ക്കൂള്‍ കുട്ടികളില്‍ 85 ശതമാനത്തിനും കായികക്ഷമത കുറവാണെന്നു കണ്ടെത്തി. ഇതിന്റെ തുടര്‍ച്ചയായി "ആരോഗ്യ കായിക വിദ്യാഭ്യാസം" 2015 മുതല്‍ പഠനവിഷയമാക്കി. പക്ഷേ, കായികാധ്യാപകര്‍ ഇന്നും സ്‌പെഷല്‍ ടീര്‍ച്ചമാര്‍ മാത്രം. യു.പി.യില്‍ 500 കുട്ടികള്‍ക്ക് ഒരു കായികാധ്യാപകന്‍, ഹൈസ്‌ക്കൂളില്‍, എട്ട്, ഒന്‍പത് ക്ലാസുകളില്‍ അഞ്ച് ഡിവിഷനുകള്‍ക്ക് ഒരു കായികാധ്യാപകന്‍. എല്‍പിയിലും ഹയര്‍ സെക്കന്‍ഡറിയിലും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയിലും കായികാധ്യാപകര്‍ ഇല്ല. ഹൈസ്‌ക്കൂളില്‍ പഠിപ്പിച്ചാലും ശമ്പളം യു.പി.അധ്യാപകന്റേത്. അനുപാതത്തില്‍ ഒരു വിദ്യാര്‍ത്ഥിയോ ഒരു ഡിവിഷനോ കുറഞ്ഞാല്‍ കായികാധ്യാപകന്‍ പുറത്ത് .അതുതന്നെയാണ് സംസ്ഥാന സമ്മേളനത്തിനെത്തിയ 300 ല്‍ അധികം കായികാധ്യാപകരില്‍ നല്ലൊരു വിഭാഗത്തിന്റെയും മുഖത്ത് നിഴലിച്ച ആശങ്ക.

സ്‌ക്കൂളുകളില്‍ കായികാധ്യാപകന് മുന്നോട്ടു വളര്‍ച്ചയില്ല. ഹെഡ്മാസ്റ്റര്‍ തസ്തിക അവര്‍ക്ക് അപ്രാപ്യമാണ്. മറിച്ച് കോളേജുകളിലെ കായികാധ്യാപകര്‍ക്ക് പ്രിന്‍സിപ്പല്‍ ആകാമെന്ന് 2023 ഡിസംബറില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. ഇത് യു.ജി.സി. മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്നായിരുന്നു.

കോട്ടയത്ത്  സംയുക്ത കായികാധ്യാപക സംഘടനയുടെ നാല്പത്താറാമത് സംസ്ഥാന സമ്മേളനം   ഫ്രാൻസിസ് ജോർജ് എം.പി.ഉദ്ഘാടനം ചെയ്യുന്നു. ബിജു ആൻ്റണി,മാത്യു തൈ ക്കടവിൽ, പ്രദീപ് കുമാർ, ബി. ഗോപകുമാർ, ജോസിറ്റ് ജോൺ, ബിജു ദിവാകരൻ, അബ്ദുൾ ഗഫൂർ, റിബിൻ കെ. എ. , അജിത്ത് എബ്രാഹം, നബീൽ , സജാദ് എന്നിവർ സമീപം.

മറ്റു വിഷയങ്ങളുടെ തസ്തിക നിര്‍ണ്ണയത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ കെ.ഇ.ആറില്‍ വരുത്തിയെങ്കിലും കായികാധ്യാപകരുടെ തസ്തിക നിര്‍ണ്ണയത്തില്‍ ഭേദഗതി ഉണ്ടായിട്ടില്ല ഒരുപതിറ്റാണ്ടു മുമ്പ് കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയില്‍ പതിനായിരത്തോളം കായികാധ്യാപകര്‍ ഉണ്ടായിരുന്നു. 2017 ല്‍ ഇത് ഏതാണ്ട് 2000 ആയി. ഇപ്പോൾ 1400 ല്‍ താഴെയായി. ആരോഗ്യ കായിക വിദ്യാഭ്യാസം സ്‌ക്കൂളുകളില്‍ ശാസ്ത്രീയമായി നടപ്പിലാക്കുന്നതിന് ആവശ്യമായ കായികാധ്യാപക നിയമനങ്ങള്‍ക്ക് പ്രതിവര്‍ഷം 100 കോടി രൂപയില്‍ താഴെ വകയിരുത്തിയാല്‍ മതിയെന്ന് കായികാധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

കോട്ടയം മെഡിക്കല്‍ കോളേജ് കായിക വകുപ്പ് മേധാവി ഡോ.അഗസ്റ്റിന്‍ ജോര്‍ജ് പ്രബന്ധം അവതരിപ്പിച്ചു. ജോസിറ്റ് ജോണ്‍ അധ്യക്ഷത വഹിച്ചു. ഈ ലേഖകന്‍ മോഡറേറ്റര്‍ ആയിരുന്നു. പ്രഫ.തങ്കച്ചന്‍ മാത്യു പ്രസംഗിച്ചു. അവാര്‍ഡ് ജേതാക്കളായ കായികാധ്യാപകരെയും വിരമിക്കുന്നവരെയും ആദരിച്ചു. പൊതു സമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ് എം.പി. ഉദ്ഘാടനം ചെയ്തു. പി.എ. അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷ വഹിച്ചു. കോട്ടയം മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ബി.ഗോപകുമാര്‍ പ്രസംഗിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക