Image

പി.സി ജോര്‍ജ് ഹാപ്പിയായി; ഒരു നിമിമിഷം പോലും ജയിലില്‍ കിടക്കാതെ രക്ഷപെട്ടു (എ.എസ് ശ്രീകുമാര്‍)

Published on 28 February, 2025
പി.സി ജോര്‍ജ് ഹാപ്പിയായി; ഒരു നിമിമിഷം പോലും ജയിലില്‍ കിടക്കാതെ രക്ഷപെട്ടു (എ.എസ് ശ്രീകുമാര്‍)

ചാനല്‍ ചര്‍ച്ചയ്ക്കിടെ മുസ്ലീം വിദ്വേഷ പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജിനെ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തപ്പോള്‍ പരാതിക്കാരായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ ലഡു വിതരണം ചെയ്താണ് അതാഘോഷിച്ചത്. പി.സിയെ റിമാന്‍ഡ് ചെയ്ത അതേ കോടതി ഇന്ന് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചപ്പോള്‍ യൂത്ത് ലീഗുകാര്‍രുടെ സങ്കടം അണപൊട്ടിയൊഴുകി. ഒരുദിവസമെങ്കില്‍ ഒരു ദിവസം പ.സി അകത്ത് കിടക്കണമെന്നാഗ്രഹിച്ച അവരുടെ ദുഖം നമുക്ക് മനസിലാക്കാം.

രാഷ്ട്രീയക്കാര്‍ പ്രതികളായ കേസുകളില്‍ അവര്‍ക്കെതിരെ വിധി വരുമ്പോള്‍ അവര്‍ക്ക് തലകറക്കവും നെഞ്ചുവേദനയുമെക്കെയുണ്ടാവുന്നത് സര്‍വസാധാരണമാണ്. ജയിലിലേയ്ക്ക് പോകേണ്ടവരെ നേരെ ആശുപത്രിയിലെത്തിക്കും. ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശ കേസില്‍ ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോര്‍ജ്ജിനെ ഈരാറ്റുപേട്ട കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്‌തെങ്കിലും ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കേളേജ് ഐ.സി.യുവിലേയ്ക്ക് മാറ്റുകയുമായിരുന്നു. പരിശേധനയില്‍ ഇ.സി.ജിയില്‍ നേരിയ വ്യത്യാസം കണ്ടു.

അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ഇന്ന് വാദിച്ചു. ആരോഗ്യസ്ഥിതി സംബന്ധിക്കുന്ന മെഡിക്കല്‍ രേഖകള്‍ പി.സി ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് കോടതി ഇത് പരിഗണിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗത്തിലാണ് പി.സി ജോര്‍ജ് ചികിത്സയിലുള്ളത്. ജാമ്യം ലഭിച്ച ഉടന്‍ പി.സി ജോര്‍ജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തന്റേടത്തോടെ മുന്നോട്ട് പോകുമെന്നും ഭാരതത്തെ നശിപ്പിക്കാനുള്ള രാജ്യദ്രോഹ ശക്തികള്‍ക്ക് എതിരായ പോരാട്ടം തുടരുമെന്നും പി.സി പ്രതികരിച്ചു.

ജാമ്യം കിട്ടിയാല്‍ ഈ അസുഖങ്ങളെല്ലാം ഒരു സെക്കന്‍ഡ് കൊണ്ട് പമ്പകടക്കുമെന്ന് ട്രോളുകളുണ്ട്. എന്നാല്‍ പി.സിയുടെ മകന്‍ ഷോണ്‍ ജോര്‍ജ് കേസുകൊടുത്ത യൂത്ത് ലീഗുകാര്‍ക്ക് പരിഹാസ രൂപേണ നന്ദി പറഞ്ഞു. ഇങ്ങനെയൊരു കേസുകൊടുക്കുകയും കോടതി റിമാന്‍ഡ് ചെയ്തതുകൊണ്ടും പപ്പയുടെ ആരോഗ്യ സ്ഥിതി പൂര്‍ണമായും പരിശോധിക്കാന്‍ കഴിഞ്ഞു. ഒരിക്കലും ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കാത്ത പപ്പയ്ക്ക് ആശുപത്രിയിലേയ്ക്ക് വഴിനയിച്ചതിനാണ് യൂത്ത് ലീഗുകാരോട് ഷോണ്‍ നന്ദി പറഞ്ഞത്.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ പോലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതിന് പിന്നാലെ കീഴടങ്ങാന്‍ രണ്ട് ദിവസത്തെ സാവകാശം പി.സി ജോര്‍ജ് തേടിയിരുന്നു. കഴിഞ്ഞ 24-ാം തീയതി പോലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോര്‍ജ് നാടകീയമായി കോടതിയില്‍ ഹാജരാവുകയായിരുന്നു. തുടര്‍ന്ന് പി.സി ജോര്‍ജിനെ രണ്ടാഴ്ചത്തേക്ക് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇന്നുവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ തുടരുകയായിരുന്നു. സുപ്രീം കോടതിയില്‍ പോകാതെ തന്നെ ജാമ്യവും കിട്ടി. സ്ഥലവും സന്ദര്‍ഭവും ആളും തരവും നോക്കാതെ വായില്‍ തോന്നുന്നത് പച്ചയ്ക്ക് വിളിച്ചു പറയുന്ന പി.സി ജോര്‍ജ് അങ്ങനെ സ്വതന്ത്രനായി.  

മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയതിന് ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും കേരള ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ പി.സിയുടെ കാര്യം പരുങ്ങലിലാവുകയായിരുന്നു. കഴിഞ്ഞ ജനുവരി 6-ന് ജനം 'ടിവി'യില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് പി.സി ജോര്‍ജ് മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്.

''ഇന്ത്യയിലെ മുസ്ലീങ്ങള്‍ മുഴുവന്‍ വര്‍ഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നു. മുസ്ലീങ്ങള്‍ പാകിസ്താനിലേക്കു പോകണം...'' എന്നാണ് പി.സി ചര്‍ച്ചയില്‍ പറഞ്ഞത്. കുഞ്ഞാലിക്കുട്ടി, കെ.ടി ജലീല്‍, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെല്ലാം ചേര്‍ന്ന് പാലക്കാട് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും പൂഞ്ഞാറില്‍ മുസ്ലീം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പി.സി ജോര്‍ജ് ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് പി.സിക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് കേസ്. നാലാം തവണയാണ് പി.സി ജോര്‍ജ് മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിക്കുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലും പാലാരിവട്ടം സ്റ്റേഷനിലുമുള്ള സമാന കേസുകളില്‍ പി.സി ജോര്‍ജ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

മുന്‍കൂര്‍ ജാമ്യം അനുവദിച്ച സമയത്ത് ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി പി.സി ജോര്‍ജിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതിയെയും വകവയ്ക്കാതെയാണ് പി.സി ജോര്‍ജ് അതേ വിഭാഗത്തെ വീണ്ടും അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍ പരാമര്‍ശം പിന്‍വലിച്ച് പി.സി ജോര്‍ജ് മാപ്പ് പറഞ്ഞുവെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഒരബദ്ധമല്ല, നിരന്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഹര്‍ജിക്കാരനെന്ന് കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്തു.

മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി പി.സി ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് നടത്തിയത്.  മുപ്പതു വര്‍ഷത്തോളം എം.എല്‍.എ.യായിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്നും മതവിദ്വേഷ പരാമര്‍ശം ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് സാമനസ്വഭാവമുള്ള മുന്‍ കേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

രണ്ട് വിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്നത് സംബന്ധിച്ച ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) 196-1 പ്രകാരവും വിദ്വേഷ പരാമര്‍ശം നടത്തുന്നതിനെതിരായ ബി.എന്‍.എസ് 299 അനുസരിച്ചുമാണ് പി.സിക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ഒരു സമുദായത്തെ നിരന്തരം ശല്യം ചെയ്യുന്നതിനെതിരെയുള്ള കേരള പോലീസ് ആക്ടിലെ 120-ഒ വകുപ്പും പി.സി ജോര്‍ജിന്റെ മേല്‍ ചുമത്തിയിട്ടുള്ളത്. ഈ കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷമാണ് തടവുശിക്ഷ. പി.സി ജോര്‍ജിന്റെ ഇതുവരെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം പരിശോധിച്ചാല്‍ വാവിട്ട വാക്കുകളുടെയും പ്രവര്‍ത്തികളുടെയും പരമ്പരകള്‍ തന്നെ കാണാം.

2022-ല്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ഒരു ദിവസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയുടെയും ഭാഗമായി രാഷ്ട്രീയം കളിച്ച പി.സി ജോര്‍ജ് ഈ മുന്നണികളിലൊന്നും പെടാതെ സ്വതന്ത്രനായി പൂഞ്ഞാറില്‍ തിരഞ്ഞെടുപ്പ് വിജയം നേടിയ വ്യക്തിയാണ്. അവസാനത്തെ അത്താണിയെന്ന നിലയില്‍ ബി.ജെ.പി കൂടാരത്തിലെത്തപ്പെടുകയും ചെയ്തു. അന്നു മുതല്‍ പി.സി കടുത്ത മുസ്ലിം വിരുദ്ധനായി മാറി. സംഘികള്‍ അദ്ദേഹത്തെ അകമഴിഞ്ഞ് പ്രോല്‍സാഹിപ്പിച്ചുകൊണ്ടുമിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക