Image

തിരുവാഭരണം ചാർത്തി വിടർന്ന തിരുവാതിര നക്ഷത്രം (ഗായകൻ ജയചന്ദ്രന്റെ ജന്മദിനം മാർച്ച് 3- ജയശ്രീ പള്ളിക്കൽ)

Published on 01 March, 2025
തിരുവാഭരണം ചാർത്തി  വിടർന്ന തിരുവാതിര നക്ഷത്രം (ഗായകൻ ജയചന്ദ്രന്റെ ജന്മദിനം മാർച്ച് 3- ജയശ്രീ പള്ളിക്കൽ)

മാർച്ച്‌ മൂന്ന്...
ജയേട്ടന്റെ ജന്മദിനമാണ്...

ജയേട്ടൻ എന്നാൽ   മലയാളിക്ക് ഒരേയൊരാളാണ്. പി ജയചന്ദ്രൻ എന്ന മലയാളത്തിന്റെ  സംഗീത പുണ്യം.
മലയാളക്കരയുടെ മനസ്സിൽ പാട്ടിന്റെ ഭാവലാവണ്യ തരംഗമാലകൾ കൊണ്ട് അനുഭൂതിയുടെ വിലയേറ്റങ്ങൾ തീർത്ത  ആലാപന വിസ്മയം...

ആ താരോദയ മിന്നായിരുന്നു...

1944 മാർച്ച്‌ 3 ന് ചേന്ദ മംഗലത്തെ പാലിയത്ത് തറവാട്ടിൽ
തിരുവാഭരണം ചാർത്തി ത്തന്നെയാണ്  ആ തിരുവാതിര നക്ഷത്രമുദിച്ചത്. തൃപ്പൂണിത്തുറ കോവിലകത്ത് രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കു ഞ്ഞമ്മയുടെയും അഞ്ചുമക്കളിൽ മൂന്നാമനായി.

മലയാളിയുടെ 
ഹൃദയത്തിന്റെ ഒരു ഭാഗം ചീന്തിയെടുത്തുകൊണ്ട് ഇക്കഴിഞ്ഞ ജനുവരി 9 ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞില്ലായിരുന്നെ ങ്കിൽ ഇന്ന് പാലിയത്ത് തറവാട് മലയാളത്തിന് തന്ന പൊൽക്കണിക്ക്  പി. ജയചന്ദ്രൻ കുട്ടന് നമ്മുടെ  സ്വകാര്യ അഹങ്കാരമായ ജയേട്ടന്   എൺപത്തിയൊന്നു വയസ്സ് തികയേണ്ട തായിരുന്നു...

ഓർമവച്ച കാലം മുതൽ നമ്മുടെ എല്ലാ വികാരങ്ങൾക്കും കൂട്ടായി ആ നാദധാര നമ്മോടൊപ്പം ഉണ്ടായിരുന്നു. നമ്മുടെ സന്തോഷങ്ങളിലും സന്താപങ്ങളിലും
ക്തിയിലും പ്രണയത്തിലും വിപ്ലവത്തിലും എല്ലാം 
ആ നാദം ഒരുക്കിയ
അസാമാന്യമായ അനുഭൂതി വിശേഷങ്ങളുടെ അനുരണങ്ങൾ ഉൾച്ചേർന്നിരുന്നു. 
ഏകാന്തതയിലും കൂട്ടായ്മകളിലും അതാത്  സന്ദർഭത്തിനനുസൃതമായ ഗാന വീചികളുമായി ആ നാദ സൗഭഗം നമ്മോടൊപ്പം കൂട്ടുകൂടി. ഒപ്പം ഇരുന്ന് ചിരിക്കുകയും കരയുകയും പ്രാർത്ഥിക്കുകയും നിലവിളിക്കുകയും
ആവേശം കൊള്ളുകയും 
ചെയ്തു.

മലയാളഭാഷയുടെ സൗന്ദര്യത്തെ നാവിലേക്ക് ഇത്ര കൃത്യമായും ഭാസുരമായും ഭാവപൂർണ്ണമായും ആവാഹിച്ച് പെയ്തു തോർന്ന ഗായകർ പി ജയചന്ദ്രനെ പോലെ മറ്റൊരാളില്ല എന്നത്  വ്യത്യസ്തതയാർന്ന  മലയാള ഗാനശാഖ കളുടെ ചരിത്രം
പരിശോധിച്ചാൽ വ്യക്തമാണ്.

പാലിയത്തെ ജയൻ കുട്ടൻ 
==================

നന്നേ കുട്ടിക്കാലത്ത് തന്നെ പാലിയത്ത് തറവാട് വക ഏഴ് കുടുംബ ക്ഷേത്രങ്ങളിലെ  ഉത്സവ ദിനങ്ങളിൽ നിന്ന് കൊച്ചു ജയൻ കുട്ടന്റെ ഹൃദയത്തിലേക്ക് സംക്രമിച്ച വർണ്ണങ്ങളും വിസ്മയങ്ങളും ചെണ്ടത്തോലിൽ നിന്നുണർന്ന് ഉള്ളിൽ കയറിക്കൂടിയ  ആസുരനാദവും മദ്ദളത്തിന്റെ ശ്രുതിഭേദം മാറുന്ന ദേവനാദവും ഇടയ്ക്കയും തിമിലയും കൈമണികളും
തായമ്പകയും 
ചേർന്ന് സൃഷ്ടിച്ച നാദ വൈവിധ്യമേളനങ്ങളും
ജയേട്ടന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ 
'വായുവിലേക്ക് ഫണം നീർത്തിയാടുന്ന' കുഴൽവാദ്യത്തിന്റെ മധുര സീൽക്കാരവും  ഒക്കെ ചേർന്ന് ആ കലാകാരന്റെ ഉള്ളിടങ്ങളിൽ നാദ താളമേളങ്ങളുടെ അതിസാന്ദ്രമായ മധുരാസ്വാസ്ഥ്യം നിറച്ചു. പതിയെ പതിയെ താളം പിടിക്കാൻ ആ വിരൽത്തുമ്പുകൾ ത്രസിച്ചു. അവയുടെ ശാഠ്യത്തിനു വഴങ്ങി മൃദംഗവാദന അഭ്യസനത്തിലേക്കാണ് അദ്ദേഹം ചെന്നു ചേർന്നത്. 1958 ൽ കേരളക്കരയുടെ ആദ്യ സ്കൂൾ യുവജനോത്സവത്തിൽ സംസ്ഥാന തലത്തിൽ മൃദംഗവാദനത്തിന് ഒന്നാം സ്ഥാനം നേടുകയും ചെയ്തു.
ലളിതഗാനത്തിന്  രണ്ടാം സ്ഥാനവും നേടുകയുണ്ടായി.

    താളം തുളുമ്പുന്ന വിരൽത്തുമ്പുകളുമായി  നടക്കുമ്പോഴും വാക്കുകളില്ലാത്ത ഈണങ്ങൾ ചിറകടിക്കുന്ന ഒരു ഗാനമനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. പിന്നീടുള്ള യാത്രയിൽ കൃത്യമായ ഒരവസരമുണ്ടാക്കി കാലം സ്വന്തം നിയോഗത്തിന്റെ പാട്ടുവഴിയിലേക്ക് ജയചന്ദ്രൻ കുട്ടനെ കൂട്ടിക്കൊണ്ടു പോകുകയും  മലയാളിയുടെ ഹൃദയത്തിലെ ഗൃഹാതുരതയുടെ നിലയ്ക്കാത്ത തരംഗമായി  വളർത്തുകയും ചെയ്തു.

മലയാളം ഇങ്ങനെ ആഹ്ലാദം കൊള്ളുമ്പോൾ തമിഴിലും തെലുങ്കിലും കന്നഡത്തിലുമുള്ള അദ്ദേഹത്തിന്റെ ആസ്വാദകർ നമ്മെക്കാളേറെ ചേർത്തു പിടിക്കുകയാണ് അദ്ദേഹത്തെ.  പകരക്കാരില്ലാത്ത
അനനുകരണീയമായ ആ നാദബ്രഹ്മത്തെ ...

ഈ ഗായകനെ നമുക്ക് കണ്ടെടുത്തു തന്നതിൽ ഏറ്റവും കൂടുതൽ കടപ്പാട് നമുക്ക് രണ്ടുപേരോടാണ് ഒന്ന് ഒരു വർഗീസ് ചേട്ടൻ. നന്നേ കുട്ടിക്കാലത്ത് ജയചന്ദ്രൻ കുട്ടനെ പള്ളിപ്പാട്ടുകൾ പാടാൻ തോളിലേറ്റി കൂട്ടിക്കൊണ്ടുപോയ ആൾ. മറ്റാരെക്കാളും മുമ്പേ ആ പാട്ടുകാര നെ തിരിച്ചറിഞ്ഞ വർഗീസ് ചേട്ടൻ  ഇരിങ്ങാല ക്കുടക്കാരനായിരുന്നു എന്നു മാത്രമേ  നമുക്കറിയൂ.  പ്രിയ ഗായകന്റെ  അയൽവാസിയോ  ആ കുടുംബത്തിന്റെ 
പരിചയത്തിൽ ഉണ്ടായിരുന്ന ആളോ ആവാം. അതിനപ്പുറം അദ്ദേഹത്തെക്കുറിച്ച് ജയേട്ടനും ഒന്നുമറിയില്ല. അത്രമാത്രം ചെറുപ്പത്തിൽ ആയിരുന്നു ആ പള്ളിപ്പാട്ടുകൾ. 
ഹൃദയം നിറയെ സംഗീതം കൊണ്ടു നടന്നിരുന്ന അദ്ദേഹത്തിന്റെ അച്ഛൻ രവിവർമ്മ കൊച്ചനിയൻ തമ്പുരാൻ പോലും 
ജയൻ കുട്ടനിലെ ഗായകനെ തിരിച്ചറിഞ്ഞത് വർഗീസ് ചേട്ടനിലൂടെയാണ് എന്ന് പറയാം.

സമാനതകളില്ലാത്ത ഗായകൻ എന്നതിനപ്പുറം സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമകൂടിയായിരുന്നു നമ്മുടെ ജയേട്ടൻ. 
അതേക്കുറിച്ച് എത്ര 
എഴുതിയാലും തീരാത്തത്ര പറയാനുണ്ട് ആ വ്യക്തിത്വത്തെ അടുത്തും അകലെയും നിന്ന് അനുഭവിച്ചറിഞ്ഞ ഓരോ മലയാളിക്കും.

ഒരുദാഹരണമിതാ...
ഹൈന്ദവികതയുടെ ഉന്നത ശ്രേണിയിലുള്ള ഒരു കുടുംബത്തിൽ അംഗമായി പിറന്ന അദ്ദേഹത്തിന്
നന്നേ ചെറുപ്പത്തിൽ 
ക്രിസ്ത്യൻ പള്ളിയിലൊക്കെ പോയി പാട്ടുപാടാൻ ഉള്ള സാഹചര്യം ഉണ്ടായിരുന്നോ, വീട്ടുകാർ അതിനൊക്കെ അനുവദിച്ചിരുന്നോ എന്ന ചിലരുടെ സന്ദേഹത്തിന് അദ്ദേഹം പറഞ്ഞ  മറുപടി ഇങ്ങനെയാ ണ്.

" സംഗീതമാണ് എന്റെ കുടുംബത്തിന്റെ മതം. എല്ലാ കലോപാസകരും എന്റെ മതത്തിൽ പെട്ടവരാണ്.
എല്ലായിടത്തും മുഴങ്ങുന്ന മണികളുടെ നാദം ഒന്നാണ്. നാദത്തെ ഉപാസിക്കുന്നവനാണ് ഞാൻ. മധുരമായ ഓരോ നാദവും ഈശ്വര സാന്നിധ്യമാണ്..."

മത/ജാതി വ്യവസ്ഥയുടെ കാര്യത്തിൽ എഴുപതു വർഷം മുമ്പത്തെ കേരളത്തിന്റെ സാഹചര്യമെന്തായിരുന്നു എന്നതുകൂടി വിലയിരുത്തിക്കൊണ്ടാണ് നമ്മൾ ഈ വാക്കുകളെ സമീപിക്കേണ്ടത്.

അക്കാലത്തെ കേരളത്തിന്റെ സാമൂഹികാ വസ്ഥയിൽ നിന്നുകൊണ്ട് ഏക മാനവികതയെപ്പറ്റി, മാനവമൈത്രിയെ പ്പറ്റി ഇതിലും മഹത്തായ ഒരു  സങ്കല്പം പങ്കുവയ്ക്കാൻ,
അത് ഉപാധികളി ല്ലാത്ത  മനുഷ്യ സ്നേഹവും സമഭാവനയും പുലർത്തിയ ജീവിതത്തിലൂടെ പ്രാവർത്തികമാക്കി കാണിക്കുവാൻ
പാലിയത്തിന്റെ ജയചന്ദ്രൻ കുട്ടനെപ്പോലെ 
മറ്റാർക്കെങ്കിലും
സാധിക്കുമോ, സാധിച്ചിട്ടുണ്ടോ എന്ന ചോദ്യം നമുക്കു മുന്നിലുണ്ട്.

കാലമേറെ കഴിഞ്ഞ് പുരോഗമനത്തിന്റെ നാൾവഴികളിലൂടെ ബഹുദൂരം സഞ്ചരിച്ച് ഇങ്ങേയറ്റത്ത് എത്തിനിൽക്കുന്ന നമ്മിൽ എത്രപേർക്ക് ഉണ്ടാവും ഇത്രമേൽ അടിയുറച്ച ഈ മാനവമൈത്രീ ബോധം...?

പി ജയചന്ദ്രൻ എന്ന ഗായകന് 
ശാസ്ത്രീയമായ ശിക്ഷണം ഇല്ലാതിരുന്നിട്ടുകൂടി, 
അത്തരക്കാരെ  തന്റെ പാട്ടുകൾ പാടിക്കില്ല എന്ന കർക്കശ്യം പുലർത്തിയിരുന്ന 
ദേവരാജൻ മാസ്റ്റർ
ആദ്യം ഒന്ന് ശങ്കിച്ചു വെങ്കിലും അദ്ദേഹത്തിന്റെ ആലാപനം കേട്ട ശേഷം ജയേട്ടന് അവസരം കൊടുക്കുകയും പിന്നീട് ആ സ്വരത്തിന്റെ തടവുകാരനായി തീരുകയും ചെയ്തത് നമ്മൾ കണ്ടതാണ്.

"മലയാളിയുടെ  പുരുഷ സങ്കല്പങ്ങൾ ക്കിണങ്ങുന്ന സ്വരം" എന്നാണ് ആ സംഗീത പ്രതിഭ, ദേവരാജൻ മാസ്റ്റർ 
ജയചന്ദ്രനാദത്തെ 
വിശേഷിപ്പിച്ചത്. അത് അക്ഷരാർ ത്ഥത്തിൽ ശരിയാണെന്ന് പിന്നീടുള്ള തന്റെ ഓരോ ആലാപന ത്തിലൂടെയും അദ്ദേഹം തെളിയിച്ചു.
ആകാശങ്ങളിൽ നിന്നിറങ്ങിവരുന്ന  സൗമ്യ സൗമ്യമായ
ഗന്ധർവസ്വരമല്ല അത്. പച്ച മണ്ണിന്റെ കരുത്തും മൂർച്ചയും കനിവുമുള്ള ഒരത്യ പൂർവ ശബ്ദമാണ്. 
പാടിയ ഒരു പാട്ടു പോലും പതിരാവാ തെ നൂറു മേനി വിളഞ്ഞതും കാല ദേശാന്തരങ്ങൾക്കതീതമായി ഇന്നും ആ വിളവുകൾ ലക്ഷക്കണക്കിന് കർണ്ണപുടങ്ങളെ വിരുന്നൂട്ടിക്കൊണ്ടിരിക്കുന്നതും അതുകൊണ്ടാണ്.

ദേവരാജൻ 
മാസ്റ്ററുടെ നിർദ്ദേശപ്രകാരം അദ്ദേഹം ശാസ്ത്രീയ സംഗീതാഭ്യസനത്തിന് മുതിർന്ന പ്പോഴാകട്ടെ 'സാധകം ചെയ്ത് സ്വരം തെളിച്ചെടുക്കണമെന്ന്' ശിഷ്യരെ സാധാരണ ഉപദേശിക്കാറുള്ള ഗുരുക്കന്മാർ 'ഈ ശബ്ദസൗഭഗം സാധകം ചെയ്ത് നശിപ്പിച്ചു കളയേണ്ടതല്ല' എന്ന വളരെ അപൂർവ്വമായ ഒരു ഉപദേശമാണ് അദ്ദേഹത്തിന് നൽകിയത്.

അഭ്യസനവും സാധകവും കൂടാതെ
അതിനുമപ്പുറം തികവുറ്റതായിരുന്നു ആ നാദവും ആലാപനവും.

അവിസ്മരണീയനായ സംഗീത സംവിധായകൻ എം എസ് ബാബുരാജ് അദ്ദേഹത്തെക്കൊണ്ട് ആദ്യം പാടിച്ച 'അനുരാഗ ഗാനം പോലെ...' യെന്ന പാട്ടിനെക്കുറിച്ച് പറഞ്ഞത് ഈ ഗാനം ആലപിക്കാൻ ജയചന്ദ്രൻ അല്ലാതെ മറ്റൊരു  ഗായകൻ നമുക്കില്ല എന്നാണ്. കേവലം ഇരുപത്തിയൊന്ന് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് അദ്ദേഹം ഈ ഗാനം ആലപിച്ചത്.
സ്വരത്തിന് മെച്യു രിറ്റി ഇല്ല എന്ന് പറഞ്ഞ്  വിതരണ ക്കാരിൽ ഒരാൾ ഇത് മറ്റാരെക്കൊണ്ടെങ്കിലും പാടിപ്പിക്കണം എന്ന് ശഠിച്ചുവെ ങ്കിലും ബാബുരാജ് മാഷ് അത് കൂട്ടാക്കാൻ തയ്യാറായില്ല. ഈ ഗാനം ഹിറ്റാകുമെന്ന് 
പതിനായിരം രൂപ ബെറ്റ് വച്ചുകൊണ്ട്  അന്ന് മലയാള സിനിമാ മേഖലയെ നിയന്ത്രിച്ചിരുന്ന ആ മുൻനിര ഡിസ്ട്രിബ്യൂട്ടറെ വെല്ലുവിളിക്കാൻ അന്ന് അദ്ദേഹത്തിന് സാധിച്ചത് ഈ ഗായകനിലുള്ള ഉറച്ച വിശ്വാസം ഒന്നു കൊണ്ട് മാത്രമാണ്.

ഇത്തരം അനുഭവങ്ങൾ വീണ്ടും പലപ്പോഴും അദ്ദേഹത്തിന്റെ ജീവിതത്തിൽ ആവർത്തിക്കുകയും ഒടുവിൽ അതൊക്കെയും ഇതുപോലെ  
അദ്ദേഹത്തിന്റെ ആലാപനത്തികവിൽ  അടിയറവ് പറയുകയും ചെയ്ത 
സംഭവങ്ങൾ നിരവധിയാണ്.

 

കന്നട സംഗീതജ്ഞനായ പുട്ടണ്ണ കനകൽ മേയർ നായർ എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം പാടിയ 'സ്വപ്നസഖീ...'എന്ന ഗാനം മറ്റാരെ യെങ്കിലും കൊണ്ട് മാറ്റി പാടി ക്കണമെന്ന് നിർബന്ധം പിടിച്ചതാണ്. എന്നാൽ ദേവരാജൻ മാസ്റ്റർ ഉൾപ്പെടെയുള്ളവർ അതിനു വഴങ്ങിയില്ല.
ഒടുവിൽ ഗാനം ഹിറ്റ് ആവുകയും  പുട്ടണ്ണ പിന്നീട് മരണംവരെ  തന്റെ എല്ലാ കന്നട ഗാനങ്ങളും അദ്ദേഹത്തെ കൊണ്ട് തന്നെ പാടി പ്പിക്കുന്ന അവസ്ഥ വന്നുചേരുകയും ചെയ്തു...

തികവിന് മുന്നിൽ 
സിനിമാ രാജാക്കന്മാരുടെ 
ധാർഷ്ട്യത്തിന്റെ
കടുംപിടുത്തങ്ങളൊ ക്കെ ഉരുകിയൊലിച്ചു പോയ ജീവനുള്ള ചരിത്രങ്ങൾ...!

പി ജയചന്ദ്രൻ എന്ന ഗായകനെ നമുക്ക് സമ്മാനിച്ച രണ്ടാമത്തെ മഹാത്മാവ് അദ്ദേഹത്തിന്റെ തന്നെ അധ്യാപകനായിരുന്ന രാമനാഥൻ മാഷാണ്.
യുവജനോത്സവത്തിൽ മൃദംഗത്തിൽ ഒന്നാം സ്ഥാനം നേടിയ ജയചന്ദ്രന്റെ വഴി താളമല്ല  പാട്ടാണ് എന്ന് കണ്ടെത്തിയ അധ്യാപകൻ അദ്ദേഹമാണ്. ഇരിങ്ങാലക്കുട നാഷണൽ ഹൈസ്കൂളിലെ ജയേട്ടന്റെ പ്രിയപ്പെട്ട അധ്യാപകൻ...
കേവലം പഠിപ്പിക്കലിനപ്പുറം ഒരു അധ്യാപകന് പലതും ചെയ്യാൻ കഴിയും എന്ന് തെളിയിച്ച അധ്യാപകർ അക്കാലത്ത് ഏറെ ഉണ്ടായിരുന്നല്ലോ.
സഹൃദയ കേരളം എക്കാലവും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു...

പാട്ടിന്റെ ജയപൂർണ്ണിമ 
===========
എങ്ങനെയാണ് ജയേട്ടന്റെ  ഗാനങ്ങൾ ആസ്വാദകർക്ക് ഇത്രയും പ്രിയങ്കരങ്ങളായത്? എങ്ങനെയാണ് അദ്ദേഹം മലയാളിയുടെ  ഭാവഗായകനായത്?

ആ ജീവിതത്തിന്റെ 
സൂക്ഷ്മ വിശകലനത്തിൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. ജയേട്ടൻ ഒരൊന്നാന്തരം  ആസ്വാദകനായിരുന്നു. പാട്ടുകാർ പലപ്പോഴും വരികൾ വേണ്ടത്ര ശ്രദ്ധിക്കാറില്ല.
പ്രൊഫഷണൽ അല്ലാതെ പാടുന്ന അവസരങ്ങളിൽ
വരികൾ മറന്നു പോകുന്നിടത്ത്  അതിന്റെ ട്യൂൺ കൊണ്ട് മൂളി അഡ്ജസ്റ്റ് ചെയ്യുകയും 'വരികൾ ഒക്കെ ആര് ഓർത്തിരിക്കുന്നു' എന്ന് നിസ്സാരമായി പറയുകയും ചെയ്യുന്ന ഗായകരെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാൽ ജയേട്ടൻ അങ്ങനെ യായിരുന്നില്ല. തനിക്ക് ലഭിക്കുന്ന/ തന്റെ എന്നല്ല മറ്റുള്ളവരുടെ പാട്ടിന്റെ പോലും വരികളുടെ അന്തരാളങ്ങളിലേക്ക് ഊർന്നിറങ്ങി അതിന്റെ ആശയവും അർത്ഥവും 
ഭാവ സൗകുമാര്യവും ഊറ്റിക്കുടിക്കുന്ന ആളായിരുന്നു അദ്ദേഹം. ഏതു വികാരത്തിലുള്ള രചനയാണോ അതിന്റെ മുഴുവൻ തീവ്രതയും ഹൃദയത്തിൽ ആവാഹിക്കുമായിരുന്നു. പാടും മുമ്പ് അതിന്റെ ആഴങ്ങ ളിൽ സ്വയം മുങ്ങി പ്പൊങ്ങുമായിരുന്നു. അതുപോലെ സംഗീതസംവിധായകരുടെ രാഗ സഞ്ചാരം സൃഷ്ടിക്കുന്ന അനുഭൂതകൾക്കിടയിൽ രസവർദ്ധനവിന് വേണ്ടി അവർ ചെയ്തുവയ്ക്കുന്ന,
അതി സൂക്ഷ്മ ങ്ങളായ ചുനിപ്പു കളും, ചെറു സംഗതികളും പോലെയുള്ള ചെറു മാജിക്കുകൾ  വരെ കൃത്യമായി ഉൾക്കൊണ്ട് അതിന്റെ സാധ്യതകളെ 
ആലാപനത്തിൽ പരമകാഷ്ഠയിലെ ത്തിക്കാറുണ്ടായിരുന്നു അദ്ദേഹം.
ഒരുദാഹരണമിതാ...
" അക്കരപ്പച്ചയിലെ 
അഞ്ജന ച്ചോലയിലെ
ആയിരമിതളുള്ള പൂവേ... " എന്ന എൽ പി ആർ വർമ്മയുടെ സംഗീതത്തിലുള്ള ഗാനത്തിൽ " ആയിരമിതളുള്ള " എന്നതിലെ 'ആ' യുടെ സ്പെഷൽ നൊട്ടേഷൻ അദ്ദേഹം പാടി ഫലിപ്പിച്ചിരി ക്കുന്നത് നോക്കൂ. 
ആ പ്രത്യേക പ്രയോഗത്തെക്കുറിച്ച് സംഗീതസംവിധാ യകനെ ശ്ലാഘിച്ചു കൊണ്ട് ജയേട്ടൻ തന്റെ  ആത്മകഥ യിൽ എഴുതിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഓരോ പാട്ടിലും ഇത്തരം സൂക്ഷ്മ സൗന്ദര്യങ്ങൾ കൃത്യതയോടെ പാടി ഫലിപ്പിച്ചിരിക്കുന്നത് കാണാം. ഇത്രയും
സമർപ്പണ മനോഭാവമുള്ള ഒരാൾ ഭാഷയുടെ ഭാവഗായകനായി തീരാതിരിക്കുന്നതെ ങ്ങനെ...

എന്നാൽ പ്രതിഭാശാലികളായ രചയിതാക്കളുടെയും സംഗീത സമ്രാട്ടുകളുടെയും പ്രതിഭയെ കോരി പ്പകരാനുള്ള വെറും സ്വർണ്ണപാത്രങ്ങൾ മാത്രമാണ് ഗായകർ എന്നാണ് ജയേട്ടന്റെ പക്ഷം. പക്ഷേ നമുക്കറിയാം ഏതൊരു മഹത്തായ രചനയും സംഗീതവും അതിന്റെ പൂർണ്ണതയെ പ്രാപിക്കുന്നത് ഹൃദ്യമായ ആലാപനത്തിലൂടെ മാത്രമാണെന്ന്.

ജയേട്ടന്റെ ആലാപനസൗകുമാ ര്യത്തെ കുറിച്ച് ഉപന്യസിക്കുക എന്നത് മലയാളിയെ സംബന്ധിച്ച് ഒരു വെല്ലുവിളി തന്നെയാണ്.

 വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് വരുന്ന ആ പാട്ടുകളെക്കുറിച്ച് 
ചുരുക്കത്തിൽ ഒന്നെ ഴുതണമെങ്കിൽ തന്നെ എത്ര ഉപന്യാസങ്ങൾ വേണ്ടിവരും...!

പച്ച മനുഷ്യൻ 
============
മധുര സുന്ദര ഭാവതീവ്രമായ ആലാപനത്തിനപ്പുറം വിനയം നിഷ്കളങ്കത
ഗുരു സ്ഥാനീയ രോടും 
സഹഗായകരോടുമു ള്ള കലവറയില്ലാത്ത  ആദരവ്, വാക്കിന്റെ കണിശത, എതിർക്കേണ്ട ഇടങ്ങളിലെ കൂസലില്ലായ്മ,  പുതിയ പാട്ടുകാർക്ക് അവസരം നൽകാനുള്ള സന്നദ്ധത ഇങ്ങനെ പലതും അദ്ദേഹത്തിന്റെ അനിതര സാധാരണമായ വ്യക്തി വിശേഷങ്ങളായി അനുഭവസ്ഥർ ചൂണ്ടിക്കാട്ടുന്നുണ്ട്.

മലയാളത്തിലെ അത്ര പ്രശസ്തരല്ലാത്ത ഒരുകൂട്ടം സംഗീത സംരംഭകർ ആ വർഷത്തെ അയ്യപ്പഭക്തിഗാനങ്ങൾ 
ചെയ്യുന്നതിന് വേണ്ടി അദ്ദേഹത്തെ സമീപിക്കുകയും അദ്ദേഹം അവർക്ക് ചെയ്യാമെന്ന് വാക്ക് കൊടുക്കുകയും ചെയ്തതും അതിനുശേഷം
കേരളത്തിലെ വളരെ പ്രശസ്തമായ ഓഡിയോ ഗ്രൂപ്പ് സമീപിച്ച് ആ വർഷത്തെ പാട്ട് അവർക്ക് കൊടുക്കണം എന്നാവശ്യപ്പെട്ട് 
കൂടുതൽ തുകയും കൂടുതൽ പ്രശസ്തരായ ആളുകളുടെ പങ്കാളിത്തവും വാഗ്ദാനം ചെയ്യുകയും ചെയ്തുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
ആദ്യം കൊടുത്ത വാക്ക് മാറാൻ പറ്റില്ല എന്ന് അദ്ദേഹം തീർത്തു പറഞ്ഞു.
എന്നാൽ ഞങ്ങൾക്കും കൂടി പാട്ട് പാടി തരണം എന്നായി അവർ.
തുക കുറേക്കൂടി കയറ്റി ഓഫർ ചെയ്യുകയും ചെയ്തു.
"ഒരു സീസണിൽ ഒരു കൂട്ടർക്കേ പാടുകയുള്ളൂ.
ലാഭമുണ്ടാക്കാനാ ണല്ലോ എല്ലാവരും ബിസിനസ് ചെയ്യുന്നത്.
എനിക്ക് ഒരു വാക്കേയുള്ളൂ. അതിന് മാറ്റമില്ല ഞാൻ പാലിയത്ത് ജയചന്ദ്രൻ ആണ് " അദ്ദേഹത്തിന്റെ വാക്കുറപ്പി നെപ്പറ്റി അദ്ദേഹത്തെ ആദ്യം സമീപിച്ച ഓഡിയോ ഗ്രൂപ്പിന്റെ ഗാനരചയിതാവ് പങ്കുവച്ച അനുഭവം.
രണ്ടാമതെത്തിയ ഗ്രൂപ്പിനു വേണ്ടി അന്ന് അദ്ദേഹം പാടിയിരുന്നെങ്കിൽ അത്ര പ്രശസ്തമ ല്ലാത്ത ആദ്യത്തെ കൂട്ടർക്ക് നഷ്ടം പറ്റാനിടയുണ്ട് അങ്ങനെ സംഭവിക്കരുത് 
എന്നുള്ള കരുതലായിരുന്നു അത്.

കൂടുതൽ പ്രശസ്തിക്കും പണത്തിനും, സ്വാർത്ഥ ലാഭങ്ങൾക്കും  വേണ്ടി
" വാക്കല്ലാതെ എന്താണ് മാറാൻ പറ്റുന്നത്...? " എന്ന് നിസ്സാരമായി പറഞ്ഞ്
കൂടുതൽ മെച്ചങ്ങൾ തേടിപ്പോകുന്ന 
ആളുകൾക്ക് കുറവില്ലാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നോർക്കണം.

ആഭിജാത്യം എന്നത്
ഏതെങ്കിലും പ്രത്യേക ജാതിയിലോ മതത്തിലോ ജനിക്കുമ്പോൾ സിദ്ധിക്കുന്നതല്ല.
സ്വന്തം പെരുമാറ്റ വിശേഷം കൊണ്ട്
അതിൽ വിട്ടുവീഴ്ചയില്ലാതെ പുലർത്തുന്ന അന്തസ്സ് കൊണ്ട് ഒരാൾ ആർജിക്കുന്ന താണത്.

തന്റെ 'പോലീസ്' എന്ന ചിത്രത്തിൽ ജയചന്ദ്രന് വേണ്ടി പാട്ടുകൾ ചിട്ടപ്പെടുത്തിക്കഴിഞ്ഞപ്പോൾ ഒന്ന് രണ്ട് പുതിയ കുട്ടികൾ വന്നു. അവർ അത് നന്നായി ആലപിച്ചു എന്ന്  താൻ അദ്ദേഹത്തോട് പറഞ്ഞതായും "എങ്കിൽ അത് അവർ പാടട്ടെ...പുതിയ കുട്ടികൾ പാടിക്കേറിവരട്ടെ..." എന്ന് അദ്ദേഹം പ്രതികരിച്ചതായും ചിത്രത്തിന്റെ  ഡയറക്ടർ  സാക്ഷ്യപ്പെടുത്തുന്നു.
ഇത്തരം മനസ്സാക്ഷി യും ആത്മാർത്ഥത യും വിശാലമനസ്ക തയും തന്റെ പിൻഗാമികൾ ആകാൻ എത്തുന്ന വരോട് വാത്സല്യവും  ഒക്കെ ഉള്ളവർ,
ഇതൊന്നും കൊണ്ട് തന്റെ സിംഹാസനം തെറിച്ചു പോവുകയി ല്ല എന്ന ചങ്കുറപ്പും ആത്മവിശ്വാസവുമു ള്ളവർ കേരളത്തി ന്റെ  കലാസാഹിത്യ മേഖലകളിൽ എത്രപേരുണ്ട് എന്ന് ഒരു പുനർവിചിന്ത നത്തിന് പ്രേരിപ്പിക്കു ന്നു ഈ അറിവുകൾ...
ഫീൽഡിൽ നിന്ന് ഒരു നിമിഷം മാറി നിന്നാൽ ഔട്ടായി പോകും എന്നുള്ള ഭയം കൊണ്ട് വിവാഹവും പുത്രജന്മവും വരെ നീട്ടിവയ്ക്കുന്ന സെലിബ്രിറ്റികൾ ഉള്ള നാടാണ് നമ്മുടേത്.
'എനിക്കു ശേഷം പ്രളയം' എന്ന് ചിന്തിക്കുന്നവരും കുറവല്ല.

തന്റെ ജീവിത ത്തിലെ ഏറ്റവും പ്രിയപ്പെട്ട കാര്യം തന്റെ ആരാധനാ പാത്രങ്ങളായ, ഹരിപ്രസാദ് ചൗരസ്യ, ഗുലാമലി, മുഹമ്മദ് റാഫി, ലതാജി എന്ന് അദ്ദേഹം വിളിക്കുന്ന
ലതാ മങ്കേഷ്കർ,  അദ്ദേഹത്തിന്റെ കൺകണ്ട സംഗീതാത്ഭുതമായ  സുശീലാമ്മ [ പി സുശീല ], എസ് ജാനകി വാണിജയറാം, 
പി മാധുരി... തുടങ്ങി പുതിയ കാലത്തേക്ക്  നീളുന്ന പല ഭാഷകളിലെ ഒട്ടേറെ ഗായകരുടെയും  എം എസ് വി യെ പോലെ
ദേവരാജൻ മാഷെ പോലെ...  എണ്ണമറ്റ പ്രിയ സംഗീതജ്ഞരു ടെയും  രചനയുടെ മാസ്മര ലോകങ്ങൾ സൃഷ്ടിച്ച  രചയിതാക്കളുടെയും ഗാനങ്ങൾ കേൾക്കുക എന്നുള്ളതാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
നല്ലൊരു ഗായകൻ എന്നതിനേക്കാൾ നല്ലൊരു പാട്ടു കേൾവിക്കാരനാണ് താൻ എന്ന് അദ്ദേഹം
എത്രയോ വട്ടം ആവർത്തിച്ചിട്ടുണ്ട്.

"മരണത്തെ എനിക്ക് ഒട്ടും പേടിയില്ല. മരണശേഷം എന്റെ പ്രിയപ്പെട്ടവരുടെ പാട്ടുകൾ എങ്ങനെ കേൾക്കും എന്നതാണ് എന്റെ വേദന"  എന്ന് അദ്ദേഹം അടുത്ത പരിചയക്കാരോട്  പറഞ്ഞിരുന്നുവത്രേ 

അദ്ദേഹത്തിന്റെ ആത്മകഥ 
'ഏകാന്തപഥികൻ ഞാൻ...' വിനോദ് കൃഷ്ണൻ കെ സി യുമായി ചേർന്ന് ജയേട്ടൻ എഴുതിയത് ഡി സി ബുക്സ് പ്രസിദ്ധപ്പെടുത്തി യിട്ടുണ്ട്.

സാധാരണ പല ആത്മകഥകളിലേതും പോലെ സ്വന്തം പൊങ്ങച്ചവും വീരവാദങ്ങളും എടുത്തു നിരത്താനുള്ള ഒരു അവസരമായിട്ടില്ല അദ്ദേഹം ആ പുസ്തകത്തെ ഒരുക്കിയിരിക്കുന്നത്.

മുന്നൂറിൽ പരം പേജുകളുള്ള ആ പുസ്തകത്തിൽ
തന്നെക്കുറിച്ച് പറയുന്നതിലേറെ താൻ ഇഷ്പ്പെടുന്ന
പാട്ടുകളെയും ഈണങ്ങളെയും 
പ്രിയപ്പെട്ട എഴുത്തുകാരെയും ഗായകരെയും സംഗീത സംവിധായകരെയും
സംഗീത ലോകത്തെ മഹാപ്രതിഭകളെയും 
കുറിച്ചാണ് അദ്ദേഹം  പറയുന്നത്.
ജയേട്ടന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വളരെ കുറച്ചു മാത്രമേ തന്റെ ആത്മകഥ യിൽ അദ്ദേഹം പറയുന്നുള്ളൂ. അതും വളരെ പ്രസക്തമായ കാര്യങ്ങൾ മാത്രം. കൂടുതലും കുട്ടിക്കാലത്തെ ഓർമ്മകളാണ്.
സ്വന്തം പങ്കാളിയെ യോ മക്കളെയോ  തന്നെത്തന്നെയോ  
പൊലിപ്പിച്ചു കാട്ടാൻ 
തിടുക്കപ്പെടുന്ന സെലിബ്രിറ്റികളുടെ കൂട്ടത്തിൽ പി ജയചന്ദ്രൻ പെടില്ല.
അദ്ദേഹത്തിന്റെ ജീവിത സഖിയായ
ശ്രീമതി ലളിതയുടെ യും മക്കളായ
ലക്ഷ്മിയുടെയും ദിനനാഥന്റെയും വർണ്ണനകളോ വിശേഷങ്ങളോ അതിലില്ല. ലളിതയെ കുറിച്ച് ആകെ പറയുന്നത് തനിക്ക് പകരം പെണ്ണു കാണാൻ പോയത് തന്റെ മാതാപിതാ ക്കളും സഹോദരനു മാണ് എന്ന് ഇളയ സഹോദരൻ കൃഷ്ണകുമാറിനെ  കുറിച്ചുള്ള പരാമർശത്തിനിടയിൽ ആകെ ഒന്നോ രണ്ടോ വരികളിലാണ്. ആ വ്യക്തിത്വം പോലെ തന്നെ വളരെ വേറിട്ടൊരു ആത്മകഥ...

ആരാധിക്കേണ്ട പ്രതിഭകളെ ഏതു വേദിയിൽ വച്ചു കണ്ടാലും എഴുന്നേറ്റ് ആദരിക്കാനും നമസ്കരിക്കാനുമു ള്ള മാനസിക വലിപ്പം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അത് ചെറുതാകലല്ല വലുതാകലാണ് എന്ന് തോന്നണ മെങ്കിൽ വളരെ ഉന്നതമായ മാനസിക നിലയുള്ള ഒരു വ്യക്തി ആയിരിക്കേ ണ്ടതുണ്ട്. പാലിയത്ത് ജയചന്ദ്രൻ അങ്ങനെ യൊരാളായിരുന്നു.

മനുഷ്യർ മാത്രമല്ല  മനുഷ്യേതര  ജീവി കളും അദ്ദേഹത്തി ന്റെ ഗാനവിസ്മയം ആസ്വദിച്ച ചരിത്രം തമിഴകത്തിന് പറയാനുണ്ട്.
"രാസാത്തി ഉന്നൈ കാണാതെ നെഞ്ച്..."
എന്ന് ആരംഭിക്കുന്ന  ഇളയ രാജയുടെ സംഗീതത്തിലുള്ള ജയേട്ടന്റെ തമിഴ് ഗാനം വളരെ 
ആഘോഷിക്കപ്പെട്ട 
ഒന്നാണല്ലോ. 
ഈ ഗാനമുള്ള ചിത്രം
'വൈദേഹി കാത്തിരുന്താൾ...' കമ്പത്ത് കാടിനു സമീപമുള്ള തിയറ്ററിൽ ഓടിക്കൊണ്ടിരുന്ന കാലം. തിയറ്ററിലെ ശബ്ദങ്ങൾ എല്ലാം പുറത്ത് കേൾക്കാം. ഓരോ ഷോയുടെയും സമയത്ത് ഈ ഗാനം
കേൾക്കുന്ന അവസരത്തിൽ കാ ടകത്തു നിന്നും കാട്ടാനക്കൂട്ടം ഇറങ്ങി തിയറ്ററിന് സമീപം വന്നു തുമ്പിക്കൈ ആകാശത്തിലേക്ക് ഉയർത്തി ചെവി വട്ടം പിടിച്ച്  ശ്രദ്ധിച്ചു നിന്നതും ഗാനം കഴിയുമ്പോൾ  ശാന്തരായി കാട്ടിലേക്ക് മടങ്ങിപ്പോയതും ആ തിയറ്ററിൽ ആ പടം ഓടിത്തീരുന്നത് വരെ ഇത് ഓരോ ഷോ ടൈമിലും ആവർത്തിച്ചതും തമിഴകത്തിന്റെ സംഗീത പ്രതിഭ ഇളയരാജയുടെ വാക്കുകളിലൂടെ നാം കേട്ടറിഞ്ഞതാണ്.

സുപ്രഭാതം, ശ്രാന്തമംബരം,
റംസാനിലെ ചന്ദ്രികയോ,
അനുരാഗഗാനം പോലെ...
കരിമുകിൽ കാട്ടിലെ, തിരുവാഭരണം, നിൻ മണിയറയിലെ, ഉപാസന... ഉപാസന, മാനത്തു കണ്ണികൾ,
സ്വാതിതിരുനാളിൽ കാമിനി, 
ഇഷ്ട പ്രാണേശ്വരീ, 
സ്വപ്നഹാരമണി ഞ്ഞെത്തും, 
മധുചന്ദ്രികയുടെ,
മല്ലികപ്പൂവിൻ മധുരഗന്ധം, 
മഞ്ഞലയിൽ മുങ്ങിത്തോർത്തി,
മലയാളഭാഷതൻ, 
ഹൃദയേശ്വരീ നിൻ നെടുവീർപ്പിൽ 
നീരാടുവാൻ...
സ്വർണ്ണഗോപുര നർത്തകീശില്പം
സന്ധ്യയ്ക്കെന്തിനു സിന്ദൂരം
ഉത്സവക്കൊടിയേറ്റ കേളി...
ശരദിന്ദു മലർദീപ 
ഹർഷബാഷ്പം...
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു
ഏകാന്തപഥികൻ ഞാൻ 
കാട്ടുകുറിഞ്ഞി പൂവും ചൂടി... 
കല്ലോലിനീ...
മുത്തു കിലുങ്ങീ...
നുണക്കുഴി കവിളിൽ 
പ്രായം നമ്മിൽ മോഹം നൽകി,
ഒന്നു തൊടാനു ള്ളിൽ... 
ആലിലത്താലിയുമായ് വരു നീ....
പൊന്നുകൊണ്ടു വേലി കെട്ടീട്ടും...

എന്നിങ്ങനെ ജയേട്ടൻ പാടി അനശ്വരമാക്കിയ ആയിരക്കണക്കിന് ഗാനങ്ങൾ,
സീതാദേവി സ്വയംവരം ചെയ്തൊരു...
സുശീലമ്മയ്ക്ക് ഒപ്പമുള്ള യുഗ്മഗാനം,
ബി വസന്തയ്ക്ക് ഒപ്പമുള്ള 
കർപ്പൂരദീപത്തിൻ കാന്തിയിൽ, പി മാധുരിക്ക് ഒപ്പമുള്ള മല്ലികാബാണൻ, തൊട്ടേനെ ഞാൻ മനസ്സുകൊണ്ട്, എസ് 
ജാനകിയുമായി ചേർന്നു പാടിയ 
മൗനം പോലും മധുരം, വാണിജയറാ മിനൊപ്പം പാടിയ  കണ്ണുനീരിനും റ്റാ റ്റാ,
യേശുദാസിന് ഒപ്പം പാടിയ പൊന്നിൻ കട്ടയാണെന്നാലും,,,
പാടാം പാടാം ആരോമൽ ചേകവർ തൻ...
കെ എസ് ചിത്രയുമാ യി ചേർന്ന് ആലപിച്ച, അറിയാതെ അറിയാതെ...
സുജാതയുമായി ചേർന്നു പാടിയ മറന്നിട്ടുമെന്തിനോ,
ആരും... ആരും.. കാണാതെ ചുണ്ടത്തെ...,
ശ്വേതാമോഹനുമായി ചേർന്നു പാടിയ കോലക്കുഴൽ വിളി...
തുടങ്ങി എത്രയെത്ര
ഗാന വിസ്മയ ങ്ങളാണ് ആ മധുരനാദത്തിൽ പകർന്ന് ജയേട്ടൻ നമുക്ക് സമ്മാനിച്ചത്!

"ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ ... " പോലെയുള്ള ലളിതഗാനങ്ങളും, നെയ്യാറ്റിൻകര വാഴും കണ്ണാ, ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം... പോലെയുള്ള കൃഷ്ണഭക്തിഗാനങ്ങൾ , എണ്ണമറ്റ അയ്യപ്പഭക്തിഗാനങ്ങൾ, ക്രിസ്തീയ ഭക്തിഗാനങ്ങൾ, വിവിധ വിഭാഗങ്ങ ളിൽ പെട്ട ആൽബം ഗീതങ്ങൾ ഒപ്പം ശാസ്ത്രീയ സംഗീതാ ഭ്യസനമില്ലാത്ത 
ജയേട്ടന്റെ  
അതിശയിപ്പിക്കുന്ന
കീർത്തനങ്ങളും
ശാസ്ത്രീയഗാനങ്ങളുമൊക്കെയായി 
പാട്ടിന്റെ   ജയപൂർണ്ണിമയിൽ 
ആറരപ്പതിറ്റാണ്ടു കാലം മലയാള ക്കരയെ അക്ഷരാർ ത്ഥത്തിൽ
ആറാടിക്കുകയായിരുന്നു ജയേട്ടൻ...!

രാസാത്തി... പോലെയുള്ള പാട്ടുകളിലൂടെ തമിഴകത്തെയും
കന്നട തെലുങ്ക് സംഗീത ലോകത്തെയും  ആലാപനസൗഭഗത്തിലൂടെ തന്റെ ആരാധകരാക്കി മാറ്റി അദ്ദേഹം.

ഏതൊരു പുതു തലമുറ ഗായിക യോടുമൊപ്പം യുഗ്മഗാനം പാടാൻ പാകത്തിൽ 
എൺപതാം വയസ്സി ലും പ്രണയം വറ്റാത്ത ശബ്ദം! ഏതൊരു ഊഷരഹൃദയത്തെയും പ്രണയത്താൽ ഉർവരമാക്കാൻ പോ ന്ന ആ ആലാപന  അത്ഭുതത്തെ 
നമുക്ക് കനിഞ്ഞു തന്ന കാലത്തിന് എങ്ങനെയാണ് നന്ദി പറയുക...?

എണ്ണയിരത്തിൽ അധികം ഗാനങ്ങൾ മലയാളത്തിലും മറ്റു ഭാഷകളിൽ ഏതാണ്ട് അത്രത്തോളവുമായി പതിനാറായിരത്തോളം ഗാനങ്ങൾ അദ്ദേഹം തന്റെ ആസ്വാദക ലോകത്തിന്  പകർന്നുനൽകി.
ഭാവഗായകൻ എന്നൊറ്റ വാക്കിൽ വിളിക്കുമ്പോൾ പ്രണയവും ഭക്തിയും വിരഹവും ദുഃഖവും
വിപ്ലവവും ഹാസ്യവും 
ദാർശനികതയു
മെല്ലാം അതിന്റെ സൗന്ദര്യ പാരമ്യ തയിൽ ഒഴുകി വീഴുന്ന ആലാപന മാണ് നമ്മുടെ മനസ്സിൽ നിറഞ്ഞു വ ഴിയുന്നത്.

നിലാവും മഴയും ജയേട്ടന് ഏറെ പ്രിയങ്കരമായിരുന്നു.
മഴ കണ്ടിരിക്കാ നുള്ള ആവേശം കാരണം, അതു പേക്ഷിച്ചിട്ട് സ്റ്റുഡിയോയിലേക്ക് പോകാനാവാതെ  റെക്കോർഡിങ് നീട്ടിവച്ച ചരിത്രവും നിലാവ് നോക്കി നിളാതീരത്തെ മണലിൽ മലർന്നു കിടന്ന അനുഭവവും ജയേട്ടൻ പങ്കുവച്ചിട്ടുണ്ട്.

സംഗീതകാരന്റെ ചിട്ടയായ ജീവിതമോ ഭക്ഷണക്രമമോ ഒന്നും പതിവില്ലാ യിരുന്നു അദ്ദേഹത്തിന്.

പാട്ടുകാർ സാധാ രണ വർജിക്കാറുള്ള തൈര് പോലെയുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കി ക്കൊ ണ്ട് തനിക്ക് ഒരു നേരം പോലും  ഉണ്ണാൻ കഴിയില്ല എന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടു ത്തുന്നു.

തന്റെ സ്വരം ഗുരുവാ യൂരപ്പന്റെ പക്കൽ ഭദ്രമാണെന്നാണ് തികഞ്ഞ ഈശ്വര വിശ്വാസിയായ അദ്ദേഹത്തിന്റെ അഭിപ്രായം. 'പാടേണ്ട സമയത്ത് ഭഗവാൻ സ്വരം തരികയും പാടിക്കഴിഞ്ഞാൽ താൻ അത് മടക്കി കൊടുക്കുകയും' ആണത്രേ ഇവർ തമ്മിലുള്ള ഇടപാട്.
സാധാരണ ഗായകർക്കുണ്ടാകുന്നതു പോലെ അദ്ദേഹത്തിനും ഒരിക്കൽ ശബ്ദമില്ലായ്മ 
അനുഭവപ്പെടുകയുണ്ടായി. അതിനു പരിഹാരമായി 
അമ്മ ഗുരുവായൂര പ്പന്റെ നടയ്ക്കൽ വെള്ളി ഓടക്കുഴൽ  സമർപ്പിക്കാൻ ആവശ്യപ്പെട്ടതും 
അപ്രകാരം ചെയ്തു ഒരു മാസത്തെ മൗനാനുഷ്ഠാനവും [ Voice rest ] കൂടി കഴിഞ്ഞതോടെ  സ്വരം തിരിച്ചു കിട്ടിയതും അതിനുശേഷം 'ആലിലത്താലിയുമായ്...'എന്ന ഗാനം പാടി വീണ്ടും സംഗീത ലോകത്തേക്ക് മടങ്ങിയെത്തിയതുമൊക്കെ അദ്ദേഹം
പങ്കുവച്ചിട്ടുണ്ട്.

ഇന്റർനെറ്റിൽ തെരഞ്ഞാൽ  നമുക്ക് ലഭിക്കുന്ന ജയേട്ടന്റെ ബാല്യകാലത്തെ ഒരു ചിത്രമുണ്ട്. ഏതൊരു സ്ത്രീയിലും
വാരിയണച്ചുമ്മവ യ്ക്കാൻ പാകത്തിന് 
മാതൃവാത്സല്യമു ണർത്തുന്ന നിഷ്കളങ്കതയും ഓമനത്തവും തികഞ്ഞ ഒരു കുഞ്ഞിന്റെ ചിത്രം...! പാലിയത്തെ ജയൻ കുട്ടൻ...
ആ ബാല്യനൈർ മല്യവും ഹൃദയ വിശുദ്ധിയും ജീവിതത്തിലുടനീളം അദ്ദേഹം കാത്തുസൂക്ഷിച്ചു.
അനിഷ്ടമോ
അപ്രീതിയോ 
തോന്നിയാൽ 
കാര്യങ്ങൾ ശരിയായ വഴിക്കല്ല പോകുന്നത് എന്ന് അനുഭവ പ്പെട്ടാൽ, അത് തുറന്നുപറഞ്ഞ് അപ്പോൾ തന്നെ തന്റെ മനസ്സ് ശുദ്ധീകരിക്കുമായിരുന്നു അദ്ദേഹം. അത് ധിക്കാരമായോ അഹങ്കാരമായോ ഒക്കെ കരുതിയി ട്ടുള്ളവർ ഉണ്ടാകാം. അതവരുടെ പിഴവ് മാത്രം. വാർദ്ധക്യത്തിലും ബാല നൈർമല്യത്തി ന്റെ ഉറവയായിരുന്നു ആ ഹൃദയം എന്ന്
അടുത്തും അകലെയും നിന്ന് അദ്ദേഹത്തെ അറിഞ്ഞിട്ടുള്ളവർക്ക്  ഉറപ്പുണ്ട്.

   എന്നിട്ടും അത്ര വിശുദ്ധമല്ലാത്ത ഈ ലോകം അദ്ദേഹ ത്തിന് ഒരുപാട് നൊമ്പരങ്ങൾ സമ്മാനിച്ചു. ഏറെ അധ്വാനമെടുത്ത് പാടി വിജയിപ്പിച്ചിട്ടും സിനിമയിൽ നിന്നും അപ്രത്യക്ഷമായ ഗാനങ്ങളായി, നെഞ്ചോട് ചേർത്ത് പിടിച്ചിട്ടും ആരുമ ല്ലാത്ത കാലത്ത്  തണൽ പകർന്നിട്ടും പിന്നീട് അന്യരെ പ്പോലെ പെരുമാറിയ മനുഷ്യ മുഖങ്ങളായി, ഒരു പാട്ടുപോലും പതിരായി പോകാ ഞ്ഞിട്ടും ദീർഘകാലം പാട്ടുകൾ നൽകാതെയിരുന്ന 
മലയാള ചലച്ചിത്ര ലോകത്തിന്റെ കൃതഘ്നതയായി ആ നൊമ്പരക്ക ണക്കുകൾ നീളുന്നു...

ജയേട്ടനെപ്പോലെ
യുള്ള അപൂർവ പ്രതിഭകളുടെ സമാഗമത്താൽ
സമ്പന്നമായ
മലയാളക്കരയുടെ
'മെഗാവസന്ത'ത്തിൽ ജനിക്കാനും ജീവിക്കാനും സാധ്യമായത് നമ്മുടെ ജന്മ പുണ്യം.

മികച്ച ഗായകനുള്ള ദേശീയ അവാർഡ് 1986 ലും പലവട്ടം കേരള സംസ്ഥാന അവാർഡും, ജെ സി ഡാനിയേൽ അവാർഡും [2020] നാലുവട്ടം തമിഴ്നാട് ഗവൺമെന്റിന്റെ 
മികച്ച ഗായകനുള്ള അവാർഡും, 1997 ൽ തമിഴ്നാട് ഗവൺമെന്റ് നൽകിയ 'കലൈമാമണി' അവാർഡും,  കൂടാതെ 2001 ലെ സ്വരലയ കൈരളി യേശുദാസ് അവാർഡ്,  മികച്ച ഗായകനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് പലതവണ എന്നിങ്ങനെ  വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും നൽകിയ മറ്റ് നിരവധി അവാർഡുകളും
ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയത്തിൽ
അനശ്വര സിംഹാസനവും നേടിയപ്പോഴും ജയേട്ടന് ലഭിക്കാതെ പോയ  പത്മപുരസ്കാരം 
ഒരു നൊമ്പരമായി
ആരാധകഹൃദയങ്ങളിൽ അവശേഷി ക്കുന്നു...

മരണാനന്തര ബഹുമതിയായെ ങ്കിലും അത് അദ്ദേ ഹത്തിന് ലഭിച്ചിരു ന്നെങ്കിൽ എന്ന് ആശിക്കുന്നു.

അവസരങ്ങൾക്കോ അനുമോദനങ്ങൾക്കോ അവാർഡു കൾക്കോ, പ്രീണനങ്ങൾക്കോ 
വേണ്ടി തന്റെ വ്യക്തിത്വം  പണയപ്പെടുത്തുന്ന,
നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യുന്ന
ആളല്ലായിരുന്നല്ലോ ജയേട്ടൻ. അനിഷ്ടം തോന്നിയാൽ തുറന്നു പറയുവാൻ കാണിക്കുന്ന ചങ്കൂറ്റവും കൂസലില്ലായ്മയും 
വിധേയർക്ക് ലഭിക്കുന്ന പലതും അദ്ദേഹത്തിന് നഷ്ടപ്പെടുത്തിയിട്ടുണ്ടാകാം...
അത് എക്കാലവും അങ്ങനെ തന്നെ യാണല്ലോ...

പ്രണാമം 
പ്രിയഗായകാ!
==============

തന്റെ പ്രിയപ്പെട്ട പാട്ടുകളെയും 
ഹൃദയത്തോട് ചേർത്തുവച്ച അപൂർവം ഇഷ്ടങ്ങളെയും,
ജയേട്ടനെ  ഹൃദയത്തോട് ചേർത്തുവച്ച നമ്മെയൊക്കെയും വിട്ടുപിരിഞ്ഞ് മലയാളത്തിന്റെ ഒരേയൊരു ഭാവഗായകൻ 
കാലത്തിരശ്ശീലയ്ക്ക് പിന്നിൽ മറയുമ്പോൾ 
എന്റെ 'ജാര' എന്ന കഥാസമാഹാരത്തിലെ 'മരണം ചില നേരങ്ങളിൽ' എന്ന കഥയിലെ നായിക  പറയുന്നതുപോലെ
'ജീവിതത്തിൽ നിന്നും മരണ ത്തിലേക്ക് ഒരു സ്പർശത്തിന്റെ ദൂരമേയുള്ളൂ...'എന്ന്  നമുക്ക് സമാധാനിക്കാം.

കാരണം ആ നാദം ഇപ്പോഴും എപ്പോഴും, മലയാളിയുള്ള കാല ത്തോളം നമ്മോ ടൊപ്പം ഉണ്ടായിരി ക്കും. ആ രൂപം  ഓരോ സഹൃദയ ഹൃദയത്തിലും...

അല്ലെങ്കിൽ തന്നെ മഴയും നിലാവും നിളയും  പ്രിയപ്പെട്ട പാട്ടുകളും ഉള്ള ഈ 
കൊച്ചു പച്ചക്കൂടാരം വിട്ട് ജയേട്ടൻ എവിടേക്ക് പോകാനാണ്...?

ഓർമ്മവച്ച കാലം മുതൽ മലയാള ത്തിലെ ഏറ്റവും മികച്ച രചയിതാ ക്കളുടെയും 
സംഗീതജ്ഞരുടെയും സൃഷ്ടിയിൽ നിന്ന് ആ നാദധാര യിലൂടെ പ്രവഹിച്ചെ ത്തിയ അനുഭൂതി വിശേഷങ്ങളും ഭാവ
പൂർണിമകളും 
നമ്മുടെയൊക്കെ 
കലാവ്യക്തിത്വ രൂപീകരണത്തിൽ പോലും സ്വാധീനം
ചെലുത്തിയിട്ടുണ്ട് 
എന്നതിൽ തർക്കത്തിനിടമില്ല. 
ആ കടപ്പാട് തീരുന്ന തല്ല...

ആ സംഗീതവിസ്മയ ത്തെ നമുക്ക് സമ്മാനിച്ച കാലം
തന്റെ അനന്ത സാഗരത്തിലേക്ക് അതിനെ ലയിപ്പിച്ചു കഴിഞ്ഞിരിക്കുന്നു...

പക്ഷേ മഹാഗായ കൻ തന്നിട്ടു പോയ എത്രയോ ഗാനങ്ങൾ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് ഇനിയുള്ള യാത്ര പൂർണമാക്കാൻ വിധം സമ്പന്നരാണ് നമ്മൾ...
പി ജയചന്ദ്രന് 
തുല്യം വയ്ക്കാൻ ഇനി നമുക്കൊന്നു മില്ല. തന്ന അനുഭൂതി കൾക്ക് പകരം കൊടുക്കാനും നിറഞ്ഞ സ്നേഹമല്ലാതെ ആദരവല്ലാതെ ആരാധനയല്ലാതെ നമ്മുടെ കയ്യിൽ ഒന്നുമില്ല...

നാട്ടിലുടനീളം സംഘടിപ്പിക്കപ്പെട്ട
അനുസ്മരണ സമ്മേളനങ്ങളിൽ,
ജയേട്ടൻ വീണ്ടും മലയാളക്കരയിൽ വന്ന് പിറന്നെങ്കിൽ നമുക്ക് വേണ്ടി പാടിയെങ്കിൽ എന്നൊക്കെ പലരും പ്രത്യാശിക്കുന്നത് കേട്ടു.
ഞാൻ അങ്ങനെ ആഗ്രഹിക്കുന്നില്ല...

കാരണം അടുത്ത വരവിൽ ജയേട്ടനെ കാത്ത് അത്രയും നല്ല വരികൾ ഇവിടെ ഉണ്ടാവുമോ...? 
ആ നാദത്തെ തഴുകി ഉണർത്തിയ മാസ്മരിക 
സംഗീതം ഇവിടെയു ണ്ടാവുമോ...?
തനിമയാർന്ന കവിതയും സംഗീതവും ആസ്വദിക്കുന്ന ഹൃദയങ്ങൾ ഇവിടെ ഉണ്ടാവുമോ...? എനിക്ക് ഉറപ്പില്ല...

പാടാതെ... പാട്ടല്ലാതെ... മറ്റെന്താണ് ജയേട്ടന് ജീവിതം...? കാലത്തിന് തെറ്റു പറ്റുകയില്ല.
ഒരു നാദ വൈവിധ്യ ത്തിനു വേണ്ടി, ഭാവഗീതങ്ങൾക്ക് വേണ്ടി മലയാളക്കര കാതോർത്ത് നിന്ന കാലത്ത് അദ്ദേഹം വന്നു. നിറയെ തന്നു.
തലമുറകൾക്ക്  ചുണ്ട് ചലിപ്പിക്കു വാൻ വേണ്ടി പിന്നണി പാടി.
തലമുറകളോടൊപ്പം
ചേർന്നു പാടി. ഇപ്പോഴും 
തലമുറകളെ  ആലാപന ചാരുതയാൽ 
ആശ്ളേഷിച്ചു 
കൊണ്ടേയിരിക്കുന്നു

തന്നതിലൊക്കെയും
സംതൃപ്തരാണ് നാം. എത്രയെങ്കിലും ജന്മങ്ങളിൽ 
നമ്മുടെ ആസ്വാദന തൃഷ്ണയെ തൃപ്തിപ്പെടുത്താൻ വേണ്ടത് നമുക്ക് തന്നിട്ടാണ് ജയേട്ടൻ മടങ്ങിയത്.

അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിക്കുവാനും
ആ ഗാനസായൂജ്യം അനുഭവിക്കുവാനും ഭാഗ്യം തന്ന കാലത്തിനു നന്ദി.
ആ പാട്ടുകൾ... അദ്ദേഹം ചൂണ്ടിക്കാ ട്ടിയ രചനാ-സംഗീത പ്രതിഭകളുടെ പാട്ടുകൾ നമുക്കും ജയേട്ടനും വേണ്ടി ഇനിയുള്ള കാലം നമുക്ക് കേൾക്കാം...
അങ്ങനെ ആ സാന്നിധ്യം ഇനിയും 
നമുക്കനുഭവിക്കാം...

ആത്മപ്രണാമം! 
മഹാഗായകാ...

Join WhatsApp News
Sudhir Panikkaveetil 2025-03-03 12:50:30
This article has been revised, updated and republished. Check the latest
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക