1. ഇ-മലയാളിയുടെ പുരസ്കാരം നേടിയതിൽ അഭിനന്ദനം. ഇ-മലയാളിയുടെ പുരസ്കാരം പ്രതീക്ഷിച്ചിരുന്നോ? എഴുത്തുകാരെ അംഗീകരിച്ചുകൊണ്ട് ഇ_ മലയാളി നൽകുന്ന അവാർഡിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം.
Ans : വളരെ സ്നേഹം. കമെന്റുകൾ വായിച്ചപ്പോൾ കുറച്ചൊരു പ്രതീക്ഷ ഉണ്ടായിരുന്നു. പിന്നെ ഇ -മലയാളിയുടെ കഥാ മത്സരം തുടങ്ങിയ കാലത്ത് ഇതെഴുതണം എന്ന് പറഞ്ഞു നിർബന്ധിച്ചത് അനിൽ പെണ്ണുക്കര മാഷാണ് . അതാണ് എഴുതാൻ തുടങ്ങിയത്.അവാർഡുകൾ ലഭിക്കുമ്പോൾ എഴുത്തിലുള്ള ആത്മവിശ്വാസം വർധിക്കുന്നുണ്ട്. അതോടൊപ്പം ഇനിയും നന്നായെഴുതാനുള്ള ഉത്തരവാദിത്തം കൂടി എഴുത്തുകാരിൽ ജനിക്കും. അവാർഡ് ദാന വേദിയും പരിപാടിയും വളരെ ശ്രദ്ധേയവുമായിരുന്നു.
2. നിങ്ങൾ സാഹിത്യത്തിലെ വിവിധ വിഭാഗങ്ങളിൽ രചനകൾ നടത്തിയിട്ടുണ്ട്. നിങ്ങളുടെ സർഗ്ഗശക്തി പ്രകടിപ്പിക്കാൻ നിങ്ങൾക്ക് എളുപ്പം ഏതു വിഭാഗം കൈകാര്യം ചെയ്യുന്നതിലാണ്. നിങ്ങൾ നിങ്ങളിലെ എഴുത്തുകാരനെ എപ്പോൾ/എങ്ങനെ കണ്ടുമുട്ടി.
Ans : കഥ, കവിത, നോവൽ എന്നിവ എഴുതുന്നു. ചെറുകഥകളാണ് കൂടുതൽ സംതൃപ്തി നൽകുന്നത്. സ്കൂൾ കാലഘട്ടം മുതൽ എഴുതുമായിരുന്നു.. മാതൃഭൂമി സ്റ്റഡി സർക്കിളിൽ ഉൾപ്പെട്ടതിനു ശേഷമാണ് എഴുത്തിനെ കാര്യമായെടുത്തത്. അമ്മ ഓരോ സന്ദര്ഭങ്ങൾ പറഞ്ഞു കഥ എഴുതാൻ പ്രേരിപ്പിക്കുമായിരുന്നു. അമ്മയായിരിക്കണം ആദ്യം കണ്ടെത്തിയത്. എന്റെ പേരിനൊ പ്പമുള്ള ചന്ദ്രിക അമ്മയുടെ പേരാണ്.
3. ഇതിനകം എത്ര പുസ്തകങ്ങൾ എഴുതി? ഏതേതു വർഷങ്ങളിൽ പ്രസിദ്ധീകരിച്ചു. ഏറ്റവും പ്രചാരം കിട്ടിയ പുസ്തകം. അതേക്കുറിച്ച് ചുരുക്കി പറയുക.
Ans : രണ്ട് കഥാ സമാഹാരവും ഒരു നോവലും പ്രസിദ്ധീകരിക്കപ്പെട്ടു. പൊന്നമ്മ എന്ന കൊലപാതകി.(2019) ജ്വാലാമുഖി (2022)എന്നീ രണ്ട് കഥാസമാഹാരങ്ങൾ. സുഅദ എന്ന നോവൽ( 2025 )ൽ പ്രസിദ്ധീകരിച്ചു. മലപ്പുറം മുഖം ബുക്സ് പ്രസിദ്ധീകരിച്ച ജ്വാലാമുഖി നാല് പതിപ്പുകൾ പിന്നിട്ടു. സ്ത്രീശാക്തീകരണമാണ് ജ്വാലാ മുഖിയുടെ പ്രമേയം .
4. ഇ-മലയാളിയുടെ പുരസ്‌കാര ജേതാവ് എന്ന നിലക്ക് ഇ-മലയാളിയുടെ പ്രവർത്തനശൈലിയിൽ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ.
Ans : എഴുത്തിനെ പ്രോത്സാഹിപ്പിക്കാൻ ഇ -മലയാളി ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. ഇ -മലയാളി മാഗസിനിൽ ഓരോ മാസവും ഞങളെപ്പോലെ തുടക്കകാരായ എഴുത്തുകാരുടെ ഓരോ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന രീതി കൂടി തുടർന്നാൽ പുതിയ എഴുത്തുകാർക്ക് അതൊരു വലിയ പ്രോത്സാഹനമാകും.
5.എഴുത്ത് എന്ന അനുഭവത്തെക്കുറിച്ച് പറയുക. ക്ലാസ്സിക്ക് കൃതികൾ പുതിയ തലമുറ അവഗണിച്ച്കൊണ്ട് ആധുനികത എന്ന ഒരു രീതിയിൽ അഭിരമിക്കുന്നു. ഇത്തരം രചനകൾക്ക് സാഹിത്യമൂല്യം കുറയുമോ? പൊതുവെ സാഹിത്യമേഖല മന്ദീഭവിക്കുന്നതായി അനുഭവപ്പെടുന്നുണ്ടോ?
Ans : സാഹിത്യ മേഖല മന്ദീഭവിച്ചിട്ടില്ലെന്നതിന് ഉദാഹരണമാണ് എഴുത്തുകാരുടെ എണ്ണത്തിലുള്ള ക്രമാതീതമായ വർദ്ധനവ്. ക്ലാസ്സിക് കൃതികൾ വായിച്ചു വളർന്ന ഒരാളെന്ന നിലയിൽ ഓരോ കാലഘട്ടത്തിലും സാഹിത്യ രംഗത്ത് സംഭവിക്കുന്ന മാറ്റങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നു. സാഹിത്യമൂല്യം കുറയുന്നുണ്ടോ എന്ന് ചോദിച്ചാൽ സമൂഹ മാധ്യമങ്ങളിൽ എല്ലാം ലൈക്കും കമന്റും അനുകൂലമായത് മാത്രമേ പലരും എഴുതുകയുള്ളു. വിമർശനം കാര്യമായി നടക്കാറില്ല. അത് എഴുത്തുകാരന്റെ വളർച്ചയിൽ ഗുണവും ദോഷവും ഉണ്ടാക്കുന്നുണ്ട്.
6. നിങ്ങൾ ആധുനികതയുടെ വക്താവാണോ? നമ്മൾ കടന്നുപോന്ന പല പ്രസ്ഥാനങ്ങളും വീണ്ടും തിരിച്ചുവരണമെന്ന അഭിപ്രായമുണ്ടോ? (ഉദാഹരണം..ക്ളാസ്സിസിസം, നിയോ ക്ളാസ്സിസിം, റൊമാന്റിസം, സിമ്പോളിസം,മോഡേണിസം ....) എങ്കിൽ ഏതു പ്രസ്ഥാനം നിങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നു.
Ans: എല്ലാ രീതിയിലുള്ള എഴുത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. കാലഘട്ടത്തിനനുസരിച്ചു എഴുതുന്നു. ആധുനികതയും ക്ലാസ്സിസിസവും എഴുത്തിൽ പ്രതിഫലിക്കുന്നു.
7. എഴുത്തിൽ സത്യവും ഭാവനയും കലരുമ്പോൾ ഏതിന് പ്രാമുഖ്യം നൽകുന്നു. സത്യത്തിനു മുൻ തൂക്കം നൽകുമ്പോൾ സാഹിത്യമൂല്യം കുറയാൻ സാധ്യതയുണ്ടോ. നിങ്ങളുടെ കൃതികളെ ആസ്പദമാക്കി പറയുക.
Ans : ഏത് രീതിയിലുള്ള രചന ആയാലും അത് സംഭവിച്ചു പോകുകയാണ്. അതിൽ സത്യവും ഭാവനയും ഇഴചേർന്നിരിക്കുന്നുണ്ടാകും. സത്യത്തിനു മുൻതൂക്കം കൊടുക്കുമ്പോഴും അതിനെ ഭാവനയുടെ തലത്തിലൂടെ കൊണ്ടുപോകാൻ ശ്രമിക്കും. അപ്പോൾ അതിന്റെ മൂല്യം കുറയാനിടയില്ല.
8. എഴുത്തുമായി ബന്ധപ്പെട്ട് നിങ്ങൾക്കുണ്ടായ രസകരമായ എന്തെങ്കിലും അനുഭവങ്ങൾ പങ്കു വയ്ക്കുക.
Ans : ജീവിതഗന്ധിയായ ഒരു അനുഭവുമായി ബന്ധപ്പെടുത്തി കഥ എഴുതിയപ്പോൾ അതിലെ യഥാർത്ഥ കഥാപാത്രം അന്ന് ഫോൺ വിളിച്ചിട്ട് ഒന്നും മറന്നില്ലല്ലോ എന്ന് ചോദിക്കുകയും. കഥയെക്കുറിച്ച് വളരെ വിശദമായ അഭിപ്രായം കുറിക്കുകയും ചെയ്‌തതും അതിലെ രസകരമായ ഭാഗങ്ങൾ വീണ്ടും ഓർമ്മിച്ചു കുറെയേറെ സംസാരിച്ചതും രസകരമായ ഓർമയാണ്.
9. ഇ_മലയാളി എഴുത്തുകാരോടും വായനക്കാരോടും നിങ്ങൾക്ക് പറയാനുള്ളത്.
ഇ - മലയാളി എല്ലാ രീതിയിലും എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നു. മികച്ച രചനകൾ പ്രസിദ്ധപ്പെടുത്തുന്നു. ഇത്തരം അവാർഡുകൾ നൽകി സാഹിത്യ ലോകത്തിലേക്കു നവാഗതരെ കൈപിടിച്ചുയർത്തുന്നു. കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ എല്ലാവരും ശ്രമിക്കണം.
10. നിങ്ങളുടെ ആദ്യരചന എപ്പോൾ പ്രസിദ്ധീകരിച്ചു അതേക്കുറിച്ച്
ചുരുക്കമായി പറയുക. ഒരു എഴുത്തുകാരൻ ആകാൻ നിങ്ങൾക്ക് കഴിയുമെന്നു തിരിച്ചറിഞ്ഞ നിമിഷത്തിന്റെ ആനന്ദം പങ്കു വയ്ക്കുക.
സ്കൂൾ മാഗസിനിൽ ആയിരുന്നു. അച്ചടിമഷി പുരണ്ടു കാണുമ്പോൾ ഉണ്ടാകുന്ന എല്ലാ നിർവൃതിയും ആ നിമിഷം അനുഭവിച്ചു. നിരന്തരമായി വായനയെ മെച്ചപ്പെടുത്തി. എഴുത്തിൽ ശ്രദ്ധകൊടുത്തു.
11. ഇ-മലയാളി പതിവായി വായിക്കാറുണ്ടാകുമല്ലോ? ഇ-മലയാളിയെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ വിവരിക്കുക.
വായിക്കാറുണ്ട്. ഇപ്പോൾ തന്നെ ഉന്നത നിലവാരം പുലർത്തുന്ന ഓൺലൈൻ മാഗസിനുകളിൽ ഒന്നാണ്.
12. . ഇ-മലയാളിയുടെ വായനക്കാരൻ എന്ന നിലക്ക് അതിലെ ഉള്ളടക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം. സാഹിത്യം, മതം, പൊതുവിവരങ്ങൾ, പ്രവാസികൾക്കായുള്ള അറിയിപ്പുകൾ, നിരൂപണങ്ങൾ, സിനിമ, കല-സാംസ്കാരിക രംഗം എന്നിവ കൂടാതെ നിങ്ങൾ ഉൾപെടുത്താൻ ആഗ്രഹിക്കുന്ന പംക്തികൾ.
Ans : കുട്ടികൾക്കായുള്ള ഒരു ഭാഗം കൂടി നല്ലതാണ്. അവരുടെ രചനകൾ ചിത്രങ്ങൾ നേട്ടങ്ങൾ എന്നിവ ഉൾപ്പെടുത്തിയാൽ അതും ഭാവിയിൽ നല്ലൊരു കലാവാസനയുള്ള സമൂഹത്തിനെ വളർത്തികൊണ്ടുവരാൻ സാധിക്കും.
13. എഴുതാൻ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ ? എന്തുകൊണ്ട് ആ സ്വാധീനം നിങ്ങളിൽ ഉണ്ടായി. ഇപ്പോൾ ആ സ്വാധീനത്തിൽ നിന്നും മുക്തനായി സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തുവാൻ കഴിഞ്ഞുവെന്ന് കരുതുന്നോ?
Ans : അറബിക്കഥകളും ബാല സാഹിത്യവും കേട്ടാണ് വളർന്നത്. അമ്മ നല്ലൊരു വായനക്കാരിയും കഥാപറ ച്ചിലുകാരിയുമായിരുന്നു. അന്നത്തെ ഗ്രാമത്തിലെ വായനശാലയിൽ നിന്നെടുക്കുന്ന മിക്കതും വായിച്ചു കേൾപ്പിക്കാറുമുണ്ട്. എം. ടി യും, തകഴിയും,നന്തനാരുമൊക്കെ അങ്ങനെ മനസ്സിൽ കയറിക്കൂടി. വലുതായപ്പോൾ എല്ലാ പുസ്തകങ്ങളും വായിക്കാറുണ്ട്. എല്ലാ എഴുത്തുകാരും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വാധിനിക്കാറുമുണ്ട്.
14. ഇ-മലയാളിയുടെ വായനക്കാരൻ എന്ന നിലക്ക് നിങ്ങൾ ഇ- മലയാളിയിൽ
വായിച്ച ഏറ്റവും നല്ല രചന ഏതു?
എല്ലാം വായിക്കാറുണ്ടെങ്കിലും മൃദുല രാമചന്ദ്രൻ എഴുതിയ ലേഖനങ്ങൾ ഇഷ്ടമാണ്.
15.നിങ്ങൾ എത്ര പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വിവരിക്കുക.
മൂന്ന് പുസ്തകങ്ങൾ. രണ്ട് കഥാസമാഹാരങ്ങൾ.പൊന്നമ്മ എന്ന കൊലപാതകി. ജ്വാലാമുഖി പിന്നെ ഒരു നോവൽ സുഅദ. കൂടാതെ നിരവധി പുസ്തകങ്ങളുടെ ഭാഗമായിട്ടുണ്ട്.
16. നിങ്ങളുടെ രചനകളെക്കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങൾ എങ്ങനെ സ്വീകരിക്കുന്നു. അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.
ഒരു രചന പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ പിന്നേയത് വായനക്കാരുടെയാണ്. അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോട് നല്ലരീതിയിൽ പ്രതികരിക്കാറുണ്ട്. കൂടുതലും സൗഹൃദങ്ങളും അടുത്തറിയാവുന്നവരും ആയിരിക്കുമല്ലോ തുറന്ന അഭിപ്രായം പറയുകയുള്ളു. എഴുത്തു മെച്ചപ്പെടുത്താൻ സഹായകമാകാൻ അഭിപ്രായം അത്യാവശ്യമാണ്. സമൂഹ മാധ്യമങ്ങളിലും കൂടുതലും നല്ല അഭിപ്രായങ്ങൾ ആണ് വന്നിട്ടുള്ളത്. അതും സന്തോഷമുള്ള കാര്യമാണ്.
17. ഒരു എഴുത്തുകാരനാകുക എന്നത് നിങ്ങളുടെ ബാല്യകാല സ്വപ്നമായിരുന്നോ ? ആ സ്വപ്നം സാക്ഷാത്‌കരിക്കപ്പെട്ടുവെന്നു നിങ്ങൾ വിശ്വസിക്കുന്നോ? ഇ മലയാളിയുടെ താളുകൾ അതിനു നിങ്ങൾക്ക് സഹായകമാകുമെന്ന് വിശ്വസിക്കുന്നോ ?
എഴുത്തുകാരിയാകണം എന്നത് ഒരു സ്വപ്നമായിരുന്നു. അധ്യാപികയായ എഴുത്തുകാരി എന്നതായിരുന്നു സ്വപ്നം. രണ്ടും സാക്ഷത്കരിച്ചു. ദൈവാനുഗ്രഹം. ഇ -മലയാളി എഴുത്തിന്റെ വിവിധ തലങ്ങളിലേക്കെത്താൻ സഹായകമാകുന്നുണ്ട്.
18. അമേരിക്കൻ മലയാളി എഴുത്തുകാരിൽ അല്ലെങ്കിൽ ഇമലയാളിയിൽ എഴുതുന്ന എഴുത്തുകാരിൽ നിങ്ങൾ ആരെ ഇഷ്ടപ്പെടുന്നു.
മിക്കവരുടെയും എഴുത്തുകൾ വായിക്കാറുണ്ട്. എല്ലാവരും കഴിവുള്ളവർ തന്നെയാണ്.
19. അവാർഡുകൾ, അംഗീകാരങ്ങൾ, അനുമോദനങ്ങൾ ഇവ നേടിയവരെ മാദ്ധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നു. അതവർ അർഹിക്കുന്നില്ല. അർഹിക്കുന്നവർ വേറെ ചിലരാണു എന്നു തോന്നിയിട്ടുണ്ടോ? ഒരു ഉദാഹരണം സാഹിത്യ അക്കാദമി അവാർഡ്.
Ans : അങ്ങനെ തോന്നിയിട്ടില്ല. അർഹതയുള്ളവർ എവിടെ ആയാലും അംഗീകരിക്കപ്പെടും. കഴിവിനാണ് പ്രാധാന്യം.