''ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാല്‍ കൊല്ലും, അവന്റെ കണ്ണൊന്ന് നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല. രണ്ട് ദിവസം കഴിഞ്ഞ് കാണണം...'' കോഴിക്കോട് താമരശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പത്താം ക്ലാസുകാരന്‍ ഷഹബാസിന്റെ (15) ജീവനെടുത്ത സഹപാഠികള്‍ അയച്ച ഞെട്ടിക്കുന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റ് വോയ്സ് മെസേജാണിത്. കൂട്ടത്തല്ലില്‍ മരിച്ചാല്‍ പൊലീസ് കേസെടുക്കില്ലെന്നും തള്ളിപ്പോകുമെന്നും പറയുന്ന വോയ്സും ചാറ്റിലുണ്ട്. എളേറ്റില്‍ വട്ടോളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികളുടെ ഗ്രൂപ്പിലാണ് കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന ക്രൂരത വെളിവാക്കുന്ന ശബ്ദ സന്ദേശമെത്തിയത്.
''ഷഹബാസേ...ഫുള്‍ അലമ്പായിക്കിന്ന് കേട്ട്. വല്യ സീനില്ലല്ലോ. നീ എങ്ങനേലും ചൊറ ഒഴിവാക്കി കൊണ്ടാ, ഇങ്ങനെയാകുമെന്ന് ഞാന്‍ വിചാരിച്ചില്ല. നീ ഒഴിവാക്കി കൊണ്ടാ. നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ..? എന്നായിരുന്നു സന്ദേശത്തില്‍ പറയുന്നത്. കൂടാതെ മറ്റൊരു വിദ്യാര്‍ത്ഥി അയച്ച കുറ്റസമ്മത സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ''എടാ ഷഹബാസേ എന്തേലും ഉണ്ടെങ്കില്‍ പൊരുത്തപ്പെടണട്ടോ, ഞാന്‍ നിന്നോട് കുറെ പറഞ്ഞതല്ലേ...നമ്മള് ചൊറക്ക് നിക്കുന്നില്ലെന്ന്, പിന്നെയും പിന്നെയും നീ...നീ ഇത്രയൊക്കെ പറഞ്ഞിട്ടും ഞങ്ങള് നിന്നോട് ചൊറക്ക് നിന്നില്ലല്ലോ, ഞങ്ങളാരും മനസ്സില്‍ പോലും വിചാരിച്ചില്ല ഇങ്ങനെയൊരു പ്രശ്‌നമുണ്ടാകുമെന്ന്...''
പ്രായപൂര്‍ത്തിയാകാത്തവരാണ് ഈ വിദ്യാര്‍ത്ഥികള്‍. ഇവരെ വിദ്യാര്‍ത്ഥികള്‍ എന്ന് വിളിച്ചാല്‍ നല്ല വിദ്യാര്‍ത്ഥികള്‍ക്കത് മാനക്കേടാവും. കൂട്ടത്തിലൊരുവനെ തലയ്ക്കടിച്ചുകൊന്ന ഇവര്‍ കൊടും ക്രിമിനലുകള്‍ തന്നെ. പത്താം ക്ലാസില്‍ പഠിക്കേണ്ട പ്രായത്തില്‍ കൊലപാതകികളായിത്തീര്‍ന്ന ഈ ആസുര ജന്‍മങ്ങള്‍ നാടിന്റെ സമാധാന ജീവിതത്തിനെന്നും വെല്ലുവിളിയാണ്. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് കാരണം പ്രതികാരമാണെന്ന് പോലീസ് വ്യക്തമാക്കുന്നു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകനായ മുഹമ്മദ് ഷഹബാസ് അതിദാരുണമായാണ് കൊല്ലപ്പെട്ടത്.
ഷഹബാസിന്റെ വലത് ചെവിയുടെ മുകളിലായി തലയോട്ടി തകര്‍ന്നതായും, നെഞ്ചിനേറ്റ മര്‍ദ്ദനത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കട്ടിയുള്ള ആയുധം കൊണ്ടുള്ള അടിയിലാണ് പരിക്കേറ്റത്. ചെവിയുടെ പിന്നിലും കണ്ണിലും മര്‍ദ്ദനമേറ്റതായും പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കരാട്ടെ പരിശീലകര്‍ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികള്‍ ഷഹബാസിനെ മര്‍ദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്.
സ്വകാര്യ ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെയുണ്ടായ കൂകി വിളിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എളേറ്റില്‍ വട്ടോളി എം.ജെ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഡാന്‍സിനിടെ പാട്ട് നിലച്ചപ്പോള്‍ താമരശേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂവിയതാണ് തര്‍ക്കത്തിന്റെ തുടക്കം. ഇത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റത്തിന് ഇടയാക്കി. അധ്യാപകര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ അത് പകയായി കിടക്കുകയായിരുന്നു. തുടര്‍ന്ന് എം.ജെ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വാട്സ് ആപ് ഗ്രൂപ് വഴി അയച്ച സന്ദേശത്തില്‍ തിരിച്ചടിക്കാനായി എല്ലാവരും ട്യൂഷന്‍ സെന്ററിന് സമീപം എത്താന്‍ ആഹ്വാനം ചെയ്തു.
പത്തിലധികം വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് താമരശേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി ഏറ്റുമുട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥി അല്ലാതിരുന്ന ഷഹബാസിനെ സുഹൃത്താണ് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. സംഘര്‍ഷത്തിന് ശേഷം അവര്‍ തന്നെ അവശനിലയിലായ ഷഹബാനെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു. പുറമെ പരുക്കുകള്‍ ഇല്ലാതിരുന്ന ഷഹബാസിന് വീട്ടില്‍ വച്ച് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് രാത്രി ഛര്‍ദിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതോടെയാണ് താമരശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയത്. തലച്ചോറിന് 70 ശതമാനം ക്ഷതം സംഭവിച്ച ഷഹബാസിന്റെ മരണം വെള്ളിയാഴ്ച രാത്രി 12.30-ഓടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ സ്ഥിരീകരിച്ചു.
സംഭവത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വെള്ളിയാഴ്ച വൈകിട്ട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ട നടപടിയില്‍ പോലീസിനെതിരെ കടുത്ത വിമര്‍ശനമുണ്ടായി. ഷഹബാസിന്റെ മരണത്തെ തുടര്‍ന്ന് പിടിയിലായ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ താമരശേരി പൊലീസ് കൊലക്കുറ്റത്തിന് കേസ് ചുമത്തി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ കെയര്‍ ഹോമില്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്കെതിരെ താമരശേരി പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
പെട്ടെന്നുള്ള പ്രകോപനത്തില്‍ സംഭവിച്ചതല്ല ഷഹബാസിന്റെ കൊലപാതകം. മുന്‍കൂട്ടി തീയതിയും സമയവും നിശ്ചയിച്ച ശേഷമാണ് സംഘര്‍ഷം നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരാണ് സിനിമയെ പോലും അതിശയിപ്പിക്കുന്ന തരത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്നത് സംഭവത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. സംഘട്ടനത്തില്‍ പോലീസ് കേസെടുക്കില്ലെന്ന തെറ്റിദ്ധരണയിലാണിവര്‍ ഷഹബാസിനെ മൃഗീയമായി ആക്രമിച്ചത്. ഒരുകാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലാണ് വിദ്യാലയങ്ങളില്‍ അക്രമ സംഭവങ്ങള്‍ നടന്നിരുന്നത്. എന്നാലിപ്പോള്‍ വാട്സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളിലെ റീലുകളും അതിന് കിട്ടുന്ന ലൈക്കുകളും കമന്റുകളും ചേര്‍ത്താണ് വിദ്യാര്‍ത്ഥികള്‍ പ്രകോപിതരായി അക്രമങ്ങളിലേയ്ക്ക് കടക്കുന്നത്.
സ്‌കൂളിന്റെ പേരില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങി റീലുകള്‍ ഇട്ട് വൈറലാവുകയാണ് ഇവരുടെ വിനോദം. പെട്ടെന്നുള്ള ആശയവിനിമയവും ഇതിലൂടെ സാധ്യമാവുന്നു. റീലുകള്‍ക്ക് നെഗറ്റീവ് കമന്റുകള്‍ ഇടുന്നവരെ കായികമായി കൈകാര്യം ചെയ്യുന്നതാണ് കണ്ടുവരുന്നത്. സമീപകാലത്തായി സ്‌കൂള്‍ കുട്ടികള്‍ തേരിതിരിഞ്ഞ് അടിയുണ്ടാക്കുന്ന മിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ താക്കീത് നല്‍കിയോ മാതാപിതാക്കളെ വിളിപ്പിച്ച് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയോ വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിച്ചതായി കാണുന്നില്ല. വിദ്യാര്‍ത്ഥികളിലെ ക്രിമിനല്‍ സ്വഭാവം ഇപ്പോള്‍ ഒരു സഹപാഠിയെ കൊലയ്ക്കു കൊടുക്കുന്നതിലേയ്ക്ക് വല്ലാതെ വളര്‍ന്നിരിക്കുന്നു.
ഈയിടെ വാണിജ്യപരമായി വന്‍ വിജയം നേടിയ ചില സിനിമകള്‍ കുറ്റകൃത്യങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നവയാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. കുട്ടികളിലെ അക്രമവാസനയ്ക്ക് സിനിമകളുടെ സ്വാധീനം വലുതാണ്. സിനിമയിലെ വയലന്‍സ് ആളുകളെ വലിയ തോതില്‍ സ്വാധീനിക്കുമെന്നതിനാല്‍ അത്തരം രംഗങ്ങളില്‍ നിയന്ത്രണം ആവശ്യമാണ്. ഇന്ത്യയില്‍ സെന്‍സറിംഗ് സംവിധാനം ഉണ്ടെങ്കിലും അടുത്ത കാലത്ത് വയലന്‍സ് കൊണ്ട് പേരെടുത്ത ചില സിനിമകള്‍ സെന്‍സറിംഗ് നേടിയെടുക്കുന്നുണ്ട്. സെന്‍സറിങ്ങിനെ മറികടന്ന് ക്രൂരവും സ്തോഭജനകവുമായ ദൃശ്യങ്ങള്‍ പരീക്ഷിക്കുന്നതില്‍ കൗതുകവും ആനന്ദവും പിന്നെ സാമ്പത്തിക നേട്ടവും കണ്ടെത്തുന്ന പുതിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മൂക്കുകയറിടേണ്ടതുണ്ട്. മലയാളത്തില്‍ റിലീസാവുന്ന സിനിമകളില്‍ ഭയാനകമാംവിധം ക്രൈം കടന്നുവരുന്നതും അതെല്ലാം സ്വീകരിക്കുന്ന മലോനിലയിലേക്ക് പുതിയ തലമുറ എത്തുന്നതും കണ്ടില്ലെന്ന് നടിക്കരുത്.