ആഗോള മനുഷ്യ സമൂഹം വിശ്വസിച്ചു പോരുന്ന മത പ്രത്യയശാസ്ത്രങ്ങളിലെല്ലാം വ്യത്യസ്ത രീതികളിലുള്ള വ്രതം / ഉപവാസം നിലനിൽക്കുന്നുണ്ട്. അന്നപാനീയങ്ങളെല്ലാം സുബ്ഹി (പുലർച്ച) മുതൽ വർജ്ജിച്ചു കൊണ്ട് സൂര്യാസ്തമയത്തോടെ അവസാനിക്കുന്നതാണ് ഇസ്‌ലാം മത പ്രത്യയശാസ്ത്രത്തിലെ നോമ്പ്. ഇങ്ങനെ ഒരു മാസം നീണ്ടു നിൽക്കുന്ന വ്രതത്തിന് വ്യത്യസ്ത സാമൂഹിക വശങ്ങളുണ്ട്. മഹാത്മജി എഴുതിയത് പോലെ മുസ്ലിംകൾ വ്രതത്തിലൂടെ അവന്റെ ഉള്ളിലുള്ള മൃഗീയതകളെ സംസ്‌ക്കരിച്ചു നല്ല സ്വഭാവത്തിന് സ്വയം വിധേയമാകുന്ന ഒരു പ്രക്രിയ കൂടിയാണ് റംസാൻ വ്രതം. നോമ്പിന്റെ സാമൂഹിക ശാസ്ത്രം പ്രവിശാലമാണ്. ''പട്ടിണി കിടക്കുന്നവന്റെ നോവ് നിങ്ങൾക്കറിയാൻ കൂടി വേണ്ടിയാണ്'' വ്രതം നിങ്ങളുടെ മേൽ നിർബന്ധമാക്കിയതെന്ന വിശുദ്ധ വചനം ചിന്തനീയമാണ്. ഓരോ ഭൂപ്രദേശങ്ങളിലും അതാതിടങ്ങളിലെ നോമ്പു സംസ്ക്കാരങ്ങളുണ്ട്. സമൂഹത്തിനും സംസ്കാരത്തിനും അനുസരിച്ച് ഇവയിൽ വൈജാത്യങ്ങൾ കാണാൻ സാധിക്കും. നോമ്പു തുറക്കാൻ ഈന്തപ്പഴം / കാരക്ക ഉപയോഗിക്കുക. അതില്ലെങ്കിൽ ശുദ്ധജലം ഉപയോഗിച്ച് നോമ്പ് തുറക്കുക എന്ന പ്രവാചക അധ്യാപനം ഏറെ സാമൂഹിക ചിന്ത അർഹിക്കുന്ന ഒന്നാണ്.
കേരള / മലബാർ നോമ്പ് സംസ്കാരം താരതമ്യേന ആഢംബരവും സുഭിക്ഷതയും നിറഞ്ഞതാണെന്ന് പറയാതിരിക്കാൻ വയ്യ. എന്നാൽ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ നോമ്പു സംസ്കാരം തികച്ചും വ്യത്യസ്തമായ ഒന്നാണ് എന്ന് പറയേണ്ടതുണ്ട്. ശുദ്ധ ദ്രാവിഡ സംസ്ക്കാരത്തിലുള്ള മനുഷ്യർ ഇസ്ലാമിനകത്തു വന്ന് ദ്രാവിഡ സംസ്കാരം കൈവിടാതെ തന്നെ പ്രവാചകൻ്റെ പ്രത്യയ ശാസ്ത്രവും മുറുകെ പിടിച്ചു ജീവിക്കുന്നതിൻ്റെ ഒരു സോഷ്യോളജിയെ അവരിലൂടെ നമുക്ക് വായിച്ചെടുക്കാൻ സാധിക്കും. 2008 മുതൽ പഠനവും ഗവേഷണവുമായി പല നോമ്പുകാലവും അവരുടെ കൂടെ ചിലവഴിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൊടിയ ചൂടുള്ള ഒരുപാട് നോമ്പുകാലങ്ങൾ അവിടങ്ങളിൽ കഴിച്ചുകൂട്ടിയിട്ടുണ്ട്. എത്ര കൊടിയ ചൂടിനേയും ശമിപ്പിക്കാൻ കഴിവുള്ളതാണ് ആ നാട്ടിലെ മനുഷ്യരുടെ സ്നേഹം.
നോമ്പുകഞ്ഞി
മലബാറുകാർ നോമ്പുകാലത്ത് നോമ്പുതുറവിക്കായി ഉപയോഗിക്കുന്ന പ്രധാന ഭക്ഷണമാണ് പത്തിരിയും മാംസക്കറിയും. തരിക്കഞ്ഞിയും ജ്യൂസും അതിൻ്റെ കൂടെയുണ്ടാകുന്ന ഏറ്റവും ചെറിയ നോമ്പുകാല വിഭവങ്ങളിൽ പെട്ടതാണ്. എന്നാൽ തമിഴ്നാട്ടിലെ പ്രധാനനോമ്പ് വിഭവമാണ് നോമ്പുകഞ്ഞി. റംസാൻ മാസമായാൽ എല്ലാ മഹല്ല് ജമാഅത്ത് മസ്ജിദുകൾക്കും തമിഴ്‌നാട് സർക്കാർ തന്നെ നേരിട്ട് അരി സൗജന്യമായോ കുറഞ്ഞ നിരക്കിലോ നൽകാറുണ്ട്. അതുപയോഗിച്ച് മഹല്ല് ജമാഅത്ത് പള്ളികൾ കഞ്ഞി പാചകം ചെയ്ത് മനുഷ്യർക്ക് വിതരണം ചെയ്യുന്നു. പ്രശസ്തമായ ഇവിടുത്തെ നോമ്പുകഞ്ഞി ഉലുവ, നെയ്യ്, ഏലക്കായ, മല്ലിച്ചെപ്പ്, പുതിയിന, പച്ചമുളക്, ജീരകം, കറിവേപ്പില, സവാള, തേങ്ങ, തക്കാളി തുടങ്ങീ അനേകം പദാർത്ഥങ്ങൾ ചേർത്ത് വേവിച്ചെടുക്കുന്നതാണ്. നല്ല വരുമാനമുള്ള കമ്മിറ്റികളാണെങ്കിൽ ചിക്കൻ കഷ്ണങ്ങളോ മട്ടൻ കഷ്ണങ്ങളോ ഒക്കെ ചേർക്കുന്നതും പതിവാണ്. നമ്മുടെ കർക്കിടക കഞ്ഞി പോലെ നല്ല ഔഷധ ഗുണമുള്ള ഒന്നാണിത്. ഈന്തപ്പഴത്തിനും ജലത്തിനും പുറമെ തണുപ്പുള്ള ജ്യൂസോ നാരങ്ങ വെള്ളമോ സർബത്തോ ഇപ്പോൾ പതിവാണ്. മാർക്കറ്റിൽ നോമ്പുകാലത്ത് സുലഭമായി സർബത്ത് എസ്സൻസ് ഇറങ്ങാറുണ്ട്.
പ്രദോഷത്തിൽ നോമ്പ് തുറക്കുന്നതിന് മുമ്പായി നോമ്പു വിഭവങ്ങളെല്ലാം വിളമ്പി അസ്തമയ ബാങ്കുവിളിക്കായി അവർ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. ജഗദീശ്വരനു വേണ്ടി നോമ്പെടുത്ത് അവസാനം വിശന്ന് വലഞ്ഞവാരി നോമ്പുതുറവിക്ക് വേണ്ടി കാത്തിരിക്കുമ്പോഴും അവർ അവർ ഉടയതമ്പുരാനിലേക്ക് കൈ ഉയർത്തി പ്രാർത്ഥിക്കുന്നതിനെ തിരസ്കരിക്കാൻ കാരുണ്യവാനായ റബ്ബിന് കഴിയില്ല എന്നതാണ് വസ്തുത. അതുകൊണ്ടു കൂടിയാണ് നോമ്പുതുറവിക്കായി ഒരുമിച്ചു കൂടുമ്പോൾ പോലും അവർ പ്രാർത്ഥനാ നിർഭരരായിരിക്കുന്നത്.
നോമ്പും സാമൂഹികോദ്ഗ്രഥനവും
തമിഴ്നാടിൻ്റെ സാമൂഹിക ഘടന ഒരിക്കലും വർഗ്ഗീയതയ്ക്ക് അനുകൂലമായതല്ല. ദ്രാവിഡ സംസ്കാരത്തിന്റെ ഊടും പാവും ചേർന്നു നിൽക്കുന്ന ഉള്ളടക്കമാണ് തമിഴ് നാടിൻ്റേത്. റംസാൻ മാസമായാൽ എല്ലാ മഹല്ല് ജമാഅത്ത് മസ്ജിദുകൾക്കും തമിഴ്‌നാട് സർക്കാർ തന്നെ നേരിട്ട് അരി സൗജന്യമായോ കുറഞ്ഞ നിരക്കിലോ നൽകാറുണ്ടായിരുന്നു. അതുപയോഗിച്ച് മഹല്ല് ജമാഅത്ത് പള്ളികൾ കഞ്ഞി പാചകം ചെയ്ത് മനുഷ്യർക്ക് വിതരണം ചെയ്യുന്നു. ഇഫ്താറിന് സമയമായാൽ എന്നും അമുസ്ലിം അതിഥികൾ മസ്ജിദിലെത്തും; അവരിലെ സ്ത്രീകളുൾപ്പെടെയുള്ളവർ അവിടെ മസ്ജിൽ നിന്നും കഞ്ഞി കുടിക്കുകയും അവരിലെ പലരും കഞ്ഞി വീട്ടിൽ കൊണ്ടു പോവുകയും ചെയ്യും. അതിലെ അവരുടെ ദൈവിക പ്രീതിയും വിശ്വാസ്യതയുമാണ് കാരണം. ഈ കലുശിത കാലത്ത് ഇതിലൂടെ വലിയ സാമൂഹിക ദൗത്യമാണ് അവർ നിർവ്വഹിക്കുന്നത്. തമിഴ് നാട്ടിൽ കൂടുതൽ ഹനഫി മദ്ഹബ് ചിന്താധാര ഉൾക്കൊള്ളുന്നവരാണ്. അവിടങ്ങളിൽ ഹിന്ദു മുസ്ലിം എന്നീ വിഭാഗീയത പുലർത്തുകയോ അതിൻ്റെ പേരിൽ അസഹിഷ്ണുത മനസ്സിൽ സൂക്ഷിക്കുകയോ ചെയ്യുന്നവർ തുലോം കുറവാണ്. പള്ളിക്കകത്ത് ഓരോ ആവശ്യങ്ങൾ നിർവ്വഹിക്കാൻ വേണ്ടി വരുന്ന അമുസ്ലിം സ്ത്രീകളേയും പുരുഷൻമാരേയും കണ്ടാൽ നമ്മൾ മലയാളികൾക്ക് അത്ഭുതം തോന്നും. മുസ്ലിം മുസ്ലിമേതര ഐക്യം അവരെ കണ്ടാണ് നാം പഠിക്കേണ്ടത്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒന്നല്ല. നൂറ്റാണ്ടുകൾക്ക് മുമ്പേ സൂഫി ഇസ്ലാമും ദ്രവീഡിയൻ കൾച്ചറും ചേർന്ന് ഉരിത്തിരിഞ്ഞു വന്ന ഒന്നാണത്. നോമ്പുപോലുള്ള വിശുദ്ധ കാലങ്ങൾ ഇത്തരം സംസ്കാരങ്ങളെ ഊട്ടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്.