Image

മൗനശാന്തി (കവിത: വേണുനമ്പ്യാര്‍)

Published on 01 March, 2025
മൗനശാന്തി (കവിത: വേണുനമ്പ്യാര്‍)

കാറ്റിനു പേപിടിച്ച കാര്യം

ചെരാത്

അറിഞ്ഞിരുന്നില്ല

ഇരുളിനു തന്നോട്

പ്രണയമാണെന്ന സംഗതി

കാറ്റ്

അറിഞ്ഞിരുന്നില്ല

ഇരുൾ എല്ലാറ്റിനെയും 

വിഴുങ്ങുമെന്ന്

വെളിച്ചം

അറിഞ്ഞിരുന്നില്ല

തനിക്ക് ഒന്നിനോടും

വിധേയത്വമില്ലെന്ന സത്യം

ഇരുട്ടും

അറിഞ്ഞിരുന്നില്ല.

2

കാറ്റൂതിക്കെടുത്തുമ്പോഴൊക്കെ

ചെരാതിലെ തിരി

വീണ്ടും വീണ്ടും തെളിക്കപ്പെട്ടു 

അത് കത്തിക്കുന്നതാര്? 

ആരുടെ കല്പനയനുസരിച്ച്?

അക്കാര്യമൊന്നും

ആർക്കുമറിയില്ല

ഒരിക്കലും അണയാത്ത

മഹത്തായ ഒരു വെളിച്ചത്തിന്റെ

നിഴൽ മാത്രമല്ലേ

മൺചെരാത്?

3

ചെരാതിനു

കാറ്റ് സാക്ഷിയായി

കാറ്റിന്

ഇരുട്ട്  സാക്ഷിയായി

ഇരുട്ടിന്

വെട്ടം  സാക്ഷിയായി

അദൃശ്യനായ ഒരാൾ

തനിക്കു താൻ തന്നെ സാക്ഷിയായി

വീണ്ടും വീണ്ടും തിരി കത്തിച്ചു

കൊണ്ടേയിരുന്നു.

4

കാറ്റിനെ കൈപ്പിടിയിൽ

ഒതുക്കുവാൻ ശ്രമിപ്പതെന്തിന്?

ഇരുട്ടിനെ നിഷേധിപ്പതെന്തിന്

വെളിച്ചത്തെ സ്വീകരിപ്പതെന്തിന്?

ചെരാതിന്റെ ഉത്തരം

കളിമണ്ണിന്റെ മൌനമായിരുന്നു!

5

മൌനശാന്തിയിൽ

കാറ്റടങ്ങി

ഇരുളുറങ്ങി

വെളിച്ചം വെളിച്ചത്തെ ധ്യാനിച്ചു

മൌനശാന്തിയിൽ

ചെരാത് സ്രഷ്ടാവിന്റെ 

നിരന്തരസ്മരണയായി പൊലിഞ്ഞു

ചെരാത് ചെരാതല്ലാതായി!


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക