വെറുതെയീ ഏകാന്ത തീരത്തു ഇരുന്നു ഞാൻ
നോക്കുമ്പോൾ കാണുന്നെൻ ഭൂതകാലം !
വീടിനടുത്തുള്ള കൊച്ചരുവിയിലൊരായിരം
താറാവ് കൂട്ടങ്ങൾ നീന്തിടുന്നു.
കുഞ്ഞിളം പക്ഷികൾ മാമരക്കൊമ്പത്ത്
കലപില കൂട്ടി രസിച്ചീടുന്നു.
ചന്തത്തിൽ ആടിക്കളിക്കുന്ന പൂക്കളിൽ
ഉമ്മവച്ചോടി നടക്കുന്നു വണ്ടുകൾ.
കാറ്ററിയാതേതോ സൗരഭ്യം പേറുന്നു
ഓർമ്മയിൽ സ്വപ്‌നങ്ങൾ പൂത്തിടുന്നു.
ഒരു കപ്പു കാപ്പിയുമായീ പ്രഭാതങ്ങൾ
ആസ്വദിച്ചാസ്വദിച്ചെന്നും കഴിയുവാൻ,
ജാലകവാതിൽക്കൽ പുന്നാരം ചൊല്ലുവാൻ
എന്നെപ്പോലേകയാം ആ കിളി വന്നെങ്കിൽ,
മോഹങ്ങൾ മുകിലിൻചുരുളുകളായ് വാനിൽ
അനുരാഗചിത്രങ്ങൾ എന്നും വരച്ചെങ്കിൽ
സുന്ദരകാഴ്ചകൾ മുന്നിൽ നിറയുമ്പോൾ
ഏകാന്തതക്ക് അതിജീവിക്കാനാകുമോ?
**********