"എന്താ പിള്ളേച്ചാ, ഈ മൂക്കത്തു വിരൽ വച്ച് കൊണ്ട് നടക്കുന്നത്?"
"പിന്നെന്തു ചെയ്യുമെടോ, ഇങ്ങനെയൊക്കെ കണ്ടാൽ?"
"എന്താ പിള്ളേച്ചാ, നേരിട്ടുള്ള കാര്യം പറയൂ?"
"എടോ ഈ ട്രംപും സെലെൻസ്കിയുമായി ഓവൽ ഓഫീസിൽ നടന്ന ചർച്ചയുടെ കാര്യമാ ഞാൻ പറഞ്ഞത്?"
"അതിനെന്തു പറ്റി പിള്ളേച്ചാ?"
"അല്ലെടോ, ഒരു മനുഷ്യനെ വിളിച്ചു വരുത്തിയിട്ട് അവനെ വളഞ്ഞിട്ട് ആക്രമിക്കയല്ലായിരുന്നോ?"
"എന്ന് പറയാൻ പറ്റില്ലല്ലോ. ട്രംപ് പറഞ്ഞതിലും കാര്യമില്ലേ?"
"എന്ത് കാര്യം? ഒരു അമേരിക്കൻ പ്രെസിൻഡന്റ് മറ്റൊരു രാഷ്ട്രത്തലവനെ വിളിച്ചുവരുത്തിയിട്ട് മാധ്യമങ്ങളുടെ മുന്നിലിട്ടു വറത്തു കോരുകയല്ലായിരുന്നോ?"
"അതെങ്ങനെ ശരിയാകും പിള്ളേച്ചാ? സെലെൻസ്കിയല്ലേ ആദ്യം പ്രശ്‌നമുണ്ടാക്കിയത്? പുട്ടിൻ ട്രംപിന്റെ സുഹൃത്താണെന്നറിഞ്ഞിട്ടും അവിടെ പരസ്യമായി അദ്ദേഹം പുട്ടിനെ വിശേഷിപ്പിച്ചത് ഘാതകനെന്നും ഭീകരവാദിയെന്നുമായിരുന്നു."
"എടോ, ആദ്യം തന്നെ താൻ സെലിൻസ്കിയുടെ ഷൂസിൽ കയറി ഒന്ന് നിന്ന് നോക്ക്. അമേരിക്ക ഉന്തിത്തള്ളി അദ്ദേഹത്തെ യുദ്ധത്തിൽ ഇറക്കിയതാണ് . നമ്മൾ ഇതിനെപ്പറ്റി യുദ്ധം തുടങ്ങിയപ്പോൾ ഒന്ന് സംസാരിച്ചതാണ്. ഓർക്കുന്നുണ്ടോ?" (ഇമലയാളി ലേഖനം: നടപ്പാതയിൽ ഇന്ന്-20, 'ഈ യുദ്ധം ആർക്കു വേണ്ടി?': ഫെബ്രുവരി 25, 2022 )
"ഓർക്കുന്നുണ്ട്. അതെ, അന്ന് പിള്ളേച്ചൻ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം ശരിയാണെന്ന് ഇന്ന് തെളിഞ്ഞു. യഥാർത്ഥത്തിൽ ഇവിടെയുണ്ടായ പ്രശ്നമെന്താണ്?"
"ഇവിടെ നാം കണ്ടത് രണ്ട് അപക്വ സാരഥികളുടെ പ്രതിച്ഛായ തകരുന്നതാണ്. ഭരണം മാറിയതോടെ അമേരിക്കയുടെ നയവും മാറിയ കാര്യം സെലെൻസ്കിയ്ക്ക് അറിയണമായിരുന്നു. അപ്പോൾ അദ്ദേഹം കുറച്ചു കൂടി മിതത്വം പാലിക്കണമായിരുന്നു. ട്രംപിന് സെലിൻസ്‌കിയെ ഇഷ്ടമല്ലാതായത് ഇന്നോ ഇന്നലെയോ അല്ല. പ്രസിനെന്റ് ജോ ബൈഡന്റെ കുരുക്കു മനസ്സിലാകാതെ എടുത്തു ചാടിയ സെലിൻസ്കിയ്ക്കു ബൈഡനെ താങ്ങാതെ നിവൃത്തിയില്ലായിരുന്നു. പുട്ടിനോട് കണക്കു തീർക്കാൻ പാവം സെലൻസ്‌കിയെ ഇറക്കി വിട്ടിട്ട് പിടിച്ചു നിൽക്കാൻ ആയുധങ്ങൾ വാരിക്കോരി കൊടുത്തു. ഒരാഴ്ച കൊണ്ടു തീരേണ്ട യുദ്ധം മൂന്നു വർഷം പിന്നിട്ടു. അതിനു പിന്നിൽ അമേരിക്കയുടെ താങ്ങു തന്നെയായിരുന്നു. ഒരു കാലത്ത് റഷ്യയും യുക്രെയിനും സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. അന്ന് യുക്രെയിനിന്റെ ഭാഗവും റഷ്യൻ അതിർത്തിയുമായ തുറമുഖം ഉൾപ്പെടുന്ന ക്രീമിയ മേഖല സോവിയെറ്റിന്റെ അതിനൂതന നാവികത്താവളമായി വളർത്തി. സോവിയറ്റ് ഛിന്നഭിന്നമായി 17 റിപ്പബ്ളിക്കുകളും സ്വയം ഭരണമാകുകയും ചെയ്‌തപ്പോൾ ക്രീമിയ റഷ്യയുടെ ഭാഗമാകേണ്ടതാണെന്ന് വാദിച്ചു. പഴയ പ്രതാപം വീണ്ടെടുക്കാൻ റഷ്യയ്ക്ക് ക്രീമിയ കൂടിയേ തീരുമായിരുന്നുള്ളൂ. ഇത് ഒരു പരിധി വരെ യുക്രെയിൻ അംഗീകരിച്ചിരുന്നു. എന്നാൽ കൂടുതൽ ശക്തരാകുന്ന റഷ്യയെ കണ്ടു പകച്ച അമേരിക്ക അവർക്കിട്ടു പണികൊടുക്കാൻ തന്ത്രങ്ങളാരാഞ്ഞു. അങ്ങനെയാണ് യുക്രെയിനിനെ നേറ്റോയുടെ ഭാഗമാക്കി റഷ്യയോട് കണക്കു തീർക്കാൻ തീരുമാനിച്ചത്. എന്നാൽ, നാളെ അമേരിക്ക യുക്രെയിനിൽ കൊണ്ട് ന്യൂക്ലിയർ മിസൈൽ സ്ഥാപിച്ചാലോ എന്നു കരുതിയായിരിക്കാം, റഷ്യ ക്രീമിയയും ഡോൺബാസ് പോലെയുള്ള കുറെ പ്രദേശങ്ങളും കയ്യടക്കി. ഇവിടെയൊക്കെ ധാരാളം റഷ്യൻ വംശജർ താമസിക്കുന്നു എന്നതും ഇവിടത്തെ ഓർത്തഡോക്‌സ് സഭ റഷ്യൻ പാത്രയർക്കിന്റെ അധികാരപരിധിയിലുള്ളതും ആയതുകൊണ്ട് റഷ്യയ്‌ക്കെതിരായി അവിടെ വലിയ ജനമുന്നേറ്റമുണ്ടായില്ല. ഇത് റഷ്യയ്ക്ക് സഹായകമായി."
"എന്നാലും പിള്ളേച്ചാ, ഈ സെലൻസ്‌കിയോട് ഇത്രയും വിരോധം ട്രംപിനുണ്ടാകാൻ എന്താ കാരണം?"
"എടോ, ബൈഡനുമായുള്ള ചങ്ങാത്തം കൊണ്ടും സംയുക്ത കോൺഗ്രസിൽ ഒന്നിൽ കൂടുതൽ തവണ പ്രസംഗിക്കാൻ അവസരം ലഭിക്കുകയും ഒക്കെ ചെയ്‌തിട്ട് ബൈഡന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിൽ സെലിൻസ്‌കി പ്രസംഗിച്ചു കൈയ്യടി നേടി. അങ്ങനെ ബൈഡനു വേണ്ടി പ്രചരണം നടത്തുമ്പോൾ തീർച്ചയായും എതിർ സ്ഥാനാർഥിക്കു ദേഷ്യം ഉണ്ടാകുമല്ലോ. അതല്ലേ, ജെ ഡി വാൻസ് സെലൻസ്കിയുടെ മുഖത്തു നോക്കി ചോദിച്ചത്. ഇവിടെ നടന്നത് സെലൻസ്കിയെ വളഞ്ഞിട്ടാക്രമിക്കുക തന്നെയായിരുന്നു. സ്യൂട്ടിടാത്തതിനു കുറ്റം, ഇടയ്ക്കിടെ നന്ദി പറയാത്തതിനു കുറ്റം. എന്തെല്ലാം! നിന്റെ കയ്യിൽ കളിക്കാൻ കാർഡില്ല അതുകൊണ്ട് പറയുന്നിടത്ത് ഒപ്പിട്ടിട്ടു പൊയ്ക്കൊള്ളാൻ! ഇതിൽ പരം ഒരു നാണക്കേട് ഒരു മനുഷ്യനുണ്ടാകാനില്ല."
"എന്നാലും, സ്യൂട്ടിടാഞ്ഞത് മോശമായിപ്പോയില്ലേ? അദ്ദേഹം വന്നത് അമേരിക്കൻ പ്രെസിഡന്റുമായുള്ള പ്രധാനപ്പെട്ട മീറ്റിംഗിനല്ലേ?”
“സ്യൂട്ട് ഇട്ടില്ലെന്നു പരാതി പറയുന്നവർക്ക് ചരിത്രമറിയാത്തതു കൊണ്ടാണ്. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോൾ വിൻസ്റ്റൺ ചർച്ചിൽ വാഷിംഗ്‌ടണിൽ പ്രസിഡന്റ് റൂസ്‌വെൽറ്റിനെ കാണാൻ വന്നത് സ്യൂട്ട് ഇല്ലാതെയാണ്. എടോ, ആവശ്യക്കാരന് ഔചിത്യം വേണ്ടെന്നാണ് പഴമൊഴി. തനിക്കറിയാമോ ഗാന്ധിജി ബ്രിട്ടീഷ് രാഞ്ജിയെ കാണാൻ പോയപ്പോൾ വെറും മുണ്ടുടുത്തുകൊണ്ടാണ് പോയത്. അതുകൊണ്ട് അദ്ദേഹത്തിന് 'ഫക്കീർ' എന്നൊരു പേര് വീണെന്ന് മാത്രമേയുള്ളൂ. ആ മുണ്ടുടുത്തു ചെന്ന ഗാന്ധി പിന്നീട് മഹാത്മാ ഗാന്ധി എന്നാണറിയപ്പെട്ടത്. അടുത്തു സ്യൂട്ടിട്ട് നിന്നതാരാണാവോ!”
"അതുപോലെ 300 ബില്യൺ കടബാധ്യതയുണ്ടല്ലോ."
"സെലിൻസ്കി പറയുന്നത് വെറും 100 ബില്യൺ മാത്രമേ കൊടുക്കാനുള്ളൂ എന്നാണ്. എന്നാൽ ട്രംപ് പറയുന്നത് 300 ബില്യന് പുറമേ അതിന്റെ പലിശയെല്ലാം ഉൾപ്പെടെ ഏതാണ്ട് 500 ബില്യൺ ആയിരിക്കുന്നു എന്നാണ്. എന്നാൽ ഈ കൊടുത്ത ആയുധങ്ങൾക്കൊക്കെ പണം കൊടുക്കണമെന്ന് ബൈഡൻ ഒരിക്കലും പറഞ്ഞിരുന്നില്ല.”
"ഇനി സെലിൻസ്കിയുടെ മുൻപിൽ എന്താണ് വഴി പിള്ളേച്ചാ?"`
"എടോ, സ്വന്തം രാജ്യത്തിന്റെ നിരവധി ഭൂപ്രദേശങ്ങളും പോയി, ആയിരക്കണക്കിന് ജനങ്ങളുടെ ജീവനും പോയി, രാജ്യം മൊത്തം എഴുതി വിറ്റാലും തീരാത്ത കടബാധ്യതയുമായി. ഇനി ഏതായാലും അമേരിക്കയുടെ പിന്തുണ കണ്ട് ആരും ഇറങ്ങിപ്പുറപ്പെടരുത് എന്ന പാഠം ലോകത്തിനു മനസ്സിലായി. ഇനി സെലിൻസ്കിയുടെ മുൻപിലുള്ള ഏക വഴി പുട്ടിനെ നേരിട്ടു കണ്ട്, "പുരുഷൂ എന്നെ അനുഗ്രഹിക്കണേ" എന്നു സാഷ്ടാംഗ പ്രണാമം നടത്തി കെഞ്ചുക."
"എന്നാലും ഇതിത്തിരി കടന്നുപോയി!"
"യുക്രെയ്‌നിൽ നിന്നും തിരിക്കുന്നതിനു മുൻപേ സെലെൻസ്കി വാരഫലം ഒന്നു നോക്കുന്നതു നന്നായിരുന്നു!"
"ശരി പിള്ളേച്ചാ, പിന്നെ കാണാം."
_______________