Image

മത്സരലോകമേ സ്വസ്തി! ( ചിന്താ ചന്ദ്രിക : സിംപിൾ ചന്ദ്രൻ )

Published on 02 March, 2025
മത്സരലോകമേ സ്വസ്തി! ( ചിന്താ ചന്ദ്രിക : സിംപിൾ ചന്ദ്രൻ )

ജനനത്തിൽ തുടങ്ങി ജീവിതത്തിലൂടെ സഞ്ചരിച്ച് മരണത്തിലേക്കെത്തുക എന്നത് മറ്റു ജീവികൾക്കെന്നപോലെ മനുഷ്യനും ഒരു സ്വാഭാവികപ്രക്രിയ ആയിരുന്നു. പ്രകൃതിയുടെ ഒരു രസതന്ത്രം! എന്നാലിന്ന് അതിൻ്റെ സ്വാഭാവികതയ്ക്ക് മാറ്റമുണ്ട്.
ആത്മഹത്യയായാലും കൊലപാതകമായാലും  അസാധാരണമാംവിധം  മനുഷ്യരിന്ന് ജീവിതത്തേക്കാൾ മരണത്തെ തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു. ഓരോന്നും കേൾക്കുമ്പോൾ മാത്രം കാരണങ്ങളെക്കുറിച്ച് ഉത്സുകരാകുകയും അതിശക്തമായ ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്തിട്ട് കാര്യമെന്ത്!
ജീവിതം മത്സരത്തിൻ്റേതും ലോകം ജയിച്ചവരുടേയും മാത്രമായിരിക്കുമ്പോൾ ഇതിലൊന്നും ഒരു അതിശയോക്തിയുമില്ല. 
അസ്വസ്ഥതകളെയും വിഷമങ്ങളെയും പേറുമ്പോൾ പണ്ട് 'നെഞ്ചിലൊരു കല്ലിരിക്കുന്നു ' എന്നു പറഞ്ഞിരുന്ന മനുഷ്യരിന്ന് പർവ്വതങ്ങളെ ചുമക്കുന്നവരായിരിക്കുന്നു!
ഞാൻ മുമ്പൊരിക്കൽ പറഞ്ഞിരുന്നതുപോലെ മരിക്കുന്നതിനല്ല, ജീവിക്കുന്നതിനാണ് ഒരു കാരണം വേണ്ടത്. ജീവിതത്തോട് ഒട്ടിനിർത്താൻ പ്രേരിപ്പിക്കുന്ന ശക്തമായ ഒരു കാരണം, കാഴ്ചക്കാർക്കല്ല, മരിക്കുന്നവർക്ക്!

നമുക്കു പരിചിതമായ എഴുത്തിടങ്ങളിൽ നിന്നുതന്നെ തുടങ്ങാം. ഇവിടെ നമ്മളെല്ലാം പ്രൊഫൈലുകളാണല്ലോ. നിങ്ങൾക്കു പരിചയമുള്ള, തൊട്ടടുത്തുള്ള, എത്രയോ പേർ പെട്ടെന്നൊരു ദിവസം അവരുടെ സജീവമായിരുന്ന മനോഹരമായ പ്രൊഫൈലുകളെ അനാഥമാക്കി ഉടലുള്ള മരണങ്ങളായോ ഉടലുപേക്ഷിച്ച മരണങ്ങളായോ കളമൊഴിഞ്ഞുപോകുന്നു!  അവർ കഴിവില്ലാത്തവരായിട്ടല്ല. പക്ഷേ വിജയിച്ചവരായിക്കാണില്ല. നൂറുപേർ ഓടിയാലും വിജയികൾ രണ്ടോ മൂന്നോ പേരേയുണ്ടാവു. അവർക്കേ പേരുമുള്ളു. ആദർശവും ന്യായവുമൊക്കെ ധാരാളം പറയാൻ കാണും. പക്ഷേ ആർക്കും തോറ്റവരായി എണ്ണപ്പെടാൻ ഇഷ്ടമില്ല. എവിടെയും പിടിച്ചുകയറാൻ സാമർത്ഥ്യമുള്ളവർ നേടും. അല്ലാത്തവർ പിന്തള്ളപ്പെട്ടുകിടക്കും. അവരവരുടെ സഹനത്തിൻ്റെ തോതനുസരിച്ച് ചിലർ ജീവപര്യന്തം സഹിച്ചുജീവിക്കും. ധൈര്യം സംഭരിക്കുന്ന ചിലരാ ദൂരം കുറയ്ക്കും. അത്രതന്നെ!

എവിടെയാണ് ഈ മത്സരമില്ലാത്തത്? കുടുംബങ്ങളിൽ, തൊഴിലിടങ്ങളിൽ, മറ്റു ജീവിതമേഖലകളിൽ അങ്ങനെ എല്ലായിടത്തുമുണ്ട്. കൃത്യമായ വയസിടങ്ങളിൽ ക്ലാസിൽ മുമ്പനായും മികച്ച ഉദ്യോഗപ്രാപ്തനായും 'ജീവിതവിജയം' നേടിയില്ലെങ്കിൽ കഴിവില്ലാത്തവനായില്ലേ! എല്ലാവരും ഒരേപോലെയല്ല എന്നതൊക്കെയും വെറും ന്യായം പറച്ചിൽ മാത്രം. മക്കൾക്കിടയിൽത്തന്നെ മുമ്പനും പിമ്പനും സ്വയം രൂപപ്പെടുന്നു. എഴുത്തിലായാലും കലാകായിക രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിലായാലും ഏതു കുത്സിത മാർഗ്ഗമുപയോഗിച്ചും മുമ്പനാകാത്തവർ, അവനെ / അവളെക്കൊണ്ട് കൊള്ളാഞ്ഞിട്ടല്ലേ എന്നൊരു കുത്തുവാക്ക് പ്രത്യക്ഷമായും പരോക്ഷമായും നേരിടുന്നുണ്ട്. അവരതിനെ 'എന്തിനു ജീവിക്കുന്നു, പോയിച്ചത്തൂടെ ' എന്നുകേൾക്കുന്നു!

'ന്യായാത് പഥം പ്രവിചലന്തി പദം ന ധീരാ '  ന്യായമാർഗ്ഗത്തിൽ നിന്ന് അണുവിട ചലിക്കാതെ ജീവിക്കുന്നവനും ഇന്ന് ഗതി വിഭിന്നമല്ലല്ലോ. ജീവിതവിജയം എന്നൊരജ്ഞാതതിയറി എന്തു മാനദണ്ഡത്തിലാണ് സൃഷ്ടിക്കപ്പെട്ടതെന്നറിയില്ല. കടം കേറിയവനായി, അസമർത്ഥനായി, തോറ്റവനായി, ജീവിക്കാൻ ഒരാളെ അനുവദിക്കാത്തവിധം അതങ്ങ് വളർന്നിരിക്കുന്നു, മരണം എന്നതൊരു രക്ഷപ്പെടലായി കരുതാനും മാത്രം! അവിടെയെങ്കിലും ഒന്നു ജയിക്കണം എന്നു കരുതാനും മാത്രം! കൊല്ലുന്നവർ ഒന്നുകിൽ ശത്രുക്കളെ അഥവാ എറ്റവും പ്രിയപ്പെട്ടവരെ കൊല്ലുന്നതായാണ് കണ്ടുവരുന്നത്. ശത്രുക്കളായി കരുതുന്നവരെ നശിച്ചുപോകട്ടെ എന്നു കരുതിയോ   പ്രിയപ്പെട്ടവരെ രക്ഷപ്പെട്ടു പോകട്ടെ എന്നു കരുതിയോ ആവണം. സ്വയമോ പരമോ ആയ മരണത്തിനെല്ലാം കാരണം ലഹരിയുടെയോ നവമാദ്ധ്യമങ്ങളുടെയോ തലയിൽമാത്രം വച്ചുകെട്ടേണ്ടതില്ല എന്നു തോന്നുന്നു. ഒരാൾ മരണം എന്നത് തീരുമാനിച്ചു കഴിഞ്ഞ് അതിലേക്കുള്ള സുഗമതയ്ക്കു വേണ്ടി ഇവയെ ആശ്രയിച്ചേക്കാനിടയുണ്ട്.

മത്സരലോകമേ സ്വസ്തി! 
ഇതൊക്കെ ഇങ്ങനെയൊക്കെ ആയിരിക്കുന്നിടത്തോളം, മനുഷ്യർ പർവ്വതങ്ങളെ ചുമക്കുന്നവർ തന്നെയായിരിക്കും, ഒരുപക്ഷേ എപ്പോൾ വേണമെങ്കിലും  പൊട്ടിത്തെറിക്കാവുന്ന ഒരു ബോംബുകൂടി ചുമക്കുന്നവരും! 
അതുകൊണ്ട് പ്രിയപ്പെട്ടവരേ, മനസ് കൈവിട്ടുപോകുന്നു എന്നു തോന്നിയാൽ ഒട്ടും മടിക്കാതെ ഓടിപ്പോയി ചികിത്സിക്കുക. നമ്മളെ രക്ഷിക്കാൻ ഒരുത്തരും, ഒരു പ്രകൃതി ശക്തികളും വരില്ല എന്ന് ആദ്യമേതന്നെ മനസ്സിലാക്കുക. ഓരോരുത്തരും ഒരു യുദ്ധമാണ്. ഒറ്റയ്ക്കു പൊരുതേണ്ടുന്ന യുദ്ധം! വേറെ വഴിയില്ല. ജീവിതത്തിൻ്റെ ഇതേവരെയുള്ള നാൾവഴിയിൽ ആത്മാർത്ഥമായി തോന്നിച്ച ഒരു ചിരി, അഥവാ ഒരു തുള്ളി കണ്ണീർ ഒരു സ്പാർക്കായി ചിന്തിക്കാൻ പറ്റുമെങ്കിൽ ചിന്തിക്കുക. അതിൽനിന്ന് ഊർജ്ജമുൾക്കൊണ്ട് ജീവനെടുക്കാതെ ഒരു സ്വഭാവികമരണദൂരത്തോളം സഞ്ചരിക്കാൻ ശ്രമിക്കുക! 'എല്ലാം ശരിയാകും ' എന്നു പറയുമ്പോഴും എന്തുശരിയാകും എന്നൊരു ചോദ്യത്തിനുത്തരമാകില്ലെങ്കിലും,
മനുഷ്യവംശം ആവശ്യത്തിലേറെ എണ്ണത്തിൽ പെരുകിയിട്ടുള്ളതിനാൽ
കൊഴിഞ്ഞുപോകുന്നവരെല്ലാം  അവനവൻ്റെ ഭാരവും ഇടവും ആഹാരവും ഒഴിച്ചുപോയി ഭൂമിയെ സഹായിക്കുന്നു എന്നു കരുതാനും മാത്രം മനക്കട്ടിയില്ലാത്തതുകൊണ്ട് ഇങ്ങനെ പറഞ്ഞവസാനിപ്പിക്കുന്നു!

 

Join WhatsApp News
Nainaan Mathullah 2025-03-02 09:53:29
Appreciate the philosophical thoughts here. Hope is the wonderful force that help us move forward where the situation is hopeless.
Jayan Varghese 2025-03-05 01:31:03
വസ്തുതകളിലേക്കു ടോർച്ചു തെളിച്ച് സത്യത്തിന്റെ ഒറ്റയടിപ്പാതയിലൂടെ ഒരു രാത്രി സഞ്ചാരം ! അഭിവാദനങ്ങൾ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക