സിത്താരയുടെ ബ്ലഡ് റിസൾട്ട് . അത് ഞെട്ടിക്കുന്നതായിരുന്നു .
അവളുടെ ലിവറിന്റെ പ്രവർത്തനം ആകെ തകരാറിലാണ് . ഒരു പ്രാവശ്യംകൂടി LFT ( ലിവർ ഫങ്ക്ഷൻ ടെസ്റ്റ് ) ചെയ്യണം .
മെലിഞ്ഞ ആ കൈകളിൽ രക്തം എടുക്കാനും , ഡ്രിപ്സ് ഇടാനുമായി പല പ്രാവശ്യം സൂചി കുത്തി ഞരമ്പു കിട്ടാൻ ബുദ്ധിമുട്ടായി . എല്ലായിടവും കരിനീലിച്ചിരിക്കുന്നു .
പാതി മയക്കത്തിലും അവൾ ഞരങ്ങി , കൈ തട്ടിമാറ്റിക്കൊണ്ടേയിരുന്നു .
നേഴ്സ് വന്നു വീണ്ടും വളരെ കഷ്ടപ്പെട്ടാണ് രക്തമെടുത്തത് .
അതിന്റെ റിസൾട്ട് കിട്ടിയിട്ട് വീട്ടിൽ പോകാമെന്നു ഡോക്ടർ പറഞ്ഞു .
മനസ്സിലൂടെ നൂറായിരം ആശങ്കകൾ ഒരു പോലെ കടന്നുപോയി .
ചിന്തകൾ മുൻപോട്ടു പോകുന്നില്ല .
റിസൾട്ട് കിട്ടാൻ കൂടുതൽ സമയം എടുക്കുമെന്ന് പറഞ്ഞതുകൊണ്ട് , സംഘമിത്രയോടു സ്കൂളിലേക്ക് തിരികെ പൊയ്ക്കൊള്ളാൻ ജനനി നിർബന്ധിച്ചു .
" നമ്മൾ രണ്ടുപേരും കൂടി ഇവിടെ നിന്നാൽ അവിടുത്തെ കാര്യം എന്താകും ...? "
മിത്രയെ സ്കൂളിൽ വിട്ടിട്ടു പോകാനായി അഭിനന്ദനും ഹോസ്പിറ്റലിൽ തന്നെ നിൽക്കുകയായിരുന്നു .
എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണമെന്ന് പറഞ്ഞു മിത്ര സ്കൂളിലേക്ക് തിരികെ പോയി .
കാറിൽ കയറിയതും അഭിനന്ദൻ മിത്രയുടെ കൈകൾ രണ്ടും ചേർത്തുപിടിച്ചിട്ട് , അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു .
"എവിടെയോ ആരോ ആയിരുന്ന നീ എന്നിലേക്ക് വന്നടുക്കുമ്പോൾ എന്നെ, ഇത്രമാത്രം സ്നേഹവും കരുണയും കൊണ്ട് നിറക്കുമെന്ന് അറിയില്ലായിരുന്നു . നീ ഒരു മാലാഖയാണ്.. "
അയാൾ മന്ത്രിച്ചു .
" നിന്നെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ ഈ ജന്മം, കച്ചവടക്കാരനായ ഒരു പണക്കാരന്റെ പാഴ്ജന്മം ആയിപ്പോയേനെ .. "
അയാളുടെ വാക്കുകൾക്ക് അവൾ ഉത്തരം നൽകിയില്ല .
പകരം അയാളുടെ കൈത്തലം കവർന്നു കൊണ്ടവൾ ചുംബിച്ചു .
നെഞ്ചിൽ എന്തോ കത്തിപ്പടരുന്നു . അത് , കെടാത്ത പ്രണയാഗ്നിയായി അവൾക്കു തോന്നി .
തന്റെ കൂടെ നടക്കാൻ ..
താനും സ്നേഹിക്കപ്പെടുന്നു എന്ന തോന്നൽ നൽകുവാൻ ഒരാൾ ഉണ്ടെന്നുള്ള ചിന്ത, അതും ഒരു പ്രതീക്ഷയാണ്. സങ്കടങ്ങൾ കേൾക്കാൻ കൂടെയുണ്ടാകുമെന്നതു പ്രതീക്ഷ , നമ്മുടെ സന്തോഷങ്ങൾ പങ്കിടാൻ കൂടെ ഒരാളുണ്ടെന്ന പ്രതീക്ഷ.. ,
അങ്ങനെ എല്ലാം പങ്കുവെക്കാൻ ഒരാളുണ്ടെന്ന പ്രതീക്ഷ..
വീണ്ടും, താൻ ഒറ്റക്കാവില്ലെന്ന പ്രതീക്ഷ..
പരിഗണിക്കപ്പെടുന്നെന്ന ചിന്ത ,
അതും പ്രതീക്ഷയാണ് .
തനിക്കു മാത്രമല്ല , തന്റെ കൂടെയുള്ളവർക്കും വേണ്ടി അഭിനന്ദൻ സമയം കണ്ടെത്തുന്നു . അതും ഒരു വലിയ പ്രതീക്ഷയാണ് .
ജനനിയുടെ അസുഖം അവളെ വിഷമിപ്പിക്കുന്നുണ്ടെങ്കിലും അഭിന്ദനന്റെ സാമീപ്യം അതിന്റെ ആഘാതം കുറച്ചു .
സ്കൂളിൽ മിത്രയെ വിട്ടിട്ട് അഭിനന്ദൻ തിരികെപ്പോയി .
എന്ത് ആവശ്യം ഉണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും വിളിക്കണം എന്ന് ആവർത്തിച്ചു പറഞ്ഞു .
അയാളുടെ കാർ കണ്ണിൽനിന്നും മറയുന്നതുവരെ അവൾ അവിടെത്തന്നെ നിന്നു .
സുമേദിന് മിത്രയെ കണ്ടപ്പോൾ വല്ലാതെ ദേഷ്യം വന്നു . തിരികെ സ്കൂളിൽ കൊണ്ടുവന്നതിന്റെ ദേഷ്യം , സിത്താരയെ കാണാത്തതിലുള്ള വിഷമം ..
എല്ലാം ചേർത്ത് അവൻ ചേച്ചിയെ തല്ലാനും പിച്ചാനും തുടങ്ങി .
ദുപ്പട്ട വലിച്ചു താഴെയിട്ടു .
സംഘമിത്ര പ്രതികരിക്കാതെ അവിടെ ഒരു പ്രതിമകണക്കെ അനങ്ങാതെ നിലയുറപ്പിച്ചു .
ദേഷ്യം തെല്ലടങ്ങിയപ്പോൾ സുമേദ് പതിവുപോലെ തന്റെ സൈലോഫോൺ എടുത്ത് കട്ടകളിൽ ആഞ്ഞു കൊട്ടാൻ തുടങ്ങി .
ആശ മുറിയിലേക്ക് സിത്തുവിന്റെ വിവരം അന്വേഷിക്കാൻ വന്നു .
ജനനിക്കുള്ള ഭക്ഷണം കൊണ്ടുപോകണമോ എന്നു ചോദിച്ചു .
"വേണ്ട ഞാൻ ഒരു ദോശയും , കാപ്പിയും വാങ്ങി കൊടുത്തിട്ടാണ് വന്നത്.. "
ജനനി റിസൾട്ട് കിട്ടിയെന്നു ഫോൺ വിളിച്ചു പറഞ്ഞു . അതിന്റെ ഫോട്ടോയും അയച്ചു .
അലനൈൻ ട്രാൻസാമിനേസ് (ALT), അസ്പാർട്ടേറ്റ് ട്രാൻസ്മിനേസ് (AST), ആൽക്കലൈൻ ഫോസ്ഫേറ്റേസ് (ALP)ആൽബുമിനും ടോട്ടൽ പ്രോട്ടീനും , പ്രോത്രോംബിൻ സമയം (PT) ( രക്തം കട്ടപിടിക്കാൻ എടുക്കുന്ന സമയമാണ് ), ബിലിറൂബിൻ അങ്ങനെ കരളിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന എല്ലാ പാരാമീറ്റർസും ബാധിക്കപ്പെട്ടിരിക്കുന്നു .
അതിന്റെ അർഥം അവളുടെ കരളിന്റെ പ്രവർത്തനം തീർത്തും മന്ദഗതിയിൽ ആണെന്ന് .
സിറോസിസ് എന്ന രോഗാവാസ്ഥ ..
മിത്ര റിസൾട്ട് അപ്പോൾ തന്നെ ഡോക്ടർ ചന്ദ്രലേഖക്ക് അയച്ചുകൊടുത്തു . അവർ അമേരിക്കയിൽനിന്നും തിരികെ വരാൻ ഒരാഴ്ച കൂടി എടുക്കും .
റിസൾട്ട് വായിച്ച ഡോക്ടർക്ക് എന്തോ ചില സംശയങ്ങൾ . എന്താണെങ്കിലും ഇപ്പോൾ ഡിസ്ചാർജ് വാങ്ങേണ്ട, രണ്ടു ദിവസം കൂടി ആശുപത്രിയിൽ കിടക്കട്ടെ എന്നവർ പറഞ്ഞു .
അന്നു തിരികെ വീട്ടിൽ പോകേണ്ട സ്കൂളിൽ തന്നെ താമസിക്കാമെന്നു മിത്ര കരുതി .
രാവിലെ ജനനിയെ വിളിച്ചപ്പോൾ കേട്ട , സിത്താര ശാന്തമായി ഉറങ്ങുന്നു എന്ന വിവരം കുറച്ചു സമാധാനം നൽകി.
രണ്ടു ദിവസം കൂടി ഹോസ്പിറ്റലിൽ താമസിക്കട്ടെ അതായിരിക്കും നല്ലതെന്ന് അവളെ നോക്കുന്ന ഡോക്ടറും അഭിപ്രായപ്പെട്ടു .
സംഘമിത്ര വിവരം അഭിനന്ദനോടും പറഞ്ഞു .
ആശുപത്രിയിലേക്കു ഭക്ഷണം ഒന്നും കൊടുത്തു വിടേണ്ട, അവിടെ കിട്ടുന്നതു കഴിക്കാമെന്നു ജനനി പറഞ്ഞതുകൊണ്ട് , വൈകുന്നേരമാണ് മിത്ര ആശുപത്രിയിൽ എത്തിയത് .
സിത്തു ഉറക്കമാണ് . കട്ടിലിന്റെ ഓരത്തു കൈവെച്ചു ജനനിയും .
കുറെ സമയം അവരുടെ കൈപിടിച്ചുകൊണ്ട് അവളും അവിടെയിരുന്നു .
രാത്രിയിൽ സംപ്രീതി വിളിച്ചു ..
വീട്ടിൽ പോയതും , അഭിനന്ദനുമായിട്ടുള്ള യാത്രയും സിത്തുവിന്റെ വിവരവും അവൾ വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കേൾപ്പിച്ചു .
" ഒരു ഗുഡ് ന്യൂസ് ഉണ്ട് . പ്രസിദ്ധനായ സംഗീതജ്ഞൻ പ്രതീപ്‌ചന്ദ്രൻ നമ്മുടെ സ്കൂളിന്റെ ധനശേഖരണാർത്ഥം ഒരു പരിപാടി നടത്താമെന്നു സമ്മതിച്ചു . അതിന്റെ തിയതി ഒന്ന് തീരുമാനിക്കൂ ഞാൻ അദ്ദേഹത്തിന് ആ ദിവസം സാധിക്കുമോ എന്ന് ചോദിക്കാം.. "
" ജനനി ഹോസ്പിറ്റലിൽ നിന്നും തിരികെ വന്നിട്ട് തീയതി പറയാം .
ഹാളിനും മറ്റും കുറെ പണമാകുമോ ..? "
" നീ എപ്പോഴും ഇങ്ങനെ ആധി പിടിക്കാതെ , അതൊക്കെ ഞാൻ നോക്കിക്കോളാം .. അന്ന് പറഞ്ഞ വാക്ക് ഓർമ്മയുണ്ടോ ?
അടുത്തവർഷം , നമ്മൾ പുതിയ ഇടം വാങ്ങി അവിടെ കെട്ടിടം പണിയാൻ തുടങ്ങും "
തീയതി നിശ്ചയിച്ചിട്ടു വിവരം പറയാൻ ആവശ്യപ്പെട്ടു .
ഡിസംബർ മൂന്നിന് ഭിന്നശേഷി ദിനം ആണ് .
പക്ഷെ മിത്രക്കും, ജനനിക്കും അങ്ങനെയുള്ള ദിവസങ്ങൾ ആഘോഷങ്ങൾക്ക് തിരഞ്ഞെടുക്കുന്നതിനോട് തീരെ താല്പര്യമില്ല . അവരുടെ കുഞ്ഞുങ്ങളെ അങ്ങനെ മുദ്രകുത്തേണ്ട എന്നാണവരുടെ തീരുമാനം . സെപ്റ്റംബര്‍ 5 ദേശീയ അധ്യാപക ദിനമായി ആചരിക്കപ്പെടുന്നു , അന്നാണെങ്കിൽ നന്നായിരുന്നു . ഈ സ്കൂളിലുള്ള ഒട്ടുമുക്കാലും അമ്മമാരും മക്കൾക്കു വേണ്ടി അധ്യാപകരായതാണ് . ഇനിയും രണ്ടു മാസമുണ്ട് സെപ്റ്റംബറിന് . സംഗീതജ്ഞൻ പ്രതീപ്‌ചന്ദ്രനു സാധിക്കുമെങ്കിൽ അതായിരുന്നു നല്ല ദിനം .
അഭിനന്ദന്റെ കമ്പനി ഈ സാമ്പത്തിക വർഷം അവരെക്കൊണ്ടു പറ്റുന്നത്ര നൽകി .
ഈ സംഗീത പരിപാടി വിജയിച്ചാൽ , എല്ലാം ചേർത്ത് അടുത്ത വർഷം സ്ഥലം വാങ്ങാം .
ചുണ്ടിൽ ഒരു മൂളിപ്പാട്ട് അറിയാതെ വന്നു .
"തുമ്പീ നിൻ മോഹം പൂവണിഞ്ഞുവോ
ചുണ്ടിൽ നിൻ രാഗം തേൻ പകർന്നുവോ
ദേവമല്ലികാ വിരിയും ദിനം
വരൂ വരൂ .. "
വീടുവരെ ഒന്ന് പോയിട്ട് വരാമെന്നു കരുതി , സ്കൂട്ടി സ്റ്റാർട്ട് ചെയ്തതും
ആശ ഓടിവന്നു .
" പാത്തു വല്ലാതെ കരയുന്നു .. അവൾക്കു വയറു വേദനിക്കുന്നു "
" ദാ വരുന്നു "
ചെന്നു നോക്കിയപ്പോൾ , പാത്തു വല്ലാത്ത ശബ്‍ദത്തിൽ കരയുകയാണ് .. അമ്മ മെഹറുനിഷ വയറു തിരുമ്മുന്നു .
ആംബുലൻസ് വിളിച്ചപ്പോൾ , അരമണിക്കൂർ എടുക്കുമെന്നു പറഞ്ഞു , യുബർ കാർ അടുത്തു തന്നെ ഉണ്ടെന്നു മനസ്സിലായി . എല്ലാവരും ചേർന്ന് , പാത്തുവിനെ വണ്ടിയിൽ കിടത്തി . മെഹറുനിഷയും മിത്രയും ആശുപ്രത്രിയിലേക്കു പുറപ്പെട്ടു .
ഡോക്ടർ അവളെ പരിശോധിച്ചിട്ടു ഫുഡ് പോയ്സൺ ആണെന്നു പറഞ്ഞു .
ഇന്ന് രാത്രിയിൽ ഇവിടെ അഡ്മിറ്റ് ചെയ്യാം .
നാളെ തിരികെ പോകാം .
പാത്തുവും , സിത്താരയും ആശുപത്രിയിൽ .
കഴിഞ്ഞ കുറെ ദിവസമായി ആശുപത്രീവാസം അധികമായിരിക്കുന്നു .
സ്കൂളിന്റെ സ്വന്തം അടുക്കളയിലെ ഭക്ഷണമാണ് കൊടുത്തത് , അതും വളരെ നേർപ്പിച്ച പൊടിയരിക്കഞ്ഞി , ഫുഡ് പോയ്സൺ വരാൻ ഒരു കാരണവുമില്ല . അങ്ങനെയാണെങ്കിൽ മറ്റുകുട്ടികൾക്കും അത് വരേണ്ട ?
മെഹറുനിഷയോട് പുറത്തു നിന്നെന്തെങ്കിലും ഭക്ഷണം കൊടുത്തോ എന്നു ചോദിച്ചപ്പോൾ
" ഇല്ല മിത്ര , ഞാൻ തന്നെയാണ് അടുക്കളയിൽനിന്നും അവളുടെ പേരെഴുതിയ ഫീഡിങ് ബോട്ടിൽ എടുത്തു കഞ്ഞി അവൾക്കു കൊടുത്തത് , പതിവുപോലെ അബിലീഫയ് ടാബ്ലറ്റ് രണ്ടു എംജി പൊടിച്ചു കഞ്ഞിയിൽ ഇളക്കി , ഇതെല്ലാം ഞാനാ ചെയ്തത്.. "
" എന്താ മിത്ര അങ്ങനെ ചോദിച്ചത് ..? " മെഹറുനിഷ അവളോട് അന്വേഷിച്ചു .
" വെറുതെ തിരക്കിയതാണ് .. ചിലപ്പോൾ വേറെ എന്തെങ്കിലും കുഴപ്പം ആയിരിക്കും .
നമ്മുടെ മക്കൾ വളരെ സെൻസിറ്റീവ് അല്ലേ ?
ബോട്ടിൽ കഴുകുമ്പോൾ കുറച്ചു സോപ്പിരുന്നാൽ കൂടിയും മതി .
ഇനി നമുക്ക് കിച്ചൻ കുറച്ചുകൂടി നന്നായി ശ്രദ്ധിക്കാം ."
അന്നും വീട്ടിൽ പോകാതെ സ്കൂളിലേക്ക് തന്നെ തിരികെപ്പോയി .
ഡോക്ടർ ചന്ദ്രലേഖയുടെ വോയ്സ് മെസ്സേജ് ഉണ്ടായിരുന്നു. അതിലവർ , സിത്താരയുടെ ആരോഗ്യത്തെക്കുറിച്ച് വിശദമായി തന്നെ പറഞ്ഞു . Non-alcoholic cirrhosis stage 4.
പലകാരണങ്ങൾ കൊണ്ടിങ്ങനെ സംഭവിക്കാം. ഉദാഹരണത്തിന് ,അണുബാധയും അമിത മരുന്നുകളുടെ ഉപയോഗവും ഒരു കാരണമാകാം . എന്തിനധികം പാരസെറ്റമോൾ അധികമായി ഉപയോഗിച്ചാലും ഇത് സംഭവിക്കാം .
ശാശ്വതമായ പരിഹാരം , കരൾ മാറ്റിവെക്കൽ മാത്രമാണ് . ആരോഗ്യസ്ഥിതി തീരെയില്ലാത്ത അവൾക്കത് സാധ്യമാണോ എന്ന ചോദ്യം അവശേഷിക്കുന്നു .
ജനനി തന്റെ കരൾ പകുത്തു കൊടുക്കാൻ തയ്യാറാകും ..
പക്ഷെ അതവളെ സഹായിക്കുമോ ?
സിത്താരക്ക് പാരസെറ്റമോൾ അങ്ങനെ കൊടുക്കാറില്ല . കൊടുത്തതായി ഓർമ്മയില്ല . പാർശ്വഫലങ്ങൾ അധികമില്ലാത്ത മരുന്നുകളാണ് സാധാരണ നൽകുന്നത് . cirrhosis stage 4 ആയെന്ന് എങ്ങനെ ജനനിയോട് പറയും .. അവളുടെ ആരോഗ്യസ്ഥിതി നല്ലതല്ല എന്നു മനസിലാക്കിയിരിക്കും .
എന്നാലും ഇത്രമാത്രം ഗുരുതരമാണെന്ന് കരുതിയിരിക്കില്ല .
അഭിനന്ദനെ വിളിച്ച് ഈ വിവരങ്ങൾ സംസാരിച്ചു , കുറച്ചു ദിവസങ്ങൾ മുൻപ് വരെ സംപ്രീതിയോടു മാത്രമാണ് ഇതൊക്കെ പറഞ്ഞിരുന്നത് .
തന്നെ കേൾക്കാൻ മറ്റൊരാൾ കൂടിയുണ്ടാകുക ; എന്തൊരാശ്വാസമാണത് ..!
തുടരും ...