കോട്ടയത്തുനിന്നും 12 കി.മീ തെക്ക് മാറി, കുട്ടനാടിൻ്റെ കൈത്ത ലോടലേറ്റു കിടക്കുന്ന കുറിച്ചി, സചിവോത്തമപുരമാണ് എൻ്റെ ഗ്രാമം. കഥകളിയുടേയും കഥകളിപ്പാട്ടിൻ്റെയും മയിൽപ്പീലിത്തൂക്കത്തിൻ്റെയും മധുരസംഗീത ദൃശ്യചാരുത എൻ്റെ നാടിൻ്റെ സാംസ്ക്കാരിക ത്തനിമ മയിൽ ഗണനീയ സ്ഥാനം അലങ്കരിക്കുന്നു. കർഷകരും കർഷകത്തൊഴിലാളികളും ഇടകലർന്ന ജീവിത സാഹചര്യമായിരുന്നു ഇവിടെ. കേരളത്തിലെ പ്രശസ്തമായ ഹോമിയോ മെഡിക്കൽ കോളേജും, ആതുരാ ശ്രമവും, അതിനോട് അനുബന്ധിച്ചുള്ള ചികിത്സാലയവും, അദ്വൈത വിദ്യാ ശ്രമവും, തിരുവിതാംകൂർ ദളവ സർ സി. പി. രാമസ്വാമി അയ്യർ സ്ഥാപിച്ചതും, തിരുവിതാംകൂറിലെ ആദ്യ പിന്നോക്ക കോളനിയുമായ സചിവോത്തമപുരം കോളനിയും ഈ നാടിൻ്റെ സവിശേഷതകളാണ്.
എക്സ് മിലിട്ടറി, കാര്യക്കുളം കെ.എൻ.വേലു, അമ്മുക്കുട്ടി ദമ്പതികളുടെ ഏഴ് മക്കളിൽ ഏഴാമനായി 1957 ഏപ്രിൽ 22 ന് ജനിച്ചു.
കുറിച്ചി എച്ച് ഡബ്ള്യൂ യു .പി.സ്ക്കൂൾ, ഏ.വി.ഹൈസ്ക്കൂൾ, അജന്താ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
മംഗളം വാരികയിൽ ജോലി ചെയ്തിരുന്നു.
ഭാര്യ: പൊൻകുന്നംകുഞ്ഞിട്ടി ഞള്ളത്തിൽ കെ.എസ്. നിർമല.
മക്കൾ... രഞ്ജിത്ത് ആർ നായർ, ആശാ ദേവി.
..............
1.ഇ- മലയാളിയുടെ പുരസ്ക്കാരം നേടിയതിൽ അഭിനന്ദനം.
ഇ - മലയാളിയുടെ പുരസ്ക്കാരം പ്രതീക്ഷിച്ചിരുന്നോ?
എഴുത്തുകാരെ അംഗീകരിച്ചു കൊണ്ട് ഇ- മലയാളി നൽകുന്ന അവാർഡിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം.?
പ്രതീക്ഷ ഇല്ലായിരുന്നു.പ്രഗത്ഭരായ പലരും പങ്കെടുക്കുന്ന പരിപാടിയല്ലേ?ഇ- മലയാളിയുടെ അവാർഡിനെക്കുറിച്ച് നല്ല അഭിപ്രായം.
2. നിങ്ങൾ സാഹിത്യത്തിലെ വിവിധ വിഭാഗങ്ങളിൽ രചനകൾ നടത്തിയിട്ടുണ്ട്. നിങ്ങളുടെ സർഗശക്തി പ്രകടിപ്പിക്കാൻ നിങ്ങൾക്ക് എളുപ്പം ഏതു വിഭാഗം കൈകാര്യം ചെയ്യുന്നതിലാണ്? നിങ്ങൾ നിങ്ങളിലെ എഴുത്തുകാരനെ എപ്പോൾ, എങ്ങനെ, കണ്ടുമുട്ടി.?
.എളുപ്പം ഏതെന്ന് പറയുവാൻ കഴിയുന്നില്ല.എന്നാൽ, കഥ എഴുത്തിനോടാണ് ഏറെ ആഭിമുഖ്യം. ഹൈസ്കൂളിൽ പഠിക്കുന്ന കാലം. യുവജനോത്സവത്തോടനുബന്ധിച്ചുള്ള നാടക മത്സരത്തിൽ, നാടകം അവതരിപ്പിക്കുവാൻ പേർ രജിസ്റ്റർ ചെയ്ത ശേഷം നാടകം തിരയുന്ന അവസരത്തിലായിരുന്നു, ആ സംഭവം. ഒരു ഏകാങ്കനാടക പുസ്തകത്തിൽ നിന്നും തെരഞ്ഞെടുത്ത നാടകം ഞങ്ങൾ കൂട്ടുകാർ പഠിക്കുവാൻ തുടങ്ങുന്ന സമയം, കൂട്ടുകാരനായ ഒരുവൻ ആ പുസ്തകത്തിൽ നിന്നും ഒരു നാടകം വേണമെന്ന് ആവശ്യപ്പെട്ടു.മറ്റൊര് നാടകം അവൻ എടുക്കുന്നതിൽ വിരോധമില്ലാത്തതു കൊണ്ട് അവന് പുസ്തകം നൽകി. എന്നാൽ., സംഭവിച്ചത് ചതി.
ഞങ്ങൾ എടുക്കാനിരുന്ന അതേ നാടകം തന്നെ അവനും സെലക്ട് ചെയ്യുകയും അത് ഭാഷാധ്യാപകനെ കാണിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു. പഠിക്കുന്ന നാടകങ്ങളുടെ സ്ക്രിപ്റ്റ് ഞങ്ങളുടെ ഭാഷാധ്യാപകനെ കാണിച്ച് അംഗീകാരം മേടിക്കണമെന്നുണ്ട്. അവൻ അതു ചെയ്തു. പെട്ടെന്നൊരു നാടകം കണ്ടെത്താനുള്ള വിഷമം നേരിട്ട ഞാൻ ഒരു തീരുമാനമെടുത്തു. ഒരു നാടകം എഴുതുക തന്നെ.
ആ വാശിയിൽ എഴുതി തീർത്തനാടകമാണ്. ''പ്രഭാതം".
അത് സാറിനെ കാണിച്ച് അംഗീകാരം നേടുകയും ചെയതു. അന്നത്തെ നാടക മത്സരത്തിൽ എൻ്റെ നാടകത്തിന് രണ്ടാംസ്ഥാനം കിട്ടി.
അതിൽ ഞാൻ അഭിമാനം കൊള്ളുക മാത്രമായിരുന്നില്ല,.എന്നിൽ ഒരു എഴുത്തുകാരൻ ഉണ്ടായതും കൂടി അറിയുകയായിരുന്നു.
3. ഇതിനകം എത്ര പുസ്തകങ്ങൾ എഴുതി ?ഏതേതു വർഷങ്ങളിൽ പ്രസിദ്ധികരിച്ചു.? ഏറ്റവും പ്രചാരം കിട്ടിയ പുസ്തകം.? അതേക്കുറിച്ച് ചുരുക്കി പറയുക.
നോവലുകളും ചെറുകഥകളും കാവ്യസമാഹാരവുമായ് ഏഴ് പുസ്തകങ്ങൾ .
"ഈ വഴിയിൽ ഒരു പുലർവസന്തം" (നോവൽ - DC Books 2005), "ഹൃദയരാഗം " (നോവൽDC Books 2006),
''എല്ലാവരും പ്രിയപ്പെട്ടവർ " (ചെറുകഥകൾ - Nandhu Books KTM 2015),
"വിജീഷും അയാളുടെ ഭാര്യ സോനയും " (ചെറുകഥകൾ -വായനപ്പുര എറണാകുളം 2022), "ഒറ്റയ്ക്ക് " (ചെറുകഥകൾ - വായനപ്പുര- 2024),
"കുടന്നപ്പൂ " ( കവിതാ സമാഹാരം - കൈപ്പട ബുക്ക്സ് തൃപ്പൂണിത്തുറ 2024), "മോഹതീരങ്ങൾ " (നോവൽ - ജ്ഞാനേശ്വരി കോഴിക്കോട് 2024).
' ഹൃദയരാഗം' എന്ന നോവലിന് ഏറെ പ്രചാരം കിട്ടി. ഇത് മംഗളം വാരികയിലൂടെ 1996 ൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചതാണ്.അതു പോലെ, ' ഈ വഴിയിൽ ഒരു പുലർവസന്തം' 1995 ൽ കേരളശബ്ദം ഗ്രൂപ്പിൻ്റെ കുമാരിവാരികയിലൂടെ പ്രസിദ്ധീകരിച്ചതാണ്.
4.ഇ_ മലയാളിയുടെ പുരസ്കാര ജേതാവ് എന്ന നിലയ്ക്ക് ഇ- മലയാളിയുടെ പ്രവർത്തന ശൈലിയിൽ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ?
ഇ- മലയാളിയുടെ പ്രവർത്തന ശൈലി മികച്ചതായി തോന്നുന്നു.
5. എഴുത്ത് എന്ന അനുഭവത്തെക്കുറിച്ച് പറയുക. ക്ലാസിക്ക് കൃതികളെ പുതിയ തലമുറ അവഗണിച്ചു കൊണ്ട് ആധുനികത എന്ന രീതിയിൽ അഭിരമിക്കുന്നു. ഇത്തരം രചനകൾക്ക് സാഹിത്യ മൂല്യം കുറയുമോ? പൊതുവെ സാഹിത്യ മേഖല മന്ദീഭവിക്കുന്നതായി തോന്നുന്നുണ്ടോ?
.പഴമയെ തള്ളിപ്പറയുന്ന സമീപനമാകരുത്., പുതിയ എഴുത്തിൻ്റെ ദർശനം. ഇന്നലെകൾ ഉള്ളതുകൊണ്ടാണ് ഇന്നിന് പ്രശക്തി ഏറുന്നതും മാറ്റത്തിന് തയാറെടുക്കുന്നതും.കാലത്തിനൊത്ത് ഇഷ്ടങ്ങൾ മാറുമ്പോൾ, സാഹിത്യാഭിരുചിയിൽ വലിയ മാറ്റങ്ങൾ തെളിയുകയും, ജീവിതസമീപനങ്ങളും സാഹിത്യ ധാരണകളും മാറുന്നത് സ്വാഭാവികം. മാറ്റം അനിവാര്യമാണ്. പഴമയുടെ സഞ്ചാരപാതയിലേ നമ്മൾ മാറ്റം വരുത്തുന്നുള്ളു. രാമായണവും മഹാഭാരതവും നമ്മുടെ ക്ലാസിക്കുകളാണ്. എന്നാൽ, അവയുടെ ഇന്നത്തെ നില, ഒട്ടേറെ വ്യാഖ്യനങ്ങൾ കൊണ്ടും, ശൈലി കൊണ്ടും, ദേശഭേദം കൊണ്ടും, മാറ്റങ്ങൾക്ക് വിധേയമായി നിൽക്കയാണ്. അപ്പോഴും പാരമ്പര്യത്തിന് മാറ്റമുണ്ടാവുന്നില്ല.
പൊതുവെ സാഹിത്യ മേഖല മന്ദീഭവിക്കുന്നുവെന്നത് എല്ലാ കാലത്തെയും വിലാപമാണ്.ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് കാല പ്രവേശം ചെയ്യുന്നതേ ഉള്ളൂ.
6. നിങ്ങൾ ആധുനികതയുടെ വക്താവാണോ? നമ്മൾ കടന്നു പോന്ന പ്രസ്ഥാനങ്ങളും വീണ്ടും തിരിച്ചു വരണമെന്ന അഭിപ്രായമുണ്ടോ?(ഉദാഹരണം.. ക്ലാസിസം, നിയോ ക്ലാസിസം, റൊമാൻ്റിസം, സിംപോളിസം, മോഡേണിസം...) എങ്കിൽ, ഏതു പ്രസ്ഥാനം നിങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നു.?
. പ്രത്യേക പ്രസ്ഥാനത്തിൻ്റെ വക്താവല്ല.
ഒന്നും കടന്നു പോയിട്ടില്ല. എല്ലാം ഒര് ഊന്നുവടി പോലെ സാഹിത്യ പ്രസ്ഥാനത്തെ താങ്ങി നിർത്തുന്നു.
7. എഴുത്തിൽ സത്യവും ഭാവനയും കലരുമ്പോ ഏതിന് പ്രാമുഖ്യം നൽകുന്നു. സത്യത്തിന് മുൻതൂക്കം നൽകുമ്പോൾ സാഹിത്യത്തിന് മൂല്യം കുറയാൻ സാധ്യതയുണ്ടോ?
നിങ്ങളുടെ കൃതികളെ ആസ്പദമാക്കി പറയുക.
സത്യവും ഭാവനയും ഇടകലർന്ന് യാഥാർത്ഥ്യത്തെ പുന:സൃഷ്ടിക്കുമ്പോൾ, ഏതിന് പ്രാമുഖ്യം കൊടുക്കണം.
8. ഇ- മലയാളി എഴുത്തുകാരോടും വായനക്കാരോടും., നിങ്ങൾക്ക് പറയാനുള്ളത്.?
......... കാലാതീതമായ സൃഷ്ടികൾ നമുക്ക് മുന്നിലുണ്ടെങ്കിലും, ജീവിക്കുന്ന കാലം അടയാളപ്പെടുത്തുന്ന കാവ്യങ്ങളും കഥകളും രചിക്കുക.
ഇപ്പോഴും പലരും യക്ഷിയുടെയും ഭൂതത്തിൻ്റെയും പ്രേതത്തിൻ്റെയും കാലത്തിലൂടെ പോവുന്നുണ്ട്. ശാസ്ത്രത്തിൻ്റെ പുരോഗതി കാലാനുസൃതം വിളിച്ചു പറയണം..
എഴുത്തിൽ ഏതു ശൈലി സ്വീകരിച്ചാലും, അത് ഹൃദയത്തിൽ പതിയുന്നതാവണം. വാക്കുകളുടെ ഉരസിലുകൾ കൊണ്ട് മനസിനെ പ്രോജ്വലമാക്കണം. ചിന്തിപ്പിക്കണം.
കഥയിലേക്കു കടന്നാൽ., മനസ് മുറിവേൽക്കണം.അതിൽ നിന്നും വായനാ ചിന്തകൾക്ക് ഏറെ കതിരുകൾ വിരിയണം.
9. നിങ്ങളുടെ ആദ്യ രചന എപ്പോൾ പ്രസിദ്ധീകരിച്ചു? അതേക്കുറിച്ച് ചുരുക്കമായി പറയുക. ഒരു എഴുത്തുകാരൻ ആകാൻ നിങ്ങൾക്ക് കഴിയുമെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിൻ്റെ ആനന്ദം പങ്കു വയ്ക്കുക.
.ആദ്യമായി ആനുകാലികത്തിൽ വന്ന എൻ്റെ രചന ഒരു മിനിക്കഥയായിരുന്നു." ജീവിതമേ നിനക്കു വേണ്ടി ".മംഗളം വാരികയിലാണ് അത് പ്രസിദ്ധീകരിച്ചത്.
മംഗളം വാരികയുടെ മേൽനോട്ടത്തിൽ രൂപികരിച്ച കലാ സാഹിത്യ വേദിയിൽ ചേർന്നത് 1979 ലാണ്. അതിൻ്റെ പ്രഥമ യോഗത്തിൽ പങ്കെടുക്കുവാനും, രണ്ടാം യോഗത്തിൽ കോട്ടയം പൈകടാസ് കോളേജിൽ വച്ച് നടത്തിയ കഥയരങ്ങിൽ ഒരു കഥ അവതരിപ്പിക്കാനും കഴിഞ്ഞു.
ആ കഥയാണ്., 'ജീവിതമേ നിനക്കു വേണ്ടി '.
അതേ വരെ കഥ എഴുത്തിൽ, ഒരു പരിചയോം ഇല്ലാതിരുന്ന എനിക്ക് ഒരു കഥ അവതരിപ്പിക്കാനുള്ള ആശങ്ക നന്നേ ഉണ്ടായിരുന്നു.
ഒരു ധൈര്യത്തിന് ഏറ്റു പോയെങ്കിലും അതിനു ശേഷം കഥ അന്വേഷിച്ചുള്ള നടപ്പ് എനിക്ക് ആധി നിറച്ചു തന്നു. കഥകൾ വായിച്ചു പരിചയമുള്ളതല്ലാതെ എഴുതി പരിചയമില്ലല്ലോ.
അങ്ങനെ ഒരു നിമിത്തം പോലെ അതു സംഭവിച്ചു.
കോട്ടയം ജില്ലയിലെ ചിങ്ങവനത്തു നിന്നും വീട്ടിലേക്ക് പോകാനായി ഞാൻ ബസ് കാത്ത് നില്ക്കവെ, തെക്കു നിന്നും ചോരയൊലിപ്പിച്ചു കടന്നു പോകുന്ന കുറെ വാഹനങ്ങൾ കണ്ടു. അതിനുള്ളിലെ നിലവിളികളും ഭയപ്പെടുത്തി.
കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് ആ വാഹനങ്ങളുടെ മിന്നായം പാച്ചിൽ..
ഇടയ്ക്ക് ഒരു വണ്ടി, ചിങ്ങവനം കേളച്ചന്ദ്ര ആശുപത്രിക്കു മുന്നിൽ നിർത്തുന്നതു കണ്ടു. പെട്ടെന്നു തന്നെ അത് മുന്നോട്ട് പായുകയും ചെയ്തു.
ഒന്നും അറിയുവാൻ കഴിയുന്നില്ല. ഇന്നത്തെ പോലെ വാർത്ത വിനിമയ സംവിധാനങ്ങൾ ഏറെ ഇല്ലാത്ത കാലം. ആകെയുള്ള പൊതു മാധ്യമം പത്രവും റേഡിയോയമാണ്.
വൈകുന്നേരം ആറേകാലിനുളള വാർത്താ ബുള്ളറ്റിനിൽ, ആ സംഭവം റേഡിയോയിൽ കൂടി കാതുകളെ അമ്പരപ്പിച്ചു.
വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിറയെ ആളുകളുമായി പോയ ഒരു ബസ് പത്തനംതിട്ടയിലെ കുമ്പഴയിൽ കൊക്കയിലേക്ക് മറിഞ്ഞിരിക്കുന്നു. അനവധി പേർക്ക് ഗുരുതര പരിക്ക്. പിന്നീട് മരണം.
ഇത് നടന്നത് 1979ൽ ആയിരുന്നു.
അന്നു രാത്രിയിലല്ല, ഒന്നു രണ്ട് ദിവസങ്ങൾ ആ സംഭവം എന്നെ വല്ലാതെ അലട്ടി.
കാരണം, ഞാനും അപ്പോൾ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു.
രണ്ടു ദിവസം കൂടി കഴിഞ്ഞ് ഒരു നോട്ട് ബുക്കിൽ, ഞാൻ എഴുതി.
എനിക്ക് സംഭവിക്കാവുന്ന ഒര് അപകട കഥ.
ശൈലി ഒന്നും നോക്കിയില്ല.
ഒരുതരം പരവേശം പിടിച്ച എഴുത്ത്.
പൂർത്തികരിച്ചപ്പോൾ സന്തോഷം.
ഞാനും ഒരു എഴുത്തുകാരനായി.
പോരാ.. ഇത് മറ്റുള്ളവർ അംഗീകരിക്കണം.
അടുത്ത കഥയരങ്ങിൽ അവതരിപ്പിച്ചതോടെ അതിനും തീരുമാനമായി. കഥയരങ്ങിൽ സംസാരിച്ചവരെല്ലാം വേണ്ടുവോളം എനിക്ക് അനുമോദനങ്ങൾ നൽകി.അമ്പാട്ട് സുകുമാരൻ സാർ, പറഞ്ഞു.രാധാകൃഷ്ണൻ്റെ കഥ രണ്ടാഴ്ച കഴിഞ്ഞുള്ള വാരികയിൽ പ്രസിദ്ധീകരിക്കും.
ഇന്നത്തെ നവ മാധ്യമങ്ങൾ പോലെയല്ലല്ലോ., അന്ന്.
ഒരു രചന പ്രസിദ്ധീകരിച്ച് കിട്ടണമെങ്കിൽ എന്ത് പാടുപെടലാണ്.
ഞാൻ സന്തോഷം കൊണ്ട് മതിമറന്ന് പോയിരുന്നു അപ്പോൾ..
10 .ഇ- മലയാളി പതിവായി വായിക്കാറുണ്ടാവുമല്ലോ. ഇ- മലയാളിയെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ വിവരിക്കുക.
വളരെ മെച്ചപ്പെട്ട രീതിയിൽ പോകുന്ന ഇ - മലയാളിയെക്കുറിച്ച് വേറൊന്നും പറയാനില്ല.
കാലികമായി ചേർക്കേണ്ട വിഭവങ്ങൾ എല്ലാം ഇ- മലയാളിയിലുണ്ട്.
11. എഴുതാൻ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാർ ആരൊക്കെ? എന്തുകൊണ്ട് ആസ്വാധീനം നിങ്ങളിൽ ഉണ്ടായി. ഇപ്പോൾ ആ സ്വാധീനത്തിൽ നിന്നും മുക്തനായി സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തുവാൻ കഴിഞ്ഞുവെന്ന് കരുതുന്നോ?
വിവിധ ഘട്ടങ്ങളിലെ എഴുത്തുകാർ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ആദ്യകാല വായനയിൽ, തകഴിയും കേശവദേവും ബഷീറും ഉറൂബും നരേന്ദ്രനാഥും എസ്.കെ.പൊറ്റക്കാടും, കുമാരനാശാനും വള്ളത്തോളും ഉളളൂരും ജീ ശങ്കരക്കുറുപ്പും ചങ്ങമ്പുഴയും കൂത്താട്ടുകുളം മേരി ജോണുമൊക്കെ നിറഞ്ഞു നിന്നിരുന്നു.
പിന്നീട് റിയലിസ്റ്റിക് എഴുത്തുകാരുടെ കൃതികളോടൊപ്പം റൊമാൻ്റിക്ക് റിയലിസ്റ്റിക്ക്, പോസ്റ്റ് മോഡേണിസ്റ്റ് എന്നീ എഴുത്തുകാരുടെ കൃതികളും എൻ്റെ വായനയെ പരിപോഷിപ്പിച്ചു.
കഥ എഴുത്തിനോട് കൂടുതൽ താത്പര്യം തോന്നിയതുകൊണ്ട് ചില കാഥികരോട് മമത തോന്നിയിരുന്നു. അവരിൽ പ്രധാനികളായിരുന്നു, എം ടിയും, ടി പത്മനാഭനും, പത്മരാജനും, മുകുന്ദനും, ഖസാക്കിൻ്റെ ഇതിഹാസകാരനായ ഒ.വി.വിജയനും.
ഇവരോടൊപ്പം തന്നെ ജനപ്രിയ സാഹിത്യകാരന്മാരിൽ ചിലരും എൻ്റെ വായനയെ മോഹിപ്പിച്ചവരാണ്. അതിൽ പ്രധാനികളാണ്, മുട്ടത്തുവർക്കിയും, കാനം ഇ ജെ യും, ചെമ്പിൽ ജോണും, മൊയ്തു പടിയത്തുമൊക്കെ.
വായനയിൽ കൂടുതൽ ജനപങ്കാളിത്തം ഉണ്ടാക്കാൻ കാരണം ഈ ജനപ്രിയ സാഹിത്യകാരന്മാരാണെന്ന് നിസംശയം പറയാം.
ഈ പ്രസ്ഥാനക്കാർക്ക് ചിലർ അസ്പൃശ്യത കല്പിച്ചു കൊടുക്കുന്നുണ്ടെങ്കിലും ഞാനങ്ങനെ വിചാരിക്കുന്നില്ല. ദുർഗ്രാഹ്യതയില്ലാത്ത, സരളവും ലളിതവുമായ ഭാഷയിൽ എഴുതുന്നവരാണിവർ.
ഇവരിൽ നിന്നെല്ലാം സാംശീകരിച്ചെടുത്ത ഒരു ശൈലി എന്നിലും രൂപപെട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.
12. ഇ- മലയാളിയുടെ വായനക്കാരൻ എന്ന നിലക്ക് നിങ്ങൾ ഇ_ മലയാളിയിൽ വായിച്ച ഏറ്റവും നല്ല രചന ഏത്?
.പ്രത്യേകിച്ച് പറയാനില്ല. എല്ലാം സെലക്ടീവായ നല്ല രചനകളായേ തോന്നിയിട്ടുള്ളു.
13. നിങ്ങളുടെ രചനകളെക്കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങൾ എങ്ങനെ സ്വീകരിക്കുന്നു. അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.?
. ഏത് അഭിപ്രായത്തോടും പോസിറ്റീവ് മൈൻ ഡോടെ കാതോർക്കുന്നു.
14. ഒരു എഴുത്തുകാരനാകുക എന്നത് നിങ്ങളുടെ ബാല്യകാല സ്വപ്നമായിരുന്നോ? ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്ന് നിങ്ങൾ വിശ്വസിക്കുന്നോ? ഇ- മലയാളിയുടെ താളുകൾ അതിനു നിങ്ങൾക്ക് സഹായകമാകുമെന്ന് വിശ്വസിക്കന്നോ?
.ബാല്യകാലത്ത് അങ്ങനെ പ്രത്യേകിച്ച് സ്വപ്നമുണ്ടായിരുന്നില്ല. അന്നും ( പത്തു വയസുള്ളപ്പോൾ ) ചില കുത്തിക്കുറിക്കലുകൾ ഉണ്ടായിരുന്നു.കൂട്ടുകാർ കൂടി ചില വേഷങ്ങൾ കെട്ടി നാടകം കളിക്കുമായിരുന്നു. അതൊക്കെ വീട്ടുവളപ്പിലായിരുന്നു. വീട്ടുകാരും കൂട്ടുകാരും കാഴ്ചക്കാരാവും. അന്നത്തെ എൻ്റെ കുത്തി കുറിക്കലിന് കഥാപാത്രങ്ങളുടെ പേരുകൾ മനുഷ്യൻ്റേതായിരുന്നില്ല. മൃഗങ്ങളുടെയും ചില വീട്ടു സാധനങ്ങളുടെയും പേരായിരുന്നു.
യഥാർത്ഥ്യത്തിൽ പറയുകയാണെങ്കിൽ, എന്നിലെ എഴുത്തുകാരൻ ഉണ്ടായത് അന്നാണെന്ന് പറയാം.
ഇ- മലയാളിയുടെ താളുകൾ എന്നെ സഹായിക്കുമോ എന്ന് ചോദിച്ചാൽ, അത് പ്രതീക്ഷിക്കുന്നു.
15. അമേരിക്കൻ മലയാളി എഴുത്തുകാരിൽ, അല്ലെങ്കിൽ ഇ- മലയാളി എഴുത്തുകാരിൽ നിങ്ങൾ ആരെ ഇഷ്ടപ്പെടുന്നു.?
........ എല്ലാവരെയും
16. അവാർഡുകൾ, അംഗീകാരങ്ങൾ, അനുമോദനങ്ങൾ, ഇവ നേടിയവരെ മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നു. അത് അവർ അർഹിക്കുന്നില്ല. അർഹിക്കുന്നവർ വേറെ ചിലരാണെന്ന് തോന്നിയിട്ടുണ്ടോ? ഒരു ഉദാഹരണം. സാഹിത്യ അക്കാദമി അവാർഡ്.
.പറഞ്ഞു കേൾക്കുന്നു. അവാർഡുകൾ മുഴുവനായും അനർഹരുടെ കൈകളിലാണ് എത്തപ്പെടുന്നതെന്ന് ഞാൻ വിചാരിക്കുന്നില്ല.
അവാർഡുകൾ, അംഗീകാരങ്ങൾ,അനുമോദനങ്ങൾ എഴുത്തുകാർക്ക് മുന്നോട്ടുള്ള പ്രയാണത്തിന് ഊർജദായകങ്ങളാണ്.
.........