കോഴിക്കോട് താമരശ്ശേരിയിലെ മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതിയുടെ പിതാവിന് ക്വട്ടേഷന്‍ ബന്ധമുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്. സംഭവ സ്ഥലത്ത് ഇയാള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഷഹബാസിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച നഞ്ചക് കണ്ടെത്തി. പ്രമാദമായ ടി.പി ചന്ദ്രശേഖര്‍ വധക്കോസിലെ പ്രതിയായ ടി.കെ രജീഷിനൊപ്പം ഇയാള്‍ നില്‍ക്കുന്ന ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. ഇയാളുടെ രാഷ്ട്രീയ ബന്ധം വ്യക്തമായ സ്ഥിതിക്ക് ഷഹബാസിന്റെ വേദനിക്കുന്ന കുടുംബത്തിന് നീതി ലഭിക്കുമോ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.
കൊലക്കേസ് പ്രതികളായ അഞ്ച് പേരുടെ വീടുകളിലാണ് ഒരേ സമയം പോലീസ് പരിശോധന നടന്നത്. ഒന്നാം പ്രതിയുടെ വീട്ടില്‍ ഇന്ന് രാവിലെ 11 മണിയോടെ അന്വേഷണ സംഘം എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. മാതാപിതാക്കളെ വിളിച്ചുവരുത്തിയ ശേഷം നടത്തിയ റെയ്ഡിലാണ് ഷഹബാസിന്റെ തലച്ചോറ് തകര്‍ക്കാന്‍ ഉപയോഗിച്ച നഞ്ചക് കണ്ടെത്തിയത്. മറ്റിടങ്ങളില്‍ നിന്ന് കണ്ടെടുത്ത നാല് മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനക്ക് അയച്ചു. കൂടുതല്‍ ആളുകളുടെ പങ്ക് കണ്ടെത്താനായി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിച്ചുവരികയാണ്.
കേരളത്തിലെ വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട അക്രമ സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഷഹബാസ് വധം ഉള്‍പ്പെടെ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അരങ്ങേറിയ കൊടിയ അക്രമങ്ങള്‍ കുട്ടികളില്‍ വളര്‍ന്നുവരുന്ന ക്രിമിനല്‍ സ്വഭാവത്തിന്റെ നേര്‍ സാക്ഷ്യങ്ങളാണ്. കോട്ടയത്തെ ഗവണ്‍മെന്റ് നേഴ്‌സിങ് കോളേജില്‍ നടന്ന റാഗിങ്ങ് ഗൂണ്ടാസംഘങ്ങളെ നാണിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു. പ്രതികളായ സാമുവല്‍ ജോണ്‍സന്‍, എന്‍.എസ് ജീവ, റിജില്‍ ജിത്ത്, രാഹുല്‍ രാജ്, എന്‍.വി വിവേക് എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് കോട്ടയം ജില്ലാ സെഷന്‍സ് കോടതി തള്ളി. മദ്യം വാങ്ങാന്‍ പണം നല്‍കാത്തിനാണ് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ഇവര്‍ കോമ്പസും ഡമ്പല്‍സും ഉപയോഗിച്ച് മര്‍ദിച്ചത്.
റാഗിങ്ങിനെ തുടര്‍ന്ന് തൃപ്പുണിത്തുറയില്‍ വിദ്യാര്‍ഥി ഫ്‌ളാറ്റില്‍നിന്ന് ചാടി മരിച്ച സംഭവമുണ്ടായത് രണ്ടാഴ്ച മുമ്പാണ്. തിരുവനന്തപുരം വെള്ളറട വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജിലെ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥി എസ്.ആര്‍ ആദിഷിനെ അതിക്രൂരമായി മര്‍ദികേസില്‍ സഹപാഠി ജെ ജിതിന്‍ (18) അറസ്റ്റിലായതും നമ്മള്‍ കണ്ടു. ഒറ്റപ്പാലത്തെ സ്വകാര്യ ഐ.ടി.ഐയിലെ ക്ലാസ് മുറിയില്‍വച്ച് സഹപാഠി കിഷോറിന്റെ മര്‍ദനമേറ്റ കെ.ജെ സാജന് (20) മൂക്കിന് രണ്ട് ഓപറേഷന്‍ നടത്തേണ്ടി വന്നു. പത്താം ക്ലാസ്സുകാരുടെ യാത്രയയപ്പിന് ലഹരിപ്പാര്‍ട്ടി നടത്തിയ സംഭവത്തില്‍ കഞ്ചാവ് ഉപയോഗിച്ച വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടിയത് അടുത്ത നാളിലാണ്.
മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതിന് സ്‌കൂള്‍ പ്രിന്‍സിപ്പലിനുനേരെ കൊലവിളി നടത്തുന്ന ഒരു കൊച്ചു പയ്യന്റെ ദൃശ്യം ഈയിടെ വാട്ട്‌സ് ആപ്പിലും ഫെയ്‌സ് ബുക്കിലും പ്രചരിച്ചിരുന്നു. ഇങ്ങനെ കൗമാരക്കാരായ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘം ചേര്‍ന്ന് കായികമായി ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ ഓരോ ദിവസവും നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. പേനയും പെന്‍സിലും പുസ്തകങ്ങളും ഇരിക്കേണ്ട കൈകളില്‍ നഞ്ചക്കും കത്തിയും ഇടിക്കട്ടയുമാണ്. പെട്ടെന്നുണ്ടാകുന്ന പ്രകോപനത്തില്‍ അപ്പുറത്ത് നില്‍ക്കുന്നത് സഹപാഠിയെന്നോ സുഹൃത്തെന്നോ അധ്യാപകനെന്നോ നോട്ടമില്ലാതെ കുട്ടികള്‍ കലിപ്പ് തീര്‍ക്കുകയാണ്.
ചോരയ്ക്ക് പകരം ചോര എന്നതാണ് ഇത്തരം കുട്ടികളുടെ മനോഭാവം. കേരളത്തില്‍ ആഭ്യന്തര വകുപ്പ് എന്നൊരു വകുപ്പ് എന്തിനാണെന്ന് മനസിലാവുന്നില്ല. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ വീഴ്ചകള്‍ക്ക് ബലികൊടുക്കപ്പെടുന്നത് കൗമാര ജീവനുകളാണ്. കേരള പോലീസ് എന്നത് കുറ്റവാളികളെ സംരക്ഷിക്കാനും കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനുമുള്ള സര്‍ക്കാര്‍ സംവിധാനമായി മാറിയെന്ന ആരോപണത്തിന് കാലപ്പഴക്കമുണ്ട്. ഭരണ സംവിധാനവും നിയമപാലകരും അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥി സംഘടനകളും സന്നദ്ധപ്രവര്‍ത്തകരും ഒരുമിച്ചിറങ്ങിയാല്‍ ഇതിന് അറുതിവരുമോ..?
അടുത്ത കാലത്തായി കേരളത്തില്‍ നടക്കുന്ന ചില കുറ്റകൃത്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും ഇതു സംബന്ധിച്ച് പഠനം നടത്തണമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ആഭ്യന്തര വകുപ്പ് കൈകൈര്യം ചെയ്യുന്ന പിണറായി വിജയന്‍ വ്യക്തമായ ഒരു പോലീസ് ഓപറേഷന് മുതിരാത്തതെന്തുകൊണ്ടാണെന്നറിയില്ല. കഞ്ചാവുമായി പിടികൂടിയ മകനെ രക്ഷിക്കാനുള്ള ഓട്ടത്തിലാണ് കായംകുളം എം.എല്‍.എ യു പ്രതിഭ. മകനെ പിടിച്ച എക്‌സൈസ് ഉദ്യോഗസ്ഥരെ പൂട്ടാനാണ് ഈ ഭരണകക്ഷി എം.എല്‍.എ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. പിടിക്കപ്പെട്ടത് ഏതെങ്കിലും പ്രതിപക്ഷ കക്ഷിയുടെ എം.എല്‍.എയുടെ മകനായിരുന്നെങ്കില്‍ കാണാമായിരുന്നു അവരുടെ ധാര്‍മിക രോഷവും പുകിലുമൊക്കെ.
കേരളത്തില്‍ ഈയിടെ അടുപ്പിച്ചടുപ്പിച്ച് നടന്ന കൊലപാതകങ്ങള്‍ സമാനതകളില്ലാത്തതാണ്. സ്ത്രീ പീഡനങ്ങളും കൊലപാതകങ്ങളും കവര്‍ച്ചകളുമൊക്കെ സ്ഥിരംവാര്‍ത്തകളായി മാറി. മലയാളിയുടെ കുറ്റവാസനകളില്‍ ഏതു പട്ടികയിലാണ് ഇതെല്ലാം ഉള്‍പ്പെടുത്തേണ്ടതെന്ന് ഒരു നിശ്ചയവുമില്ല. രാഷ്ട്രീയക്കാര്‍ ക്രൂരവും പൈശാചികവുമെന്നൊക്കെ വിശേഷിപ്പിച്ച് അപലപിക്കും. മലയാളിയുടെ മനസ്സില്‍ പ്രതികാരം ഉറങ്ങിക്കിടക്കുന്നുണ്ട്. മിടുക്കന്‍മാരെന്ന് സ്വയം മേനിനടിക്കുന്നവരുടെ കാണാത്ത മുഖമാണ് നമ്മെ ഇപ്പോള്‍ നടുക്കുന്നത്.
പരിഷ്‌കൃതമെന്നും സംസ്‌കാരസമ്പന്നമെന്നും സാക്ഷരമെന്നുമൊക്കെ പറയുന്ന നമ്മുടെ സമൂഹത്തില്‍ നിന്നു തുടര്‍ച്ചയായി ക്രൂരതയുടെ ചോരച്ചാലുകളൊഴുകുന്നതിനെ വിധിവൈപരീത്യം എന്നല്ലാതെ എന്ത് വിശേഷിപ്പിക്കാന്‍..? നിമിഷാര്‍ധങ്ങളില്‍ ആവര്‍ത്തിക്കുന്ന കൊലപാതകങ്ങളും മറ്റു കുറ്റകൃത്യങ്ങളും സമാധാനം ആഗ്രഹിക്കുന്നവരുടെ ഉറക്കം കെടുത്തിക്കൊണ്ടേയിരിക്കുന്നു. ഇവിടെ നിലനില്‍ക്കുന്ന നിയമവാഴ്ചയില്ലായ്മയും അരക്ഷിതാവസ്ഥയും എത്രമേല്‍ ഭയാനകമാണെന്നു വിളിച്ചുപറയുന്ന ക്രൂരസംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുന്നത് അതീവഗൗരവത്തോടെ കാണേണ്ടതുണ്ട്. പൊതുജനങ്ങള്‍ക്കു നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ശക്തമാകണമെങ്കില്‍ ക്രമസമാധാന പാലനം കുറ്റമറ്റതാവുകതന്നെ വേണം.