ആഗോള മനുഷ്യ സമൂഹം വിശ്വസിച്ചു പോരുന്ന മത പ്രത്യയശാസ്ത്രങ്ങളിലെല്ലാം വ്യത്യസ്ത രീതികളിലുള്ള വ്രതം / ഉപവാസം നിലനിൽക്കുന്നുണ്ട്. അന്നപാനീയങ്ങളെല്ലാം സുബ്ഹി (പുലർച്ച) മുതൽ വർജ്ജിച്ചു കൊണ്ട് സൂര്യാസ്തമയത്തോടെ അവസാനിക്കുന്നതാണ് ഇസ്‌ലാം മത പ്രത്യയശാസ്ത്രത്തിലെ നോമ്പ്. ഇങ്ങനെ ഒരു മാസം നീണ്ടു നിൽക്കുന്ന വ്രതത്തിന് വ്യത്യസ്ത വൈയക്തിക സാമൂഹിക വശങ്ങളുണ്ട്. അതിൻ്റെ വൈയക്തിക വശങ്ങളിൽ ഏറെ പ്രധാനപ്പെട്ടത് മനുഷ്യൻ അവൻ്റെ ജീവിതത്തിനു മേൽ സ്വയം ക്രമീകരണം നടപ്പിലാക്കി ദേഹം ദേഹിക്ക് കീഴടങ്ങലാണ്. ദേഹി സൃഷ്ടാവിനും. പ്രധാനമായും മനുഷ്യനെ വഴിപിഴപ്പിക്കുന്ന രണ്ട് കാര്യങ്ങളാണുള്ളത്. ഒന്ന് Satan, രണ്ട് self. ചെകുത്താനെ റമദാൻ മാസത്തിൽ ബന്ധിക്കപ്പെടുന്നും സ്വത്തത്തോട് പോരാടി ദേഹത്തേയും ദേഹിയേയും ശുദ്ധീകരിക്കണമെന്നുമുള്ള സന്ദേശം റമദാനുണ്ട്. ഒരിക്കലും വ്രതം അനുഷ്ഠിക്കുക എന്നതിൻ്റെ പൊരുൾ പട്ടിണി കിടക്കുക എന്നല്ല. മനുഷ്യ ശരീരത്തിലെ ഓരോ അവയവത്തിനും നോമ്പുണ്ട്.
പ്രവാചകൻ മുഹമ്മദ് നബിക്ക് ഏറെ ഇഷ്ടമായിരുന്നു സുഗന്ധം. എത്രത്തോളമെന്നു വെച്ചാൽ നബി തിരുമേനി ഭക്ഷണം വാങ്ങാൻ ചിലവഴിച്ചതിലേറെ പണം ഉപയോഗിച്ചത് സുഗന്ധം വാങ്ങാനായിരുന്നു എന്ന് ചരിത്രം! അങ്ങിനെയൊക്കെ ആണെങ്കിലും നോമ്പിൻ്റെ പകലിൽ സുഗന്ധം ഉപയോഗിക്കുന്നതിനെ ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നു. സ്വയം ഭക്ഷണ ക്രമീകരണത്തിലൂടെയും ദേഹേച്ഛകൾക്കെതിരായും ശരീരം കൊണ്ടും മനസ്സുകൊണ്ടുമുള്ള ഒരു പോരാട്ടമാണ് റമദാൻ. വിശപ്പിന് പുറമെ അവൻ്റെ ചിന്തയും പ്രവർത്തനങ്ങളും വാക്കും നോക്കുമെല്ലാം പരിശീലിപ്പിക്കപ്പെടുന്ന ഒന്നാണ് റമദാൻ വ്രതം. ആത്മീയവും ഭൗതികവുമായി മനുഷ്യൻ സംസ്കരിക്കപ്പെടുമ്പോൾ മാത്രമെ അവൻ സാമൂഹിക ജീവി എന്ന നിലയിൽ വിജയിക്കുന്നുള്ളൂ.
മഹാത്മജി എഴുതിയത് പോലെ മുസ്ലിംകൾ വ്രതത്തിലൂടെ അവന്റെ ഉള്ളിലുള്ള മൃഗീയതകളെ സംസ്‌ക്കരിച്ചു നല്ല സ്വഭാവത്തിന് സ്വയം വിധേയമാകുന്ന ഒരു പ്രക്രിയ കൂടിയാണ് റമദാൻ വ്രതം. സാമൂഹിക ജീവി എന്ന തലത്തിൽ നിന്നും ഉയർന്ന് മനുഷ്യൻ എന്ന ഉത്തമ സൃഷ്ടി എന്ന തലത്തിലേക്ക് ഉയരാൻ മനുഷ്യനെ സഹായിക്കുന്നതാണ് ഓരോ റമദാൻ കാലവും. നന്മയുടേതാകട്ടെ ഓരോ റമദാൻ നാളുകളും.