സാമൂഹികമായ ഒരു കാര്യങ്ങളും എഴുതേണ്ടതില്ലെന്ന് കരുതിയിരിക്കുകയായിരുന്നു കുറെ നാളായിട്ട്.
ഈ എഴുതുന്ന ആളിനെക്കാൾ എത്രയോ ശ്രേഷ്ഠരും മഹിത സ്ഥാനീയരും ഉള്ള നാടാണിത്. അഭിവന്ദ്യരായി ചരിക്കുന്ന അവർക്കെല്ലാം കഴിയാത്ത കാര്യങ്ങൾ എന്തിനു ചെയ്യുന്നു എന്നൊരു ചിന്തയിൽ അടയിരിക്കുകയായിരുന്നോ ഞാനിത്ര നാളും ?
എങ്ങനെ പറയാതിരിക്കും;
എഴുതാതിരിക്കും...!
ഈ നാട്ടിൽ എന്തൊക്കെയാണ് നടക്കുന്നത്?
പേടിയാകുന്നു ചുറ്റും നോക്കുവാൻ
പേടിയാകുന്നു മക്കളെ വളർത്തുവാൻ
പേടിയാകുന്നു വീടിനുള്ളിൽ
ഉറങ്ങുവാൻ പോലും ....
വീണ്ടുമൊരു ലിസ്റ്റ് പുറത്തിറക്കാൻ ഇവിടെ ആഗ്രഹമില്ല. എല്ലാവർക്കും എല്ലാം അറിയാം.
ഓരോ ദിവസവും പുലർന്നു വരുന്നത് ഭയാനകമായ ആശങ്കകളോടെയാണ്.
കൊലപാതകങ്ങൾ
ആത്മഹത്യകൾ ...
അതിന്റെയൊക്കെ വിചിത്ര ഭാവങ്ങൾ ...!
കഴിഞ്ഞ ദിവസം ഏറ്റുമാനൂരിലുണ്ടായ അത്യാഹിതം .
എല്ലാ ഓർമ്മകളിലും വേദന പടരുകയാണ്.
കുടഞ്ഞെറിയാൻ കഴിയാത്ത വിധം ഉള്ളിൽ ഇറുക്കിപ്പിടിക്കുകയാണ് ആ അമ്മയും മക്കളും ..!
സംഭവത്തിന്റെ ഭീകരത വർണ്ണിക്കുവാൻ ആഗ്രഹമില്ല..
സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാ വാർത്തകളും കൊട്ടിഘോഷിക്കപ്പെടുന്ന കാലമാണ്. കൊതിയും നുണകളും കൊണ്ട് നേരം കളയാൻ അവയൊക്കെ നല്ലതാണ് . പരമ്പരാഗത മാധ്യമങ്ങൾ പറയാൻ മടിക്കുന്ന വിവരങ്ങൾ ഇവരൊക്കെ വിളിച്ചു പറയുന്നുമുണ്ട്.
ഈ അമ്മയുടെയും ചെറിയ പെൺകുഞ്ഞുങ്ങളുടെയും മരണത്തിൽ അമ്മ ജോലിയന്വേഷിച്ചു ചെന്ന സ്ഥാപനങ്ങളെ അപമാനിച്ചു സന്തോഷിക്കുകയാണ് എല്ലാവരും.
നഴ്സിങ് ജോലിയിൽ 9 വർഷത്തെ ഇടവേളയുള്ള ഒരാളെ നേരിട്ട് നിയമിക്കുന്നതിന് സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും എന്നത് നേരാണ് .
എല്ലാ ഡിഗ്രികളും കരസ്ഥമാക്കിയ ഒരു നഴ്സ് ഇൻജക്ഷനെടുത്താൽ ഉണ്ടാകുന്ന ചെറിയ വേദന പോലും സഹിക്കാതെ , അധികൃതർക്ക് പരാതി കൊടുക്കാൻ മടിക്കാത്തവരാണ് നാമൊക്കെ . ഇക്കാര്യത്തിൽ പരിചയ പ്രശ്നമുള്ള ആളാണെങ്കിൽ പിന്നെ അവരെയും അധികൃതരെയും വെറുതെ വിടില്ല നമ്മൾ.
പുറത്തുള്ള ആളുകളെയും സ്ഥാപനങ്ങളെയും മാറ്റിനിർത്തി ചിന്തിക്കാം നമുക്ക് .
കല്യാണം കഴിച്ചു വിട്ട പെൺമക്കൾ തിരികെ കുടുംബത്തേയ്ക്ക് വരുന്നത് അന്തസ്സിനും അഭിമാനത്തിനും ക്ഷതങ്ങൾ ഏല്പിക്കും എന്നതാണ് സാധാരണ മനുഷ്യരുടെ ചിന്ത. അതും രണ്ട് പെൺമക്കളെയും കൂട്ടി വീട്ടിൽ വന്ന് താമസിക്കുന്നത് കുടുംബക്കാർക്ക് വലിയ അപമാനമാണ്. മാതാപിതാക്കൾ പ്രായമേറിയവരും അവശതകളും ഉള്ളവരോ, നിസ്വരോ ആണെങ്കിൽ ആ മകൾക്ക് എങ്ങനെ സമാധാനം സാധ്യമാകും?
കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പോലും ഭയന്നു കഴിയുന്ന അവസ്ഥയെ ഒരമ്മ എങ്ങനെ തരണം ചെയ്യുമെന്നാണ് ..?
നിങ്ങളുടെ കുടുംബത്തിലല്ലേ അവളും പിറന്നത് ?
നിങ്ങളെല്ലാവരോടുമൊപ്പമല്ലേ അവളും വളർന്നത് ?
നിങ്ങളല്ലേ അവളുടെ വിവാഹം നടത്തി അവളെ നാടു കടത്തിയത്..?
ദുഃഖമാകുന്നില്ലേ നിങ്ങൾക്കിപ്പോൾ ..?
അന്വേഷിച്ചു നടന്ന് ആൺമക്കൾക്ക് കല്യാണം നടത്തിക്കൊടുക്കുന്ന മാതാപിതാക്കളും കുടുംബക്കാരും ചടങ്ങുകഴിഞ്ഞ് പിറ്റേന്നു മുതൽ മരുമകളെ ശത്രുവായി കാണുന്ന രീതി ഇനിയെങ്കിലും മാറ്റേണ്ടതല്ലേ..!
കുഞ്ഞുമക്കളുടെ നിഷ്കളങ്ക മുഖമോർത്ത് നിങ്ങൾക്കൊന്നും യാതൊരു വിധ ദുഃഖ വികാരങ്ങളും കുറ്റബോധവും ഉണ്ടാകുന്നില്ലേ..പ്രായമായി വരുമ്പോൾ കൈപിടിക്കാൻ അവർ വേണം എന്ന് ആഗഹമില്ലേ നിങ്ങൾക്കാർക്കും.!
കാത്തിരിക്കുന്ന ഭയാനകമായ ഏകാന്തതയെ വരവേൽക്കാൻ ഒരുങ്ങിക്കൊൾക.
ധൈര്യമായി ജീവിക്കണം എന്നുപദേശിക്കുന്നവർ കേൾക്കുക..
ആ അമ്മയും മക്കളും നിസ്സഹായരായി നടക്കുന്നത് കണ്ട് നമുക്കൊക്കെ എന്ത് അലിവാണ് തോന്നിയിട്ടുള്ളത്. ഫോൺ വിളികളിൽ പരസ്പരം കഥമെനഞ്ഞ്കൂട്ടി ചുമ്മാ , 'എന്തൊരു വിധി' എന്ന് നേരം പോക്ക് പറഞ്ഞ് രസിച്ചവരല്ലേ നാമൊക്കെ .
എന്തെങ്കിലുമൊക്കെ ജോലി ചെയ്ത് ജീവിക്കാമെന്നു കരുതി അവൾ പുറത്തേയ്ക്ക് ഇറങ്ങിയിരുന്നെങ്കിൽ നമ്മൾ എത്രമാത്രം കഥകൾ ചമച്ചെടുത്തേനെ..!
ആ പെൺകുഞ്ഞുങ്ങളുടെ ' അച്ഛൻ പട്ടം ' ചുമക്കുന്ന മാന്യദേഹമേ താങ്കൾക്കിപ്പോൾ എന്തു തോന്നുന്നു..?
ആരെയും ശിക്ഷിക്കാൻ നമ്മുടെ നിയമങ്ങൾക്ക് ശക്തിയില്ലായിരിക്കും.
എന്നാൽ നിദ്രാവിഹീനങ്ങളാകുന്ന ഓരോ രാത്രിയും വേണ്ടപ്പെട്ടവരോടെല്ലാം കണക്കു ചോദിച്ചു കൊണ്ടേയിരിക്കും.
ഇതൊന്നും ഇവിടെ ഒരു പുതുമയും സൃഷ്ടിക്കാതെ കടന്നു പോകുന്നുണ്ട്.
നമുക്ക് ആനന്ദമേകാൻ പുതിയ പുതിയ അസാധാരണ കഥകളും സമ്മാനിച്ച് ഓരോ ദിനവും കടന്നുവരുന്നു.
ചെറുപ്പക്കാർ ഇതെല്ലാം മനസ്സിലാക്കിയിട്ടാവും അന്യ രാജ്യങ്ങളിലേക്ക് ചേക്കേറാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.
അവർക്കെല്ലാം ദൈവം തുണയാകട്ടെ..!