കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി മുതിര്‍ന്ന നേതാവ് എ.കെ ആന്റണി രംഗത്തു വന്നിരിക്കുന്നു. ''കേരളം ഭരണമാറ്റത്തിന് പാകമായി. അതിനു മുന്‍പുള്ള സെമിഫൈനലാണ് തദ്ദേശ തിരഞ്ഞെടുപ്പ്. വഴക്കുണ്ടാക്കി നല്ല അന്തരീക്ഷം കളയരുത്...'' തിരുവനന്തപുരത്ത് നടന്ന കോണ്‍ഗ്രസ് കുടുംബ സംഗമത്തില്‍ ഒരു കാരണവരുടെ സ്‌നേഹ ശാസനയെന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. 2026-ല്‍ കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വരുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. പിണറായി സര്‍ക്കാരിനെ പുകഴ്ത്തിയ ശശി തരൂര്‍ മറ്റു വഴിയൊന്നുമില്ലാതെ മലക്കം മറിഞ്ഞതും ഡല്‍ഹി ഇന്ദിരാഭവനിലെ 'കോംപ്രമൈസ് ചര്‍ച്ച'യും കെ സുധാകരന്‍-മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂടിക്കാഴ്ചയും സംസ്ഥാന കോണ്‍ഗ്രസിന്റെ കണ്ടകശനി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിപക്ഷ നേതാവ് വ.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള ശീതയുദ്ധം കൊടുമ്പിരി കൊള്ളുന്ന അവസ്ഥയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഡല്‍ഹി ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ചുചേര്‍ത്തത്. കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃമാറ്റവും പൊട്ടിത്തെറികളുമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഡല്‍ഹിയിലെ യോഗം അവസാനിച്ചത് തീര്‍ത്തും സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലായിരുന്നു. കെ.പി.സി.സി പ്രസിഡന്റിനെ മാറ്റുന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് മാധ്യമങ്ങള്‍ ബ്രേക്കിങ് ന്യൂസ് കൊടുത്തെങ്കിലും അതുണ്ടായില്ല.
കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായക ദിനങ്ങളാണ് വരാനിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്താനുള്ള നിര്‍ണായക നിര്‍ദേശങ്ങളുണ്ടാകണമെന്നും എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോല്‍ ആമുഖമായി പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസില്‍ എന്തു നടക്കുന്നുവെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും ഓരോ നേതാക്കളും എന്തു പങ്കാണ് വഹിക്കുന്നതെന്നതു സംബന്ധിച്ച് തന്റെ മുന്നില്‍ കൃത്യമായ റിപ്പോര്‍ട്ടുകളുണ്ടെന്നും പറഞ്ഞു.
ഇപ്പോള്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസിന് കുറഞ്ഞത് മൂന്ന് ശതമാനം വോട്ടു ലഭിക്കുന്ന സാഹചര്യമാണെന്നും അതിനാല്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനുള്ള വിശ്രമില്ലാത്ത ദിവസങ്ങള്‍ക്കാണ് തയ്യാറെടുക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം വേണമെന്ന് ക്ഷണിതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, ജെബി മേത്തര്‍, ജയലക്ഷ്മി എന്നിവര്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ സംഘടന സുശക്തമാണെങ്കിലും താഴെ തട്ടില്‍ ചില ദൗര്‍ബല്യങ്ങളുണ്ടെന്നും നേതാക്കള്‍ക്കിടയില്‍ ഏകാഭിപ്രായമില്ലെന്നുമാണ് കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി പറഞ്ഞത്. എന്നാലിതിനെ ഖണ്ഡിച്ച എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഇത്തരം ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനാണ് താങ്കളെ കേരളത്തിലേക്കു നിയമിച്ചിരിക്കുന്നതെന്ന് ദീപയോടു പറഞ്ഞു. ശശി തരൂരിന്റെ നരേന്ദ്ര മോദി-പിണറായി സര്‍ക്കാര്‍ അനുകൂല കമന്റുകള്‍ കടുത്ത വിമര്‍ശനത്തിനിടയാക്കി. പി.ജെ കുര്യന്‍ ആയിരുന്നു തരൂരിനെ ഇരുത്തിക്കൊണ്ട് ശരിക്കും കുടഞ്ഞത്.
തരൂരിന്റെ നിലപാട് പാര്‍ട്ടിക്ക് ഭൂഷണമല്ലെന്നും അദ്ദേഹം പാര്‍ട്ടിക്ക് വഴിപ്പെട്ടു പോവുകയാണ് വേണ്ടതെന്നും കുര്യന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി അച്ചടക്കത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ എത്ര ഉന്നതനായിരുന്നാലും കര്‍ശന നടപടിക്കു വിധേയമാക്കുമെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കുമില്ലെന്നും ഖാര്‍ഗെയും വ്യക്തമാക്കി. ഡല്‍ഹി യോഗത്തിന് ശേഷം മലക്കം മറിയുന്ന തരൂരിനെയാണ് നാം കണ്ടത്. കേരള സര്‍ക്കാരിന്റ ഉദ്ദേശ്യശുദ്ധി നല്ലതെന്ന് സമ്മതിക്കണമെന്നും എന്നാല്‍, യഥാര്‍ഥ സാഹചര്യമല്ല റിപ്പോര്‍ട്ടുകളില്‍ വരുന്നതെന്നുമാണ് തരൂര്‍ ഇപ്പോള്‍ പറയുന്നത്. ഹൈക്കമാന്‍ഡിന്റെ മരുന്ന് ഏറ്റുവെന്ന് സാരം.
കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ താനില്ലെന്നും 100 സീറ്റു നേടി മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും വി.ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ സതീശന്‍ അങ്ങനെ പറയരുതെന്നും ഒരു പക്ഷേ ജനങ്ങള്‍ ആ അവസരത്തില്‍ അങ്ങനെ ആഗ്രഹിച്ചാലോ എന്നുമായി അപ്പോള്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ താന്‍ മുഖ്യമന്ത്രി പദം ആഗ്രഹിച്ചാല്‍ എല്ലാ ശ്രദ്ധയും അതിലാകുമെന്നും അപ്പോള്‍ തനിക്ക് പാര്‍ട്ടിയെ വിജയത്തിലെത്തിക്കുന്നതില്‍ ശ്രദ്ധിക്കാനാകില്ലെന്നും സതീശന്‍ അമിത ആത്മാര്‍ത്ഥതയോടെയും വിനയത്തോടെയും പറഞ്ഞു.
കേരളത്തിലെ എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ അധികാരത്തിലെത്താന്‍ ഒരു പ്രശ്‌നവുമില്ലെന്നും സതീശന്‍ വ്യക്തമാക്കി. തനിക്ക് കോണ്‍ഗ്രസില്‍ ആരുമായും ഒരു പ്രശ്‌നവുമില്ലെന്ന് സുധാകരന്‍ പറഞ്ഞു. സതീശന്‍ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിപ്പാണെന്നും തന്റെ ലക്ഷ്യവും പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുക എന്നതാണെന്നും സുധാകരന്‍ സ്‌നേഹാര്‍ദ്രമായി പറഞ്ഞപ്പോള്‍ ഡല്‍ഹിയിലെ തണുപ്പിലും മഞ്ഞുരുകി. കേരളത്തില്‍ യു.ഡി.എഫിന് അനുകൂല സാഹചര്യമാണെന്നും നേതാക്കള്‍ ഒന്നിച്ചു നിന്നാല്‍ വിജയം അനായാസമാണെന്നുമാണ് തരൂര്‍ പറഞ്ഞത്. താനുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളില്‍ തൊടാതിരിക്കാന്‍ തരൂര്‍ പ്രത്യേകം ശ്രദ്ധിച്ചതാണ് എടുത്തു പറയേണ്ട ഒരു കാര്യം.
കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ ജനപ്രീതി നേടിയെങ്കിലും പാര്‍ട്ടിയില്‍ തനിക്ക് അര്‍ഹമായ സ്ഥാനം ലഭിക്കാത്തതാണ് തരൂരിന്റെ യഥാര്‍ത്ഥ പ്രശ്‌നം. എ.ഐ.സി.സി പ്രസിഡന്റായി മല്‍സരിച്ച് തോറ്റെങ്കിലും വിശ്വ പൗരനായ തരൂര്‍ കുറഞ്ഞപക്ഷം കേരളത്തിന്റെ മുഖ്യമന്ത്രിയെങ്കിലുമാവാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സതീശനോ ചെന്നിത്തലയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.
എഴുപതുകളുടെ അവസാനം മുതല്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ 'എ' 'ഐ' ഗ്രൂപ്പുകളുടെ മേല്‍ക്കോയ്മയാണ് കണ്ടത്. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി-രമേശ് ചെന്നിത്തല അച്ചുതണ്ടായി മാറി. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ സതീശന്‍-ചെന്നിത്തല പോരാട്ടമായി കാര്യങ്ങള്‍ പരിണമിച്ചിരിക്കുന്നു. എന്നാല്‍ സതീശന്‍ പ്രതിപക്ഷ നേതാവായതോടെ ചെന്നിത്തലയുടെ പിടി അയഞ്ഞെങ്കിലും അനാവശ്യ വിവാദങ്ങളിലൊന്നും ചെന്നുചാടാതെ അദ്ദേഹത്തിന്റെ ഗ്രാഫ് നിലവില്‍ ഉയര്‍ന്നുകൊണ്ടാണിരിക്കുന്നതായാണ് കാണുന്നത്.
ഇതിനിടെ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന കെ.പി.സി.സി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ അനുനയിപ്പിക്കാന്‍ ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ അദ്ദഹത്തിന്റെ വീട്ടിലെത്തിയത് ശ്രദ്ധേയമായ ഒരു നീക്കമാണ്. അടച്ചിട്ട മുറിയിലെ ചര്‍ച്ചയ്ക്ക് ശേഷം ഹാപ്പിയായാണ് ഇരുവരും പുറത്തുവന്നത്. ഞങ്ങള്‍ ഒരമ്മ പെറ്റ മക്കളെപ്പോലെയാണെന്ന് കെ സുധാകരനും ഉണ്ടായിരുന്ന കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് പരിഹരിച്ചുവെന്ന് മുല്ലപ്പള്ളിയും പറഞ്ഞതോടെ വെളുത്ത പുക ഉയര്‍ന്നു.
പ്രശ്‌നങ്ങളൊക്കെ കലങ്ങിത്തെളിഞ്ഞ് വരികയാണ്. കെ സുധാകരന് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം മതി. മുഖ്യമന്ത്രിക്കുപ്പായത്തിനു വേണ്ടിയാണ് ഇനി കടിപിടിയുണ്ടാവുക. ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ പരസ്യ പ്രതികരണങ്ങളുണ്ടാവില്ല. എ.കെ ആന്റണി പറഞ്ഞപോലെ ''കേരളം ഭരണമാറ്റത്തിന് പാകമായി. അതിനു മുന്‍പുള്ള സെമിഫൈനലാണ് തദ്ദേശ തിരഞ്ഞെടുപ്പ്. വഴക്കുണ്ടാക്കി നല്ല അന്തരീക്ഷം കളയരുത്...'' അതേ, പടിക്കല്‍ കൊണ്ടുപോയി കലമുടയ്ക്കരുത്.