കേരളത്തില്‍ ലഹരി വസ്തുക്കളുടെ ഉപയോഗവും തന്‍മൂലമുണ്ടാവുന്ന കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള അക്രമ സംഭവങ്ങളും അനിയന്ത്രിതമായി വര്‍ധിച്ച പശ്ചാത്തലത്തില്‍ രാഷ്ട്രീയ വിജോജിപ്പും വിദ്വേഷവുമെല്ലാം മറന്ന് ഭരണ-പ്രതിപക്ഷ കക്ഷികള്‍ പ്രതിരോധം തീര്‍ക്കാന്‍ ഒന്നിക്കുകയാണത്രേ. കഞ്ചാവിനും ലഹരിക്കും അടിമയായി സ്‌കൂള്‍ കുട്ടികള്‍ ചേരിതിരിഞ്ഞ് പരസ്പരം ആക്രമിക്കുന്നത് നിത്യസംഭവങ്ങളായിരിക്കെ അതിന് തടയിടേണ്ടത് സാമൂഹികമായ അനിവാര്യതയാണ്. ഇല്ലെങ്കില്‍ ഒരു തലമുറ തന്നെ സുബോധം മറഞ്ഞ് നശിക്കും.
സിസ്സാര കാര്യങ്ങളില്‍ പോലും വേഗത്തില്‍ പ്രകോപിതരായി കൂട്ടത്തിലൊരുവനെ കൊല്ലാന്‍പോലും മടിക്കാത്ത മാനസികാവസ്ഥയിലേയ്ക്ക് കേരള കൗമാരം അപകടകരമാംവിധം വളര്‍ന്നിരിക്കുന്നു. രാസലഹരിയില്‍ ഇവര്‍ ചെയ്തുകൂട്ടുന്ന കുറ്റകൃത്യത്തിന്റെ ഗൗരവം അപ്പോള്‍ അവര്‍ അറിയുന്നില്ല. പിന്നീട് ബോധത്തിലേയ്ക്ക് മടങ്ങി വരുമ്പോഴേയ്ക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കും. കൗമാര-യൗവനങ്ങളുടെ ഞെട്ടിപ്പിക്കുന്ന പരാക്രമ സംഭവങ്ങള്‍ കണ്ടും കേട്ടുമാണ് ഒരോ ദിവസവും പുലരുന്നത്. സ്വന്തം കൂടപിറപ്പുകളെ പീഡിപ്പിച്ചും, രക്ഷിതാക്കളെ കൊലയ്ക്ക് കൊടുത്തും നാടിന് ഭീഷണിയായി മാറുന്ന ഇവരെ ഇന്ന് നയിക്കുന്നത് ലഹരി എന്ന വിപത്താണ്.
ഇതു സംബന്ധിച്ച് അമ്പരപ്പിക്കുന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടന്ന 63 കൊലപാതകങ്ങളില്‍ 30 എണ്ണവും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്ന് പേലീസ് വ്യക്തമാക്കുന്നു. 50 കൊലപാതകങ്ങള്‍ വീടിനുള്ളില്‍ നടന്നതോ സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്നുണ്ടായതോ ആണ്. 2025-ല്‍ ഇതുവരെ നടന്ന കുറ്റകൃത്യങ്ങളില്‍ 20 ശതമാനവും ലഹരി ഉപയോഗിച്ച ശേഷം ഉണ്ടായതാണ്. നാട്ടില്‍ അനുദിനം വിവിധയിനം ലഹരി വസ്തുക്കളുടെ ഡിമാന്റ് വര്‍ധിച്ചുവരുകയുമാണ്. സപ്ലൈ ചെയ്യാന്‍ ലഹരി ലോബികളും റെഡി.
കേരളത്തിലേക്ക് കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഒഴുകിയെത്തുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇക്കൊല്ലം ജനുവരി 22 മുതല്‍ മാര്‍ച്ച് 1 വരെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് 1.31 കിലോഗ്രാം എം.ഡി.എം.എയും 153.56 കിലോഗ്രാം കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിക്കപ്പെടാത്തതിന്റെ കണക്ക് ഇതിന്റെ ഇരട്ടിയിലേറെയായിരിക്കുമല്ലോ. ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍, ഹാഷിഷ് ഓയില്‍, വിവിധതരം മയക്കുമരുന്ന് ഗുളികകള്‍ തുടങ്ങിയവയുടെ കണക്കും പോലീസിന്റെ പക്കലുണ്ട്. ഈ കാലയളവില്‍ പോലീസ് 2,854 പേരെ അറസ്റ്റ് ചെയ്യുകയും 17,246 പേരെ പരിശോധിക്കുകയും 2,762 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
''നഗരങ്ങളിലും ഗ്രാമങ്ങളിലും ലഹരിവസ്തുക്കള്‍ക്ക് ഒരുപോലെ ആവശ്യക്കാരുണ്ട്. രക്ഷിതാക്കളുടെ തലത്തില്‍ത്തന്നെ ഇതിനെതിരെയുള്ള ബോധവല്‍ക്കരണമുണ്ടാവണം...'' ക്രമസമാധാന വിഭാഗം എ.ഡി.ജി.പി മനോജ് എബ്രഹാം പറയുന്നതിങ്ങനെ. കുട്ടികളെ ലഹരിയില്‍ നിന്നും അക്രമങ്ങലില്‍ നിന്നുമൊക്കെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ ''തന്ത വൈബ്...'' എന്നാണ് വിശേഷിപ്പിക്കുന്നത്. വിശ്വസാഹിത്യ പ്രതിഭകള്‍ പോലും നടത്താത്ത പദപ്രയോഗങ്ങളാണ് സഹപാഠിയുടെ തലതല്ലിപ്പൊളിക്കുന്നവരുടെയും മൂക്കിന്റെ പാലം ഇടിച്ച് തകര്‍ക്കുന്നവരുടെയും നാവില്‍നിന്നുതിര്‍ന്നു വീഴുന്നത്.
ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും ലഹരി മാഫിയയുടെ അടിമകളാണെന്ന വസ്തുത ഭീതിയോടെ നമുക്ക് അംഗീകരിക്കേണ്ടിയിരിക്കുന്നു. ലഹരിക്കടിമയായവരില്‍ പലരും പിന്നീട് ലഹരി മാഫിയയുടെ ഏജന്റുമാരായും വില്‍പനക്കാരായും മാറിക്കഴിഞ്ഞിരിക്കും. സെലിബ്രിറ്റികളെന്ന് മേനിനടിക്കുന്നവരെ ഉപയോഗിച്ചുള്ള ലഹരി കടത്തും വ്യാപകമാണ്. എന്നാലിവര്‍ക്കൊക്കെ ഇവിടുത്തെ നിയമ സംവിധാനങ്ങളിലെ പഴുതുകളിലൂടെ എളുപ്പത്തില്‍ പുറത്തു കടക്കാമെന്ന അമിത ആത്മവിശ്വാസമുണ്ട്. ലഹരി വ്യാപനത്തിന്റെ ഒരു കാരണം ഈ ചിന്തയാണ്.
ലഹരി ഉപയോഗം സംബന്ധിച്ച് 2024-ല്‍ 87,702 മയക്കുമരുന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതില്‍ 87,389 കേസുകളിലായി 94,886 പേരെ പ്രതി ചേര്‍ക്കുകയും 93,599 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കഴിഞ്ഞ മാസം പത്താം തീയതി പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2024-ല്‍ 25,000 കോടി വിലമതിപ്പുള്ള മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത് 2023-ല്‍ 16,100 കോടിയായിരുന്നു. ദേശീയ തലത്തില്‍ ഒരു വര്‍ഷക്കാലയളവില്‍ 55 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
കേരളത്തില്‍ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൂല്യം 100 കോടിക്കു താഴെയാണ്. താരതമ്യേന ഇത് കുറവാണങ്കിലും ശിക്ഷാ നിരക്ക് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്നതാണ്. ഐക്യ രാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ലോകമെമ്പാടും 2011-ല്‍ 24 കോടി ആളുകള്‍ ലഹരി ഉപയോഗിച്ചിരുന്നപ്പോള്‍ 2021-ല്‍ അത് 296 കോടിയായി വര്‍ധിച്ചു. ആഗോളതലത്തിലെ വന്‍ വര്‍ധന. 1,173 ശതമാനത്തിന്റെ വര്‍ധനയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.
ഏതായാലും ലഹരി വിപത്തിനെ ചെറുക്കാന്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഒന്നിച്ചതിനെ നെഗറ്റീവായി കാണുന്നില്ല. ഒന്നിച്ചതുകൊണ്ട് മാത്രം ഒന്നുമാകില്ല. എന്താണ് പ്ലാന്‍ ഓഫ് ആക്ഷന്‍ എന്ന് വ്യക്തമാകേണ്ടതുണ്ട്. ഭരണ-പ്രതിപക്ഷങ്ങളും വീടും സ്‌കൂളും രക്ഷിതാക്കളും ദേവാലയങ്ങളും സംഘടനകളുമെല്ലാം ചേര്‍ന്നുള്ള കൂട്ടായ മുന്നേറ്റത്തിലൂടെ നമ്മുടെ കൂട്ടികളോടും വേണ്ടപ്പെട്ടവരോടും ലഹരിയോട് ''നോ...'' പറയാന്‍ ഒന്ന് നിര്‍ബന്ധിച്ച് നോക്കാം...ചിലപ്പോ രക്ഷപെട്ടേക്കാം...