കഴിഞ്ഞ ദിവസം ഒരാന അതിന്റെ മസ്‌തകത്തിനു മുറിവ് പറ്റി വേദന സഹിച്ച് നിലത്തു നിന്നും മണ്ണ് വാരി തലയിൽ ആശ്വാസത്തിനു വേണ്ടിയിടുന്ന രംഗം കണ്ട മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് ആ വാർത്ത ജനസമക്ഷം സമർപ്പിച്ചത്. തുടർന്ന് മന്ത്രി തന്നെ നേരിട്ടിടപെട്ട് അതിനെ മയക്കു വെടി വച്ച് കോടനാട്ടുള്ള കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി. എന്നിട്ടും ആ ആന ചരിഞ്ഞു എന്നത് സത്യം. മന്ത്രി അതിനു വേണ്ടി പ്രത്യേകം പത്ര സമ്മേളനം പോലും നടത്തി. അതാണ് നമ്മുടെ മൃഗങ്ങളോടുപോലുമുള്ള സ്നേഹം. എനിക്കെന്റെ നാടിനെപ്പറ്റി അഭിമാനം തോന്നി. ആ ശുഷ്‌കാന്തിയൊന്നും ഈ മൃഗങ്ങൾ ചവുട്ടിക്കൊല്ലുന്ന മനുഷ്യരുടെ കുടുംബങ്ങളോട് ഉണ്ടാകുന്നില്ല എന്നത് വേറെ കാര്യം.
എന്നാൽ കഴിഞ്ഞ ദിവസം കോട്ടയത്തിനടുത്ത് റെയിൽവേ ട്രാക്കിൽ 43 വയസ്സ് മാത്രം പ്രായമായ ഒരമ്മയും പതിനൊന്നും പത്തും വയസ്സ് പ്രായമായ രണ്ടു പെൺമക്കളും പാഞ്ഞു വന്ന ട്രെയിനിന്റെ മുൻപിൽ കണ്ണടച്ചു നിന്ന് മരണം പൂകിയ ഹൃദയഭേദകമായ വാർത്ത എന്തുകൊണ്ടോ മുഖ്യധാരാ മാധ്യമങ്ങളിൽ കാര്യമായ സ്ഥാനം പിടിച്ചില്ല. ഈ മൂന്നുപേരും ഈ പത്രങ്ങൾക്കും ചാനലുകൾക്കുമൊന്നും ഒരു പരസ്യവും ഇതുവരെ കൊടുത്തിട്ടില്ല എന്നതാവാം കാരണം. എന്നാൽ മനസ്സാക്ഷിയുള്ള ആരുടേയും ഹൃദയത്തിൽ മുറിവുണ്ടാക്കാതെ ആ രംഗം മായുകയില്ല. കുടുംബ പ്രശ്നങ്ങൾ കാരണം ഭർത്താവുമായി ഒന്നിച്ചു പോകാൻ ആവാത്തതുകൊണ്ടു സ്വന്തം വീട്ടിൽ വന്നു നിന്ന് രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിനും ദൈനംദിന ചെലവുകൾക്കുമായി അഹോരാത്രം പണിചെയ്‌തു നെട്ടോട്ടമോടിക്കൊണ്ടിരുന്ന ഇവരെ ഈ ആത്മഹത്യയിലേക്കു നയിക്കാൻ പ്രേരിപ്പിച്ചതാരാണ്?
ഇവരുടെ ഛിന്നഭിന്നമായ ശവശരീരങ്ങൾ വാരിക്കൂട്ടി പെട്ടിയിലാക്കി പള്ളിയിൽ കൊണ്ട് വന്നപ്പോൾ ആയിരക്കണക്കിന് ജനങ്ങൾ ഒഴുകിയെത്തി കണ്ണീർ വാർത്തു. പക്ഷേ, തൊട്ടടുത്തു താമസിച്ചവർക്കു പോലും ഈ പ്രശ്നങ്ങൾ ഒക്കെ അറിയാമായിരുന്നുവെങ്കിലും ജീവിച്ചിരുന്നപ്പോൾ ഒരു കൈത്താങ്ങു നൽകുവാൻ ആരും തുനിഞ്ഞില്ല. ഈ മരിച്ച അമ്മ ഒരു ബി എസ് സി നേഴ്‌സ് ആയിരുന്നു. അവർ ജീവിക്കാൻ വേണ്ടി കഷ്ടപ്പെട്ടു പഠിച്ചു സമ്പാദിച്ച സർട്ടിഫിക്കറ്റുമായി പല ആശുപത്രികളിലും കയറിയിറങ്ങി. ചില ആശുപത്രികളിൽ നിന്നും അവർക്കു ജോലി നൽകിക്കൊണ്ട് ഉത്തരവും ലഭിച്ചു.
എന്നാൽ ജോലിക്കു ചെല്ലുമ്പോൾ ആശുപത്രി അധികൃതർ ഓരോ ഉടക്കു ന്യായങ്ങൾ പറഞ്ഞ് കൊടുത്ത ഉത്തരവുകൾ റദ്ദാക്കി തിരിച്ചയയ്ക്കുകയായിരുന്നു. ഇതിന്റെ പിൻപിൽ പ്രവർത്തിച്ചത് അവരുടെ സഭയിലെ ഒരു കത്തനാർ തന്നെയായിരുന്നുവത്രേ! അദ്ദേഹം ഈ സ്ത്രീയുടെ ഭർത്താവിന്റെ സഹോദരനാണ്. തിരുവസ്ത്രം അണിഞ്ഞു ക്രിസ്‌തുവിന്റെ പ്രതിപുരുഷനായി സർവ്വ കുഞ്ഞാടുകളുടെയും പാപം കൈവിരൽകൊണ്ടു സെക്കൻഡ് വച്ച് മായിച്ചു കളയുന്ന ആത്മീയ മാജിക്കുകാരൻ! എന്തുകൊണ്ടോ അദ്ദേഹത്തിന് സഹോദരന്റെ ഭാര്യയോട് വൈരാഗ്യമായിരുന്നു.
അവർക്കു ജോലി കൊടുത്ത ആശുപത്രികളിലൊക്കെ വലിയ സ്വാധീനമുള്ള അദ്ദേഹമാണ് വിളിച്ചു പറഞ്ഞ് ജോലി കളയിച്ചത് എന്ന് കുടുംബത്തിൽ പെട്ട ഒരാൾ തന്നെ പറയുന്നത് കണ്ടു. ഇപ്പോൾ മാത്രമാണ് ആ തിരുവസ്ത്രങ്ങൾക്കുള്ളിലുള്ള രാക്ഷസനെ ആളുകൾക്ക് മനസ്സിലായത്.
പലവിധത്തിൽ സർവ്വത്ര ശല്യങ്ങൾ ചെയ്‌തെങ്കിലും കൃഷി ചെയ്‌തും കോഴികളെ വളർത്തിയും മുട്ടവിറ്റും ഒക്കെ എങ്ങനെയെങ്കിലും ഇഴഞ്ഞുനീങ്ങുമ്പോളാണ് ഇവരുടെ ഭർത്താവിന്റെ കൂടെ നിൽക്കുന്ന മകനെക്കൊണ്ട് പോലീസ് സ്റ്റേഷനിൽ സ്വന്തം അമ്മയ്‌ക്കെതിരായി ഈ കത്തനാരുടെ സ്വാധീനത്തിൽ ഒരു കേസ് കൊടുപ്പിക്കുന്നത്. അത് ആ അമ്മയ്ക്ക് താങ്ങാനായില്ല. അതിനു പുറമേ ഒരു പാലിയേറ്റിവ് കെയറിൽ ഉണ്ടായിരുന്ന ഒരു ചെറിയ ജോലിയിയിൽ നിന്നു കൂടി ഈ അച്ചൻ ഇടപെട്ടു പിരിച്ചുവിടപ്പെട്ടപ്പോൾ അവരുടെ മുൻപിൽ മറ്റു വഴികളില്ലാതെ രണ്ടു കുട്ടികളെയും കൂട്ടി ആത്മഹത്യ ചെയ്‌തു.
ഇവരുടെ രക്തം ചിതറി തെറിച്ചിരിക്കുന്നത് ആരുടെയൊക്കെ ദേഹത്താണ്? ഈ കുട്ടികൾക്ക് ജന്മം നൽകാൻ കാരണഭൂതനായ ഭർത്താവെന്ന മൃഗവും ഉത്തരവാദിത്തത്തിനു നേരെ കണ്ണടച്ച സഭയും അയൽപക്കകാരന്റെ സങ്കടം മനസ്സിലാകാൻ കഴിയാതെ പോയ സമൂഹവും ഗാർഹിക പീഢനത്തിനു കേസുകൊടുത്തിട്ടും നടപടിയെടുക്കാതെ സ്വാധീനമുള്ളവർക്കു വഴങ്ങിക്കൊടുത്ത പോലീസും സർവ്വോപരി ആ രാക്ഷസജന്മത്തെ ദൈവത്തിന്റെ പ്രതിനിധിയായിക്കണ്ടു ബഹുമാനിക്കുന്ന കുഞ്ഞാടുകളും എല്ലാം ഇവരുടെ മരണത്തിന് ഉത്തരവാദികളാണ്. വലിയ വലിയ സ്ഥാപനങ്ങൾ പണിതു കൂടുതൽ കൂടുതൽ പണം വാരിക്കൂട്ടുമ്പോളും ഇങ്ങനെ ജീവിതം വഴിമുട്ടി നിൽക്കുന്ന കുടുംബങ്ങളെ മനസ്സിലാക്കാൻ കഴിയാതെ പോകുകയോ മനസ്സിലാക്കിയിട്ടും ദൗത്യം മറന്നു പുറം തിരിഞ്ഞു നടക്കുകയോ ചെയ്യുന്ന സഭാ നേതാക്കന്മാരും ഭരണാധികാരികളും കൂടുതൽ ആളുകളെ റെയിൽവേ ട്രാക്കിലേക്ക് തള്ളിവിടുകയാണ്. ഈ കുരുന്നു ജീവനുകൾ സമൂഹത്തിനു നേരെ ഉയർത്തുന്ന ചോദ്യങ്ങൾ പ്രസക്തമാണ്. ഈ നോമ്പു കാലത്തുപോലും പ്രാർത്ഥനയും ഉപവാസവും കൺവെൻഷൻ പ്രസംഗങ്ങളും നടത്തി കപടഭക്തിയുടെ പ്രതിരൂപങ്ങളാകുന്ന നമുക്ക് ഇവരെ ചേർത്ത് പിടിക്കാനാകുന്നില്ലെങ്കിൽ നമ്മുടെ അസ്തിത്വത്തിനു തന്നെ രൂപാന്തരം വന്നിരിക്കുന്നുവെന്നു മനസ്സിലാക്കണം.