ഉക്രേന്‍ പ്രസിഡണ്ട് സെലന്‍സ്‌കിയെ അപമാനിച്ച് വൈറ്റ്ഹൗസില്‍നിന്ന് ഇറക്കിവിട്ട് പ്രസിഡണ്ട് ട്രംപും വൈസ് പ്രസിഡണ്ട് വാന്‍സും ലോകത്തിനുമുന്‍പില്‍ അപമാനിതരായിരിക്കയാണ്. വളരെയധികം പ്രതീക്ഷകളോടെയാണ് ഈടീമിനെ അമേരിക്കന്‍ ജനത അധികാരത്തലേറ്റിയത്. ബൈഡന്‍ ഭരണത്തിന്റെ കെടുകാര്യസ്ഥതമൂലം മനംമടുത്ത ജനതയാണ് വന്‍ഭൂരിപക്ഷത്തോടെ ട്രംപിനെ അധികരത്തിലെത്തിച്ചത്. കഴിവുള്ള ആളുകളെ തന്റെ ടീമില്‍ ഉള്‍പ്പെടുത്തി അദ്ദേഹം തുടങ്ങിവെച്ച പലപരിഷ്‌കാരങ്ങളും ജനങ്ങളുടെ കയ്യടിനേടി. വൈസ് പ്രസിഡണ്ട് ജെ. ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ തുടങ്ങി ഇന്‍ഡ്യന്‍ വംശജന്‍ കാഷ് പട്ടേലുവരെ ആരും മോശക്കാരല്ല. ഇന്‍ഡ്യന്‍ സംസ്‌കാരത്തിലും ഹിന്ദുമതത്തിലും വിശ്വാസമുള്ള തുള്‍സി ഹബാര്‍ഡും വാന്‍സിന്റെ ഭാര്യ ഉഷയും അമേരിക്കന്‍ ഭരണത്തില്‍ ഇന്‍ഡ്യന്‍ സ്വാധീനംചെലുത്താന്‍ കഴിവുള്ളവരാണ്. നേരത്തെ പരിചയമുണ്ടായിരുന്നെങ്കില്‍ ഉഷയെ വാന്‍സിനുപകരം വൈസ് പ്രസഡണ്ട് സ്ഥാനാര്‍ഥിയാക്കുമായിരുന്നെന്ന് ട്രംപുതന്നെ തമാശയായിട്ടാണെങ്കിലും പറഞ്ഞിട്ടുണ്ട്. അത്രക്കധികം വിദ്യാഭ്യാസസമ്പന്നയും ബുദ്ധിമതിയുമാണ് ഉഷ. എല്ലാംകൊണ്ടും ഇന്‍ഡ്യക്ക് അഭിമാനിക്കാവുന്ന ഒരു ടീമാണ് ട്രംപിന്റെ ഭരണകൂടത്തിലുള്ളത്.
ഭരണവൈഭവം തീരെയില്ലാതിരുന്ന ബൈഡന്‍ അഡ്മിനിസ്‌ട്രേഷനുശേഷം അധികാരക്കിലെത്തിയ ട്രംപിനെ വന്‍പ്രതീക്ഷയോടെയാണ് അമേരിക്കന്‍ ജനത സ്വീകരിച്ചത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന നടപടി തെറ്റാണന്ന് രാജ്യത്തിന്റെ നന്മആഗ്രഹിക്കുന്നവര്‍ പറയില്ല. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുമുള്ള കുടിയേറ്റക്കാര്‍ മെക്‌സിക്കോവഴിവന്ന് മതിലുചാടി രാജ്യത്ത് പ്രവേശിക്കുന്നത് അമേരിക്കന്‍ ജനതക്ക് അലോസരം ഉണ്ടാക്കുന്നസംഗതിയായിരുന്നു. അതിനെതിരായുള്ള അവരുടെ വികാരമാണ് വോട്ടായി ട്രംപിന്റെ പെട്ടിയില്‍ വീണത്. അനധികൃത കുടിയേറ്റത്തെപറ്റി ചോദിച്ചപ്പോള്‍ മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞത് ഇവിടെ ക്രോപ്‌സുപറിക്കാന്‍ ആളുവേണ്ടെയെന്നാണ്. ഇത്രയധികം ക്രോപ്‌സ് അമേരിക്കയിലെവിടെന്ന് ജനങ്ങള്‍ ചോദിച്ചു. ബൈഡന്റെ വൈസ് പ്രസിഡണ്ടായിരുന്ന കമല ഹാരീസ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍പോയി കുടിയേറ്റക്കാരെ ഹാര്‍ദമായി സ്വീകരിച്ചു. ഇന്നിപ്പോള്‍ നടന്നും മതിലുചാടിവന്നവരെയെല്ലാം അമേരിക്കയുടെ ചിലവില്‍ പ്‌ളെയില്‍കയറ്റി വിടേണ്ട ഗതികേടിലാണ് രാജ്യം. അവരെ വിലങ്ങുവച്ച് കൊണ്ടുവന്നതിലാണ് ഇന്‍ഡ്യിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രതിക്ഷേധം. നേരത്തെ പറഞ്ഞിരുന്നെങ്കില്‍ വിലങ്ങിനുപകരം പൂമാല അണിയിച്ച് കൊണ്ടുവരുമായിരുന്നല്ലോ.
ട്രംപിന്റെ ഭരണകൂടം ഇന്‍ഡ്യക്ക് അനുകൂലമാണെന്നതാണ് നമുക്കാശ്വാസം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പം ഇന്‍ഡ്യക്ക് സാഹായകരമായി തീരാനാണ് സാധ്യത. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്‍ഡ്യക്ക് ലോകശക്തിയായ അമേരിക്കയുടെ പിന്‍തുണ അനിവാര്യമാണ്. ബൈഡന്‍ ഭരണകൂടം ചിരിച്ചുകാണിക്കുകയും പിന്നില്‍കൂടി പാരവെയ്ക്കുന്ന രീതിയാണ് അവലംപിച്ചിരുന്നത്. ജനാധിപത്യം പ്രോത്സാഹിപ്പിക്കാനെന്നപേരില്‍ വോട്ടര്‍ ടേണൗട്ട് കൂട്ടാന്‍ ഇരുപത്തിരണ്ട് മില്ല്യണ്‍ ഡോളര്‍ ഇന്‍ഡ്യയിലെ പ്രതിപക്ഷപാര്‍ട്ടികള്‍ക്കും പത്രങ്ങള്‍ക്കും നല്‍കിയത് പുതിയപ്രസിഡണ്ടുതന്നെ ചോദ്യംചെയ്തിരിക്കയാണ്. അതിലൊരുപങ്ക് ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സ് പത്രത്തിനും മലയാളത്തിലെ പ്രമുഖപത്രത്തിനും കിട്ടിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ കോണ്‍ഗ്രസ്സിനെ വിജയിപ്പിച്ച് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ഈ മ പത്രംകാട്ടിയ അമിതാവേശം കണ്ടപ്പോഴേ സംശയിച്ചതാണ് ഇതിനുപിന്നിലുള്ള കള്ളക്കളി എന്താണന്ന്. മോദി സര്‍ക്കാര്‍ ഇതിനെപറ്റി അന്വേഷിച്ചുകൊണ്ടിരിക്കയാണ്. അധികം താമസിയാതെ സത്യം പറത്തുവരും. അതുവരെ കാത്തിരിക്കാം.
അധികാരമേറ്റ് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ റഷ്യാ - ഉക്രേന്‍യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് വീരവാദം പറഞ്ഞത് അതുപോലെ വിഴുങ്ങാന്‍ നമ്മളാരും തയ്യാറായില്ല. എന്നാലും യുദ്ധംനിറുത്താന്‍ അദ്ദേഹം എന്തെങ്കിലും പോംവഴി കണ്ടെത്തുമെന്ന് വിശ്വസിച്ചു. അത് അക്രമിയായ റഷ്യയെ പൂര്‍ണ്ണമായി പിന്‍തങ്ങിക്കൊണ്ടായിരിക്കുമെന്ന് കരുതിയില്ല. പുടിന്റെ അതിക്രമത്തിന് ഇരയായ ഉക്രേനിനെ ഒഴിവാക്കി അവരുടെ വാദംകേള്‍ക്കാതെ ഒത്തുതീര്‍പ്പ് ഉണ്ടാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെങ്കില്‍ അതിനെ പിന്‍താങ്ങാന്‍ അദ്ദേഹത്തിന് വോട്ടുചെയ്തവര്‍പോലും തയ്യാറല്ല.
അമേരിക്കന്‍ നികുതി ദായകരുടെപണം അന്യരാജ്യങ്ങള്‍ക്ക് യുദ്ധംചെയ്യാനുള്ളതല്ല എന്ന ട്രംപിന്റെവാദം അംഗീകരിക്കാവുന്നതാണ്. എന്തെല്ലാം ആവശ്യങ്ങള്‍ക്കാണ് അമേരിക്കന്‍ ഡോളര്‍ അന്യരാജ്യങ്ങള്‍ ദുര്‍വിനയോഗം ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്‍ഡ്യയില്‍ ജനാധിപത്യം പ്രോത്സാഹിപ്പിക്കാന്‍ 22 മില്ല്യണ്‍, ബംഗ്‌ളാദേശില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ഗവണ്മെന്റിനെ അട്ടിമറിക്കാന്‍ 200 മില്ല്യണ്‍, പാകിസ്ഥാന് അമേരിക്ക പണ്ടുകൊടുത്ത എഫ്. 16 വിമാനങ്ങളുടെ അറ്റകുറ്റപണികള്‍ക്ക് 230 മില്ല്യണ്‍, റഷ്യയെ തുരത്താന്‍ ഉക്രേനിന് 500 ബില്ല്യണ്‍, ഹമാസിനെതിരായ ഇസ്രായേലിന്റെ യുദ്ധത്തിന് ലിമിറ്റില്ലാത്തപണം. ഇതില്‍ ചിലതെങ്കിലും ന്യായമായതാണന്ന് പറയാം., ആവശ്യമായതാണ്. പക്ഷേ, പലതും പാഴായിപോകുന്ന കാഴ്ച്ചയാണ്. ആഫ്രിക്കയിലെയും ഏഷ്യയിലെയും ദിരിദ്രരാജങ്ങളെ സഹായിക്കേണ്ടത് ലോകധനികരാജ്യമായ അമേരിക്കയുടെ കടമയാണ്.
ബൈഡന്‍ ഭരണത്തോട് എന്തെല്ലാം അഭിപ്രായവെത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും റഷ്യക്കെതിരെ യുദ്ധംചെയ്യാന്‍ ഉക്രേനിന് പണവും ആയുധങ്ങളും നല്‍കിസഹായിച്ചതിനെ ന്യായീകരിക്കാനേ ആകുമായിരുന്നുള്ളു. തൊടുന്യായങ്ങള്‍പറഞ്ഞ് വെറുതെയിരിക്കുന്ന അയല്‍രാജ്യത്തെ അക്രമിച്ച റഷ്യ അപകടകാരിയാണ്, അതിന്റെ പ്രസിഡണ്ട് പുടിനും. ഇന്ന് ഉക്രേനെങ്കില്‍ നാളെ പോളണ്ടും മാള്‍ഡോവയുംഫിന്‍ലാന്‍ണ്ടും ആയിരിക്കും പുടിന്‍ ലക്ഷ്യമിടുക. ഈ അക്രമണകാരിയെ നിലക്കുനിറുത്തേണ്ടത് ലോകത്തിന്റെ ആവശ്യമാണ്., അമേരിക്കയുടെ ആവശ്യമാണ്. ബൈഡന്‍ അത്‌ചെയ്‌തെങ്കില്‍ നല്ലകാര്യമെന്നേ പറയാവു. എന്നാല്‍ ട്രംപ് ഭരണകൂടം റഷ്യയെ പിന്‍താങ്ങനാണ് ശ്രമമെങ്കില്‍ അതിനെ പിന്‍താങ്ങാന്‍ നമുക്കാവില്ല. രണ്ടുരാജ്യങ്ങളും തമ്മിലുള്ള ഒത്തുതീര്‍പ്പ് ആവശ്യമാണ്. അത് ഏകപക്ഷീയമായിരിക്കരുത്. അങ്ങനെയുള്ള ഒത്തുതീര്‍പ്പ് പിന്നീട് യൂറോപ്പിന് മാത്രമല്ല അമേരിക്കക്കും ദോഷകരമായിരിക്കും.
അമേരിക്കയുടെ സഹായംതേടിവന്ന സെലന്‍സ്‌കിയെ ആക്ഷേപിച്ച് ഇറക്കിവിട്ട ട്രംപിന്റെയും വാന്‍സിന്റെയും നടപടിയെ അവര്‍ക്ക് വോട്ടുചെയ്ത എനിക്കുപോലും അംഗീകരിക്കാന്‍ സാധ്യമല്ല.
samnilampallil@gmail.com.