Image

അജ്ഞേയം (കവിത: വേണു നമ്പ്യാർ)

Published on 05 March, 2025
അജ്ഞേയം (കവിത: വേണു നമ്പ്യാർ)

നീ ഒളിച്ചു 
കളിക്കുമെങ്കിലും
ഒരിക്കലും എന്നെ
മരണത്തിനു 
ഒറ്റിക്കൊടുക്കില്ലെന്നറിയാം.

നിന്റെ സ്പർശം
ഒരു മയിൽപ്പീലിസ്പർശം പോലെ
മനോഹരം
നിന്റെ സ്വരം
മധുരതരം
നിന്റെ മൗനം
മധുരതമം.


കാറ്റ് നിന്റെ മധുരസംഗീതമല്ലയോ
ജലം നിന്റെ ചടുലനൃത്തതരംഗമല്ലയോ
തീ നിന്റെ ആത്മവിശ്വാസത്തിന്റെ
ബഹുവർണ്ണത്തെളിമയല്ലയോ
ആകാശം നിനക്ക്
നക്ഷത്രാലംകൃതമായ ഒരു വീടല്ലയോ!

നീ ചിലപ്പോൾ
എന്നെ നോവിക്കുമെങ്കിലും
നോവിൽ പുരട്ടാനുള്ള
ലേപനവും എന്റെ മുറിയിൽ
ഇട്ടു തരും
നീ എനിക്ക് പകരുന്ന വേദനയൊക്കെ
ദിവ്യവും ദുരൂഹവുമായ ഒരു സന്ദേശമല്ലേയെന്നു
ഞാൻ സംശയിക്കാറുണ്ട്.

എന്റെ ഹൃദയത്തിന്റെ
ഉള്ളടക്കം എന്നും പരിക്കുകളും
പരാതികളുമായിരുന്നല്ലോ.

എന്റെ പരിക്കുകളിൽ
നീ പ്രകാശം പരത്തും
പരാതികൾക്കു നേരെ
നീ കാതടയ്ക്കും
ഇല്ലാത്തതിനു പിറകെ അലയാതെ
ഉള്ളതിന്റെ വില കാണൂ
എന്നു നീ മന്ത്രിക്കും
ഓരോ പ്രഭാതത്തിലെ ഉണർച്ചയിലും
ഉപകാരസ്മരണയുടെ സൂര്യനെ ഹൃദയത്തിൽ ആവാഹിക്കണമെന്നും
ഓർമ്മിപ്പിക്കും.

ചിലപ്പോൾ നീ
എന്റെ സ്വപ്നത്തിലേക്ക്
ഒരു പുലരിക്കവിത പോലെ
പറന്നിറങ്ങാറുണ്ട്
നിന്റെ വരികൾ 
അറബി ലിപികൾ പോലെ
എനിക്ക് ദുരൂഹമത്രെ
ആയുസ്സിന്റെ അവസാനം പോലെ
അജ്ഞേയവും.

നേരിട്ടൊന്നു കാണാനുള്ള 
എന്റെ അഭിലാഷത്തിന്
നീ ഒരു വിലയും കൽപ്പിക്കില്ലെന്നറിയാം
ഒരു വേള നിന്നെ പൂർണ്ണതയിൽ
കാണുവോളമേ എനിക്കസ്തിത്വമുള്ളൂ
എന്ന മുന്നറിവ് എനിക്കില്ലാത്തതു
കൊണ്ടാകാം നീ
മായക്കുസൃതികൾ കാട്ടി
എന്റെ ജീവനെ ഒരു വിധം
നിലനിർത്തുന്നത്.

നിന്റെ സ്നേഹം 
മനസ്സിന്റെ അടങ്ങാത്ത വിശപ്പല്ലല്ലോ
അപാരതയെ പ്രണയിക്കുന്ന
നിന്നെ അപാരതയും നിരുപാധികം
പ്രണയിക്കുന്നു
ഇതെന്തൊരു സൗഭാഗ്യം
ചോദ്യകർത്താവിനെ വധിക്കുന്ന
ഒറ്റച്ചോദ്യം കൊണ്ട്
നീ ഭൂമിയിലെമ്പാടും സമാധാനത്തിന്റെ 
ഉത്തരം വിതയ്ക്കുന്നു!
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ
ശരശയ്യയിൽ 
ഞാൻ ഇപ്പോഴും ഒരു ഏകാകിയായി മരണത്തിന്റെ കാലൊച്ചയ്ക്ക്
കാതോർത്തിരിക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക