എഴുത്തുകാർ , അവർ ജീവിച്ചുവന്ന ചുറ്റുപാടുകളെ സ്വന്തം കൃതികളിൽ പ്രതിനിധീകരിക്കുകയെന്നത് സ്വാഭാവികമാണ്. പരിതസ്ഥിതികളും ലോകാനുഭവങ്ങളും പങ്കുവെക്കുമെങ്കിലും തങ്ങളുടെ കാഴ്ചകളും കേൾവികളും അവരറിയാതെ എഴുത്തിൽ വന്നുചേരുകയാണുണ്ടാവുന്നത്. രചനകൾ ഓരോന്നിലും വ്യത്യസ്തത പുലരുന്നതും അതിനാലാവാം.
സ്വപ്നലോകങ്ങൾ ചമച്ചെടുക്കാനുള്ള ശക്തമായ മാധ്യമമാണ് ധ്വനി സാന്ദ്രതയേറിയ കവിതാ ഭൂമികയും .
വാക്കുകൾ കൊണ്ടും ബിംബങ്ങൾ കൊണ്ടും അനുഭവ വൈചിത്ര്യങ്ങളെ സൃഷ്ടിച്ചു കൊണ്ട് പൂർവകാല ജീവിത മാതൃകകളെ മാറ്റി പ്രതിഷ്ഠിക്കാനുള്ള ശ്രമം പുതു കവിതകളുടെ പ്രത്യേകതയാണ്. ആൻസി സാജന്റെ കവിതകൾ ജീവിതത്തെയും അതിലൂടെ മാനുഷികതയെയും അവതരിപ്പിക്കുന്നു.ആത്മനിഷ്ഠമെന്ന് വായനക്കാർ വിചാരിച്ചു പോകുന്നത്ര യഥാതഥമായ അനുഭവാവിഷ്കാരങ്ങൾ.
ജീവിത നിരീക്ഷണങ്ങളുടെയും പാരസ്പര്യ വൈചിത്ര്യങ്ങളുടെയും ചുരുക്കെഴുത്തുകൾ എന്ന് ഈ കവിതകളെ വിശേഷിപ്പിക്കാം.
കവിയുടെ ഏതാനും കവിതകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയത് എന്ന നിലയ്ക്കുള്ള പരിമിതികൾ ഈ വിലയിരുത്തലിൽ ഉണ്ടായേക്കും എന്ന് ആദ്യമേ സമ്മതിക്കുന്നു.
യുദ്ധം , നഗരവൽക്കരണം തുടങ്ങിയ ആഗോള വിഷയങ്ങൾ പ്രമേയമാകുന്നുവെങ്കിലും ആ കവിതകളിലൊക്കെയും പെണ്മയുടെ തനിമ കാണാം. 'യുദ്ധം വെന്തെടുക്കുമ്പോൾ ' എന്ന കവിത യുദ്ധത്തിന്റെ രാഷ്ട്രീയം ലളിതമായി പറയുന്നു.
'റഷ്യയെന്നാൽ
നാടോടിക്കഥകളുടെ
ഒരു വലിയ
പുസ്തകമാണെനിക്ക്
....
.....
വായിച്ചു വിസ്മയിച്ച
ആ പുസ്തകം
ഇതളുകളെല്ലാം പറന്നകന്ന്
ചെളികൾ നിറഞ്ഞ
എന്തോ പോലെ എവിടെയോ
മറഞ്ഞുപോയ്..
കുതൂഹലം നിറഞ്ഞ
ബാല്യമകന്ന പോലെ..
യുദ്ധത്തിന്റെ വിഫലതയെ " ആരാണ് ജയിച്ചു പോകുന്നത് ? " എന്ന ചോദ്യത്തിലും തുടർന്നു വരുന്ന ദാരുണ ദൃശ്യങ്ങളിലും കവി അടയാളപ്പെടുത്തുന്നു. റഷ്യൻ ബാലസാഹിത്യം , അമ്മ നോവൽ തുടങ്ങിയ സാഹിത്യാനുഭവങ്ങളിലൂടെ താൻ അറിഞ്ഞ റഷ്യ ഇന്ന് യുദ്ധക്കൊതിയെ 'ആവിയിൽ വേവിക്കുന്ന ' ഒരിടമായി മാറി എന്ന നിസ്സംഗ നിരാശയിൽ കവിത അവസാനിക്കുന്നു. 'ആവിയിൽ വേവുന്ന യുദ്ധക്കൊതി ' , ' റഷ്യയെന്നാൽ നീലോവ്ന എന്ന അമ്മയായിരുന്നു ' , 'അകന്നുപോയ ബാല്യം ' തുടങ്ങിയ കാവ്യ പ്രയോഗങ്ങളിൽ ആൻസി സാജൻ എന്ന കവിത്വം സ്പഷ്ടമായി വെളിപ്പെടുന്നു.
ആൻസിയുടെ കവിതയിൽ ആവർത്തിച്ചു വരുന്ന ചില പ്രമേയങ്ങളെക്കുറിച്ച് ലഘുവായി വിവരിക്കാമെന്നു കരുതുന്നു.
ഇവ എല്ലാം തന്നെ, സ്ത്രീ ജീവിതത്തിന്റെ വിവിധ അടരുകളെ ആവിഷ്ക്കരിക്കുമ്പോഴും ആഖ്യാനത്തിന്റെയും ബിംബകല്പനകളുടെയും വൈവിധ്യത്തിൽ വ്യത്യസ്തമായ അനുഭവങ്ങളാകുന്നു.
'സമാപ്തി ' എന്ന കവിത നഗരത്തിൽ 'അകപ്പെട്ട ' മൂന്നുപേരെയാണ് അവതരിപ്പിക്കുന്നത്.' വീണ്ടും പേരു പറയാനറിയാത്ത ' കോഫിയുമായി വാലന്റൈൻ ദിനത്തിൽ തെക്കുവടക്കു ദിശകളിലേക്ക് വേർപിരിയുന്ന രണ്ടു പേരെ നിരീക്ഷിക്കുമ്പോൾ തന്റെ പാനീയവും അതുപോലെയെന്ന് കവി തിരിച്ചറിയുന്നു. വിലകൂടിയ പാനീയത്തിന്റെ മുമ്പിലിരുന്നു ചായ രുചിയെ ഓർക്കുകയാണ് എഴുത്തുകാരി. ഒരുമിച്ചെത്തിയ മൂന്നുപേരും വഴി പിരിയുന്ന സൂചന തന്ന് കവിത അവസാനിക്കുന്നു. പുതിയ കാലത്തിന്റെ രീതികളുമായി ചേരുമ്പോഴും ഭൂതകാല രുചികളെ എഴുത്തുകാരി ഓർക്കുന്നു.
" സമോവറിൽ തിളയ്ക്കുന്ന
ചായയും
കൂട്ടു ചേരുന്ന തിളപ്പൻ പാലും
സാധാരണയൊരു
ചില്ലുപാത്രത്തിൽ നിന്നും
മൊത്തിക്കുടിക്കുന്നതോർത്തു നിൽക്കെ "
അടുത്തടുത്ത വീടുകളിൽ , മാറ്റിവെച്ച വിഡ്ഢിത്തം, ഹൗസ് വൈഫ് തുടങ്ങിയ കവിതകൾ ചിന്താ ശൈഥില്യം ബാധിച്ച ദാമ്പത്യ ചിത്രീകരണമാണ്.
'മാറ്റിവെച്ച വിഡ്‌ഢിത്തം ' എന്ന കവിതയിൽ ഒരുമിച്ചു നിൽക്കാൻ ഏതറ്റം വരെയും പോകുന്ന സ്ത്രീയെ കാണാം. ഒപ്പം ചേർത്തു വെക്കാൻ തന്റെ ഹൃദയം വലത്തേക്കു മാറ്റുന്ന നായിക അത് ' നീണ്ട നാൾ നിലനിൽക്കില്ല ' എന്നറിഞ്ഞു തന്നെയാണ് അതിനു തയ്യാറാകുന്നത്. ' നട്ടപ്രാന്തുകൾക്കകത്ത് വേവ് പൂണ്ടു നടന്നു നാം ' , ' വിഷമാണെന്നറിഞ്ഞു തന്നെ നീ ഇറ്റിച്ചു തന്നത് ഞാൻ നുകർന്നു ' എന്നിങ്ങനെ വെന്തു പുകയുന്ന മരണ തുല്യമായ പരസ്പര ബന്ധങ്ങളെയാണ് ഈ കവിതയിലൊക്കെയും നാം കാണുന്നത്.
അടുത്തടുത്ത വീടുകൾ ഒളിപ്പിച്ചു പിടിക്കുന്ന കലഹങ്ങളുടെയും പീഡനങ്ങളുടെയും ഭീകരതയെ തീവ്രമായി അനുഭവിപ്പിക്കുന്നു. തല തകർന്ന് കരഞ്ഞു വിളിച്ച് നിലം പതിക്കുന്ന സ്ത്രീയെ കവിതയിൽ കാണാം.'അന്ത്യ നിദ്രപോലെ ആണ്ടുകിടക്കുന്ന അയൽപക്കം ' , ഒന്നുമറിയേണ്ടാത്ത മക്കൾ ' , ' കരയാനും കടന്നു വരാനുമാരുമില്ല ' , വീടകങ്ങളിൽ നിശബ്ദമായി നടക്കുന്ന ' പാതിരാപ്പാതകങ്ങൾ ' ആരറിയാൻ എന്നിങ്ങനെ ആകുലപ്പെടുന്ന കവി ബാഹ്യലോകമറിയാൻ ശ്രമിക്കാത്ത യാതനയെ വായനക്കാർക്കും അനുഭവമാക്കുന്നു.
തീവണ്ടി എന്ന കവിതയും ബന്ധങ്ങളുടെ നിസ്സഹായതയെ വെളിപ്പെടുത്തുന്നു.
പ്രണയം , ഗൃഹാതുരത്വം , അമ്മയോർമ്മകൾ തുടങ്ങിയവ വിഷയമാക്കുന്ന കവിതകൾ ആർദ്രതയുടെ നനുത്ത കമ്പളം മൂടുമ്പോലെ നമ്മുടെ വായനയ്ക്ക് ചൂട് പകരുന്നു.
പെണ്ണിനെന്നും പ്രചോദനമാകാൻ തന്റെ മുൻഗാമികളായവരുടെ ഓർമ്മകളുണ്ട്. ഗതകാല പ്രണയികളുടെ കണ്ടുമുട്ടലിൽ താൻ പകർന്ന ചുംബനപ്പാടുകൾ പതിഞ്ഞു കിടക്കുന്നത് കണ്ടെടുക്കുന്ന ' കാമുകനോട് ' എനിയ്ക്കതൊന്നുമോർമ്മയില്ല ' എന്ന് ഒഴിഞ്ഞു മാറുന്ന പ്രണയിനിയുടെ 'കണ്ണിൻചോട്ടിൽ കള്ളത്തരം മഷി വരയ്ക്കുന്നത് ' കണ്ടയാൾ അമ്പരക്കുന്നു. കാലം മാറ്റിക്കളയുകയാണ് ഇഷ്ട പ്രണയത്തിന്റെ അവശേഷിപ്പുകൾ എങ്കിലും ഓർമ്മയുടെ സുഗന്ധത്തിൽ ജീവിക്കുന്ന മനുഷ്യരുടെ ആവിഷ്ക്കാരമാകുന്നുണ്ട് ഈ കവിത.
മഞ്ഞുകാലം പോലെ തണുപ്പും മരവിപ്പും ഉറഞ്ഞു കൂടിയ വർത്തമാന കാലത്തിൽ അതുപോലെ തന്നെ നിർജ്ജീവമായ , ഊഷ്മളതയില്ലാത്ത തണുത്തുറഞ്ഞ കുടുംബ ബന്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന സ്ത്രീക്ക് ജീവനേകുന്നത് അമ്മയോർമ്മയാണ്. അക്കാലം ചൂടുണർവാകുന്നു.
" അടുക്കളയിൽ
മത്തി വറക്കുന്ന
അമ്മയ്ക്കൊപ്പം
പതുങ്ങി നിൽക്കുകയാണ്
ബാല്യം..
വെള്ളമൂറ്റാൻ
വാർത്തിട്ട ചോറ്റുപാത്രം
നീർത്തി വെക്കുകയാണമ്മ..
വറുത്ത മത്തിയും
ചോറും വാരിത്തിന്ന്
കളികളിൽ മുഴുകിയ
കൂട്ടുകാർക്കൊപ്പമൊരു
പാച്ചിൽ ...
( മഞ്ഞുകാലം )
ഈ ബാല്യകാല സ്മരണയുടെ ഊർജ്ജം ആവണം ' നരച്ച സ്വപ്നം '
പോലെയുള്ള തന്റെ ജീവിതത്തിൽ നിന്നും പുറത്തേയ്ക്കിറങ്ങുവാൻ അവൾക്ക് പ്രേരണയാകുന്നതും. വരൾച്ചകൾക്കിടയിലെ നീർച്ചാലുകൾ പോലെ നേർത്ത സ്മരണകളിൽ തല ചായ്ച്ച് സമാധാനപ്പെടുന്ന മനുഷ്യരാകുന്നു കവിത ഇവിടെയെല്ലാം.
ക്രിസ്തുമസ് കാലത്തിന്റെ ഗൃഹാതുരത്വം പേറുന്ന കവിതയാണ് 'കാൽവരിയിലെ ഡിസംബർ ' . ഡിസംബറിന്റെ മഞ്ഞും തണുപ്പും അമ്മയും , അപ്പവും മസാലക്കറിയും കൊണ്ട് നിറയുന്ന അടുക്കളയും കരോൾ ഗാനങ്ങളും എല്ലാം കവിതയിൽ നിറയുന്നു. കവിത പുറമേയുള്ള ആഘോഷങ്ങൾക്കപ്പുറത്തെ കുരിശിന്റെ വഴികളെ കാട്ടിത്തരുന്നു.
മഴക്കാലം എന്ന കവിത ജീവിതത്തെ മഴയോർമ്മയായി അനുഭവിപ്പിക്കുന്നു.' കരയിച്ച മഴകളും നനഞ്ഞു കുളിർന്ന സ്മൃതികളും ഓർത്തോർത്തിരിക്കുന്ന കവിയെയാണ് നാം കവിതയിൽ കാണുന്നത്.
' അമ്മയില്ലാത്ത വീട് ' ഒരു വാതിലും തുറക്കാത്ത , മുട്ടിവിളിച്ചാൽ ആരും വരുവാനില്ലാത്ത, പിൻവിളികളില്ലാത്ത, വഴിയിലാകെ കളയും മുള്ളും നിറഞ്ഞ വീടാകുന്നു ' . വീടുകൾ എന്ന കവിത ജീവിത സ്വസ്ഥതയുടെ ഇടമാകണം വീടുകൾ എന്ന് ഓർമ്മപ്പെടുത്തുന്നു.
ബൈബിൾ കഥകളെ പുനരാഖ്യാനം ചെയ്യുന്ന കവിതകളാണ് പിതാക്കന്മാരുടെ രാജ്യവും തേടി, ഒറ്റുകാർ , മുന്തിരി നട്ടു നിങ്ങൾക്കായ് തുടങ്ങിയവ. ക്രിസ്തുവിലൂടെ, സാധാരണ മനുഷ്യരുടെ പീഡാനുഭവങ്ങളെയും ഒറ്റപ്പെടലുകളെയും അവതരിപ്പിക്കുകയാണ്. 'ഒറ്റുകാർ.' അപരർക്കായ് ത്യാഗം ചെയ്യുമ്പോഴും സഹനങ്ങളിലൂടെ കടന്നു പോകുമ്പോഴും അതു തിരിച്ചറിയാതെ പോകുന്നവരെ കാട്ടിത്തരികയാണ്. ക്രിസ്തുവിന്റെ അനുഭവം സ്ത്രീയനുഭവവുമായി താദാത്മ്യം പ്രാപിക്കുന്നുമുണ്ട് ഒറ്റുകാരിൽ .
മുന്തിരി നട്ടു നിങ്ങൾക്കായ് എന്ന കവിതയും സംവദിക്കുന്നത് മറ്റൊന്നുമല്ല.
' ഞാൻ
നിങ്ങൾക്കായി
മുന്തിരി നടുകയും
തോട്ടത്തിൽ
കാവലിരിക്കുകയും ചെയ്തു.
വിളഞ്ഞു പഴുത്ത
പഴങ്ങൾ കൊണ്ടുള്ള
ചാറൊരുക്കി വെയ്ക്കുകയും
….. …. ……
മുടിയനായ പുത്രൻ കഥയുടെ പുനരാഖ്യാനമാണ് ' പിതാക്കന്മാരുടെ രാജ്യവും തേടി ' .ബൈബിൾ കഥയിലില്ലാത്ത അമ്മ കവിതയിൽ കടന്നുവരുന്നു.
' അകാല നരയുമായി
നിന്നവനെക്കണ്ട്
അമ്മ മറഞ്ഞു നിന്ന്
കരഞ്ഞു...
ആവത് പോലെ
അയാൾ അമ്മയെ ഒളിഞ്ഞു നിന്നു ...'
സ്വതന്ത്രരാകുന്ന ഭാവി തലമുറയെ സ്വപ്നം കാണുന്ന കവിതകൾക്കു ദാഹരണമാണ് 'ഭാനുമതി ' .
തന്റെ ' തങ്കം, അമ്മു ' ഇന്ന് ശക്തയായൊരു സ്ത്രീയായി മാറിയിരിക്കുന്നു എന്ന് അമ്മ തിരിച്ചറിയുന്നു. എന്നാലും
' കരുതി നടക്കണേ
അറിയാത്തയിടങ്ങളിൽ
നീയേ ഉള്ളെനിക്കെപ്പഴും... '
' മരിച്ചാലോ എന്ന്
ആശിക്കുമ്പോഴൊക്കെയുംനീ മാത്രമരികിലോർമ്മയായ്...' എന്നു പറയാൻ മറക്കാത്ത അമ്മയാകുകയാണ് കവിത.
തന്റെ ജീവിതത്തെ മുന്നോട്ട് നയിച്ചത് മകളെക്കുറിച്ചുള്ള ചിന്തകളായിരുന്നു എന്ന് അമ്മ ഓർക്കുന്നു. ഇന്ന് മകളെപ്പോലെ ജീവിക്കാൻ തനിക്കും പഠിക്കണം എന്നാണ് അമ്മ ആഗ്രഹിക്കുന്നത്. ആധുനിക സ്ത്രീയായ മകളെ മാതൃകയാക്കാൻ ആഗ്രഹിക്കുന്ന അമ്മയെ കവിതയിൽ കാണാൻ കഴിയും.
അടുക്കളയിൽ അകപ്പെട്ടു പോകുന്ന സർഗ്ഗാത്മകതയുടെ , പെണ്ണെഴുത്തിന്റെ ആവിഷ്ക്കാരം നിരവധി കവിതകളുടെ അന്തർധാരയാകുന്നുണ്ട്. പെണ്ണെഴുത്ത് എന്ന കുറുങ്കവിത കവിതയുടെയും കഥയുടെയും മണമുള്ള ചോറും കറിയും വെക്കുന്ന എഴുത്തുകാരിയെ അവതരിപ്പിക്കുന്നു.
' കവിതയെഴുതാൻ കഴിവുള്ള
കൈ കൊണ്ടു കറി വെക്കുമ്പോൾ
കറികൾക്ക് കവിതയുടെ മണം.
കഥയെഴുതാൻ അറിയുന്ന കൈകൾ
ചോറു വെച്ചാൽ
ചോറിന്
കഥയുടെ രുചി ...'
പെണ്ണെഴുത്തും അടുക്കളയിലെ പാചകവും ഒരേ രുചിയിലാവുന്നു. എഴുത്തു ജീവിതം അടുക്കളയിൽ ഒതുങ്ങുന്നു.
മനുഷ്യാന്തസ്സ് നഷ്ടപ്പെട്ടു പോയ സ്ത്രീജീവിതമാണ് ' ഹൗസ് വൈഫി 'ന്റെ പ്രമേയം. ' നന്ദിയും ദയയുമില്ലാത്ത മുഖഭാവങ്ങൾ ' , ' ഭരിക്കുന്നെന്ന് ഭാവിക്കുന്നവർ ' , ' പറത്തിയെറിയുന്ന പാത്രങ്ങൾ ' , തട്ടിത്തെറിപ്പിക്കുന്ന ചോറ് , ' അതൊക്കെ പതുക്കെപ്പെറുക്കാം ' എന്ന് നിസംഗ പ്പെടുന്ന സ്ത്രീ, ഹൗസ് വൈഫ് എന്തു പദവിയാണ് എന്ന് ആശ്ചര്യപ്പെടുന്നു.
യോജിക്കാത്ത പടം എന്ന കവിതയും അടുക്കളയെ മെരുക്കാൻ തത്രപ്പെടുന്ന വീട്ടമ്മയെ അവതരിപ്പിക്കുന്നു.
'അടുക്കളയെന്നെ -
യെങ്ങോട്ടും വിടുന്നില്ല
അത് പെറ്റു കൂട്ടും പാത്രങ്ങളെ
കഴുകിക്കുളിപ്പിച്ച്
പൊട്ടുതൊടീച്ചുറക്കാതെ .
വട്ടക്കൊട്ടയിൽ വെള്ളം
കോരി നിറച്ച് നിവരുന്ന
ഞാനെന്ന് കളിയാക്കുന്നു
കടന്നുവന്ന കാറ്റ് ...'
പാട്ടുപഠിക്ക ഹൃദയമേ എന്ന കവിത സ്ത്രീയുടെ സഹന ജീവിതത്തെ മഹത്വവൽക്കരിച്ചു കൊണ്ട് അവളെ ബിംബവൽക്കരിക്കുന്ന സമൂഹത്തെ മറികടന്നു. മുന്നേറാനുള്ള ആഹ്വാനമാണ്..
' തൊട്ടതെല്ലാം
പൊന്നാക്കിയെന്ന് കള്ളം പറയുന്നത്
കേൾക്കാൻ നിക്കണ്ട
നടന്നു കൊൾക
പാദമുദ്രകൾ
എവിടെയും
പതിയുകില്ലെന്നാലും
തിരിഞ്ഞു നിൽക്കാതെ
പൊയ്ക്കൊൾക ...'
ആനന്ദവും ആത്മാഭിമാനവും നേടിയെടുക്കാൻ ആരെയും കാത്തു നിൽക്കേണ്ടതില്ലെന്ന് കവിതയിവിടെ കൈ ചൂണ്ടി നിൽക്കുന്നു.
സ്ത്രീ പക്ഷ കവിതകൾ എന്ന് ചുരുക്കപ്പെടാതെ ആഖ്യാന വൈവിധ്യങ്ങളും പുതുമകളും ആൻസിയുടെ കവിതകളെ വിപുലമായ സാധ്യതകളിലേക്ക് കൊണ്ടുപോകുന്നുണ്ട്. വീട്ടിൽ നിന്ന് പുറത്തേക്ക് കടക്കൽ, സ്ത്രീ സർഗ്ഗാത്മകത അടുക്കളയിലേക്ക് ഒതുക്കപ്പെടുമ്പോൾ അവിടെയും സാധ്യതകൾ കണ്ടെത്തൽ എന്നിവ നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കാൻ ആൻസിക്ക് സാധിക്കുന്നു. നഗര ജീവിതം , പ്രവാസ ജീവിതം തുടങ്ങിയവ കവിതകൾക്ക് പശ്ചാത്തലമാകുന്നുണ്ട്. അടുക്കള ഗൃഹാതുരതയായും എങ്ങോട്ടും വിടാത്ത തടവറയായും അവതരിപ്പിക്കപ്പെടുന്നു. അമ്മയെ അവഗണിക്കുന്ന , തിരക്കുള്ള ജീവിതത്തിന്റെ പ്രതിനിധിയായ മകൾ , മകളെയോർത്ത് ആധികൊള്ളുന്ന അമ്മ, അമ്മയോർമ്മയിൽ നിന്ന് ഊർജ്ജം നേടുന്ന മകൾ , എല്ലാ കെട്ടുപാടുകളെയും ഉപേക്ഷിച്ച് മുന്നോട്ട് സഞ്ചരിക്കുന്ന മകൾ, അതിനായി മകളെ പ്രചോദിപ്പിക്കുന്ന അമ്മ എന്നിങ്ങനെ അമ്മ - മകൾ ബന്ധം കവിതയ്ക്ക് വിഷയമാകുന്നത് പല പല രീതിയിലാണ്.
മധ്യവർഗ്ഗ സ്ത്രീ ജീവിതം ആണ് ആൻസിയുടെ കവിതകളിൽ പ്രധാനമായും അവതരിപ്പിക്കപ്പെടുന്നത്. ചിരപരിചിതമായ ജീവിത പരിസരം കവിതയ്ക്ക് വിഷയമാകുന്നു. എഴുത്തിലെയും ഗാർഹിക ജീവിതത്തിലെയും സംഘർഷങ്ങളെയും കവിതയിലേക്ക് കൊണ്ടു വരുമ്പോൾ പലപ്പോഴും രണ്ടും ഒന്നാകുന്നതായി കാണാം.
കവിതകളിൽ ഒന്നും തന്നെ പുരുഷൻ പെണ്ണിന്റെ ആദർശ മാതൃകയാകുന്നില്ല. കുടുംബം , ബന്ധങ്ങൾ, വീട് , സമൂഹം തുടങ്ങിയവ ഒരു സ്വതന്ത്ര വ്യക്തിയായി സ്ത്രീയെ അംഗീകരിക്കാത്തതിനെതിരായി കവി തീർക്കുന്ന പ്രതിരോധമാകുന്നു ഈ കവിതകൾ. സമവാക്യങ്ങൾക്ക് പുറത്ത് കവിത സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതും ഈ പ്രതിരോധത്തിൽ നിന്നത്രെ.
ഈ കവിതകളുടെ ഓരോ വായനയിലും പുതിയ വിചാരധാരകൾ ഒഴുകിപ്പടരട്ടെ.
FOR COPY - BHANUMATHI - WHATSAPP MESSAGE TO
+91 85476 49848 MACBETH PUBLICATION AND MEDIA , KOZHIKODE
ജെന്നി സാറാ പോൾ
അസിസ്റ്റന്റ് പ്രൊഫസർ
മലയാള വിഭാഗം
സി.എം.എസ്സ്. കോളജ്, കോട്ടയം .