തിരുവനന്തപുരം കേരളത്തിൻ്റെ തലസ്ഥാന നഗരിയാണല്ലോ. സ്റ്റാച്ചു എന്ന നഗരസിരാകേന്ദ്രത്തിലാണ് ഭരണക്കൂടത്തിൻ്റെ വിഹാരരംഗവും ഉന്നത ഉദ്യോഗസ്ഥന്മാർ ഭരിക്കുന്ന പ്രസിദ്ധമായ സെക്രട്ടറിയേറ്റും.
ആ സെക്രട്ടറിയേറ്റിൻ്റെ മുകളിലത്തെ നിലയിൽ നിന്നു നോക്കിയാൽ ഒരു പക്ഷെ കാടുപിടിച്ചു കിടക്കുന്ന ഇടിഞ്ഞുപൊടിഞ്ഞു വീഴറായ ഒരു ഇരുനില വീടും റോഡിലേക്ക് നോക്കിയിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമയും കാണാം.
വീട് എപ്പോൾ വേണമെങ്കിലും നിലത്തു വീഴാം. നമ്മുടെ ജനറൽ പോസ്റ്റ് ഓഫീസി (അംബുജ വിലാസം റോഡ്, പുളിമൂട് )ൻ്റെ മുന്നിലുള്ള റോഡിലൂടെ കഷ്ടിച്ച് ഒരു മിന്നിട്ടു താഴേക്ക് നടക്കുമ്പോൾ കാടിൻ്റെ ഉള്ളിൽ ഉദ്ദേശം നൂറു വർഷം പഴക്കമുള്ള വീടും ഗാന്ധി പ്രതിമയും കാണാം. നട്ടുച്ചയ്ക്ക് വെയിൽ കൊണ്ടു നടന്നു പോകവേ അല്പം തണലു കണ്ടാണ് പൂട്ടിയിട്ട ഗെറ്റിനു മുന്നിൽ ഞാൻ ഒരു നിമിഷം നിന്നത്. പുറകിലേക്ക് നോക്കിയപ്പോൾ ഉള്ളിൽ നമ്മുടെ രാഷ്ട്രപിതാവ് !
തലേന്ന് അത്യുഗ്രമായ വേനൽ മഴ പെയ്തതു കൊണ്ട്, കാട്ടു വേരുകൾ ആക്രമിച്ച ആ പഴയ കെട്ടിടം (ഭാർഗവിനിലയം സിനിമ ഓർമ്മ വന്നു) മറിഞ്ഞു വീഴുമോയെന്നു ഞാൻ ഭയന്നു. ഒറ്റപ്പെട്ട വലിയ വീട്, കാട്ടുവേരുകൾ വീടിനെ മുഴുവനായും ആക്രമിച്ചിരിക്കുന്നു. മേൽക്കൂര പൊട്ടി പൊളിഞ്ഞിരിക്കുന്നു !
ഒരു ചുവന്ന ബോർഡ് വെച്ച ഒരു സ്റ്റേറ്റ് കാർ അപ്പോൾ എൻ്റെ മുന്നിലൂടെ കടന്നുപോയി.
നമ്മുടെ എല്ലാ മന്ത്രിമാരും ഈ റോഡ് വഴി പോകാതിരിക്കാൻ തരമില്ല.
ഉദ്ദേശം ഒരു കോടി രൂപയെങ്കിലും ഒരു സെൻ്റിന് വിലവരുന്ന സ്ഥലമാണ് അവഗണിക്കപ്പെട്ട് കാടുപിടിച്ചു കിടക്കുന്നത്. ഏറെ നേരം ഞാനാ കെട്ടിടത്തിൻ്റെ ഉള്ളിലേക്ക് വേദനയോടെ നോക്കി നിന്നു.
കൃഷിയും വ്യവസായവും വിദ്യാഭ്യാസവും വെള്ളപ്പൊക്കവും പഠിക്കാൻ ജനങ്ങളുടെ നികുതി പണമെടുത്ത് കുടുംബസമേതം വിദേശ യാത്ര ചെയ്യുന്നവർ നമ്മുടെ കൺവെട്ടത്തെ ദുരിത കാഴ്ചകൾ കാണാനും പരിഹാരം തേടാനും സമയം കണ്ടെത്തെണം- ആരു ഭരിക്കുമ്പോഴും ....
എൻ്റെ മൊബൈൽ ക്യാമറയിൽ വെയിലത്തു ഞാൻ പകർത്തിയെടുത്ത ചിത്രം കാണൂ.
ഇത്രയും മോശമായി കിടക്കുന്ന മറ്റൊരു സ്ഥലം നഗരമധ്യത്ത് വേറെയുണ്ടോ എന്നെനിക്കറിയില്ല!
കാറിലും ഫ്ലയിറ്റിലും സദാ സഞ്ചരിക്കുന്നവർക്ക് സാധാരണക്കാരുടെയോ പാവപ്പെട്ടവരുടെയോ പ്രശ്നങ്ങളും വെല്ലുവിളികളും അറിയാൻ കഴിഞ്ഞുയെന്നുവരില്ല .
(ഒരു നല്ല ഭരണാധികാരി ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ അതാതു സമയത്തു തന്നെ അറിയാനും ഉൾക്കൊള്ളാനും കഴിയുന്നവനാകണം. വല്ലപ്പോഴുമൊക്കെ കാൽ നടയായും സൈക്കിൾ യാത്രയൊക്കെ നടത്തണം. നമ്മുടെ താലുക്ക് ആശുപത്രികളുടെ ശോചീനയവസ്ഥ അറിയണം. )
സെക്രട്ടറിയേറ്റിനും എം.എൽ.എ. ക്വാർട്ടേഴ്സിനും നിയമസഭാ മന്ദിരത്തിനും ഒരു കിലോമീറ്ററിനു താഴെ, നടന്നുവരാവുന്ന ദൂരം മാത്രമുള്ള ഗാന്ധി പ്രതിമ നിലകൊള്ളുന്ന ഈ ഭൂമി ആരുടെയും കണ്ണുതുറപ്പിക്കാത്തത് എന്തുകൊണ്ട്?
ഗേറ്റു പുറത്തു നിന്ന് താഴിട്ടു പൂട്ടിട്ടുണ്ട്.
ഗാന്ധി പ്രതിമക്ക് താഴെ ഇങ്ങനെ കുറിച്ചിട്ടിട്ടുണ്ട്.
പ്രിയപ്പെട്ട എൻ്റെ വായനക്കാരെ,
ഭരണകൂടമേ,
ഒന്നു ശ്രദ്ധിക്കാമോ?
മുൻ മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന എ.കെ. ആൻ്റണിയുടെ പേരും പ്രതിമക്കു താഴെയായി ഞാൻ കണ്ടു.
വായിക്കു
ഗാന്ധി പ്രതിമക്കുതാഴെ എഴുതിയ വരികൾ വായിക്കാനും പ്രതികരിക്കാനും നിങ്ങൾക്ക് കഴിയുമെങ്കിൽ അത്, ഈ രാജ്യത്തോടു ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രപിതാവിനോടു ചെയ്യുന്ന മഹത്തായ കാര്യമായിരിക്കും.
'ഭാരതം സ്വതന്ത്രമാകുന്നതിനും പത്തുവർഷം മുമ്പ് 1937 ജനുവരി17-ാംതീയതി മഹാത്മാഗാന്ധിയുടെ പാദസ്പർശം കൊണ്ടു പാവനമായതാണ് ഈ സ്ഥലം.അന്ന് സ്വാതന്ത്ര്യ സമരസേനാനി ശ്രീ.ജുബ്ബാരാമകൃഷ്ണപിള്ള ഹരിജനങ്ങൾക്കു വേണ്ടി ഒരു സൗജന്യ തയ്യൽ പരിശീലന കേന്ദ്രം ഇവിട നടത്തിവന്നിരുന്നു.'
BUST UNVEILD By
SRI A.K Antony
17-1 - 2000
'ഗാന്ധിജിയുടെ പാദസ്പർശം കൊണ്ടു പരിപാവനമായ സ്ഥലം ' !
ഈശ്വരാ!