Image

മാര്‍ക്കോ സിനിമയും കുട്ടികളെ വഴിതെറ്റിക്കുന്ന അതിഭീകര വയലന്‍സും (എ.എസ് ശ്രീകുമാര്‍)

Published on 06 March, 2025
മാര്‍ക്കോ സിനിമയും കുട്ടികളെ വഴിതെറ്റിക്കുന്ന അതിഭീകര വയലന്‍സും (എ.എസ് ശ്രീകുമാര്‍)

ലോകത്ത് ആക്ഷന്‍ സിനികള്‍ക്കിടയില്‍ സ്വന്തമായി ഫോളോവേഴ്‌സിനെ സൃഷ്ടിച്ച ചലച്ചിത്ര പരമ്പരയായ ജോണ്‍ വിക്ക് മോഡലില്‍ എടുത്ത ഉണ്ണി മുകുന്ദന്‍ സിനിമയായ 'മാര്‍കോ' അതിഭീകരമായ വയലന്‍സിന്റെ പേരില്‍ വിമര്‍ശിക്കപ്പടുകയാണ്. ഇന്ത്യയിലെ ''മോസ്റ്റ് വയലന്റ് ഫിലിം'' എന്ന ടാഗ് ലൈനോടെ റിലീസ് ചെയ്ത ചിത്രം ഭൂരിഭാഗം പേരു കണ്ടുകഴിഞ്ഞതിനാല്‍ ഇനി അതിന്റെ പിറകെ പോകുന്നതില്‍ അര്‍ത്ഥമില്ല. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞത്, സിനിമയുടെ സാറ്റലൈറ്റ് പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് തീരുമാനം വൈകി വന്ന വിവേകമെന്നാണ്.

''ചിത്രം ഭൂരിപക്ഷം പേരും കണ്ടുകഴിഞ്ഞു. തീയറ്ററിലെ റിലീസിന് ശേഷം ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലുമെത്തി. ടി.വിയിലൂടെയും മൊബൈല്‍ സ്‌ക്രീനിലൂടെയും ബഹു ഭൂരിപക്ഷവും സിനിമ കണ്ടുകഴിഞ്ഞു. സിനിമയുടെ റിലീസിന് മുന്‍പ് കര്‍ശന നിലപാട് സ്വീകരിക്കണമായിരുന്നു. അങ്ങനെയെങ്കില്‍ വയലന്‍സ് രംഗങ്ങളില്‍ ചിലതെങ്കിലും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. തക്ക സമയത്ത് ഇടപെടല്‍ നടത്താതെ ഇപ്പോള്‍ നിലപാടെടുക്കുന്നതില്‍ എന്ത് പ്രസക്തിയാണുള്ളത്...'' കാതോലിക്കാ ബാവാ ചോദിക്കുന്നു.

ഈ ചോദ്യത്തിന് ബന്ധട്ടവരുടെ ഭാഗത്തുനിന്ന് മറുപടിയുണ്ടാകുമെന്ന് തോന്നുന്നില്ല. സമീപ കാലത്ത് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന ഗുരുതര കുറ്റകൃത്യങ്ങള്‍ അനിയന്ത്രിതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മാര്‍കോ പോലുള്ള സിനിമകളിലെ വയലന്‍സ് ചര്‍ച്ചയായത്. കുട്ടികളെയും യുവാക്കളെയും സിനിമയിലെ വയലന്‍സ് സ്വാധീക്കുന്നു എന്നായിരുന്നു വിമര്‍ശനം. കോഴിക്കോട് താമരശേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത ഷഹബാസിനെ കൊലപ്പെടുത്തിയവര്‍ 18 വയസില്‍ താഴെയുള്ളവരാണ്. ഇതോടെ കുട്ടികളെ അക്രമങ്ങളിലേയ്ക്ക് തള്ളിവിടുന്നതില്‍ വയലന്‍സ് സിനിമകള്‍ക്കും വലിയ പങ്കുണ്ടെന്നും വയലന്‍സ് കുത്തിനിറച്ച് റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കരുതെന്നും അക്ഷേപമുയര്‍ന്നു.

കൊടും ക്രൂരതകള്‍ പച്ചയ്ക്ക് കാണിക്കുന്ന ചിത്രം 'എ' സര്‍ട്ടിഫിക്കറ്റോടെയാണ് തീയേറ്ററിലെത്തിയത്. തീയേറ്ററില്‍ വന്‍ വിജയമായ ചിത്രം ഒ.ടി.ടിയിയും വാണിജ്യ വിജയം നേടി. വിവാദങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് മാര്‍കോയുടെ സാറ്റലൈറ്റ് പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചു. ടി.വി ചാനലുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്. 'എ' സര്‍ട്ടിഫിക്കറ്റുമായി പ്രദര്‍ശനാനുമതി നല്‍കിയതിനാലാണ് ഈ തീരുമാനമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സി.ബി.എഫ്.സി) പ്രാദേശിക ഓഫിസറായ ടി നദീം തുഫൈല്‍ പ്രതികരിച്ചു. ഒന്നല്ല ഒരുപാട് 'എ' സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാര്‍ക്കോയ്ക്ക് അര്‍ഹതയുണ്ടെന്നാണ് പടം കണ്ടവരുടെ പ്രതികരണം.

ചിത്രത്തിന് തീയേറ്റര്‍ പ്രദര്‍ശനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും നദീം പറഞ്ഞു. സിനിമയിലെ രംഗങ്ങള്‍ പൂര്‍ണമായി മുറിച്ചുമാറ്റിയുള്ള സെന്‍സറിങ് ഇപ്പോള്‍ നിലവിലില്ല. 'എ' സര്‍ട്ടിഫിക്കറ്റുള്ള സിനിമ 18 വയസില്‍ താഴെയുള്ളവരെ കാണാന്‍ അനുവദിക്കുന്നത് നിയമവിരുദ്ധമാണ്. പരാതി ലഭിച്ചാല്‍ തീയറ്ററില്‍ നിന്ന് 10,000 രൂപ വരെ പിഴ ഈടാക്കാമെന്നും നദീം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ്, മാര്‍ക്കോ ടിവിയില്‍ സംപ്രേഷണം ചെയ്യുന്നത് സി.ബി.എഫ്.സി തടഞ്ഞത്. യു അല്ലെങ്കില്‍ യു/എ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റാത്ത തരത്തില്‍ വയലന്‍സ് സിനിമയില്‍ ഉണ്ടെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ വിലയിരുത്തല്‍. ചാനലില്‍ ഇനി സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കണമെങ്കില്‍ വയലന്‍സ് ഉള്ള ഭാഗം നീക്കം ചെയ്യണമെന്ന് സി.ബി.എഫ്.സി നിര്‍ദേശിച്ചിട്ടുണ്ട്.

ഓരോ നിമിഷത്തിലും എത്ര അധികം വയലന്‍സ് കാണിക്കാമെന്ന പരീക്ഷണമാണ് മാര്‍കോയുടെ രചയിതാവും സംവിധായകനുമായ ഹനീഫ് അദേനി നടത്തിയിരിക്കുന്നത്. മാര്‍കോയുടെ ഫ്രെയിം ടു ഫ്രെയിം വയലന്‍ലാണ്. സ്വര്‍ണക്കള്ളക്കടത്തും ജ്വല്ലറി ബിസിനസും മാത്രമല്ല കൂട്ടത്തില്‍ ചിലര്‍ മയക്കുമരുന്ന് നിര്‍മാണവും വിതരണവും കൂടി നടത്തുന്ന കോടികളുടെ സാമ്രാജ്യമാണ് ചിത്രത്തിന്റെ പശ്ചാത്തലം. അതില്‍ കൊണ്ടും കൊടുക്കാനുമുള്ളത് പുറത്തു നിന്നുള്ള സംഘമല്ലെന്ന് മാത്രം. അകത്ത്, ഒന്നിച്ചു ബിസിനസ് ചെയ്യുന്നവര്‍ തന്നെയാണ് പരസ്പരം എതിരാളികളായി വരുന്നതും ചോര വീഴ്ത്തുന്നതും.

നായകന്‍ മാര്‍കോ സൂപ്പര്‍ ഹീറോയാണ്. അത് കുട്ടികളെ കൊണ്ട് തുടക്കത്തിലേ പറയിക്കുന്നുണ്ട്.  വന്‍ ഗുണ്ടാസംഘത്തെ ഒറ്റക്ക് എതിരിട്ട് ലക്ഷ്യത്തിലെത്തുന്ന നായകനെ 'സൂപ്പര്‍ ഡ്യൂപ്പര്‍ ഹീറോ' എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാന്‍..? വളര്‍ത്തു പുത്രനായ മാര്‍കോയുടെ മൂത്ത സഹോദരന്‍ ബിസിനസില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഇളയവനായ വില്ല്യമിനാകട്ടെ കണ്ണും കാണില്ല. ഇവരുടെ ഒറ്റപ്പെങ്ങള്‍ ആലീസിനും ഭര്‍ത്താവിനും കുടുംബ സ്വത്തുക്കള്‍ ഓഹരിവെക്കുന്നതിനെ കുറിച്ച് മാത്രമാണ് ചിന്ത.

ഇവര്‍ക്കെല്ലാമിടയില്‍ കുടുംബത്തോട് വലിയ സ്നേഹവും അതിലേറെ കടപ്പാടും വെച്ചുപുലര്‍ത്തുന്നവനാണ് മാര്‍കോ. തന്റെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ അത് ചോദിക്കാന്‍ അയാള്‍ മുന്നിട്ടിറങ്ങും. സിനിമയില്‍ മാര്‍കോ എത്ര പേരെ കൊലപ്പെടുത്തിയെന്ന് ചോദിച്ചാല്‍ നമ്മള്‍ പഠിച്ച മാത്തമാറ്റിക്‌സ് പോരാതെ വരും. അക്രമം എങ്ങനെയെല്ലാം കാണിക്കാമോ അതെല്ലാം സംവിധായകന്‍ കണ്‍ട്രോള് വിട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ എത്ര ഗുണ്ടകളും ക്രിമിനലുകളുമുണ്ടെന്നും അവര്‍ക്കെത്ര ലിറ്റര്‍ രക്തമുണ്ടെന്നും ഈ സിനിമ കാണിച്ചു തരുന്നുമുണ്ട്. ഇതു കണ്ട് പിള്ളേര് വഴിപിഴച്ച് പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.

സൂപ്പര്‍ ഡ്യൂപ്പര്‍ നായകനാണ് മാര്‍കോ എങ്കിലും അയാള്‍ കുടുംബത്തിന് ഏറ്റവും ആവശ്യം വന്ന ഒരു സന്ദര്‍ഭത്തില്‍ നിസ്സഹായനായിപ്പോയി എന്നു മാത്രമല്ല, ഒന്നിനും കൊള്ളാത്തവനുമായി മാറിപ്പോയതാണ് കഷ്ടം. ഭീകരമായ സിനിമയില്‍ ലോജിക്കിന് എന്തു പ്രസക്തി, അല്ലേ. മാര്‍കോയെ വട്ടപ്പൂജ്യമാക്കിയിട്ട് എന്തു നേടിയെന്ന ചോദ്യത്തിന് നിര്‍മാതാവിന് ബോധോദയം ഉണ്ടായി എന്നുത്തരം. മാര്‍ക്കോ പോലെ വയലന്‍സ് നിറഞ്ഞ സിനിമ ഇനി ചെയ്യില്ലെന്ന് നിര്‍മാതാവ് ഷരീഫ് മുഹമ്മദ് പറഞ്ഞു. വയലന്‍സ് പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ചെയ്ത ചിത്രമല്ല മാര്‍ക്കോയെന്നും പ്രേക്ഷകര്‍ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു. അത്രയും സമാധാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക