Image

ചെമ്മനം@ 99 (അനുസ്മരണം : നൈന മണ്ണഞ്ചേരി)

Published on 07 March, 2025
ചെമ്മനം@ 99 (അനുസ്മരണം : നൈന മണ്ണഞ്ചേരി)

ജീവിച്ചിരുന്നുവെങ്കിൽ 2025 മാർച്ച് 7-ന് മലയാളത്തിന്റെ പ്രിയ കവി ചെമ്മനം ചാക്കോ 99 വയസ്സ് ആഘോഷിക്കേണ്ട ദിവസമായിരുന്നു, ദൗർഭാഗ്യകരമെന്ന് പറയാം, ആക്ഷേപഹാസ്യ കവിതകൾ കൊണ്ട് മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്ന ചെമ്മനം ഏഴ് വർഷങ്ങൾക്ക് മുമ്പ് 2018-ൽ നമ്മെ വിട്ടു പിരിഞ്ഞു. രാജ്യം സാതന്ത്ര്യം ആഘോഷിക്കാൻ തയ്യാറെടുക്കുന്നതിന്റെ തലേ ദിവസം വൈകുന്നേരം ആഗസ്റ്റ് പതിനാലിന് രാത്രിയായിരുന്നു അത്.

അന്നു വരെ കണ്ടില്ലാത്ത പ്രളയത്തിന്റെ താണ്ഡവത്തിൽ നാടും നാട്ടുകാരും ഏറെ ബുദ്ധിമുട്ടിയ സമയം..ജനങ്ങളുടെ മനസ്സിൽ മറ്റൊരു ദു;ഖമായി മാറി ചെമ്മനത്തിന്റെ വേർപാട്. അവർ അത്രയ്ക്ക് സ്നേഹിച്ചിരുന്ന സാഹിത്യ  നായകനായിരുന്നല്ലോ അദ്ദേഹം. ജോലി സംബന്ധമായി തിരുവനന്തപുരത്ത് എത്തിപ്പെട്ട ചെമ്മനം ജോലിയിൽ നിന്ന് വിരമിച്ച ശേഷവും ഏറെ നാൾ അവിടെ തുടർന്നു. നർമ്മകൈരളി എന്ന തിരുവനന്തപുരത്തെ ചിരിക്കാരുടെ കൂടായ്മയുടെ അമരക്കാരിലൊരാളായി കാർട്ടൂണിസ്റ്റ് സുകുമാർ സാറിനൊപ്പം തിരുവനന്തപുരത്തെയും സമീപ ദേശങ്ങളിലെയും  ഹാസ്യകലാകാരന്മാരോടൊപ്പം എല്ലാ രണ്ടാം ശനിയാഴ്ച്ചയും തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ ജനങ്ങളെ ചിരിപ്പിക്കാൻ ഒത്തു കൂടി. ഇന്നും ഓൺലൈനിലൂടെ  നർമ്മകൈരളിയുടെ പരിപാടി എല്ലാ മാസവും നടക്കുന്നുണ്ട്.

എറണാകുളം കാക്കനാടിനു സമീപം പടമുകൾ എന്ന സ്ഥലത്തായിരുന്നു അദ്ദേഹം താമസം. അടുത്തു തന്നെ എറണാകുളം അമൃതാ ഹോസ്പ്പിറ്റലിലെ ഡോക്ടറായ മകളും.. തൃക്കാക്കര നഗരസഭ അർഹിക്കുന്ന ആദരവ് തന്നെ ചെമ്മനത്തിന് നൽകി. അദ്ദേഹം താമസിക്കുന്ന  റോഡിന് ചെമ്മനം റോഡ് എന്ന് പേരിട്ടു..അദ്ദേഹത്തിന്റെ വീട്ടു പേരും ചെമ്മനം എന്നു തന്നെയായിരുന്നു. മരിക്കുന്ന സമയം വരെ 92-ആം വയസ്സിലും പ്രസംഗങ്ങളും എഴുത്തുമൊക്കെയായി ചുറുചുറുക്കോടെ ഓടി നടന്ന ആളായിരുന്നു ചെമ്മനം..

അതേ പോലെ തന്നെ പ്രസരിപ്പാർന്ന വിമർശന ശരങ്ങളുമായി അനുവാചക മനസ്സിൽ ഏറെ അഭിരമിച്ചവയായിരുന്നല്ലോ അദ്ദേഹത്തിന്റെ കവിതകളും. പല കവിതകളും എണ്ണിപ്പറയാനുണ്ടെങ്കിലും ‘’ആളില്ലാക്കസേരകൾ’’ എന്ന കവിത പ്രത്യേകം പറയാതെ വയ്യ.

കാര്യങ്ങൾ നടന്നു  കിട്ടാൻ വേണ്ടി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന സാധാരണക്കാരന്റെ ദുരിതങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടാൻ ആ കവിത അവസരമൊരുക്കി.ആ കവിതയുടെ കോപ്പി എല്ലാ സർക്കാർ ഓഫീസുകളിലേക്കും അന്നത്തെ ചീഫ് സെക്രട്ടറി അയച്ചു കൊടുത്തു എന്ന് പറയുമ്പോൾ സമൂഹത്തിൽ  ആ കവിതയുണ്ടാക്കിയ അനുരണനങ്ങൾ എത്ര മാത്രമാണെന്ന് പറയേണ്ടതില്ലല്ലോ?

’’മോളിലായ് കറങ്ങുന്നു പങ്കകൾ,താഴെയെങ്ങു--

മാളില്ലാ കസേരകൾ,പ്യൂണില്ലാക്കാവാടങ്ങൾ’’

എന്ന അവസ്ഥയിൽ നിന്നും കുറച്ചെങ്കിലും ഒരു മാറ്റമുണ്ടാകാൻ ചെമ്മനത്തിന്റെ ആ കവിതയും ഒരു പങ്കു വഹിച്ചിട്ടുണ്ട്.

മറ്റൊരു പ്രശസ്ത കവിതയാണല്ലോ ‘’ഒടിഞ്ഞ വില്ല്’’.. നമ്മുടെ വിദ്യാലയങ്ങളുടെ ദുരവസ്ഥ എത്ര ഭംഗിയായി ചെമ്മനം പകർത്തി വെച്ചു.

ആരാണ്  ത്രൈയമ്പകം വില്ലൊടിച്ചതെന്ന് സ്‍ക്കൂളിൽ പരിശോധനയ്ക്ക് വന്ന എ.ഇ.ഒ.യുടെ  ചോദ്യത്തിന് ‘’ഞാനല്ല സാർ’’ എന്ന് കുട്ടിയുടെ മറുപടി.അവനങ്ങനെ ഒരു പെൻസിൽ പോലും  ഒടിക്കുന്ന ആളല്ല എന്ന് അദ്ധ്യാപകൻ, താൻ വന്നിട്ട് വിദ്യാലയത്തിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പ്രധാനാദ്ധ്യാപകൻ..ഒടുവിൽ സർക്കാരിലേക്ക് റിപ്പോർട്ട് പോയി.

‘’ബീ കെയർഫുൾ,വില്ല് ആരുടെതെന്ന് അറിയും വരെ സ്റ്റോറിൽ തന്നെ സൂക്ഷിക്കുവാ’’നായിരുന്നു അവിടെ നിന്ന് മറുപടി..അങ്ങനെ, ഓർക്കുമ്പോൾ ചിരി വിടർത്തുന്ന  എത്രയെത്ര കവിതകൾ ആ തൂലികത്തുമ്പിൽ നിന്നും ഉതിർന്നു വീണു മലയാളത്തെ സമ്പന്നമാക്കി..കേവലം ചിരിയ്ക്ക് അപ്പുറം സാമൂഹിക വിമർശനവും നിറഞ്ഞ് ചിന്തിപ്പിക്കുന്നവയുമായിരുന്നു, ചെമ്മനം കവിതകൾ..

മാതൃഭാഷയുടെ മഹത്വം ഉൾക്കൊള്ളുന്ന , മാതൃഭാഷയോടുള്ള അവഗണനയ്ക്കെതിരെ രോഷം പ്രകടിപ്പിക്കുന്ന  പല കവിതകളും ചെമ്മനം എഴുതിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു കവിതയാണ് ‘’മമ്മി’’ .. മലയാള ഭാഷയുടെ പ്രസക്തിയും പ്രാധാന്യവും എടുത്തു കാണിക്കുന്ന ഒരു കവിതയായിരുന്നു അത്.

മരിക്കാൻ സമയമായിട്ടും മരിക്കാതെ കിടക്കുകയാണ് മുത്തശ്ശി.. അന്വേഷണത്തിന്റെ  അവസാനമാണ്  കാര്യം മനസ്സിലായത്. കാണാൻ വരുന്ന മക്കളും ചെറുമക്കളുമൊക്കെ ‘’മമ്മീ ഡിയർ മമ്മീ.ഗ്രാൻമമ്മീ..എന്നൊക്കെയാണ് മുത്തശ്ശിയെ വിളിക്കുന്നത്,ആരെങ്കിലും ’’മുത്തശ്ശീ’’  എന്ന് മാതൃഭാഷയിൽ ഒന്ന്  വിളിക്കുന്നത് കേട്ടിട്ട് മരിക്കാൻ വേണ്ടിയാണ്  അവർ കാത്ത് കിടക്കുന്നത്  

’’അമ്മയെന്നൊരു വാക്കു വിളിക്കുന്നതു കേട്ടു

ജന്മമൊന്നൊടുങ്ങുവാൻ മക്കളേ കൊതിപ്പു ഞാൻ..’’

മലയാളത്തോടുള്ള സ്നേഹം ചെമ്മനത്തിന്റ പല കവിതകളിലും കാണാം.കവിതയിൽ മാത്രമല്ല ജീവിതത്തിലും അക്കാര്യത്തിൽ വളരെ ശ്രദ്ധാലുവായിരുന്നു അദ്ദേഹം.ഭരണഭാഷാ വാരാചരണത്തോട് അനുബന്ധിച്ചുള്ള ഒരു ചടങ്ങിൽ ചെമ്മനം പറഞ്ഞത് ‘’മലയാളത്തിൽ എഴുതാത്ത ഉദ്യോഗസ്ഥരുടെ തല മൊട്ടയടിക്കണം’’ എന്നാണ്.

ചെമ്മനത്തോടൊപ്പം അവിസ്മരണീയമായ ഒരു ചിത്രം

സമൂഹത്തിലെ അനീതികൾക്കെതിരെയും അധർമ്മങ്ങൾക്കെതിരെയും പൊരുതിയപ്പോൾ ചെമ്മനം കക്ഷി രാഷ്ട്രീയം നോക്കിയില്ല.അതു കൊണ്ട് തന്നെ ചിലരൊക്കെ അദ്ദേഹത്തെ തെറ്റിദ്ധരിച്ചിട്ടുമുണ്ട്.പിന്നീട് പലരും തെറ്റിദ്ധാരണ മാറ്റി സുഹൃത്തുക്കളായിട്ടുമുണ്ട്.

കുഞ്ചൻനമ്പ്യാർക്കു ശേഷം മലയാളത്തിൽ ആക്ഷേപഹാസ്യത്തെ [ചെമ്മനത്തിന്റെ ഭാഷയിൽ വിമർശ ഹാസ്യം] ഇത്ര ഫലപ്രദമായി വിനിയോഗിച്ച മറ്റൊരു കവിയില്ല. അതു കൊണ്ടു തന്നെ അദ്ദേഹത്തെ ആധുനിക കുഞ്ചൻനമ്പ്യാരെന്ന് വിളിക്കുന്നത് അക്ഷരാർത്ഥത്തിൽ തന്നെ ശരിയാണ്. ആ വിയോഗം അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും മലയാളസാഹിത്യത്തിനും തീരാനഷ്ടം തന്നെയായിരുന്നു..

ചെമ്മനത്തിന്റെ രണ്ടാമത്തെ മകൾ ഇംഗ്ളണ്ടിലാണ്. കുറച്ചു നാൾ അവിടെ താമസിക്കാൻ പോയ കാലത്ത് മകളും മരുമകനുമൊക്കെ ജോലിക്ക് പോകുമ്പോൾ ഒറ്റയ്ക്കായ വിരസത മാറ്റാൻ വേണ്ടിയാണ് തന്റെ കവിതകളിലെ ആശയങ്ങൾ ലേഖന രൂപത്തിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇത് പിന്നീട് നാലു  വിമർശ ഹാസ്യ സമാഹാരങ്ങളായി പ്രസിദ്ധീകരിച്ചു.

വ്യക്തിപരമായി ഏറേ അടുപ്പമുണ്ടായിരുന്ന ഒരു ചേട്ടനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. ‘’ചെമ്മനം സാർ’’ എന്ന് വിളിക്കുമ്പോൾ അദ്ദേഹം തന്നെയാണ് പറഞ്ഞത്, ‘’എന്നെ ചെമ്മനം ചേട്ടൻ’’ എന്ന് വിളിച്ചാൽ മതി എന്ന്. എന്റെ ഒരു പുസ്തകത്തിന് അവതാരിക എഴുതി തന്നതിലൂടെയാണ് ചെമ്മനം ചേട്ടൻ എനിക്ക് പ്രിയങ്കരനായി മാറിയത്.. പല തവണ പറഞ്ഞ് ,  ഒരു ദിവസം, തീരെ പ്രതീക്ഷിക്കാതെ അദ്ദേഹം എഴുതി തന്ന അവതാരിക ഒരു തുടക്കക്കാരനായിരുന്ന എനിക്ക് എത്ര പ്രോൽസാഹനമാണ് തന്നത് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. പിന്നീട് എന്റെ പുസ്തകം പ്രകാശനം ചെയ്യാൻ എത്തിയും ചേട്ടൻ എനിക്ക് തന്ന പിന്തുണ ഒരിക്കലും മറക്കാൻ കഴിയില്ല.

മരിച്ച് ഏഴ് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും ചെമ്മനത്തിന് പകരം  വെക്കാൻ, അഴിമതിക്കെതിരെ, അനീതിക്കെതിരെ മുഖം നോക്കാതെ പ്രതികരിക്കാൻ ഒരു പിന്തുടർച്ചക്കാരനില്ലെന്നതാണ് സത്യം,  കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞതു പോലെ, ‘’ആത്മഹത്യയ്ക്കും കൊലയ്ക്കും ഇടയിലൂടെ ആർത്തനാദം പോലെ പായുന്ന’’ കേരളത്തിന്റെ ഇന്നത്തെ അവസ്ഥയോർത്ത് ഈ 99—ആം ജന്മദിനത്തിൽ അങ്ങ് പരലോകത്ത് ഇരുന്ന് മലയാളികളുടെ പ്രിയ കവി ചെമ്മനം പരിതപിക്കുന്നുണ്ടാവണം..
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക