Image

സ്ത്രീമനസ്സിന്റെ മിടിപ്പുകൾ (നിരൂപണം: സുധീർ പണിക്കവീട്ടിൽ)

Published on 07 March, 2025
സ്ത്രീമനസ്സിന്റെ മിടിപ്പുകൾ (നിരൂപണം: സുധീർ പണിക്കവീട്ടിൽ)

കവിത രചിച്ചിരിക്കുന്നത് ഒരു വനിതയാണ്. അതുകൊണ്ട് സ്ത്രീപക്ഷ കവിതകൾ എന്ന വിഭാഗത്തിലേക്ക് ഇവയെ തരം  തിരിക്കുക വായനക്കാരുടെ ഒരു രീതിയാണ്.  ശ്രീമതി ആൻസിയുടെ  കവിതകൾ അവരുടെ വ്യത്യസ്തമായ അനുഭവങ്ങളുടെ ആവിഷ്കാരമായി കണക്കാക്കാം. അവരുടെ ചിന്തകളും മുന്നിൽ പ്രത്യക്ഷപ്പെടുന്ന  കാഴ്ചകളും തമ്മിൽ പൊരുത്തപ്പെടാതെ  വരുന്നതിനെ അപഗ്രഥനം ചെയ്യുമ്പോൾ ജനിക്കുന്ന ആശയങ്ങൾ കവിതകളായി പരിണമിക്കയാണ്. തീർച്ചയായും കവിതകളിൽ സ്ത്രീഇടങ്ങൾ ഉണ്ട്. എന്നാൽ അവയിൽ സ്ത്രീവാദം (ഫെമിനിസം) കാണുന്നില്ലെന്ന്  പറയാൻ കഴിയില്ലെങ്കിലും  കുറവാണ്. ആകെ ഇരുപത്തിയെട്ട് കവിതകൾ ആണ് ഇതിലുള്ളത്. ഗദ്യകവിതകളിൽ   വൃത്തനിബദ്ധമായ കവിതകളുടെ സ്വഭാവമുള്ളവയുണ്ട്. വൃത്തഗന്ധിയല്ലാത്ത സ്വഭാവം പ്രകടിപ്പിക്കുന്നവയും  ഉണ്ട്. വർണ്ണന, വ്യാഖ്യാനം, ഭാവകല്പന  എന്നിവ ഗദ്യത്തിലുമുള്ളതുകൊണ്ട് ഗദ്യകവിതകൾ കവിതകളുടെ ഗണത്തിൽ  പെടുത്താവുന്നതാണ്. ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത വാക്കുകളാൽ സൃഷ്ടിക്കുന്ന താളാത്മകത ഗദ്യകവിതകളെ കൂടുതൽ മികച്ചതും വായനാസുഖം നല്കുന്നതുമാക്കുന്നുണ്ട്.
ശ്രീമതി ആൻസിയുടെ  കവിതകൾ ശ്രദ്ധിച്ചാൽ കേൾക്കുന്നത് സ്ത്രീമനസ്സുകളുടെ മിടിപ്പുകളാണ്. ജീവിത മുഹൂർത്തങ്ങൾ സ്ത്രീകൾ കുറിക്കുന്നത് എങ്ങനെയെന്ന കണക്കുകൂട്ടലുകളുടെ നേർചിത്രങ്ങൾ അവയിൽ കാണാം.  പ്രകൃതിയും സ്ത്രീയും ചൂഷണവിധേയമാകുന്ന രണ്ടു നിസ്സഹായാർ. അപ്പോൾ അവരുടെ ചിന്തകളിൽ അവധാനപൂർവമായ  കടിഞ്ഞാൺ അവർ കരുതുന്നു. എഴുത്തുകളിൽ അവ പ്രകടമാകുന്നത് സ്വാഭാവികം. പ്രണയം, വാത്സല്യം, ബന്ധങ്ങൾ, സ്ത്രീയുടെ മോഹങ്ങൾ. ഭാവനകൾ, ഹർഷോന്മാദങ്ങൾ അങ്ങനെ വൈവിധ്യമാർന്ന വികാരങ്ങളിൽ നിന്നും പിറന്ന ജീവിത സങ്കല്പങ്ങൾ ഓരോ കവിതകളിലും നിറഞ്ഞു നിൽക്കുന്നുണ്ട്. പ്രണയത്തിന്റെ മുന്തിരിവള്ളികൾ പടരുന്ന കവിതകളാണ് മാറ്റിവച്ച വിഡ്ഢിത്തം, മുന്തിരിനട്ടു നിങ്ങൾക്കായി, കണ്ടുമുട്ടാത്ത  രണ്ടുപേർ, കള്ളം മഷിവരച്ച കണ്ണുകൾ എന്നിവ. സ്ത്രീയെ അന്നപൂർണേശ്വരി ആയി കാണുന്ന കവയിത്രി മിക്കവാറും കവിതകളിൽ ഭക്ഷണവും, ഭക്ഷണപദാർത്ഥങ്ങളും, അടുക്കളയും, പാത്രങ്ങളുമൊക്കെ വിവരിക്കുന്നുണ്ട്. പ്രണയത്തിനെ  അതിന്റെ ഉദാത്തഭാവത്തിൽ കാണാനാണ് കവയിത്രി ഇഷ്ടപ്പെടുന്നത്. ത്യാഗനിർഭരമായ, നിസ്വാർത്ഥമായ സ്നേഹം. കവിതയിലെ കഥാപാത്രങ്ങളിലൂടെ ആ സങ്കല്പം അവർ ദൃഢീകരിക്കുന്നു.


കവിതസമാഹാരത്തിന്റെ പേര് "ഭാനുമതി". അതൊരു സംസ്കൃതപദമാണ് സൂര്യനെപ്പോലെ പ്രകാശിക്കുന്നവൾ എന്നർത്ഥം. തേജസ്സും സൗന്ദര്യവുമുള്ള സ്ത്രീകളെ വർണ്ണിക്കാൻ ഈ വാക്കുപയോഗിക്കുന്നു. ഈ സമാഹാരത്തിലെ ഒരു കവിതക്ക് ഭാനുമതി എന്നാണു ശീർഷകം കൊടുത്തിരിക്കുന്നത്.  സ്ത്രീകൾ സുന്ദരിമാരും ശോഭയുള്ളവരുമെന്നു അവരെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ എഴുതുന്നതിനു മുന്നേ വായനക്കാരെ അറിയിക്കുകയായിരിക്കും  ഈ പേര് കൊടുത്തതിലൂടെ കവയിത്രിയുടെ ഉദ്ദേശ്യമെന്ന് അനുമാനിക്കുന്നു. അതേസമയം ഭാനുമതി മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്. വളരെയധികമൊന്നും അറിയാത്ത എന്നാൽ വളരെ പ്രാധാന്യമുള്ള ഒരു വ്യക്തി. പല സ്ത്രീകളും അങ്ങനെ വിസ്മരിക്കപ്പെട്ടുപോകുന്നു. മന്ത്രങ്ങൾ ഉച്ചരിക്കാനോ മതങ്ങൾ അനുശാസിക്കുന്ന പൂജകൾ ചെയ്യാനോ അനുവാദമില്ലാത്ത മോക്ഷസാധ്യതയില്ലാത്ത വെറും ജഡവസ്തുവാണു സ്ത്രീ എന്ന് മനുസ്മൃതി പറയുന്നു. പരപുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ സ്മാർത്ത വിചാരം ചെയ്യുമ്പോൾ സ്ത്രീ വെറും  സാധനമാകുന്നു. പാചകം, പതിസേവ അടുക്കളയിൽ ദിവസത്തിലെ ഏറിയ സമയവും സ്ഥിരവാസം ഇതിൽ നിന്നെല്ലാം സ്ത്രീ മോചിതയായിരിക്കുന്നു എന്ന് പൂർണ്ണമായി കവയിത്രി സമ്മതിക്കുന്നില്ല. കവിതകളിൽ സ്ത്രീ ബിംബങ്ങൾ ഉണ്ട്. എന്നാൽ അത് പുരുഷന്മാർ കാണുകയും വിവരിക്കുകയും ചെയ്തതിൽ നിന്നും വ്യത്യസ്തമാണ്. എന്നാൽ ഇതിലെ കവിതകളെ സ്ത്രീപക്ഷ കവിതകൾ എന്ന് പറയാൻ കഴിയുകയില്ല. തങ്കം,അമ്മു തുടങ്ങിയ ചെല്ലപ്പേരുകളിൽ നിന്നും സ്വതന്ത്രയായി ഭാനുമതിയാകുന്നു സ്ത്രീ.  തേജസ്സുള്ളവൾ, പ്രകാശം ചൊരിയുന്നവൾ. സ്ത്രീയുടെ ഉത്കൃഷ്ടമായ പ്രയാണം കവി കാണുന്നു ശുഭാപ്തി  വിശ്വാസത്തോടെ.
ദൈനംദിന മനുഷ്യജീവിതത്തിലെ നിരവധി കാഴ്ചകളുടെ കാവ്യാവിഷ്കാരമാണ് ശ്രീമതി ആൻസിയുടെ  കവിതകൾ. ചരിത്രവസ്തുതകളെ വർത്തമാനകാലസംഭവങ്ങളുമായി കൂട്ടിയിണക്കുന്ന അന്യാദൃശ്യമായ ചാരുത കവിതകളിൽ കാണാം. നമുക്ക് പരിചിതമായ വിവരങ്ങൾ പകർത്തുമ്പോൾ ഒരു നിമിഷം അതു  നമ്മെ ചിന്തിപ്പിക്കുന്നു. ബൈബിളിലെ യൂദാസിന്റെ  ചുംബനവും ഒറ്റുമൊക്കെ നമ്മൾ വായിക്കുകയും മനഃപാഠമാക്കുകയും ചെയ്തതെങ്കിലും ശ്രീമതി ആൻസിയുടെ  ഒറ്റുകാർ എന്ന കവിത വായിക്കുമ്പോൾ അതിൽ യൂദാസ് ഇത്തിരി വെട്ടത്തിൽ മുഖമുയർത്തി നടന്നുവരുന്നു. യേശുവിനെ ഒറ്റികൊടുക്കാൻ. മറ്റു ശിഷ്യന്മാർ ശിരസ്സു കുനിച്ചിരിക്കുന്നു. ഭക്ഷണം കഴിക്കുമ്പോഴും അവർ കർത്താവിനെ കുറിച്ച് ചിന്തിക്കുന്നില്ല. ഒറ്റുകാരൻ നേരിട്ട് വന്നു  കാര്യം സാധിച്ചുപോയി. ഇന്നത്തെ കാലം അത്  ആവർത്തിക്കുന്നുണ്ട്. ശിരസ്സു കുനിച്ചിരിന്നവരിൽ ഒരാൾ ഗുരു പിടിക്കപ്പെട്ടപ്പോൾ വാൾ ഊരുന്നതായി ബൈബിളിൽ പറയുന്നുണ്ട്. ആർക്കുവേണ്ടി ത്യാഗവും കഷ്ടപ്പാടും അനുഭവിച്ചോ അവർ മൗനം പാലിക്കുന്നു. അവരിൽ ഒരാൾ ഒറ്റികൊടുക്കുന്നു.  ഇന്നും വിശ്വസിക്കുന്നവരാൽ വഞ്ചിക്കപ്പെടുന്നു ലോകം.  
അതേപോലെയാണ് സമാപ്തി എന്ന കവിത. പ്രണയദിനത്തിൽ കമിതാക്കൾ ശീതോഷ്ണക്രമീകരണം ചെയ്ത കഫെയിൽ കോഫി  കപ്പ് മുന്നിൽ വച്ച് കുടിക്കാതെ എന്തോ ചർച്ചയിൽ ഇരിക്കുന്നത്   അവർക്ക് പിന്നാലെ കയറിയവർ  കാണുന്നു. കമിതാക്കൾ കലഹിച്ച് രണ്ടുവഴിക്ക് വേർപിരിയുന്നു. ആധുനികതയുടെ സംവിധാനങ്ങളിൽ അരങ്ങേറുന്ന ആഘോഷങ്ങളേക്കാൾ പഴമയുടെ സുഗന്ധം തങ്ങിനിൽക്കുന്ന നാളുകളിലേക്ക് കവി കണ്ണോടിക്കുന്നു. പ്രതീകാത്മകമായി  അവർ സമോവറിൽ തിളയ്ക്കുന്ന ചായയും, കൂടിച്ചേരുന്ന തിളപ്പൻ പാലും ചേരുന്ന ചായയുടെ  രുചി  ഓർക്കുന്നു.പ്രണയം ഇന്നത്തെ  പകിട്ടുകളിൽ അല്ല  പഴമയുടെ ശാലീനതയിൽ ആണെന്ന് അവർ ആലോചിക്കുന്നു.
താഴെ പറയുന്ന കവിതകളെ സ്ത്രീപക്ഷത്തു നിന്ന് വായിക്കാവുന്നതാണ്. അതിൽ തന്നെ കാഴ്ചപ്പാട് വിഭിന്നമാണ്‌.  അച്ഛൻ മരിച്ചുപോയ പെൺകിടാങ്ങൾ എന്ന കവിത പുരുഷനെ ആശ്രയിക്കുന്ന സ്ത്രീയെയല്ല ആവിഷ്കരിക്കുന്നത്. അതിൽ മകളുടെ സ്നേഹമാണ്. പെണ്മക്കളുടെ മനസ്സിലെ സത്യമാണ് അച്ഛൻ. അച്ഛൻ ഒരു പുരുഷൻ ആണെന്ന് വാദിച്ചു  അത്തരം വികാരങ്ങളെ വേറിട്ട വ്യാഖ്യാനിക്കാമെങ്കിലും അവിടെ നിർമ്മലമായ വാത്സല്യത്തിന് പ്രാധാന്യം. അത് പ്രകൃതിയുടെ നിയോഗമാണ്. നഷ്ടപ്പെട്ടവർ എന്ന കവിതയും എത്തിപ്പെട്ട ഇടത്തുനിന്നും  രക്ഷപെടാൻ മോഹിക്കുന്ന അല്ലെങ്കിൽ സ്വതന്ത്രയാകാൻ മോഹിക്കുന്ന ഒരു സ്ത്രീയുടെ   ചിന്തകളാണ്. പക്ഷെ അതെങ്ങനെ പ്രായോഗികമാക്കുമെന്നറിയാനുള്ള ഉൾക്കാഴ്ചയില്ലെന്നു സ്വയം അനുമാനിക്കുന്നു. അമ്മയുടെ ഉപദേശങ്ങൾ തിരിച്ചറിയാൻ കഴിയാതെപോയതിൽ നിരാശ പ്രകടിപ്പിക്കുമ്പോൾ അതിനെ സ്ത്രീയുടെ ബലഹീനതയായി കണക്കാക്കാം. യോജിക്കാത്ത പടത്തിലും ഒരു വീട്ടമ്മയുടെ ആവലാതികളാണ്. അടുക്കളയിൽ നഷ്ടപെടുന്നതിനൊക്കെ പകരം കണ്ടെത്താനുള്ള കഴിവുണ്ടെങ്കിലും ഒരു അപകർഷതബോധം അവരിൽ ഉണ്ടാകുന്നത് താൻ ഒരു സ്ത്രീയാണെന്ന ചിന്ത സ്വാധീനിക്കുന്നതുകൊണ്ടാണ്. അറുത്തുമാറ്റാം അടുക്കള എന്നത് അടുക്കളയിൽ നിന്നും മോചനം ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ ചിന്തകളായി കൂട്ടുമ്പോൾ തന്നെ ഒന്നിനും സമയമില്ലാതെ വ്യത്യസ്തദിശകളിൽ സഞ്ചരിക്കുന്ന കുടുംബാംഗങ്ങൾക്ക് അടുക്കള എന്ന ഒരു സ്ഥാനത്തിന്റെ  ആവശ്യമില്ല അത് എവിടെയായാലും എന്ത് എന്ന ധ്വനിയുമുണ്ട്.  ഒരു  സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ ഇതിനെ കാണാം. 
സമാഹാരത്തിലെ എല്ലാ കവിതകളെയും കുറിച്ച്  പ്രത്യേകമായി പരാമർശിക്കുന്നില്ലെങ്കിലും മുഴുവൻ കവിതകളിലെ ആശയങ്ങളെ  പ്രകടിപ്പിച്ചിട്ടുണ്ട്. വായനക്കാർക്ക് കവിതകൾ എല്ലാം തന്നെ പ്രിയങ്കരമായിരിക്കുമെന്നതിനു സംശയമില്ല.ശ്രീമതി ആൻസി സാജന് ഭാവുകാശംസകൾ നേരുന്നു.
പുസ്തകത്തിന്റെ കോപ്പികൾക്കായി മാക്ബെത് പബ്ലിക്കേഷൻ ആൻഡ് മീഡിയ, കോഴിക്കോട് വാട്സാപ്പ് നമ്പർ 91 85476 49848.
ശുഭം
 

Join WhatsApp News
ആൻസി സാജൻ 2025-03-07 12:45:25
വായനയിലൂടെ അപഗ്രഥിച്ച് വിശദാംശങ്ങൾ പകരുന്ന സൂക്ഷ്മ നിരൂപണം. കവിതയുടെ വ്യത്യസ്ത അർത്ഥാകാശങ്ങൾ കണ്ടെത്തി ' ഭാനുമതി ' യെ പറക്കാനനുവദിക്കുന്ന എഴുത്തിന് ശ്രീ സുധീർ പണിക്കവീട്ടിലിന് കൃതജ്ഞത...🙏🏻
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക