രാവിലെ ജനനിയെ വിളിച്ചപ്പോൾ സിത്താര രാത്രിയിൽ നന്നായി ഉറങ്ങിയെന്നും ഡോക്ടറുടെ അഭിപ്രായപ്രകാരം രണ്ടു ദിവസം കൂടി ആശുപത്രിയിൽ താമസിക്കണമെന്നും പറഞ്ഞു .
പാത്തുവിനെ രാവിലെ മുറിയിൽ പോയി കണ്ടു . അവൾക്കും കുഴപ്പമില്ല . ഉച്ചക്കു മുൻപേ ഡിസ്ചാർജ് കിട്ടും .
ആശുപത്രിയിലെ ബില്ലടക്കാൻ സംഘമിത്ര വരുമോ എന്നു ജനനി ആരാഞ്ഞു . ബില്ലടച്ച് , പാത്തുവിനെയും മെഹറുനിഷയെയും കൂട്ടി തിരികെ പോരാം .
പതിനൊന്നു മണിയോടെ എത്താമെന്ന് പറഞ്ഞു.
കുറച്ചു മാസങ്ങൾ മുൻപുവരെ സിത്താരയുടെ അച്ഛൻ , പണം അയച്ചിരുന്നു . ഇപ്പോൾ അത് നിലച്ചിരിക്കുന്നു. അയാളെ കുറ്റംപറയാൻ സാധിക്കില്ല.
ഈ സ്കൂൾ കെട്ടിടം അയാൾ വാങ്ങി തന്നതാണ് .
ഇതു തുടങ്ങാനുള്ള സാമ്പത്തിക സഹായവും അയാളുടേതായിരുന്നു .
അദ്ദേഹം വീണ്ടും വിവാഹിതനായി . ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നത് ശരിയല്ലല്ലോ .
അഭിനന്ദൻ പതിവുപോലെ വിളിച്ചു . ആശുപത്രിയിൽ കൂട്ടിക്കൊണ്ടു പോകാമെന്നു പറഞ്ഞെങ്കിലും അവൾ സ്നേഹപൂർവ്വം അത് നിരസിച്ചു . ഇതൊക്കെ തനിക്കു തനിയെ ചെയ്യാവുന്ന കാര്യങ്ങളാണ് .
ജനനി മിത്രയെ കാത്തിരിക്കുകയായിരുന്നു ബില്ലടക്കാൻ.
ആശുപത്രി റിസപ്ഷനിൽ നിന്നും രണ്ടു പ്രാവശ്യം വിളിച്ചിരിക്കുന്നു .
സിത്താരയുടെയും പാത്തുവിന്റെയും ബില്ലിന്റെ പണമടച്ചു . മെഹറുനിഷയെയും പാത്തുവിനെയും യൂബറിൽ കയറ്റി സ്കൂളിലേക്ക് വിട്ടു .
"ഇവളുടെ ഉപ്പയോട് കുറച്ചു പണം ഞാൻ ചോദിച്ചിട്ടുണ്ട് .. തരുമായിരിക്കുമെന്നു തോന്നുന്നു.. " വണ്ടിയിൽ കയറുമ്പോൾ മെഹറുനിഷ പറഞ്ഞു .
" അതൊന്നും ഇപ്പോൾ ആലോചിക്കേണ്ട , പാത്തുവിനെ ശ്രദ്ധിക്കൂ,
കുറച്ചു കാര്യങ്ങൾ ജനനിയുമായി ചർച്ച ചെയ്യാനുണ്ട് .
ഞാൻ ഉടനെ തിരികെ വരാം.. "
എന്നു പറഞ്ഞ് അവരെ യാത്രയാക്കി .
ഒന്നാമതായി സിത്താരയുടെ ആരോഗ്യം , രണ്ടാമത് , സംഗീത പരിപാടിയുടെ തിയതി .
ജനനിക്കു സിത്താരയുടെ ആരോഗ്യത്തെക്കുറിച്ച് അറിയാമായിരുന്നു . ഡോക്ടർ പറഞ്ഞിരിക്കുന്നു .
കഴിഞ്ഞ പ്രാവശ്യം സംസാരിച്ചതു പോലെ വികാരാധീനയാകാതെയാണ് വിവരങ്ങൾ പറഞ്ഞു തുടങ്ങിയത് .
" ഡോക്ടർ വിശദമായി എല്ലാം പറഞ്ഞു .
അവൾ ഇനി എത്രനാൾ എന്റെകൂടെ , അല്ല നമ്മുടെ കൂടെ ഉണ്ടാകുമെന്ന് അറിയില്ല . ചിലപ്പോൾ ദിവസങ്ങൾ . ഒരുപക്ഷെ മാസങ്ങൾ , എന്റെ കുഞ്ഞ് ഒരുപാട് കഷ്ടപ്പെടുന്നു .
ഇനി എനിക്കതു കാണാൻ വയ്യാ.. "
ഇതുകേട്ടുകൊണ്ടിരിന്നപ്പോൾ കൂടുതൽ ദുഃഖിതയായതു മിത്രയാണ് .
ഒന്നും സംഭവിക്കില്ല എന്നൊന്നും പറയാൻ സാധിക്കില്ലല്ലോ . അതിനാൽ വെറുതെ കേട്ടിരുന്നു .
" എനിക്കറിയാം ഹോസ്പിറ്റൽ ചിലവ് അധികമാണെന്ന് . ഇപ്പോൾ എന്റെ മുൻപിൽ അവളുടെ കംഫോർട് മാത്രമേയുള്ളു . സിത്തുവിന്റെ അച്ഛന് ഞാൻ ഒരു മെസ്സേജ് അയച്ചിട്ടുണ്ട് . ഇനി അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ എന്റെ പേരിൽ കുറച്ചു സ്ഥലം നാട്ടിലുള്ളത് , നമുക്കങ്ങ് വിൽക്കാം.. "
" എന്തിനാ ചേച്ചി നിങ്ങൾ ഇത്രക്കൊക്കെ ചിന്തിക്കുന്നത് .. ഇപ്പോൾ ചിലവാക്കാനുള്ളത് ബാങ്കിലുണ്ട് .
പണം ആവശ്യത്തിനുള്ളതല്ലേ കൂടാതെ സംപ്രീതി ഒരു സംഗീതപരിപാടിയുടെ കാര്യം പറഞ്ഞു . പ്രസിദ്ധനായ സംഗീതജ്ഞൻ പ്രതീപ്‌ചന്ദ്രൻ നമ്മുടെ സ്കൂളിന്റെ ധനശേഖരണാർത്ഥം ഒരു പരിപാടി നടത്താമെന്നു സമ്മതിച്ചു. അതിന്റെ ഹാളും മറ്റുകാര്യങ്ങളും പ്രീതി നോക്കും . തീയതി തീരുമാനിച്ചു പറഞ്ഞാൽ മതി . സെപ്റ്റംബർ 5 , ടീച്ചേർസ് ഡേ , അന്ന് നടത്തിയാലോ.. ?"
" നീ ആലോചിച്ചു തീരുമാനിച്ചോ . വിനോദിനിയും പദ്മയുമായി ആലോചിച്ചു തിയതി തീരുമാനിച്ചോ . എന്തോ എനിക്ക് ഒന്നും ചിന്തിക്കാൻ വയ്യാ .
എന്റെ ബ്രെയിൻ ക്ലോഗ്ഗേഡ് ആണ്.. "
കുറച്ചു സമയംകൂടി അവിടെ ചിലവഴിച്ചു മിത്ര തിരികെ പോയി .
ജനനി കുറച്ചു സമാധാനമായിരിക്കുന്നത് കണ്ടത് , ഒരാശ്വാസം .
വിനോദിനിച്ചേച്ചിയും പദ്മക്കയും സംഗീതപരിപാടിയുടെ വിവരം കേട്ടതും സെപ്റ്റംബർ 5 മതിയെന്ന് പറഞ്ഞു .
സംപ്രീതിക്കു വിവരത്തിനു മെസ്സേജ് അയച്ചു . എന്താണെങ്കിലും അഭിനന്ദനോടും ഈ വിവരം പറയണം .
ഫോൺ വിളിച്ചപ്പോൾ , ലൈൻ ബിസി ആയിരുന്നു . അയാൾ തിരികെ വിളിച്ചപ്പോൾ സംഗീത പരിപാടിയുടെ വിവരം പറഞ്ഞു .
" പ്രതീപ്‌ചന്ദ്രൻ എനിക്ക് പരിചയമുള്ള ആളാണ് .
ഞാനും ഒരു വാക്കു പറയാം.. "
ഫോൺ വെക്കുമ്പോൾ അയാൾ ചോദിച്ചു ..
" സന്ധ്യയ്ക്കു വീട്ടിലേക്കു വരുമോ .. ?
'അമ്മ തിരക്കുന്നുണ്ടായിരുന്നു .
കഞ്ഞി ഉണ്ടാകും കേട്ടോ.."
ചിരിച്ചുകൊണ്ടാണതയാൾ പറഞ്ഞത് .
" വരാൻ സാധിച്ചാൽ , ഞാൻ വിളിക്കാം.. "
വൈകുന്നേരം പദ്മക്ക പറഞ്ഞു ..
"സംഘമിത്ര നീ വീട്ടിൽ പോയിട്ട് കുറച്ചു ദിവസവുമായില്ലേ , ഞാൻ ഇന്നിവിടെ കാണും .പോയിട്ട് നാളെ വന്നാൽ മതി.. "
അത് കേട്ടപ്പോൾ ഉള്ളിലൊതുക്കിയ സന്തോഷം മറച്ചുവെച്ചു .
വീട്ടിൽ പോകുന്നതിലും അധികമായി , സായാഹ്നം അഭിനന്ദനും അമ്മയോടുമൊപ്പം ചിലവഴിക്കാമല്ലോ എന്നാണ് ചിന്തിച്ചത് .
കൂടെയുണ്ടെന്നു പറയാൻ , നമ്മൾ കണ്ടുമുട്ടുന്ന പലർക്കും സാധിക്കും .
പക്ഷെ , കൂടെയുണ്ടാകുമെന്നു നമുക്കവർ യാതൊരുറപ്പും നൽകുന്നുണ്ടാവില്ല.സംപ്രീതി കഴിഞ്ഞാൽ , ആ തോന്നൽ കുറച്ചു നാളത്തെ പരിചയംകൊണ്ടു തന്നെ അഭിനന്ദൻ തനിക്കു തരുന്നു .
ഇന്ന് അവിടേക്കു പോകുമ്പോൾ സാരിയുടുക്കണം . സാരികൾ അഞ്ചോ , ആറോ കാണും . നീലയിൽ പിങ്ക് എംബ്രോയിഡറി ചെയ്ത സാരിയുണ്ട്. അതുടുക്കാം .
സാരിയണിഞ്ഞിട്ട് , ഒരുപാട് നാളായി . സമയമില്ല എന്നത് ഒരു കാര്യം , പിന്നെ ആരെയും വേഷഭൂഷാദികൾകൊണ്ട്
സ്വാധീനിക്കുവാൻ തോന്നിയിട്ടില്ല .
ഇന്ന് അങ്ങനെയല്ല, വെറുതെ ഒരുങ്ങാൻ തോന്നുന്നു. ചിലപ്പോൾ മനസ്സ് വല്ലാതെ സന്തോഷിക്കുമ്പോൾ ആകർഷകമായി വസ്ത്രം ധരിക്കുവാൻ തോന്നും . അതുപോലെ മനസ്സ് വല്ലാതെ ഭാരപ്പെടുമ്പോഴും .
ഇന്ന് അങ്ങനെ രണ്ടും ചേർന്ന ഒരു ദിവസമാണ് .
ഒരു വശത്തു സിത്താരയുടെ ആരോഗ്യസ്ഥിതി .. മറുവശത്തു അഭിനന്ദനെ കാണാൻ പോകുന്നതിന്റെ ആനന്ദം .
ഏഴരയായി വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ .
ഗേറ്റിന്റെ അടുത്തു നിന്ന സെക്യൂരിറ്റി ചേട്ടൻ , അവളെ അടിമുടി ഒന്നു നോക്കിയിട്ടു പുഞ്ചിരിച്ചു.
അവിടെ താമസമാക്കിയതിൽ പിന്നെ സംഘമിത്രയെ അയാൾ ആദ്യമായിട്ടാണ് ഇങ്ങനെ അണിഞ്ഞൊരുങ്ങിക്കാണുന്നത് .
അഭിനന്ദൻ മുറ്റത്തു തന്നെ , കാത്തു നിന്നിരുന്നു. സാരിയുടുത്തു നിൽക്കുന്ന അവളെ കണ്ടപ്പോൾ അത്ഭുതം തോന്നി . ഈ വേഷം മിത്രക്കു നന്നായി ഇണങ്ങുമെന്നു തോന്നിയെങ്കിലും അയാൾ ഒന്നും പറഞ്ഞില്ല .
സംഘമിത്ര വന്നതറിഞ്ഞ് അമ്മ സന്ദർശന മുറിയിലേക്ക് വന്നു .
" അമ്മയെ നേരിട്ടുകണ്ട് ആംബുലൻസിന് നന്ദി പറയണമെന്നുണ്ടായിരുന്നു.. അതാണ് ഫോൺ വിളിക്കാഞ്ഞത്.. "
" എന്തിനാ മോളെ നന്ദി, ആ സ്ട്രോക്ക് വന്നതിൽപ്പിന്നെ ഒരുകാര്യം എനിക്ക് മനസ്സിലായി . ഈ പണവും പ്രതാപത്തിലും ഒക്കെ മേലെയാണ് ആരോഗ്യം എന്ന് , ആംബുലൻസ് ആ സ്കൂളിന് അത്യാവശമാണ്.. "
" വീട്ടിൽ പോയിട്ട് എന്തുണ്ട് വിശേഷം , എല്ലാവരും സുഖമായിരിക്കുന്നുവോ..?"
" അമ്മയും , അച്ചാച്ചനും നന്നായിരിക്കുന്നു .."
" ഞാൻ കരുതി നന്ദനാണ് തിരക്കെന്ന് . മോൾക്ക് അതിലും കൂടുതൽ തിരക്കാണല്ലേ ..? "
" സ്കൂളിൽ ദിവസവും എന്തെകിലും എമർജൻസി കാണും അതാണ് അമ്മേ .."
" നന്ദൻ പറഞ്ഞു ,
എല്ലാ കുട്ടികളുടെയും പേരന്റ്സ് അവിടെ ആണോ താമസം.. ? "
" എല്ലാവരുടെയും അല്ല, തന്നത്താൻ ഒട്ടും മാനേജ് ചെയ്യാൻ സാധിക്കാത്ത പതിനഞ്ചോളം പേരുണ്ട്.. ഒപ്പം അമ്മമാരും .. "
" ഒരിക്കൽ വരാം "
" ഞാൻ വന്നു കൂട്ടിക്കൊണ്ടു പോകാം.. "
"ശരി .."
" മോൾക്ക് വിശക്കുന്നുണ്ടോ ? എല്ലാം റെഡി ആയിട്ടുണ്ട് . വിശക്കുന്നെങ്കിൽ കഴിക്കാം .
എട്ടുമണി ആയല്ലോ.. "
അഭിനന്ദന്റെ ഫോണടിക്കാൻ തുടങ്ങി ..
" നിങ്ങൾ കഴിക്കാനിരുന്നോ , ഞാൻ ഉടനെ വരാം.. "
അമ്മയുടെ വീൽചെയർ മെല്ലെ ഉന്തി കൂടെയുള്ള പെൺകുട്ടി ഊണ് മുറിയിലേക്ക് കൊണ്ടുപോയി . കൂടെ മിത്രയും .
പതിവുപോലെ കഞ്ഞിയുണ്ട് .
കൂടെ ചപ്പാത്തിയും.
ഇന്നെന്തോ ചപ്പാത്തി കഴിക്കാനാണ് തോന്നിയത് .
ചിക്കൻ കറിയാണ് കൂടെ .
സത്യത്തിൽ ഈയിടെയായി ഭക്ഷണത്തോട് കൊതി തോന്നിത്തുടങ്ങിയിട്ടുണ്ട് .
തിരക്ക് കാരണം ഒന്നുംവെച്ചുണ്ടാക്കാനും സാധിക്കുന്നില്ല, പിന്നെ പാചകം അത്ര നന്നായി അറിയുകയുമില്ല .
ഫോൺ നിർത്തി അഭിനന്ദനും അവരുടെ കൂടെ ചേർന്നു .
സംഗീത സായാഹ്നത്തെക്കുറിച്ചും , സിത്താരയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അവർ സംസാരിച്ചു .
ഏതു നിമിഷവും സിത്താരക്ക് എന്ത് വേണമെങ്കിലും സംഭവിക്കാം .
അത് ആലോചിക്കാൻ കൂടി സാധിക്കുന്നില്ല .
അടുത്ത ആഴ്ച്ച ഡോക്ടർ ചന്ദ്രലേഖ വരുമെന്ന് അഭിനന്ദൻ പറഞ്ഞു .
ഭക്ഷണം കഴിഞ്ഞിട്ട് അമ്മ മുറിയിലേക്ക് പോയി . ഒരിക്കൽകൂടി അമ്മക്ക് ആംബുലൻസിനു വേണ്ടി നന്ദി പറഞ്ഞു .
അഭിനന്ദനും സംഘമിത്രയും കുറച്ചു സമയം സംസാരിച്ചുകൊണ്ടിരുന്നു .
അധികവും സ്കൂളിനെക്കുറിച്ചായിരുന്നു .
പിന്നെ ആ സംഭാഷണം അരുളിലേക്ക് ചെന്നെത്തി .
" ഞാനും അരുളും എം. ബി. എ ചെയ്തത് ഒന്നിച്ചായിരുന്നു . അങ്ങനെ ഒരു കമ്പനി ആരംഭിച്ചു. ഇനിഷ്യൽ സ്റ്റേജ് , നന്നായി സ്ട്രഗിൾ ചെയ്തു . കമ്പനിയുടെ കാര്യത്തിൽ ഒരുപാട് സ്വപ്‌നം കണ്ടിരുന്നു , അവനു വീട്ടിൽ എന്നും ഓരോ പ്രശ്നങ്ങൾ അവന്റെ അച്ഛനുമായുണ്ടായിരുന്നു.
അമ്മയെ അച്ഛൻ ഒട്ടും നന്നായിട്ടല്ല ട്രീറ്റ് ചെയ്തിരുന്നത് .
ഒരു വാക്കുതർക്കത്തിൽ ദേഷ്യം കൂടി അച്ഛൻ അവനെ വല്ലാതെ അടിച്ചു .
ഒരിക്കലും ആൽക്കഹോൾ ഉപയോഗിക്കാത്ത അരുൾ അന്ന് കുടിച്ചു .
ഞാനാകട്ടെ ബിസിനസ്സ് കാര്യത്തിന് സ്വീഡനിൽ ആയിരുന്നു . അവിടുത്തെ മീറ്റിംഗ് കഴിഞ്ഞെങ്കിലും രണ്ടു ദിവസം കൂടി അവിടെ നിന്നു .
അത് എന്തിനാണെന്ന് എന്നോട് ചോദിക്കരുത് അന്നാണ് അത് സംഭവിച്ചത് .."
അത് പറഞ്ഞു നിർത്തിയപ്പോൾ അയാൾ കിതക്കുന്നുണ്ടായിരുന്നു .
" ഞാൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ അത് സംഭവിക്കില്ലായിരുന്നു .
ഒരു കാര്യവുമില്ലാതെ അവിടെ രണ്ടു ദിവസം .
അവൻ എന്നെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു . എന്നെയാണ് അവൻ അവസാനമായി വിളിച്ചത് .
ഐ വിൽ കാൾ യു ബാക്ക് എന്ന് ഞാൻ റിപ്ലൈ കൊടുത്തു , അതവൻ വായിച്ചോ എന്നുപോലും അറിയില്ല.. "
അയാളുടെ ഹൃദയമിടിപ്പിന്റെ ശബ്ദം ഉച്ഛസ്ഥായിയിൽ എത്തിയ പോലെ...
കുറെ സമയം അവർ രണ്ടുപേരും മൗനത്തിലാണ്ടു .
നമ്മുടെ ജീവിതതിൽ കഴിഞ്ഞുപോയ സംഭവങ്ങിലേക്കു തിരികെപ്പോയി . അന്നു നടന്നത് തിരുത്താൻ സാധിക്കില്ല .
പക്ഷെ അഭിനന്ദനെപ്പോലെ ഒരാളോട് അതെങ്ങനെ പറയുമെന്നറിയില്ല .
പൊള്ളുന്ന ശോകമേൽപ്പിച്ച മുറിവുകൾ ഉണങ്ങാൻ ഒരുപാട് സമയമെടുക്കും . അതിൽനിന്നും തിരികെവന്നാലും ജീവിതം പൂർവസ്ഥിതിയിൽ ആകില്ല .
ആ ആളുടെ അഭാവം നികത്താൻ മറ്റാർക്കും സാധിക്കില്ല.
നിശ്ചല നിമിഷത്തെ ഒന്നു മുന്നോട്ടു കൊണ്ടുപോകാൻ സംഘമിത്ര ചോദിച്ചു.
" എന്നെ വീട്ടിൽ കൊണ്ടുവിടുമോ.. ? വണ്ടി വേണ്ട.
നമുക്ക് നടന്നു സംസാരിച്ചുപോകാം.. "
രണ്ടുപേരും സാവധാനത്തിൽ നടക്കാൻ തുടങ്ങി. കടലിൽനിന്നും തണുത്ത കാറ്റ് മിത്രയുടെ ചുരുണ്ട മുടിയിഴകളെ സ്ഥാനം തെറ്റിച്ചു പറത്തി മുഖത്തേക്ക് വീഴ്ത്തിക്കൊണ്ടിരുന്നു .
അഭിനന്ദൻ അവളുടെ കരം മെല്ലെ പിടിച്ചു കൊണ്ട് നടന്നു . അയാളുടെ കരങ്ങള് സാന്ത്വനം അവൾക്കുള്ള ഉറപ്പാണ് .
സംഘമിത്ര തനിയെയല്ല എന്നു പറയുന്ന ഉറപ്പ് .
പരിചയപ്പെട്ടിട്ട് അധികം നാളായില്ല എന്നാലും മുറിഞ്ഞു പോയ സ്വപനത്തിന്റെ ചരട് വീണ്ടും ചേർത്തു കെട്ടാനും കൂടെ ചേർത്തു നിർത്താനും ....
ആരും കാണാതെ നിമിഷത്തിൽ വരും കാലത്തിൽ ഓർമ്മിക്കാൻ
ചില സ്വകാര്യ നിമിഷങ്ങൾ സമ്മാനിക്കാനും അതിൽ.. അഭിനന്ദൻ എന്ന നീയും സംഘമിത്ര എന്ന ഞാനും.
" എന്താ മിത്ര ആലോചിക്കുന്നത്.. "
" നമ്മുടെ ജീവിതമൊക്കെ എത്ര പെട്ടെന്നാണ് മാറി മറയുന്നത് , ഇനിയൊരിക്കലും ഒരാളെയും ജീവിതത്തിൽ ചേർക്കില്ലെന്ന് എന്നോട് തന്നെ ഞാൻ പ്രതിജ്ഞ ചെയ്തിരുന്നു . എന്നാൽ ചുരുങ്ങിയ ദിവസം കൊണ്ട് ഒരാളെയും പെട്ടെന്ന് വിശ്വസിക്കാത്ത ഞാൻ ...."
ആ വാചകം അവൾ മുഴുമിപ്പിച്ചില്ല .
" എന്റെ കാര്യവും വ്യത്യസ്തമല്ല . അരുളിന്റെ മരണം ഏല്പിച്ച മുറിവ് .
ഞാൻ എന്നെത്തന്നെ ശിക്ഷിക്കുകയായിരുന്നു.
ആർക്കും എന്റെയുള്ളിലെ വിലാപം കേൾക്കാൻ സാധിച്ചില്ല .
അമ്മക്ക് പോലും . ഒരു കൂട്ടുകാരൻ . ശരി അയാൾ മരിച്ചു .. അതിനെന്താ എന്നാണ് എല്ലാവരും ചിന്തിക്കുന്നത്.. ഫോൺ എടുക്കാത്തത് കൊണ്ട് ഞാൻ എന്നെത്തന്നെ ശിക്ഷിക്കുന്നത് എന്തിനാണെന്ന് അമ്മ ചോദിച്ചു . മിത്രക്ക് എന്നെ മനസിലാകുമെന്ന് എനിക്ക് തോന്നി .."
അപ്പോൾ അവൾ അയാളുടെ കൈയിൽ ഒന്നുകൂടി അമർത്തിപ്പിടിച്ചു .
" ഒരിക്കലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ എനിക്ക് സാധിക്കില്ല എന്നാണ് കരുതിയിരുന്നത്. എന്നാൽ മിത്രയുടെ സ്കൂൾ .. അവിടുത്തെ കുട്ടികൾ .. ഉത്തരമില്ലാത്ത ജീവിതങ്ങൾ ഞാൻ അവിടെ കണ്ടു .
ആ നിമിഷങ്ങൾ എന്നെ മാറ്റിമറിച്ചു . മിത്രയെന്നെ പുതുതാക്കിയെടുത്തു.
ഞാൻ വാക്കു തരുന്നു .
ഞാനീ ലോകം വിട്ടു പോകുന്ന വരെ കൂടെ ഉണ്ടാകും .. താൻ സമ്മതിച്ചാൽ.. "
" എന്നെ വിട്ടുപോകരുതേ എന്ന അപേക്ഷയാണ് എനിക്കുള്ളത്.. "
" തന്നെ എനിക്ക് ഇഷ്ടമായെന്ന് അമ്മക്ക് മനസ്സിലായി.. "
" അതെങ്ങനെ.. ?'
" ആദ്യമായിട്ടാണ് ഞാനൊരു പെൺകുട്ടിയെ പുകഴ്ത്തി പറയുന്നത് , വീട്ടിലേക്കു ക്ഷണിക്കുന്നത്.. "
നടത്തം നിർത്തി അവൾ അയാളുടെ മുഖത്തേക്ക് നോക്കി . അപ്പോൾ അവളുടെ മനസ്സ് പറഞ്ഞു .
എത്ര വേനൽകാറ്റടിച്ചാലും ഉണങ്ങാതെ , നിറം മങ്ങാതെ , കഠിനമായ പേമാരിയിലും ഒഴുകിപ്പോകാതെ , എന്റെ മനസ്സിന്റെ കാൻവാസിൽ ഞാൻ വരയ്ക്കുന്ന സ്നേഹത്തിന്റെ ചിത്രം, അത് നിങ്ങളുടേതാണ്..
രണ്ടുപേരും ഇതിനകം സംഘമിത്രയുടെ ഫ്ലാറ്റിന്റെ മുൻപിലെത്തിയിരുന്നു .
" ഒരു കാര്യം പറയാൻ മറന്നു .
സാരി മിത്രക്ക് ചേരുന്നുണ്ട്.. "
" എനിക്കും സാരിയുടുക്കുന്നതിഷ്ടമാണ് . പക്ഷേ,
ഡെയിലി യൂസിന് എനിക്കിതൊട്ടും പ്രാക്ടിക്കൽ അല്ല.. "
" അതു നേരാ .. "
" രാത്രി വളരെ ഇരുട്ടി .
ഞാൻ അകത്തേക്ക് പോകട്ടെ.. ?"
"ഗുഡ് നൈറ്റ്.."
മനസ്സില്ലാ മനസ്സോടെ അയാളുടെ കൈവിട്ടുവിച്ചിട്ടവൾ ഉള്ളിലേക്ക് കയറിപ്പോയി .
അവൾ കൺമുൻപിൽ നിന്നും മറയുന്നതു വരെ അയാളവിടെ നിന്നു .
താൻ എത്ര മാറിയിരിക്കുന്നു . ഒരു പെൺകുട്ടിയുടെ കൈപിടിച്ച് , രാത്രിയിൽ കടലോരത്തുകൂടി നടക്കുക.
അവളെ വീട്ടിൽ കൊണ്ടുവിടുക . കണ്മുൻപിൽ നിന്നും മറയുന്ന വരെ നോക്കിനില്കുക .
അതെ അഭിനന്ദൻ പുനർജ്ജനിച്ചിരിക്കുന്നു .
സ്നേഹം അതിനെ പ്രേമം എന്ന് വിളിക്കണമെന്നില്ല.. അത് ആരോടാണെങ്കിലും എന്തിന്നോടാണെങ്കിലും മനുഷ്യ മനസ്സിനുള്ളിലേറ്റവും അനുഭൂതി ജനിപ്പിക്കുന്ന പരമോത്തമമായ വികാരമാണ് . നമ്മളെ നമ്മളായി മാറ്റുന്ന , മുൻപോട്ടു സന്തോഷത്തോടെ പോകാൻ ഉത്തേജനം നൽകുന്ന ദിവ്യവികാരം .
വളരെ നാളായി പ്രവർത്തനം നിലച്ചെന്നു തോന്നിയഓക്സിടോസിൻ വീണ്ടും തന്നിൽ പ്രവർത്തിച്ചു തുടങ്ങി .
ആർദ്രത , ഏറ്റവും തകർന്ന ഹൃദയങ്ങളെപ്പോലും ആശ്വസിപ്പിക്കുന്നു.
തങ്ങൾക്കു തമ്മിൽ തോന്നുന്നത് ക്ഷണികമായ അഭിനിവേശമല്ല.
ഉള്ളിലുയരുന്ന അനേകം വിചാരങ്ങളോടെ അഭിനന്ദൻ തിരികെ , വീട്ടിലേക്ക് നടന്നു.
തുടരും ...